തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു ശാസ്ത്രവിഷയങ്ങളിൽ രണ്ട് പി.ജി. പ്രോഗ്രാമുകൾക്ക് യു.ജി.സി. അനുമതി നൽകി. എം.എസ്‌സി. കംപ്യൂട്ടർ സയൻസ്, എം.എസ്‌സി. മാത്തമാറ്റിക്സ് എന്നിവയ്ക്കാണ് അനുമതി ലഭിച്ചത്.

കഴിഞ്ഞ മാസം വിദൂരവിദ്യാഭ്യാസത്തിന്‌ 20 അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്ക് അനുമതി ലഭിച്ചിരുന്നു. ഇതിനു പുറമേയാണ് രണ്ട് ശാസ്ത്ര കോഴ്‌സുകൾക്കുകൂടി യു.ജി.സി. അംഗീകാരമായത്. ബിരുദ കോഴ്‌സുകൾക്കും ഈ രീതിയിൽ അനുമതിക്കായി സർവകലാശാല യു.ജി.സി.ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

22 കോഴ്‌സുകൾക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15 ആണ്. എം.എസ്‌സി. കംപ്യൂട്ടർ സയൻസ്, എം.എസ്‌സി. മാത്തമാറ്റിക്സ് എന്നീ പ്രോഗ്രാമുകൾക്കുള്ള തിരഞ്ഞെടുപ്പ് മെറിറ്റും സംവരണവും പാലിച്ചായിരിക്കുമെന്നും സ്കൂൾ ഒാഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ അധികൃതർ അറിയിച്ചു.