ഒന്നരലക്ഷംപേർ പ്രതിവർഷം റോഡപകടത്തിൽ മരിക്കുന്ന രാജ്യത്ത് ഒരു മരണം സ്ഥിതിവിവരക്കണക്കുകൾക്ക് നിസ്സാരമായിരിക്കാം. എന്നാൽ, മരിച്ചവരുടെ പ്രിയപ്പെട്ടവർക്ക് ആ മരണം നികത്താനാവാത്ത വേദനയാണ്.  ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ മരിച്ച സംഭവം കേരളത്തിന്റെ മുഴുവൻ വേദനയാണ്. രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്കുമടങ്ങുന്ന മാധ്യമപ്രവർത്തകരുടെ മാത്രമല്ല ഓരോ തൊഴിലാളിയുടെയും ഭയമാണ്  അസമയത്തെ റോഡപകടങ്ങൾ. അവരെ വീടുകളിൽ കാത്തിരിക്കുന്ന ഓരോ കുടുംബത്തെയും അലട്ടുന്നതാണ് ഇത്തരം സംഭവങ്ങൾ. എല്ലാ ഗതാഗത നിയമങ്ങളും ലംഘിച്ച് മദ്യലഹരിയിൽ അതിവേഗത്തിൽ വണ്ടിയോടിക്കുന്നവരാണ് രാത്രിയാത്രികരുടെ പ്രധാന ഭീഷണി. മിക്കപ്പോഴും നിയമലംഘകർ രക്ഷപ്പെടുകയും ഇരകൾമാത്രം അപകടത്തിന്റെ വേദന പേറുകയും ചെയ്യുന്നു. ഇതിന്‌ തടയിടാൻ നമ്മുടെ പോലീസിന്റെ നൈറ്റ് പട്രോളിങ്ങിനും മദ്യപരിശോധനായന്ത്രത്തിന്റെ ഉപയോഗത്തിനും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. എങ്കിലും അത്‌ തീർത്തും ഇല്ലാതാക്കാനായിട്ടില്ല. 

തലസ്ഥാനനഗരിയിൽ മാധ്യമപ്രവർത്തകൻ  റോഡപകടത്തിൽ മരിച്ച സംഭവത്തിലെ കേസ് അട്ടിമറിക്കപ്പെട്ടേക്കുമെന്ന സംശയം  ബലപ്പെട്ടിരിക്കയാണ്. പ്രതിസ്ഥാനത്ത് നിസ്സാരക്കാരനല്ല എന്നതുതന്നെയാണ് കാരണം. ശ്രീറാമിനെ തിരിച്ചറിഞ്ഞ നിമിഷംമുതൽ പോലീസ്‌ കേസ് കൈകാര്യംചെയ്യുന്ന രീതി നീതിന്യായസംവിധാനത്തിന്റെ മതിപ്പിന് മങ്ങലേല്പിക്കുന്നതാണ്. അപകടമുണ്ടായ ഉടനെ ചട്ടങ്ങളും സി.സി.ടി.വി.കളും ഒരുമിച്ച് കണ്ണടച്ചുനിന്നത്  പോലീസിനാകെ നാണക്കേടായെന്നു പറയാതെവയ്യ. നിയമങ്ങൾക്കും ചട്ടങ്ങൾക്കുംമുമ്പിൽ ‘ചിലർ കൂടുതൽ തുല്യരും അതീതരു’മാണെന്ന ധാരണ ബലപ്പെടുത്താൻമാത്രമേ ഇത് സഹായിച്ചിട്ടുള്ളൂ.  

അപകടംനടന്ന് ഒമ്പതുമണിക്കൂറിനുശേഷമാണ് ശ്രീറാമിന്റെ രക്തസാമ്പിൾ പരിശോധനയ്ക്കുപോലും എടുത്തത്. കുറ്റകരമായ വീഴ്ചയാണിത്. എത്ര ഉന്നതനായാലും കുറ്റംചെയ്താൽ ശിക്ഷിക്കപ്പെടുമെന്നും നിയമത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽപ്പോലും ശ്രീറാമിന് പ്രത്യേക പരിഗണന കിട്ടുന്നുവെന്ന് വ്യക്തമാണ്. മാധ്യമപ്രവർത്തകരുടെയും കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബത്തിന്റെയും ശക്തമായ പ്രതിഷേധം പുറത്തുവന്നതിനുശേഷംമാത്രമാണ് ഞായറാഴ്ച വൈകീട്ട് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽനിന്ന്‌ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി ജയിലിലേക്കും പിന്നീട്‌ മെഡിക്കൽ കോളേജിലെ ജയിൽ വാർഡിലേക്കും മാറ്റിയത്. അപകടമുണ്ടാക്കിയ കാർ അതിവേഗത്തിലാണെന്നും കാറോടിച്ച വ്യക്തി മദ്യലഹരിയിൽ, നേരെനിൽക്കാൻപോലുമാവാത്ത നിലയിലാണ് ഡ്രൈവിങ്സീറ്റിൽനിന്ന്‌ പുറത്തിറങ്ങിയതെന്നും സാക്ഷികൾ മാധ്യമങ്ങളോട്  വെളിപ്പെടുത്തി.

പക്ഷേ, പ്രാഥമിക നടപടിക്രമങ്ങൾപോലും തെറ്റിച്ചാണ് പോലീസ് വിഷയം കൈകാര്യംചെയ്തത്. ​െബ്രത്ത് അനലൈസർ ഉപയോഗിച്ചുള്ള പ്രാഥമിക മദ്യപരിശോധനപോലും നടത്താത്ത പോലീസ് ശ്രീറാമിന്റെ രക്തസാമ്പിൾ എടുക്കാനും തയ്യാറായില്ല. ചട്ടമെന്തെന്ന് പോലീസിന് അറിയാഞ്ഞിട്ടല്ല. ചട്ടം ഇവിടെ തല കുനിച്ചതാണ്. കാറോടിച്ചതാരെന്ന കാര്യത്തിൽ വ്യത്യസ്തമൊഴിയുണ്ടാക്കിയതും സഹയാത്രികയെ ആദ്യം മൊഴിയെടുക്കാതെ വീട്ടിലേക്ക് പറഞ്ഞയച്ചതും പോലീസിന്റെ അനാസ്ഥയാണ്. ദൃക്‌സാക്ഷികളുണ്ടായിട്ടും ആരാണ് വണ്ടിയോടിച്ചതെന്നുപോലും രേഖപ്പെടുത്താതെ എഫ്.ഐ.ആർ. തയ്യാറാക്കിയത് കേസിന്റെ ഭാവിയെ ബാധിക്കുമെന്ന് ആർക്കും അറിയാത്തതല്ല. 

ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥൻ കേസിലകപ്പെടുമ്പോൾ രക്ഷയ്ക്കെത്തുന്ന ഉന്നതാധികാരത്തിന്റെ അദൃശ്യകരങ്ങളും കൂട്ടായ്മകളും പൗരജീവിതത്തെ ആശങ്കയിലാഴ്ത്തുന്നതാണ്. അധികാരത്തിന്റെ അഴിമതിയാണത്. ഒത്തുതീർപ്പിൽ ഏർപ്പെടുന്നത് നിയമവാഴ്ചയെ അപഹസിക്കലും. അതിന് അനുവദിക്കാതിരിക്കുകയെന്നത് ബഷീറിന് അവകാശപ്പെട്ട മരണാനന്തരനീതിയാണ്. നരഹത്യയാണ് നടന്നത്. അതിനർഹമായ ശിക്ഷ പ്രതികൾ അനുഭവിക്കേണ്ടതുണ്ട്. പ്രതികൾ ഉന്നതരാണെങ്കിലും അവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കുകയെന്നത് പ്രധാനമാണ്. രണ്ടു കൊച്ചുകുഞ്ഞുങ്ങൾ അടങ്ങിയ ബഷീറിന്റെ കുടുംബത്തിന്റെ സംരക്ഷണത്തിന് സർക്കാരിന് ഉത്തരവാദിത്വമുണ്ട്. എന്നാൽ, പൊതുഖജനാവിൽനിന്ന്‌ നഷ്ടപരിഹാരം നൽകുന്നതിനുപകരം പ്രതികളിൽനിന്ന്‌ ഈടാക്കിവേണം അതുനൽകാൻ. എങ്കിലേ ഇത്തരം അപകടങ്ങൾക്ക് ഭാവിയിലെങ്കിലും അറുതിവരുത്താൻ കഴിയൂ.