സമീപകാലത്ത് മറ്റൊരു രാഷ്ട്രനേതാവിനും ലഭിച്ചിട്ടില്ലാത്തവിധമുള്ള സ്വീകരണവും ആദരവുമാണ് ഞായറാഴ്ച അമേരിക്കയിലെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. അമേരിക്കയിൽ വസിക്കുന്ന 40 ലക്ഷത്തോളം ഇന്ത്യൻവംശജരുടെ സ്വാധീനതയും കരുത്തും തെളിയിക്കുന്നതായിരുന്നു പ്രധാനമന്ത്രിക്കുലഭിച്ച വരവേൽപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം മോദി വേദി പങ്കിടുന്നതു കാണാനും അദ്ദേഹത്തെ കേൾക്കാനും അരലക്ഷത്തിലേറെ ഇന്ത്യൻവംശജരാണ് ഹൂസ്റ്റണിലെ എൻ.ആർ.ജി. സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. വമ്പൻ പ്രഖ്യാപനങ്ങളോ വാഗ്ദാനങ്ങളോ ഉണ്ടായില്ലെങ്കിലും ഇരുരാഷ്ട്രത്തലവന്മാരും തമ്മിലുള്ള ഊഷ്മള സൗഹൃദത്തിന്റെ വ്യക്തമായ പ്രകടനത്തിന് സ്റ്റേഡിയം സാക്ഷിയായി. ഭീകരതയുടെ ഇരകളായ രണ്ടുരാജ്യങ്ങളുടെ തലവന്മാർ പൊതുശത്രുവിനെതിരേ യോജിച്ച് പോരാടാനുള്ള പ്രതിജ്ഞാബന്ധത ഈ വേദിയിലും ആവർത്തിച്ചു. പാകിസ്താന്റെ പേരു പറയാതെ ആ രാജ്യത്തിനെതിരേ ഒളിയമ്പെയ്ത മോദിയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായ പരസ്യപ്രഖ്യാപനം സ്വന്തം നിലപാടുകൾക്കുള്ള അംഗീകാരമായി. രണ്ടാംവട്ടവും അധികാരത്തിലേറാൻ മോഹിക്കുന്ന ട്രംപിനാകട്ടെ, ഇന്ത്യൻവംശജർക്കിടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കംകുറിക്കാൻ കിട്ടിയ നല്ല വേദിയായി ഹൂസ്റ്റൺ. ജനപ്രിയതയിലൂന്നി രാജ്യം ഭരിക്കുന്ന ഇരുവർക്കും സ്വന്തം പ്രതിച്ഛായ തിളക്കമുള്ളതാക്കാനും നിലപാടുകളുടെ പരസ്പരസ്വീകാര്യത ലോകത്തെ അറിയിക്കാനും ‘ഹൗഡി മോദി!’ പരിപാടി അവസരമൊരുക്കി.

ഇന്ത്യൻവംശജർ അമേരിക്കക്കാരുടെ തൊഴിൽ തട്ടിയെടുക്കുന്നുവെന്നതായിരുന്നു 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ മുഖ്യ പ്രചാരണവിഷയങ്ങളിലൊന്ന്. അമേരിക്കൻ ഉത്പന്നങ്ങൾക്കുമേൽ ഇന്ത്യ കനത്ത തീരുവ ചുമത്തുന്നുവെന്നതായി പിന്നീടുള്ള ആരോപണം. അതേത്തുടർന്നുണ്ടായ അധികതീരുവ ചുമത്തലും വ്യാപാര മുൻഗണനാപദവി എടുത്തുകളയലും ഉഭയകക്ഷിവ്യാപാരരംഗത്തുണ്ടാക്കിയ അസ്വാരസ്യത്തിനുമിടയിലാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനമുണ്ടായിരിക്കുന്നത്. ഹൂസ്റ്റണിൽ പ്രഖ്യാപനമൊന്നുമുണ്ടായില്ലെങ്കിലും ചൊവ്വാഴ്ച മോദിയും ട്രംപും തമ്മിൽ നടക്കുന്ന ഉഭയകക്ഷിചർച്ചയിൽ വ്യാപാരമേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഊർജമേഖലയിൽ സുപ്രധാനമായ ധാരണാപത്രം പെട്രോനെറ്റും അമേരിക്കൻ കമ്പനിയായ ടെലുരിയനും തമ്മിൽ ഒപ്പിടുന്നതിനു സാക്ഷിയായതിനുശേഷമാണ് പ്രധാനമന്ത്രി ‘ഹൗഡി മോദി’ക്കെത്തിയത്. ലൂയിസിയായിലെ ഡ്രിഫ്റ്റ്‌വുഡിൽ ടെലുരിയൻ സ്ഥാപിക്കുന്ന ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി.) കയറ്റുമതി ടെർമിനലിൽ പെട്രോനെറ്റ് 250 കോടി ഡോളർ നിക്ഷേപിക്കുമെന്ന ധാരണാപത്രമാണിത്. കാർബൺരഹിത ഊർജത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിൽ സുപ്രധാന ചുവടുവെപ്പാണിത്. ഈ ധാരണയനുസരിച്ച് 40 വർഷംകൊണ്ട് 50 ലക്ഷം ടൺ എൽ.എൻ.ജി. ഇന്ത്യയ്ക്കുലഭിക്കും. ഉഭയകക്ഷി, പ്രതിരോധ പങ്കാളിത്തതിനൊപ്പം ഊർജമേഖലയിലും അമേരിക്കയുമായി കൂടുതൽ ഇടപാടിന് ഇന്ത്യയ്ക്കു താത്പര്യമുണ്ടെന്നു വ്യക്തമാക്കുന്നതാണ് ഈ ധാരണാപത്രം.

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിനെ വിമർശിക്കുന്നവർ ഭീകരതയുടെ പ്രോത്സാഹകരാണെന്ന മോദിയുടെ വാക്കുകളിൽ കശ്മീർ വിഷയം അന്താരാഷ്ട്രവത്കരിക്കാൻ ശ്രമിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പേര് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ‘സ്വന്തം സമൂഹങ്ങളുടെ ഭദ്രതയ്ക്ക് ഞങ്ങളുടെ അതിർത്തികൾ സംരക്ഷിക്കണമെന്ന് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും’ അറിയാമെന്നു പറഞ്ഞ ട്രംപ് അദ്ദേഹത്തിന് പിന്തുണയുമേകി. കുടിയേറിയെത്തിയ ഒരു ജനസമൂഹത്തിനുമുന്നിൽനിന്നുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. 2016-ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിനേതാവ് ഹില്ലരി ക്ലിന്റനൊപ്പമായിരുന്നു അമേരിക്കയിലെ ഇന്ത്യൻവംശജരിൽ ഭൂരിപക്ഷവും. അവരെ ഇത്തവണ തന്റെ പാളയത്തിലെത്തിക്കാനുള്ള ട്രംപിന്റെ മോഹവും ഹൂസ്റ്റണിലേക്കുള്ള വരവിലുണ്ടായിരുന്നു എന്നത് രഹസ്യമല്ല. വേദിയിൽ അണിനിരന്ന ഡെമോക്രാറ്റിക് പാർട്ടിയംഗങ്ങൾക്കുമുണ്ടായിരുന്നു ഈ ലക്ഷ്യം. ഹൂസ്റ്റൺ വിമാനത്താവളത്തിൽ പൊഴിഞ്ഞുവീണ റോസാപ്പൂ ഇടംകൈയാൽ പെറുക്കിയെടുത്തും തന്നെ കാണാനെത്തിയ കശ്മീർ പണ്ഡിറ്റുകളെ സാകൂതം കേട്ടും വികാരാധീനനായ അവരിലൊരാളുടെ തോളിൽത്തട്ടി ആശ്വസിപ്പിച്ചും സാധാരണക്കാരനായുള്ള പ്രധാനമന്ത്രിയുടെ പെരുമാറ്റങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജമ്മുകശ്മീരിലെ മനുഷ്യാവകാശലംഘനത്തിന്റെ പേരിൽ മോദിക്കെതിരേ എൻ.ആർ.ജി. സ്റ്റേഡിയത്തിനു പുറത്തുനടന്ന പ്രതിഷേധം ഇതിൽ മുങ്ങിപ്പോയി. നരേന്ദ്ര മോദി എന്ന വ്യക്തിക്കപ്പുറം ഇന്ത്യയെന്ന വലിയ വിപണിയാണ് അമേരിക്കയെയും അവിടത്തെ പ്രസിഡന്റിനെയും ആകർഷിക്കുന്ന മുഖ്യഘടകം. ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയുമായി കൂടുതൽ അടുക്കുമ്പോൾ ഇന്ത്യ മറക്കരുതാത്ത കാര്യവും അതാണ്.

Content Highlights: When Narendra Modi became a star in America