സുഭാഷ് ചന്ദ്രന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സമുദ്രശിലയുടെ ഇരുപതാം പതിപ്പ് ബൗണ്ട് എഡിഷന്‍ പ്രകാശനം ചെയ്തുകൊണ്ടാണ് മാതൃഭൂമി ബുക്‌സ് പുസ്തകോത്സവം കോഴിക്കോട് ആരംഭിച്ചത്. മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്ത പുസ്തകോത്സവത്തില്‍ മുഖ്യതിഥിയായി വന്നത് ബാലചന്ദ്രന്‍ ചുള്ളിക്കാട് ആയിരുന്നു. സുഭാഷ് ചന്ദ്രന്റെ തിരക്കഥയായ 'ജന്മ'വും ഈയവസരത്തില്‍ പ്രകാശിപ്പിക്കുകയുണ്ടായി. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വാക്കുകള്‍...

ന്റെ ജീവിതം മാതൃഭൂമിയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. കവിത എഴുതണമെന്നും കവിയാകണമെന്നുമൊക്കെയുള്ള ആഗ്രഹം കുട്ടിക്കാലത്ത് എന്നില്‍ ജനിപ്പിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പാണ്. അക്കാലത്ത് എന്റെ വീട്ടില്‍ വരുത്തുന്ന ഏക ആഴ്ചപ്പതിപ്പും അതാണ്. ജി. ശങ്കരക്കുറിപ്പിന്റെയും പി. കുഞ്ഞിരാമന്‍ നായരുടെയും വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടെയും ബാലാമണിയമ്മയുടെയും സുഗതകുമാരിയുടെയുമൊക്കെ കവിതകള്‍ അച്ചടിച്ചുവന്നത് വായിച്ചതുകൊണ്ടാണ് എനിക്ക് കവിയാകണമെന്നും കവിത എഴുതണമെന്നും ആഗ്രഹം തോന്നിയത്. വലിയൊരു സ്വപ്‌നമായിരുന്നു എന്റെയൊരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവരിക എന്നുള്ളത്. കൗമാരകാലത്ത് ബാലപംക്തിയിലാണ് ആദ്യമായിട്ട് കവിത അച്ചടിച്ചുവരുന്നത്. അതുപോലെ എന്റെ ആദ്യപുസ്തകമായ പതിനെട്ടുകവിതകളിലെ എല്ലാ കവിതകളും മാതൃഭൂമി ആഴ്ചപ്പതിപ്പ് തിരസ്‌ക്കരിച്ച കവിതകളാണ്. അതിലൊരു കവിതപോലും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചതില്ല. അംഗീകാരം മാത്രമല്ല തിരസ്‌കാരവും ഉണ്ടായിട്ടുണ്ട്.

ബാലപംക്തിയില്‍ കവിതകള്‍ അച്ചടിച്ചുവന്നപ്പോള്‍ എന്നെ പ്രോത്സാഹിപ്പിച്ച മാതൃഭൂമി തന്നെ പിന്നീട് ഞാന്‍ വലുതായപ്പോള്‍ കവിതകള്‍ തിരസ്‌കരിച്ചുകൊണ്ട് എന്നെ ചൊടിപ്പിക്കുകയും കൂടി ചെയ്തതാണ് വീണ്ടും വീണ്ടും കവിതകള്‍ എഴുതണമെന്നും കവി ആകണമെന്നും എനിക്കു തോന്നാന്‍ കാരണം. അങ്ങനെ ഒരു തിരസ്‌കാരം ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ എന്റെ പല സുഹൃത്തുക്കളും എഴുത്ത് നിര്‍ത്തിപ്പോയതുപോലെ ഞാനും എഴുത്ത് നിര്‍ത്തിപോകുമായിരുന്നു. മാതൃഭൂമി വിഷുപ്പതിപ്പില്‍ സമ്മാനം കിട്ടണമെന്നത് ജീവിതത്തില്‍ വലിയൊരു ആഗ്രഹമായിരുന്നു. അത് സാധിച്ചില്ല. എല്ലാ വിഷുപ്പതിപ്പിലേക്കും കവിതകള്‍ അയക്കും സമ്മാനം കിട്ടില്ല. എന്റെ സുഹൃത്തുക്കളില്‍ ഒരുപാട് പേര്‍ക്ക് അന്ന് സമ്മാനം കിട്ടിയിട്ടുണ്ട്. രവീന്ദ്രന്‍ പുല്ലത്തറ, കെ.കെ ഹിരണ്യന്‍, ആര്‍.എസ് നായര്‍, സി.ആര്‍ പരമേശ്വരന്‍... അന്ന് സമ്മാനം കിട്ടാതിരുന്നതും മാതൃഭൂമിയുടെ ഒരു പ്രചോദനമായി ഞാന്‍ കരുതുന്നു. ഇന്നാണ് ഞാന്‍ ജനിച്ചിരുന്നതെങ്കില്‍, എന്റെ കുട്ടിക്കാലമെങ്കില്‍, ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു, ഒരിക്കലും കവിതയെഴുതാനോ കവിയാകാനോ ആഗ്രഹിക്കില്ലായിരുന്നു. ഇന്നങ്ങനെയൊരു പ്രചോദനം എനിക്കുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മറ്റൊരുപാട് കാര്യങ്ങളായിരിക്കും എന്നെ പ്രചോദിപ്പിക്കുക.

അക്കാലത്ത് കവിതപോലെതന്നെ എന്നെ പ്രലോഭിപ്പിച്ചിരുന്ന ഒന്നായിരുന്നു രാഷ്ട്രീയം. കവിതയും രാഷ്ട്രീയവും ചേര്‍ന്നാണ് ഒരുപക്ഷേ എന്റെയൊക്കെ ജീവിതമിങ്ങനെ അലങ്കോലമാക്കിക്കളഞ്ഞത്. അതില്‍ത്തന്നെ കവിതയോടുള്ള താല്‍പര്യം, എഴുതണമെന്ന ആഗ്രഹം ഇതൊക്കെയായിരിക്കാം മറ്റുപല സുഹൃത്തുക്കളും ആത്മഹത്യചെയ്തപ്പോള്‍  ജീവിച്ചിരിക്കാന്‍ ഒരു കാരണവുമില്ലാതിരുന്ന ഞാന്‍ അതിജീവിച്ചത്. അവരോളം പോന്ന കാരണങ്ങള്‍ പോലും ജീവിച്ചിരിക്കാന്‍ ഇല്ലാതിരുന്ന ഞാന്‍ അതിജീവിച്ചത്. അങ്ങനെ പലതരത്തിലും എന്റെ ജീവിതം മാതൃഭൂമിയോട് കടപ്പെട്ടിരിക്കുന്നു. മാതൃഭൂമിയുടെ പുസ്തകങ്ങള്‍ എന്നു പറയുമ്പോള്‍ ആദ്യം ഓര്‍മവരിക അതിലെ മനോഹരമായ അക്ഷരങ്ങളാണ്. ബാലമണിയമ്മയുടെ കവിതാസമാഹാരങ്ങള്‍, കെ.പി കേശവമേനോന്റെ പുസ്തകങ്ങള്‍...അതിലൊക്കെയുള്ള അക്ഷരങ്ങള്‍ അതിമനോഹരങ്ങളായിരുന്നു. മലയാളഭാഷയോടുള്ള സ്‌നേഹത്തിന് ആ അക്ഷരങ്ങള്‍ കൂടി കാരണമായിട്ടുണ്ട്. 

ഞാന്‍ നന്നാവട്ടെ എന്നുകരുതി 'നാം മുന്നോട്ട്' പോലുള്ള പുസ്തകങ്ങളൊക്കെ വീട്ടില്‍ നിന്ന് വാങ്ങിത്തന്നിട്ടുണ്ട്. നന്നായില്ല. പുസ്തകം വായിച്ചാല്‍ നന്നാകുമായിരുന്നെങ്കില്‍ ലോകമെത്ര നന്നാകുമായിരുന്നു. എന്‍. എന്‍ പിള്ള ഒരു നാടകത്തില്‍ പറയുന്നു; 'അറിവ് കൂടും തോറും കള്ളന്‍ കരിങ്കള്ളനാവുന്നു.' പണ്ട് ഞാന്‍ മഹാരാജാസ് കോളേജിന്റെ ഹോസ്റ്റലില്‍ ചെല്ലുമ്പോള്‍ അവിടെ ഒരു മുറിയിലെ ചുവരില്‍ ആരുടെയോ ഒരു ഉദ്ധരണി എഴുതിയിട്ടിരുന്നു; ദ ഗ്രേറ്റ്‌നെസ് ഓഫ് മാന്‍ ഈസ് ദാറ്റ് നതിങ് ആന്‍ഡ് നോബഡി കാന്‍ സേവ് ഹിം! മനുഷ്യനെ ആര്‍ക്കും ഒന്നിനും രക്ഷിക്കാന്‍ കഴിയില്ല എന്നതാണ് അവന്റെ മഹത്വം! ആരാണെഴുതിയതെന്നറിയില്ല. അന്ന് ഞാനത് ഹൃദിസ്ഥമാക്കിയതാണ്. വായനയിലൂടെ നന്നായ ഒരുപാട് മനുഷ്യരുണ്ട്. പക്ഷേ എല്ലാ മനുഷ്യരും വായനയിലൂടെ നല്ല മനുഷ്യരായിത്തീരണമെന്ന് നിര്‍ബന്ധമില്ല. അതിന്റെ ഒരു നല്ല ഉദാഹരണമാണ് ഞാന്‍. വായന മനുഷ്യനില്‍ ചെലുത്തുന്ന ധാര്‍മിക പ്രേരണയോട് പ്രതികരിക്കാനാവശ്യമായ ആന്തരികസജ്ജീകരണം ഒരാളില്‍ ഉണ്ടെങ്കില്‍ മാത്രമേ വായനകൊണ്ട് അയാള്‍ നന്നാവുകയുള്ളൂ. അങ്ങനെയുള്ള ആന്തരിക സജ്ജീകരണം ഉള്ളില്‍ ഇല്ലാത്ത ഒരാള്‍ക്ക് വായന നല്‍കുന്ന അനുഭൂതിയോ രസമോ ഒക്കെ ആസ്വദിക്കാന്‍ കഴിയുമെങ്കിലും വായന ചെലുത്തുന്ന ധാര്‍മിക പ്രേരണയോട് പ്രതികരിക്കാന്‍ അയാള്‍ക്ക് സാധിക്കില്ല. അതിന് ജന്മസിദ്ധമായ ഒരു കാര്യം ആവശ്യമുണ്ട്- ആന്തരികസജ്ജീകരണം. ഉള്ളില്‍ നന്മയുള്ള ഒരാള്‍ പുസ്തകം വായിച്ചാല്‍ കൂടുതല്‍ നന്മയുള്ളയാളായി മാറും. അതല്ലെങ്കില്‍ എന്‍.എന്‍ പിള്ളയുടെ നാടകത്തില്‍ പറഞ്ഞതുപോലെ അറിവു കൂടുംതോറും കള്ളന്‍ കരിങ്കള്ളനായി മാറും. 

മാതൃഭൂമിയോടുള്ള എന്റെ വലിയൊരു കടപ്പാട് ഇതാണ്- ആത്മഹത്യ ചെയ്യാതെ ജീവിച്ചിരിക്കാനുള്ള പ്രേരണ നല്‍കുന്ന ഒരു ചൈതന്യത്തെ എനിക്ക് ബാല്യത്തില്‍ തന്നെ പരിചയപ്പെടുത്തിത്തന്നു- കവിതയെ. ഞാന്‍ എഴുതുന്ന കവിതകള്‍ നല്ലതാണോ, ചീത്തയാണോ ഞാന്‍ പ്രശസ്തനാണോ എനിക്കംഗീകാരമുണ്ടോ ഇതൊന്നും എന്റെ വിഷയമേ അല്ല. മറിച്ച് എന്നെ ജീവിക്കാന്‍ സഹായിക്കുന്നു അത് എന്നുള്ളതാണ്. അങ്ങനെയൊരു ജീവരക്ഷ എന്നെ സംബന്ധിച്ചിടത്തോളം മാതൃഭൂമി ചെയ്തിട്ടുണ്ട്. ആ കടപ്പാട് ഏറ്റുപറയാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല. 

മുണ്ടശ്ശേരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'എണ്ണം പറഞ്ഞ കഥകള്‍' കൊണ്ടും രണ്ട് നോവലുകള്‍ കൊണ്ടും അനേകം ബാലസാഹിത്യകൃതികള്‍ കൊണ്ടും ഓര്‍മക്കുറിപ്പുകള്‍ കൊണ്ടുമൊക്കെ നമ്മുടെ ഭാഷയെ സമ്പന്നമാക്കിയ പ്രതിഭയാണ് സുഭാഷ് ചന്ദ്രന്‍. സമുദ്രശില എന്ന നോവലിനെ ഒരു കാവ്യരൂപമായിട്ടാണ് ഞാനുള്‍പ്പെടെയുള്ള പലരും കാണുന്നത്. കാലത്തിന്റെ പരിണാമത്തില്‍ മാറിവന്ന ഒരു കാവ്യരൂപമായിട്ടാണ് നോവലിനെയും ഒരുപാട് പേര്‍ കാണുന്നത്. കുമാരനാശാന്‍ അങ്ങനെയാണ് കണ്ടിരുന്നത്. സി.വി രാമന്‍പിള്ളയുടെ നോവലുകളെ കുമാരനാശാന്‍ കാവ്യങ്ങളായിട്ടാണ് കണ്ടിരുന്നത്. അത്‌കൊണ്ടാണ് സി.വി രാമന്‍പിള്ളയെ കുമാരനാശാന്‍ വാഗ്‌ദേവതയുടെ വീരഭടന്‍ എന്നുവിശേഷിപ്പിച്ചത്. പതിനാലാം നൂറ്റാണ്ടിലെ സാഹിത്യചിന്തകനായ വിശ്വനാഥകവിരാജന്‍ തന്റെ സരസ്വതീകണ്ഠാഭരണം എന്ന കൃതിയില്‍ കാവ്യത്തിന് ഒരു നിര്‍വചനം നല്‍കുന്നുണ്ട്: 'വാക്യം രസാത്മകം കാവ്യം.' രസാത്മകമായ വാക്യമാണ് കാവ്യം. ഗദ്യമാണെന്നോ പദ്യമാണെന്നോ പാട്ടാണെന്നോ ഒന്നുമല്ല പറയുന്നത്. രസാത്മകം കാവ്യം. അതിന്റെ അര്‍ഥം രസാത്മകമല്ലാത്ത ഒരു വാക്യവും കാവ്യമാകുന്നില്ല എന്നുകൂടിയുണ്ട്. കാവ്യമല്ലാത്ത നോവലുകള്‍ ലോകത്തില്‍ ധാരാളമുണ്ട്, മലയാളത്തിലുമുണ്ട്. പക്ഷേ കാവ്യത്തിന്റെ അവസ്ഥയിലേക്ക് എത്തിയ നോവലുകളും മലയാളത്തിലുണ്ട്. സി.വി രാമന്‍ പിള്ളയുടെ നോവലുകള്‍, ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, കോവിലന്റെ നോവലുകള്‍...അങ്ങനെ കുറച്ചു നോവലുകള്‍ കവിതയുടെയും നോവലിന്റെയും അതിരുകള്‍ ഭേദിച്ചകൃതികളാണ്. ഇന്ദുലേഖ മുതല്‍ കവിതയുടെ സ്പര്‍ശമില്ലാത്ത ഒരുപാട് നോവലുകള്‍ മലയാളത്തിലുണ്ട്. നോവലിസിറ്റിന്റെ അബോധത്തില്‍പോലും കാവ്യസ്മരണകളില്ലാത്ത നോവലുകളുമുണ്ട്. കാവ്യരൂപം എന്ന നിലയില്‍ നോവലിനെ സാക്ഷാത്കരിച്ച മലയാളത്തിലെ നോവലിസ്റ്റുകളുടെ കൂട്ടത്തില്‍ ഒരാളായിട്ടാണ് സുഭാഷ് ചന്ദ്രനെ കാണുന്നത്. അതുകൊണ്ടു തന്നെ സമുദ്രശിലയിലെ പലമുഹൂര്‍ത്തങ്ങളും കാവ്യമുഹൂര്‍ത്തങ്ങല്‍ കൂടിയാണ്. 

എന്താണ് രസം? അത് മറ്റൊന്നുമല്ല, അനുഭവത്തിന്റെ സൂക്ഷ്മരൂപമാണ്. ആ രസാവസ്ഥയില്‍ എത്തുന്ന കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളേക്കാള്‍ യഥാര്‍ഥമായിത്തീരും ഒരുജനതയെ സംബന്ധിച്ചിടത്തോളം. ബി.സി രണ്ടാം നൂറ്റാണ്ടിലെ ചക്രവര്‍ത്തിയായിരുന്നു അശോകന്‍. പക്ഷേ ഇന്ത്യയിലെ ഇന്നും ജീവിച്ചിരിക്കുന്ന രാജാവ് രാമനും കൃഷ്ണനുമൊക്കെയാണ്. രാമനും കൃഷ്ണനും  ചരിത്രപുരുഷന്മാരല്ല, അവരെല്ലാം പുരാണപുരുഷന്മാരാണ്. പുരാണം ഒരു കാവ്യരൂപമാണ്. കൃത്യമായ നിര്‍വചനമുള്ള ഒരു കാവ്യരൂപമാണ് ഇതിഹാസം. 'ധര്‍മാര്‍ഥകാമമോക്ഷാണാംഉപദേശസമന്വിതംപൂര്‍വവൃത്തം കഥായുക്തം ഇതിഹാസം പ്രചക്ഷതേ' എന്നാണ്.  ജനതയുടെയും കവികളുടെയും ഭാവനയില്‍ രൂപംകൊണ്ട കഥാപാത്രങ്ങള്‍ യഥാര്‍ഥപുരുഷന്മാരേക്കാള്‍ ഇവരാണ്, ഈ കഥാപാത്രങ്ങളാണ് ജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നത്.

ഒരു കവി തന്റെ ജീവിതദര്‍ശനം ആവിഷ്‌കരിക്കാന്‍ വേണ്ടി രൂപം നല്‍കിയ കഥാപാത്രം; രാമന്‍ അല്ലെങ്കില്‍ കൃഷ്ണന്‍ അല്ലെങ്കില്‍ ഭീഷ്മര്‍, അല്ലെങ്കില്‍ അംബ. ഇവരൊക്കെ എന്തുകൊണ്ടാണ് ചരിത്രപുരുഷന്മാരേക്കാള്‍ വലിയ യഥാര്‍ഥ പ്രതീതിയുണ്ടാക്കിക്കൊണ്ട് ഒരു സംസ്‌കാരത്തില്‍, ഒരു ജനതയില്‍ നിലകൊള്ളുന്നത്? അവയെല്ലാം പ്രപഞ്ച സംരചനയുടെ ഘടകങ്ങളായ ഭാവങ്ങളുടെ അവതാരങ്ങളായതുകൊണ്ടാണ്. ആ പ്രപഞ്ച സംരചനയുടെ ഘടകങ്ങളായ ഭാവങ്ങളെ ഗ്രഹിക്കാനും ആവിഷ്‌കരിക്കാനും കഴിവുള്ള വലിയ പ്രതിഭകള്‍ കഥാപാത്രങ്ങളായി അവരെ ആവിഷ്‌കരിച്ചതുകൊണ്ടാണ് ചരിത്രപുരുഷന്മാരേക്കാള്‍, ഈ കഴിഞ്ഞകാലത്ത് ജീവിച്ചുമരിച്ചുപോയ അച്യുതമേനോനെക്കാളും ഇ.എം.എസ്സിനെക്കാളുമൊക്കെ യാഥാര്‍ഥ്യപ്രതീതി മഹാബലിക്ക് തോന്നുന്നത്. ജവാഹര്‍ലാല്‍ നെഹ്രുവിനേക്കാള്‍, ഇന്ദിരാഗാന്ധിയെക്കാള്‍ വലിയ ചര്‍ച്ചാവിഷയം രാമന്‍ ആകുന്നു. ഇന്ത്യയുടെ രാഷ്ട്രീയഭാവിഭാഗധേയം നിര്‍ണയിക്കാന്‍ കഴിയുന്ന വലിയ പ്രേരണയും ശക്തിയുമായി രാമന്‍ മാറുന്നു. അറുനൂറ് കൊല്ലം മുഗള്‍ രാജാക്കന്മാര്‍ ഭരിച്ചു. ഇരുനൂറ് കൊല്ലം ബ്രിട്ടീഷുകാര്‍ ഭരിച്ചു. അതിനൊക്കെ വളരെ മുമ്പ് ഒരുപാട് രാജാക്കന്മാര്‍ ഭരിച്ചു. ഹര്‍ഷന്‍, വിക്രമാദിത്യന്‍, ചന്ദ്രഗുപ്തന്‍ തുടങ്ങി എത്രയോ പേര്‍. അവരാരും ഇന്ന് ജനഹൃദയങ്ങളില്‍ സ്വാധീനമുള്ളവരല്ല. അവര്‍ക്കുവേണ്ടി ഇന്ന് ആരും യുദ്ധം ചെയ്യില്ല. പക്ഷേ രാമന്റെ പേരില്‍ ആളുകള്‍ കൊല്ലുന്നു, ആളുകള്‍ മരിക്കുന്നു. അത് യാഥാര്‍ഥ്യപ്രതീതി കൊണ്ടാണ്. പ്രപഞ്ചസംരചനയിലെ ചില അടിസ്ഥാനഘടകങ്ങളായ ഭാവങ്ങളെ ധ്യാനത്തില്‍ ഗ്രഹിച്ച് വലിയ എഴുത്തുകാര്‍ ആവിഷ്‌കരിച്ച കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ തമ്മില്‍, ദര്‍ശനങ്ങള്‍ തമ്മില്‍  ഒരുപാട് ഒരുപാട് വൈരുധ്യങ്ങളുണ്ടാവും. വലിയ എഴുത്തുകാര്‍ ശരിക്കും തെറ്റിനും അതീതരായിരിക്കും. 

നമ്മുടെ സമകാലിക ലോകത്തില്‍ സാഹിത്യത്തിന്റെയും മറ്റെല്ലാ കാര്യത്തിന്റെയും മാനദണ്ഡം രാഷ്ട്രീയ ശരിയാണ്; പൊളിറ്റിക്കലി കറക്ട് ആണോ എന്നതാണ്. നല്ല എഴുത്തുകാര്‍ പൊളിറ്റിക്കലി കറക്ട് ആയിരിക്കും! പക്ഷേ വലിയ എഴുത്തുകാര്‍ പൊളിറ്റിക്കലി കറക്ട് അല്ല. മാക്‌സിംഗോര്‍ക്കി പൊളിറ്റിക്കലി കറക്ടാണ്. പക്ഷേ ദസ്തയേവ്‌സ്‌കി പൊളിറ്റിക്കലി കറക്ട് അല്ല. ടോള്‍സ്‌റ്റോയി പൊളിറ്റിക്കലി കറക്ട് അല്ല. ഷേക്‌സ്പിയര്‍ പൊളിറ്റിക്കലി കറക്ട് അല്ല, പക്ഷേ ബ്രതോള്‍ഡ് ബ്രഹ്ത് പൊളിറ്റിക്കലി കറക്ട് ആണ്. വാത്മീകി പൊളിറ്റിക്കലി കറക്‌ടേയല്ല. കാളിദാസന്‍, വ്യാസന്‍ ഇവരും പൊളിറ്റിക്കലി കറക്ടല്ല. പക്ഷേ ചെറിയ എഴുത്തുകാര്‍, നല്ല എഴുത്തുകാര്‍ പൊളിറ്റിക്കല് കറക്ട് ആയിരിക്കും പലപ്പോഴും. കുഞ്ഞിരാമന്‍ നായര്‍ പൊളിറ്റിക്കലി കറക്ട് അല്ല, പക്ഷേ ഏഴാച്ചേരി രാമചന്ദ്രന്‍ പൊളിറ്റിക്കലി കറക്ടാണ്. ഇപ്പോള്‍ മിക്കവാറും എല്ലാ കവികളും പൊളിറ്റിക്കലി കറക്ടാണ്. കെ.ജി ശങ്കരപ്പിള്ള പൊളിറ്റിക്കലി കറക്ടായ കവിയാണ്. പക്ഷേ തുഞ്ചത്തെഴുത്തച്ഛന്‍ പൊളിറ്റിക്കലി കറക്ടായ കവിയല്ല. സുഭാഷ് ചന്ദ്രന്റെ രണ്ട് നോവലുകള്‍ ഞാന്‍ വായിക്കുന്നു, പക്ഷേ പൊളിറ്റിക്കലി കറക്ടാണോ എന്ന് ഞാന്‍ നോക്കിയിട്ടില്ല. അങ്ങനെയൊരു അന്വേഷണത്തിനുള്ള ഒരു പഴുത് ഞാനതില്‍ കണ്ടില്ല. പക്ഷേ പൊളിറ്റിക്കല്‍ കറക്ട്‌നെസ് സാഹിത്യത്തിന്റെ മാനദണ്ഡമായി അംഗീകരിക്കുന്നവരാണ് കൂടുതലും; പ്രത്യേകിച്ച് അക്കാദമിക് രംഗത്ത്. 

മിക്കവാറും സര്‍വകലാശാലകളിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ധാരണ സാഹിത്യമുണ്ടാകുന്നത് അവര്‍ പഠിക്കാനും പഠിപ്പിക്കാനും ഗവേഷണം നടത്താനും ഉന്നത ബിരുദം നേടാനും ഉന്നത ഉദ്യോഗം നേടാനും മാത്രമാണ് എന്നാണ്. അത് സാഹിത്യത്തെ സംബന്ധിച്ചുമാത്രമുള്ള ഒരു കാര്യമാണ്. ബോട്ടണി, സുവോളജി അധ്യാപകര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ ഒന്നും ജീവജാലങ്ങളുണ്ടാകുന്നത് തങ്ങള്‍ക്ക് പഠിച്ചും ഗവേഷണം നടത്തിയും ഉന്നത ബിരുദമെടുത്ത് ഉദ്യോഗം കിട്ടാനാണെന്ന തെറ്റിദ്ധാരണയില്ല. ലോകത്തില്‍ രാസവസ്തുക്കള്‍ ഉണ്ടാകുന്നത് തങ്ങള്‍ക്ക് ഗവേഷണം നടത്താനും രണ്ട് ഇന്‍ഗ്രിമെന്റുകള്‍ കൂടുതല്‍ കിട്ടാനുമാണെന്ന തെറ്റിദ്ധാരണ കെമിസ്ട്രി അധ്യാപകര്‍ക്കില്ല. പക്ഷേ, ഒരുപാട് സാഹിത്യ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ധാരണ സാഹിത്യം ഉണ്ടാകുന്നത് അവര്‍ക്ക് പഠിക്കാനും ഗവേഷണം നടത്താനും പേപ്പര്‍ അവതരിപ്പിക്കാനും അസൈന്‍മെന്റ് എഴുതാനും പരീക്ഷയ്ക്ക് ഉത്തരമെഴുതാനും അവര്‍ക്ക് പിഎച്ച്.ഡി കിട്ടാനുമാണെന്നാണ്. അവരെ സംബന്ധിച്ചിടത്തോളം പൊളിറ്റിക്കല്‍ കറക്ട്‌നെസ് മാനദണ്ഡമാക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമുണ്ട്. 

വലിയ എഴുത്തുകാരുടെ രചനകളില്‍ ഈ പ്രപഞ്ചത്തിലെ വൈവിധ്യങ്ങളും വൈരുധ്യങ്ങളും ശരിയും തെറ്റും എല്ലാം പ്രതിഫലിച്ചിരിക്കും. അവര്‍ ശരിയും തെറ്റിനും അതീതരായിരിക്കും. മലത്തിലും പുഷ്പത്തിലും ഒരേപോലെ തന്റെ പ്രകാശരശ്മികള്‍ പതിപ്പിക്കുന്ന സൂര്യനെപ്പോലെയായിരിക്കും. അതൊരു വലിയ വ്യത്യാസമാണ്. അത് പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാവില്ല. ഞാനിപ്പറഞ്ഞതെല്ലാം നാളെ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ പോകുന്നത് എങ്ങനെയാണെന്നെനിക്കറിയാം. ഒരു കൊല്ലത്തേക്ക് തെറി കേള്‍ക്കാന്‍ തയ്യാറായിട്ടാണ് ഇത് പറഞ്ഞത്, തെറ്റിദ്ധരിക്കപ്പെടാനും. ഞാന്‍ പറയുന്ന എന്തെങ്കിലും കാര്യങ്ങള്‍ മറ്റുള്ളവര്‍ ശരിയായി മനസ്സിലാക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. കാരണം  അങ്ങനെയൊരനുഭവം എന്റെ ജീവിതത്തിലില്ല. അതുകൊണ്ട് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. പക്ഷേ വാസ്തവം ഇതാണ് - വലിയ എഴുത്തുകാര്‍ പൊളിറ്റിക്കലി കറക്ട് അല്ല. അവര്‍ എമ്മോറലാണ്. ധാര്‍മികനിയമങ്ങള്‍ കൊണ്ട് അവര്‍ സൃഷ്ടിക്കുന്ന മുഹൂര്‍ത്തങ്ങളെയോ യക്ഷപ്രശ്‌നങ്ങളെയോ വൈരുധ്യങ്ങളെയോ ഒന്നും അളക്കാന്‍ കഴിയില്ല. അതുകൊണ്ട് ഒരു അമ്മ സ്വന്തം മകന്റെ ഒരു ജന്മത്തിന്റെ ലൈംഗികദാഹം മുഴുവന്‍ തീര്‍ക്കാനായിട്ട് തന്നെത്തന്നെ സമര്‍പ്പിക്കുന്നു എന്ന സമുദ്രശിലയിലെ ഒരു നിമിഷം മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അത് വളരെ പ്രയാസമുള്ളൊരു കാര്യമാണ്. പക്ഷേ വലിയ എഴുത്തുകാരുടെ സൃഷ്ടികളില്‍ പരിശീലനം നടത്തിയ ഒരു മനസ്സിന്  അത് മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അതല്ലെങ്കില്‍ ലോകം നിരീക്ഷിച്ചിട്ടുള്ള ഒരു മനുഷ്യനും അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. 

അമ്മയെപ്പറ്റി കവികളെല്ലാം വാഴ്ത്തുന്ന കാലത്താണ് 'തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോള്‍ പിള്ളെയെടുത്ത് തടുക്കേയുള്ളൂ' എന്ന് പറഞ്ഞുകൊണ്ട് കുഞ്ചന്‍ നമ്പ്യാര്‍ ആ വലിയ ബലൂണ്‍ ഒരു സൂചി കൊണ്ട് കുത്തിപ്പൊട്ടിക്കുന്നതുപോലെ കുത്തിപ്പൊട്ടിച്ചത്. അത്രയേ ഉള്ളൂ മാതൃസ്‌നേഹം. ഒരു വലിയ എഴുത്തുകാരന് അത് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. സഹോദരസ്‌നേഹത്തെപ്പറ്റി, കൂടപ്പിറപ്പുകളെപ്പറ്റി എല്ലാം കവികള്‍, ധര്‍മചാരികള്‍ ഒക്കെ പുകഴ്ത്തുന്ന സമയത്താണ് വാത്മീകി രാവണനെയും വിഭീഷണനെയും സൃഷ്ടിക്കുന്നത്. വ്യാസന്‍ നളനെയും പുഷ്‌കരനെയും സൃഷ്ടിക്കുന്നത്, ബൈബിളില്‍ കയേനെയും ഹാബേലിനെയും സൃഷ്ടിക്കുന്നത്. പരസ്പര ഘാതകന്മാരായ സഹോദരങ്ങളെ സൃഷ്ടിക്കുന്നത്. കാരണം സത്യം അതാണ്. ജീവിച്ചിട്ടുള്ള എല്ലാവര്‍ക്കും അതറിയാം. സ്വന്തം സഹോദരങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിട്ടുള്ള പലതരത്തിലുള്ള തിക്താനുഭവങ്ങള്‍, സ്വന്തം മാതാപിതാക്കളില്‍ നിന്ന് ലഭിച്ചിട്ടുള്ള തിക്താനുഭവങ്ങള്‍. ഞാനിവിടെ വന്നപ്പോള്‍ എന്നോട് ചോദിച്ചു, സ്ത്രീകളെക്കുറിച്ച് മോശമായിട്ടു പറഞ്ഞിട്ടുണ്ടല്ലോ, സ്ത്രീകള്‍ ഉപദ്രവിച്ചു എന്നു പറയുന്നതെന്താണ്. ഞാന്‍ പറഞ്ഞു; ശരിയാണ്. എന്നെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിട്ടുള്ളത് എന്റെ അമ്മ, അമ്മൂമ്മ, ചെറിയമ്മ തുടങ്ങി വീട്ടിലെ സ്ത്രീകളാണ്. ശാരീരികമായിട്ടും മാനസികമായിട്ടും ദ്രോഹിച്ച് പീഡിപ്പിച്ചിട്ടുള്ളത് അവരാണ്. ആ അനുഭവമാണ് ഞാന്‍ എഴുതിയത്. ആ അനുഭവം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. പക്ഷേ എന്റെ അനുഭവം അതാണ്. എനിക്കതുകൊണ്ട് സ്ത്രീകളെ പേടിയാണ്. കാരണം അവര്‍ ഏതറ്റം വരെയും ദ്രോഹിക്കും എന്നത് എന്റെ കുട്ടിക്കാലത്തുള്ള അനുഭവമാണ്. അടിച്ച് കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ. അത്ര വലിയ ദുഷ്ടതകള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഞാന്‍ അനുഭവിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. എന്റെ അനുഭവം മാറാത്തിടത്തോളം കാലം എന്റെ ഉള്ളില്‍ ആ കിടിലം ഉണ്ടായിരിക്കും. ഏതു സ്ത്രീയെ കാണുമ്പോഴും എനിക്കെന്റെ അമ്മയെയും അമ്മൂമ്മയെയും എല്ലാം ഓര്‍മവരും. അവരുടെ ആ കണ്ണുകളിലെ നിധനതൃഷ്ണ എനിക്കോര്‍മ വരും. നിധനതൃഷ്ണ എന്നത് സൗമ്യമാക്കി പറഞ്ഞാല്‍ കൊല്ലാനുള്ള ആഗ്രഹം എന്നാണര്‍ഥം. അതെന്റെ അനുഭവമാണ്. ഞാനത് പറയും. കാരണം എനിക്ക് അമ്മയെയും സ്ത്രീകളെയുമൊന്നും അങ്ങനെ പുകഴ്‌ത്തേണ്ട കാര്യമില്ല. നന്മയിലും തിന്മയിലും സ്ത്രീ-പുരുഷഭേദമില്ല. അതുകൊണ്ട് ഈ നോവലിനെ നന്മ-തിന്മകളുടെ പ്രഹേളിക തന്നെയായിട്ട് സുഭാഷ് ചന്ദ്രന്‍ വിട്ടിരിക്കുകയാണ്.

നമ്മുടെ വലിയ കവി സൃഷ്ടിച്ച രണ്ടാം പ്രപഞ്ചസൃഷ്ടിയിലെ, മഹാഭാരതത്തെ അങ്ങനെയാണ് വലിയൊരു കഥാകാരനായിട്ടുള്ള പോഞ്ഞിക്കര റാഫി വിശേഷിപ്പിച്ചത്, ഒരു അധ്യായത്തെ പുനരാനയിച്ചുകൊണ്ടാണ് സമുദ്രശില ആരംഭിക്കുന്നത്. അതിന്റെ സാംഗത്യം ഇന്ത്യന്‍ സംസ്‌കാരത്തിലെ ചില അടിസ്ഥാന സങ്കല്പങ്ങളാണ്. രണ്ട് വിരുദ്ധങ്ങളായ ദാര്‍ശനിക സങ്കല്പങ്ങള്‍ ഇന്ത്യയിലുണ്ട്. ഒന്ന് എല്ലാ പ്രതിഭാസങ്ങളും ക്ഷണികങ്ങളാണെന്ന സങ്കല്പം, എല്ലാ സങ്കല്പങ്ങളും ക്ഷണികങ്ങളാണെന്നും ആ ക്ഷണങ്ങള്‍ തമ്മില്‍ പരസ്പരം യാതൊരു ബന്ധവുമില്ല, അലാത ചക്രം പോലെ; തീക്കൊള്ളി ചുഴറ്റുമ്പോള്‍ തീയുടെ ചക്രമുണ്ട് എന്നുതോന്നിപ്പിക്കുന്നതുപോലെ. വാസ്തവത്തില്‍ അങ്ങനെയൊന്നില്ല. ഓരോ സമയത്തും തീക്കൊള്ളി വെവ്വേറെ സ്ഥലങ്ങളിലാണ്. നമ്മുടെ കണ്ണിന്റെ പരിമിതി കൊണ്ട് അത് ചക്രത്തിന്റെ പ്രതീതി ഉണ്ടാക്കുന്നതുപോലെ ഓരോ ക്ഷണങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ടെന്ന പ്രതീതി നമ്മള്‍ക്കുണ്ടാവുന്നു എന്നതാണ് ഇന്ത്യയുടെ ഒരു അടിസ്ഥാന ദര്‍ശനം. മറ്റൊന്ന് എല്ലാ പ്രതിഭാസങ്ങളും സനാതനമാണ് എന്നതാണ്. സനാതനം എന്നുപറഞ്ഞാല്‍ എന്നും ഉണ്ടായിരുന്നത്. ആദിയോ മധ്യമോ അന്തമോ ഇല്ലാത്തത്. ഒരു വൃത്തം എവിടെത്തുടങ്ങുന്നു എന്ന് പറയാന്‍ കഴിയാത്തതുപോലെ ഈ പ്രപഞ്ചം ആദിയും മധ്യവും അന്തവുമില്ലാത്ത ഒരു സനാതനസത്തയാണ് എന്ന ദാര്‍ശനിക വിശ്വാസം. 

മഹാഭാരതത്തിന്റെ അടിസ്ഥാനവിശ്വാസം പ്രപഞ്ചത്തിന്റെ സനാതനത്വത്തിലുള്ള വിശ്വാസമാണ്. അതില്‍ നന്മ പോലെത്തന്നെ തിന്മയും സനാതനത്വത്തിന്റെ ഭാഗമായിരിക്കുന്നു. അതുകൊണ്ടാണ് ഗീതയില്‍ ശ്രീകൃഷ്ണന്‍ പറയുന്നത്: 'മൃത്യു സര്‍വഹരശ്ചാഹം' -എല്ലാറ്റിനേയും സംഹരിക്കുന്ന മരണവും ഞാന്‍ തന്നെയാണ്. ഇബ്‌സന്റെ നാടകമായ 'ഗോസ്റ്റ്‌സി'ല്‍ മകന്‍ അമ്മയോട് വിഷം തരാന്‍ ആവശ്യപ്പെടുന്നുണ്ട്. ''മീ ഹു ഗിവ്  ലൈഫ് റ്റു യു'' എന്ന് ആര്‍ത്തയായ അമ്മ ചോദിക്കുന്നു. അപ്പോള്‍  മകന്‍ ലളിതമായ രണ്ട് വാക്കുകള്‍ പറയുന്നുണ്ട്: ''വാട്ട് ലൈഫ് യു ഗേവ് മീ,  ഐ ഡോണ്ട് വാണ്ട് ദിസ് ലൈഫ്. ടേക് ഇറ്റ് ബാക്...'' നീ തന്ന ജീവിതം നീ തന്നെ തിരിച്ചെടുത്തുകൊള്ളുക. എത്ര വലിയ വേദനയോടെയാണ് ഒരു സ്ത്രീ പ്രസവിക്കുന്നതെന്ന് വര്‍ണിച്ചിട്ടുണ്ട് ഈ നോവലില്‍, എത്ര വലിയ വേദനയോടെയാണ് ആ സ്ത്രീ സ്വന്തം കുഞ്ഞിനെ സംഹരിക്കുന്നത് എന്നും. പ്രസവിക്കുക എന്നത് ആ കുഞ്ഞിന്റെ പരിമിതികള്‍ കൊണ്ട് ഒരു മഹാപാപമായി മാറി. ആ കുഞ്ഞിനെ അവന്റെ പരിമിതികളില്‍ നിന്നും മോചിപ്പിക്കുന്ന ക്രിയ ഒരു വലിയ പുണ്യവുമായി മാറി. നമ്മള്‍ സാധാരണ മനുഷ്യരുടെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ഇതിനെ മനസ്സിലാക്കുക പ്രയാസമാണ്. ഗര്‍ഭവും പ്രസവവുമൊക്കെ ഒരു മഹാപുണ്യമായി കരുതുന്ന സംസ്‌കാരമാണ് നമ്മുടേത്. ഹിംസ പാപമായി കരുതുന്ന ഒരു സംസ്‌കാരവും. പക്ഷേ അത് സ്ഥൂലതലത്തില്‍ മാത്രമാണ്. സൂക്ഷ്മതലത്തില്‍ അംഗപരിമിതിയുള്ള, സ്വച്ഛന്ദമായി ജീവിക്കാന്‍ കഴിവില്ലാത്ത, എന്നാല്‍ എല്ലാ ജന്മവാസനകളുടെയും ആകെത്തുക ഉള്ളിലടക്കുന്ന ഒരു മനുഷ്യനെ സൃഷ്ടിക്കുക എന്നത് ഒരു വലിയ പാതകമാണ്, പാപമാണ്. ആ പാപത്തിന്റെ ശിക്ഷയായ മരണം സ്വയം ഏറ്റുവാങ്ങുകയും ആ പരിമിതികളുള്ള ജീവനെ ഇല്ലാതാക്കുക എന്ന പുണ്യം ചെയ്യുകയും ചെയ്യുന്നു. പാപപുണ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മഴവില്ലാണ് അവരുടെ ജീവിതം. അതില്‍ എല്ലാ ഷേഡുകളും, സുഖത്തിന്റെയും ദു:ഖത്തിന്റെയും സപ്തവര്‍ണങ്ങളുമുണ്ട്. 

ഈ നോവല്‍ നമ്മെ വിശ്വസിപ്പിക്കുന്നു, ഇങ്ങനെയുള്ള സ്വന്തം മകനെ കൊല്ലുന്നത് ഒരു വലിയ പുണ്യമാണെന്ന്. സ്വന്തം അമ്മ മകന്റെ ലൈംഗികദാഹങ്ങള്‍ക്ക് ശമനം നല്‍കുന്നത് സംസ്‌കാരം മഹാപാതകമാണെന്ന് വിധിക്കുന്നു. പക്ഷേ സാഹിത്യം അതിനെ ഒരു പുണ്യമായിട്ട് സ്ഥാപിക്കും, വിശ്വസിപ്പിക്കും. സമുദ്രശില വായിച്ചാല്‍ ആ സ്ത്രീ ചെയ്തത് ഒരു പുണ്യമാണെന്ന് നമ്മള്‍ വിശ്വസിക്കും. അതിനുപുറത്തുവന്നതിനുശേഷം നമ്മള്‍ പറയും അത് മഹാപാതകമാണ്. അത് ശരിയായില്ല എന്നൊക്കെ. പക്ഷേ ആ നോവല്‍ വായിക്കുന്ന നിമിഷത്തില്‍ നമ്മള്‍ അത് പുണ്യമായി വിശ്വസിക്കുന്നു. ദസ്തയേവ്‌സ്‌കിയുടെ ബ്രദേഴ്‌സ് കാരമസോവില്‍ ദിമിത്രി ചോദിക്കുന്നുണ്ട് കോടതിയില്‍; അച്ഛനെ കൊല്ലാന്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലാത്ത ആരെങ്കിലും ഈ കോടതിയിലുണ്ടോ എന്ന്. ഒരു നിമിഷത്തേക്ക് ആ കോടതിയിലെ ആരും ഒന്നും മിണ്ടുന്നില്ല. കാരണം, അബോധത്തിലെങ്കിലും അങ്ങനെ ആഗ്രഹിച്ചുകാണും. 

രണ്ടുകണ്ണും കുത്തിപ്പൊട്ടിച്ച ശേഷം ഇഡിപ്പസ് രാജാവ് വന്ന് ചോദിക്കുന്നു: വേര്‍ ഈസ് ദാറ്റ് വുമണ്‍?  അപ്പോള്‍ അമ്മയായ ജക്കാസ്റ്റ പറയുന്നതിതാണ്. 'മെനി എ മെന്‍ ഡ്രംറ്റ് ദാറ്റ് മച്ച്.' എവിടെ പാപം എവിടെ പുണ്യം സാഹിത്യത്തില്‍? അത്രയൊക്കെയേ ഉള്ളൂ പാപപുണ്യങ്ങളുടെ കാര്യം. അതുകൊണ്ടാണ് ഇഡിപ്പസ് പറയുന്നത്; മനുഷ്യന് ഏറ്റവും നല്ലതെന്താണ്, ജനിക്കാതിരിക്കലാണ്. ജനിച്ചുകഴിഞ്ഞാലോ, ഏറ്റവും നല്ലത് മരണമാണ്. ബുദ്ധിമാന്ദ്യമുള്ള കുട്ടി ഒരു ആരോഗ്യപ്രശ്‌നമാണ്. അതേസമയം തന്നെ അതൊരു സാമൂഹികപ്രശ്‌നമാണ്. അതേസമയം, അതൊരു ധാര്‍മിക പ്രശ്‌നം കൂടിയാണ്. സുഭാഷ് ചന്ദ്രന്‍ അതിനെ ഒരു ദാര്‍ശനികപ്രശ്‌നമായി ഈ നോവലില്‍ വിശകലനം ചെയ്യുന്നു. ആരാണ് ഇതിന്റെ ഉത്തരവാദി? അമ്മയാണ്, അംബയാണ് പ്രകൃതിയാണ് എങ്ങനെ വേണമെങ്കിലും പറയാം. പക്ഷേ അതിനൊരു പരിഹാരം സംഹാരം മാത്രമാണ്. അതുകൊണ്ട് ഈ സംഹാരം വിശ്വസനീയമായി ന്യായീകരിക്കപ്പെടുന്നു. നമ്മുടെ സംസ്‌കാരം എന്ന് നമ്മള്‍ വിശ്വസിക്കുന്നതിന്റെ കടകവിരുദ്ധമായ രണ്ട് സത്യങ്ങള്‍, എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സംസ്‌കാരത്തേക്കാളൊക്കെ വളരെ വളരെ വലുതാണ് സത്യം. സത്യം സംസ്‌കാരത്തിനെതിരാവുകയും സംസ്‌കാരം സത്യത്തിനെതിരാവുകയും ചെയ്യുന്ന നിമിഷങ്ങളില്‍ എഴുത്തുകാരന്‍ സത്യത്തിന്റെ കൂടെ നില്‍ക്കും. എല്ലാവര്‍ക്കും സത്യം പറയാന്‍ കഴിയും. പക്ഷേ സത്യം അവനവന് എതിരാകുമ്പോള്‍ സത്യം പറയുന്നവന്‍ മാത്രമാണ് സത്യസന്ധന്‍. ഒരു സത്യം എനിക്കെതിരാവുമ്പോഴും ഞാന്‍ സത്യം പറയുന്നെങ്കില്‍ മാത്രമേ ഞാന്‍ സത്യസന്ധനാവുന്നുള്ളൂ. സത്യം നമുക്കെതിരല്ലെങ്കില്‍ നമുക്കെപ്പോഴും സത്യം പറയാം. സംസ്‌കാരം സത്യത്തിന് എതിരാവുമ്പോള്‍ ആ സംസ്‌കാരത്തെ അവഗണിക്കുക.

ഈ നോവലിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തം സംസ്‌കാരവിരുദ്ധമാണ്. പക്ഷേ അതില്‍ ആഴമേറിയ സത്യാത്മകത, വിശ്വസനീയത, യാഥാര്‍ഥ്യം ഇവയെല്ലാം സുഭാഷ് ചന്ദ്രന്‍ സാക്ഷാത്കരിച്ചിരിക്കുന്നു. അതുകൊണ്ട് ഇത് സംസ്‌കാരവിരുദ്ധമല്ല എന്നു മാത്രമല്ല സംസ്‌കാരത്തെ പുനനിര്‍വചിക്കാനും അതിനെ പുനര്‍വിചിന്തനത്തിന് വിധേയമാക്കാനും പ്രേരിപ്പിക്കുന്നു. മനുഷ്യര്‍ എന്നു പറയുമ്പോള്‍ നമ്മള്‍ ബുദ്ധിയുള്ള, പ്രതിഭയുള്ള പലതരം കഴിവുകളുള്ള ആളുകളെ മാത്രം പരിഗണിച്ചാല്‍ മതിയോ എന്ന പ്രശ്‌നമുണ്ട്. കാള്‍ മാക്‌സിനെക്കുറിച്ച് വലിയൊരു തമാശയുണ്ട്, അദ്ദേഹം തന്നെ പറഞ്ഞതാണ്. തനിക്കില്ലാത്ത കാര്യത്തെപ്പറ്റി ജീവിതകാലം മുഴുവന്‍ പഠിച്ചുകൊണ്ടിരുന്നു- മൂലധനം. പത്തുപൈസ കയ്യിലില്ലാത്ത മനുഷ്യനാണ് പണത്തെക്കുറിച്ച് മാത്രം എഴുതിക്കൊണ്ടിരുന്നത! പണമുണ്ടാക്കാനുള്ള കഴിവേ മാര്‍ക്‌സിനില്ലായിരുന്നു. പക്ഷേ അദ്ദേഹം മൂലധനത്തെക്കുറിച്ചാണ് എഴുതിക്കൊണ്ടിരുന്നത്! സംസ്‌കാരത്തെ സംബന്ധിച്ചിടത്തോളം അതില്‍ നിയതമായ ഒരു രൂപം ഒരിടത്തുമില്ല. ആര്‍ഷഭാരത സംസ്‌കാരം എന്നു പറയുന്നല്ലോ. ഏതാണ് ആ സംസ്‌കാരം?  ആ സംസ്‌കാരത്തിലാണ് പറയുന്നത് ബ്രഹ്‌മാവ് കല്യാണം കഴിച്ചത് സ്വന്തം മകളെയാണെന്ന്! വലിയ ആദര്‍ശമായി പറയുന്നു, ദശരഥന്റെ മക്കളാണ് രാമനും ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും എന്ന്. അതേ പുരാണം തന്നെ പറയുന്നു അവരൊക്കെ പായസം കഴിച്ചാണ് ഉണ്ടായത്, ദശരഥന് യാതൊരു ബന്ധവുമില്ല എന്ന്! 

സീരിയല്‍ രംഗത്ത് ഒരുപാട് അവിഹിത ബന്ധങ്ങള്‍, പലപ്രശ്‌നങ്ങള്‍ എന്നുപറഞ്ഞിട്ട് സര്‍ക്കാര്‍ ഒരു ചര്‍ച്ച വെച്ചു. ഞാന്‍ പറഞ്ഞു:  ഒരു സീരിയലിലും പതിനാറായിരത്തിയെട്ട് ഭാര്യമാരുള്ള നായകനില്ല. ഒരു സീരിയലിലും ഗര്‍ഭിണിയായ ഭാര്യയെ കാട്ടില്‍ വലിച്ചെറിയുന്ന ഭര്‍ത്താവില്ല. ഒരു സീരിയലിലും മനുഷ്യനും മൃഗവുമല്ലാത്ത ആളില്ല. കഥകളിയില്‍ കാണിക്കുന്നതുപോലെ മടിയില്‍ കിടത്തി മാറ് പിളര്‍ന്ന് ചോരകുടിക്കുന്ന വയലന്‍സില്ല. രജസ്വലയായ സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുവന്ന് തുണി അഴിക്കുന്ന പരിപാടി ഒരു സീരിയലും കാണിക്കാറില്ല. വസ്ത്രാക്ഷേപം അടക്കം കഥകളി രംഗത്ത് കാണിക്കുന്ന വയലന്‍സിന്റെ ഏഴയലത്ത് സീരിയലിലെ വയലന്‍സ് വരില്ല. ഭരതന്റെ നാട്യശാസ്ത്രത്തില്‍ എന്തെല്ലാം രംഗത്ത് കാണിക്കരുത് എന്നു പറയുന്നുണ്ടോ അതെല്ലാം കഥകളിയില്‍ കാണിക്കുന്നുണ്ട്. അത് സംസ്‌കാരവിരുദ്ധമായിട്ട് നമുക്ക് തോന്നാറില്ല. കാരണം കല സാധാരണ ലൗകിക ജീവിതത്തിന്റെ ധാര്‍മികനിയമങ്ങള്‍ക്കപ്പുറത്താണ്. 

കവിതയെഴുത്തുപോലെ എളുപ്പമുള്ള പണിയല്ല നോവലെഴുത്ത്. സമുദ്രശില ഇരുപതാം പതിപ്പിലെത്തി നില്‍ക്കുന്നു, മുപ്പതിനായിരം കോപ്പികള്‍ അച്ചടിച്ചു എന്നത് ഇക്കാലത്തെ വായനയാണ് സൂചിപ്പിക്കുന്നത്. കവിതയെഴുതുന്നതുപോലെ പത്തുവരി- പതിനാല് വരി എഴുതിവെച്ചാല്‍ നോവലാവില്ല. ഇവിടെ എന്നെ കവി എന്നു വിശേഷിപ്പിച്ചപ്പോള്‍ ഞാന്‍ എന്തുപറയാനാണ്? ഇപ്പോള്‍ കവിയല്ലാത്ത ആരെങ്കിലുമുണ്ടോ? ആര്‍ക്കുവേണമെങ്കിലും ശ്രമിച്ചാല്‍ കവിയാകാം. നോവലിസ്റ്റാകാന്‍ അത്ര എളുപ്പമല്ല. മിനിമം ആദിമധ്യാന്തമുള്ള ഒരു കഥ ഉണ്ടാക്കണം. അത് കമ്യൂണിക്കേറ്റ് ചെയ്യണം. പലരും പറയാറുണ്ട് ലളിതമായ കാര്യങ്ങളാണ് സുന്ദരം എന്ന്. അങ്ങനെയല്ല സങ്കീര്‍ണതയിലാണ് സൗന്ദര്യം എന്നുവിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ ഞാന്‍. ലളിതമായതൊന്നും തന്നെയില്ല ഈ ലോകത്ത്. അതുകൊണ്ടുതന്നെ ഈ നോവലിന്റെ സങ്കീര്‍ണമായ ശില്പമൊന്നും വായനക്കാര്‍ക്ക് പ്രശ്‌നമല്ല എന്ന് നോവലിന്റെ പ്രചാരം തന്നെ തെളിയിക്കുന്നു. സങ്കീര്‍ണതയില്‍ത്തന്നെയാണ് സൗന്ദര്യം ഉള്ളത്. ലാളിത്യത്തിലൊന്നും സൗന്ദര്യമില്ല, ലാളിത്യം ഒരസത്യമാണ് എന്നും ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ ഈ ലോകം ലളിതമായിരുന്നുവെങ്കില്‍ ശാസ്ത്രത്തിന്റെയും കലയുടെയും യുക്തിയുടെയും ഭാവനയുടെയും രണ്ട് ഉപകരണങ്ങള്‍ കൊണ്ട് ഈ പ്രപഞ്ചത്തെയും ഈ ജീവിതത്തെയും മനുഷ്യന്‍ ഇത്രയധികം എക്‌സ്‌പ്ലോര്‍ ചെയ്യേണ്ട കാര്യമില്ലല്ലോ. ഇത്ര ലളിതമാണ് ജീവിതമെങ്കില്‍, ഇത്ര ലളിതമാണ് പ്രപഞ്ചമെങ്കില്‍, പ്രകൃതിയെങ്കില്‍, നമ്മുടെ അനുഭവമെങ്കില്‍ ഇതിന്റെ പിന്നിലെന്താണ് എന്നന്വേഷിച്ചുപോകേണ്ട കാര്യമില്ലല്ലോ. ലളിതമായ ഒന്നുമില്ല. ജീവിതത്തിന്റെ സങ്കീര്‍ണമായ ചില സൂക്ഷ്മതലങ്ങളിലേക്ക് ഒരു എഴുത്തുകാരന്റെ പ്രതിഭ സഞ്ചരിക്കുമ്പോള്‍ ആ സങ്കീര്‍ണതകള്‍ രചനയിലും പ്രതിഫലിച്ചിരിക്കും. ആ സങ്കീര്‍ണതകള്‍ ഉള്‍ക്കൊള്ളാന്‍ വായനക്കാര്‍ തയ്യാറാണ് എന്നതിന്റെ തെളിവാണ് ഇതുപോലുള്ള നോവലുകളുടെ പ്രചാരം. പാരായണക്ഷമത ഉണ്ടാക്കേണ്ടത് വായനക്കാരന്റെ ആവശ്യമാണ്. ഞാനിത് വായിക്കേണ്ടത് എന്റെ ആവശ്യമാണ് എന്ന് വായനക്കാരന്‍ ചിന്തിക്കുമ്പോള്‍ അയാള്‍ക്ക് പരായണക്ഷമത വന്നുചേരുന്നു. ഈ നോവല്‍ വായിച്ചിട്ട് സുഭാഷ്ചന്ദ്രനോട് ഞാന്‍ ആദ്യം പറഞ്ഞത് നിങ്ങളോടും പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു; അംബ വിഷം തന്നത് എനിക്കാണ്. നന്ദി.

Content Highlights:Balachandran Chullikakd speech in mathrubhumi books festival kozhikode