തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ടുമെന്റിനുശേഷമുള്ള ഒഴിവുകൾ നികത്തുന്നതിന് അതതു കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് പട്ടിക കോളേജുകൾക്കു നൽകും.

ഇതുവരെ അലോട്ടുമെന്റ് ലഭിക്കാത്തവരെയും പ്രവേശനം നേടി, ഹയർ ഓപ്ഷനുകൾ നിലനിൽക്കുന്നവരെയുമാണ് റാങ്കുപട്ടികയിൽ ഉൾപ്പെടുത്തുക. രണ്ടാം അലോട്ടുമെന്റ് ലഭിച്ചു പ്രവേശനം നേടാത്തവരിൽ തിരുത്തൽ വരുത്തിയവരെയും പരിഗണിക്കും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെടുന്നതിനുമുമ്പ് തിരുത്തലുകൾക്കും ചൊവ്വാഴ്‌ച അഞ്ചുമണിവരെ സമയമുണ്ടാകും.

രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ, മെയിൽ ഐ.ഡി. എന്നിവയൊഴികെ എല്ലാവിധ തിരുത്തലുകളും നടത്താം. തിരുത്തലിന് സ്റ്റുഡന്റ് ലോഗിനിലെ എഡിറ്റ് ബട്ടൺ ക്ലിക്കുചെയ്ത് നേരത്തേ ക്യാപ് ഐഡിയോടൊപ്പം ലഭിച്ച സെക്യൂരിറ്റി കീ എന്റർചെയ്യണം. കോളേജുകളിലുള്ള ഒഴിവുകൾ വെബ്സൈറ്റിൽ (admission.uoc.ac.in) ഉണ്ട്. വിദ്യാർഥികൾക്ക് ആവശ്യാനുസരണം കോളേജ് ഓപ്ഷനുകൾ പുനഃക്രമീകരിക്കാം. തിരുത്തലിനുശേഷം അപേക്ഷ ഫൈനൽ സബ്മിറ്റ് നടത്തി പ്രിന്റൗട്ട് സൂക്ഷിക്കണം.