ടി.എൻ. ശേഷൻ എന്നത് ഒരു വലിയ  ഓർമപ്പെടുത്തലിന്റെ പേരാണ്; തലകുനിക്കാത്ത  നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏതുപദവിക്കും  കസേരയ്ക്കും ചെറുതല്ലാത്ത വിലയുണ്ടെന്ന ഓർമപ്പെടുത്തലിന്റെ. ശേഷന്റെ കാലംവരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന പദവി ഭരണാധികാരത്തിന് വിധേയപ്പെട്ടുനിന്ന  ഉറങ്ങിക്കിടന്ന ഒരു കസേര മാത്രമായിരുന്നു. എന്നാൽ, ജനാധിപത്യ പ്രക്രിയയിൽ ആ പദവി എത്രവലിയ    സാധ്യതയാണെന്ന് ടി.എൻ. ശേഷൻ ആ കസേരയിലെത്തിയപ്പോൾ രാജ്യം കണ്ണുതുറന്നുകണ്ടു. ഭരണഘടനയായിരുന്നു വഴികാട്ടി. അതിന്റെ ഉൾക്കാഴ്ചകൾ എടുത്തുപയോഗിച്ചപ്പോൾ ഒരു കസേരയും ചെറുതല്ലെന്ന യാഥാർഥ്യമാണ് രാജ്യം കണ്ടത്. അന്യായമായ സമ്മർദങ്ങൾക്കു ശിരസ്സുകുനിച്ചില്ലെങ്കിലും നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏതുപദവിക്കും വലിയ അർഥമുണ്ടെന്ന്‌ ആ ഭരണകാലം തെളിയിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പുരംഗം അടിമുടി നവീകരിക്കപ്പെടുന്നതിന് അത് വഴിയൊരുക്കി. വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമായതും തിരഞ്ഞെടുപ്പ് ചെലവിന് നിയന്ത്രണം വന്നതും പെരുമാറ്റച്ചട്ടങ്ങൾ കർക്കശമായതും ഉച്ചഭാഷിണി ഉപയോഗത്തിന് സമയക്രമം വന്നതുമൊക്കെ ‘ശേഷൻ ഇഫക്ടി’ന്റെ ബാക്കിപത്രം. തിരിച്ചുപോക്ക് അസാധ്യമാകുംവിധം അതൊക്കെ നമ്മുടെ ജനാധിപത്യപ്രക്രിയയുടെ സുതാര്യമായ നിലനിൽപ്പിന്റെ അടിസ്ഥാനവുമായി.  

ഒരുപദവിയും ഒരു കസേരയും ശാശ്വതമല്ല. ഒരാൾക്കും അവിടെ അനശ്വരരായി ഇരിക്കാനാവുകയുമില്ല. എന്നാൽ, ഇരിക്കുന്ന കസേരയുടെ മഹത്ത്വം എന്തെന്ന് തിരിച്ചറിയുക എന്ന സന്ദേശമാണ് ടി.എൻ. ശേഷൻ തന്റെ ജീവിതത്തിലുടനീളം പ്രസരിപ്പിച്ചത്.  ലോകമാകെ സുപ്രധാനമായ പരിവർത്തന ദശയിലൂടെ കടന്നുപോകുന്ന വേളയിലാണ് ടി.എൻ. ശേഷൻ രാജ്യത്തിന്റെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർസ്ഥാനത്ത് നിലയുറപ്പിക്കുന്നത്. 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെയുള്ള ആ കാലയളവാണ് ഇന്നുകാണുന്ന മിക്ക തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾക്കും അടിത്തറയിട്ടത്. അധികാരത്തിലിരുന്ന ആറുവർഷത്തിനുള്ളിൽ തെറ്റായ സ്വത്തുവിവരം നൽകിയ 40,000 സ്ഥാനാർഥികൾക്കെതിരേ കേസെടുക്കാനും 14,000 പേരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്‌ അയോഗ്യരാക്കാനും കഴിഞ്ഞു. പണാധിപത്യത്തിനും തിരഞ്ഞെടുപ്പ് അഴിമതികൾക്കും നേരെയുള്ള കുരിശുയുദ്ധംതന്നെ അദ്ദേഹം നയിച്ചു. ഔദ്യോഗിക പദവികൾ പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് തടസ്സമായതും ജാതിയും മതവുംപറഞ്ഞ് വോട്ടുപിടിക്കാൻ പറ്റാതായതും ശേഷന്റെ തിരഞ്ഞെടുപ്പ് ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണ്. അതിന്റെ ഗുണഫലം ഇന്നും നമ്മുടെ ജനാധിപത്യം അനുഭവിക്കുന്നു. 

പാലക്കാടിന്റെ പുത്രനായ ശേഷന്റെ ജീവിതം വരുംതലമുറകൾക്കും തുറന്ന പാഠപുസ്തകമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ അധികാരത്തിന് തടയിടാൻ രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികളും അധികാരകേന്ദ്രങ്ങളും രംഗത്തുവന്നതോടെയാണ് ഒടുവിൽ ശേഷൻ അധികാരത്തിൽനിന്ന്‌  നിഷ്‌ക്രമിക്കുന്നത്. പിൽക്കാലത്ത് 1997-ൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ശിവസേനയുടെ സ്ഥാനാർഥിയായി കെ.ആർ. നാരായണനോട് പരാജയപ്പെട്ട ശേഷനെയും രാജ്യം കണ്ടു. ഉദ്യോഗസ്ഥ ജീവിതത്തിലെ മികച്ച പ്രതിച്ഛായ രാഷ്ട്രീയമായി വിനിമയം ചെയ്യാൻ ശ്രമിച്ചപ്പോൾ അത്  പരാജയമടയുകയാണുണ്ടായത്. ഇന്ത്യൻ തിരഞ്ഞെടുപ്പുരംഗത്തെ സംശുദ്ധമാക്കിയതിനും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ ചട്ടുകമായിമാറാതെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാപരമായ സ്വയംഭരണപദവി ഊട്ടിയുറപ്പിച്ചതിന്റെയും പേരിൽ നമ്മുടെ ജനാധിപത്യം ശേഷനോട് കടപ്പെട്ടിരിക്കുന്നു.