പയ്യന്നൂർ: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പയ്യന്നൂർ പ്രദേശികകേന്ദ്രത്തിൽ 2021-22 അധ്യയനവർഷത്തെ ബി.എ. കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്‌കൃതസാഹിത്യം, വ്യാകരണം, വേദാന്തം എന്നീ വിഷയങ്ങളിലാണ് കോഴ്‌സുകൾ. പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2021 ജൂൺ ഒന്നിന് 22 വയസ്സിൽ കവിയരുത്. മുൻക്ലാസുകളിൽ സംസ്‌കൃതം പഠിക്കണമെന്നില്ല. പ്രവേശനം ലഭിക്കുന്ന ഓരോ വിദ്യാർഥിക്കുംം പ്രതിമാസം 500 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. പെൺകുട്ടികൾക്ക് പരിമിതമായ ഹോസ്റ്റൽ സൗകര്യമുണ്ട്.

താത്‌പര്യമുള്ളവർക്ക് www.ssus.ac.in, www.ssusonline.org എന്നീ വെബ്‌സൈറ്റുകളിലൂടെ നാലിനകം ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റ് കോപ്പി, നിർദിഷ്ട യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ (എസ്.എസ്.എൽ.സി., പ്ലസ് ടു) സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആറിനകം പയ്യന്നൂർ കേന്ദ്രത്തിൽ നൽകണം.