തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ ബി.ഫാം. പ്രവേശനത്തിനുള്ള തീയതി മാർച്ച്‌ 15 വരെ നീട്ടിയ സാഹചര്യത്തിൽ കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലുള്ള ഒഴിവുകൾ നികത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക്‌ നിർദേശം നൽകി. സർക്കാർ ഫാർമസി കോളേജുകളിലെ ഒഴിവുകൾ സംബന്ധിച്ച വിവരം പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അതിനാൽ സർക്കാർ ഫാർമസി കോളേജുകളിലെ ഒഴിവുള്ള ബി.ഫാം. സീറ്റുകളിലേക്കുള്ള പ്രവേശനം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനപ്രകാരം നികത്തും.

ഇതുസംബന്ധിച്ച തുടർനിർദേശത്തിനായി പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെയോ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയോ, അതത് കോളേജുകളുടെയോ വെബ്‌സൈറ്റുകൾ സന്ദർശിക്കണം. സ്വാശ്രയ ഫാർമസി കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന താത്‌പര്യമുള്ള വിദ്യാർഥികൾക്ക്‌ അതത്‌ കോളേജുമായി ബന്ധപ്പെട്ട്‌ മാർച്ച്‌ 15-ന്‌ വൈകീട്ട്‌ 5-ന്‌ മുൻപ്‌ പ്രവേശനം ഉറപ്പാക്കാമെന്ന്‌ പ്രവേശനപ്പരീക്ഷാ കമ്മിഷണർ അറിയിച്ചു. ഹെൽപ്‌ലൈൻ നമ്പർ: 0471-2525300.