ജനങ്ങൾക്കിടയിൽ ജീവിക്കുകയും തിരഞ്ഞെടുപ്പുകളെ നേരിടുകയും വോട്ടുറപ്പിക്കാനുള്ള തന്ത്രങ്ങൾ പയറ്റുകയും ചെയ്ത പതിവ് രാഷ്ട്രീയശൈലിയുടെ ഉടമയായിരുന്നില്ല അരുൺ െജയ്റ്റ്‌ലി. എന്നാൽ, പണ്ഡിതനും പ്രായോഗിക വാദിയും പരിഷ്കരണകാംക്ഷിയുമായ ഒരു പൊതുപ്രവർത്തകനായിരുന്നു. ഏൽപ്പിക്കുന്ന ഏത് വിഷയത്തെയും അക്കാദമിക്കായി സമീപിക്കുകയും  ഇഴകീറി പരിശോധിക്കുകയും പാർട്ടിക്കും സർക്കാരിനും സ്വീകാര്യമായ നിലപാട് ആവിഷ്കരിക്കുകയും ചെയ്യാനുള്ള അസാമാന്യശേഷിയായിരുന്നു െജയ്റ്റ്‌ലിയുടെ സവിശേഷത. താഴെത്തട്ടിലേക്കിറങ്ങി വരാതെ തന്നെ ധിഷണയുടെ നടപ്പാലത്തിലൂടെ പൊതുസമൂഹവുമായി ബന്ധപ്പെടുകയെന്ന വൈഭവമായിരുന്നു കൈമുതൽ. അതിനാൽ, പ്രതിസന്ധി ഘട്ടങ്ങളിലെ അടിയന്തര പ്രശ്നപരിഹാരകൻ അഥവാ ട്രബിൾ ഷൂട്ടർ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ നിർണായകത ബി.ജെ.പി. രാഷ്ട്രീയത്തിൽ അടയാളപ്പെട്ടത്.

കഴിഞ്ഞ പത്തുവർഷത്തെ ബി.ജെ.പി. രാഷ്ട്രീയത്തിന്റെ പ്രധാനമുഖങ്ങളിലൊന്നായിരുന്നു െജയ്റ്റ്‌ലി. കൃത്യമായിപ്പറഞ്ഞാൽ, കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് രാജ്യത്ത് ഉരുത്തിരിഞ്ഞുവന്ന ബി.ജെ.പി. രാഷ്ട്രീയത്തെ നയിച്ചത് നരേന്ദ്രമോദിയും അമിത് ഷായും അരുൺ െജയ്റ്റ്‌ലിയും ചേർന്ന കൂട്ടുകെട്ടായിരുന്നു. വാജ്‌പേയി-അദ്വാനി ദ്വന്ദത്തിന്റെ അസ്തമയത്തിനുശേഷം ഉടലെടുത്ത ഈ ത്രിമൂർത്തികളായിരുന്നു 2014 മുതൽ  കേന്ദ്രസർക്കാരിന്റെയും ബി.ജെ.പി.യുടെയും കടിഞ്ഞാൺ കൈവശംെവച്ചത്. ആഴത്തിൽ വേരോടിയ നിയമപരിജ്ഞാനവും വിജയിച്ച അഭിഭാഷകന്റെ വാക്ചാതുരിയും പണ്ഡിതന്റെ സൂക്ഷ്മബുദ്ധിയും കർക്കശക്കാരന്റെ ശരീരഭാഷയുമായി ഒന്നാം മോദിസർക്കാരിന്റെയും പാർട്ടിയുടെയും നിലപാടുകൾ രൂപപ്പെടുത്തിയും പൊതുവേദികളിൽ ന്യായീകരിച്ചും െജയ്റ്റ്‌ലി നിറഞ്ഞു നിന്നു; ആരോഗ്യപ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയിട്ടും കർമരംഗത്തുനിന്ന് വിട്ടുനിൽക്കാതെ.
ജനളോട് വിശദീകരിച്ച് സമർഥിക്കാൻ പാർട്ടി പ്രയാസപ്പെട്ടു നിന്ന സർക്കാർനയവിഷയങ്ങളിൽ പഴുതടച്ച മറുപടികൾ സ്വയം ആവിഷ്കരിച്ച് െജയ്റ്റ്‌ലി രക്ഷകനായ സന്ദർഭങ്ങൾ ഒന്നാം മോദിസർക്കാർ ഭരണകാലത്ത്  ഒന്നിലേറെയുണ്ടായിരുന്നു. നോട്ടു പിൻവലിക്കൽ തീരുമാനം, റഫാൽ ഇടപാട്, ജി.എസ്.ടി.യെച്ചൊല്ലിയുള്ള ആശയക്കുഴപ്പം തുടങ്ങിയ വിഷയങ്ങളിൽ ദേശീയ, അന്തർദേശീയ വേദികളിൽ മോദിസർക്കാരിന്റെയും ബി.ജെ.പി.യുടെയും ശക്തനായ വക്താവ് അരുൺ െജയ്റ്റ്‌ലിയായിരുന്നു.

സാമ്പത്തികവിദഗ്ധനോ പ്രതിരോധ വിദഗ്ധനോ ആയിരുന്നില്ല െജയ്റ്റ്‌ലി. എന്നിട്ടും സങ്കീർണമായ ഈ വകുപ്പുകളിൽ െജയ്റ്റ്‌ലി അസാമാന്യമായ വൈദഗ്ധ്യം നേടി. എക്കാലത്തും സൂക്ഷിച്ച ഗവേഷകമനസ്സായിരുന്നു െജയ്റ്റ്‌ലിക്ക് ഇതിന് സഹായമായത്. പുതുതലമുറ രാഷ്ട്രീയപ്രവർത്തകർ കണ്ടറിയേണ്ട ഈ ൈവഭവമായിരുന്നു  െജയ്റ്റ്‌ലിയുടെ മുഖമുദ്ര. താൻ കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ മാത്രമല്ല, മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും അറിവും പരിചയവും െജയ്റ്റ്‌ലിക്കുണ്ടായിരുന്നു. സാമ്പത്തികപരിഷ്കരണനടപടികളുടെ ശക്തനായ വക്താവായിരുന്നു െജയ്റ്റ്‌ലി. ഭരണത്തിന് അനുകൂലമായ ഈ സവിശേഷതകൾ മുൻകൂട്ടിക്കണ്ടാണ് 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പ്രധാനവകുപ്പുകൾ കൈകാര്യം ചെയ്യാൻ െജയ്റ്റ്‌ലി തന്റെ മന്ത്രിസഭയിലുണ്ടാകണമെന്ന് മോദി ആഗ്രഹിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും രണ്ടാം മന്ത്രിസഭയിൽ െജയ്റ്റ്‌ലിയുടെ സാന്നിധ്യം പ്രധാനമന്ത്രി കാംക്ഷിച്ചതിനും കാരണം വേറെയല്ല. എന്നാൽ, സ്വയം ഒഴിഞ്ഞ് െജയ്റ്റ്‌ലി രാഷ്ട്രീയപ്രവർത്തകർക്ക് മാതൃക കാട്ടി. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് അരുൺ െജയ്റ്റ്‌ലി പൊതുരംഗത്തെത്തുന്നത്. എഴുപതുകളിൽ ഡൽഹി സർവകലാശാലാ യൂണിയൻ പ്രസിഡന്റായി. െജയ്റ്റ്‌ലി വിജയിച്ച ഏക പൊതുതിരഞ്ഞെടുപ്പും അതുതന്നെ. എഴുപതുകളിൽ വീശിയടിച്ച അടിയന്തരാവസ്ഥാവിരുദ്ധ മുന്നേറ്റങ്ങളിലും ജയപ്രകാശ് നാരായൺ പ്രസ്ഥാനത്തിലും സജീവമായ െജയ്റ്റ്‌ലി അന്നത്തെ യുവനേതാവ് ജോർജ് ഫെർണാണ്ടസ് നേതൃത്വംനൽകിയ സമരങ്ങൾക്ക് പിന്തുണയേകിക്കൊണ്ട് രാഷ്ട്രീയത്തിൽ പ്രവേശിച്ചു.

സുഷമാസ്വരാജിന് പിന്നാലെ അരുൺ െജയ്റ്റ്‌ലിയും വിട പറയുമ്പോൾ, ബി.ജെ.പി.യിൽ സംഭവിക്കുന്നത് തലമുറനഷ്ടമാണ്. അകാലത്തിലാണ് ഇരുവരുടെയും വിയോഗം. നിലപാടിലുറച്ച രാഷ്ട്രീയത്തിന്റെ രണ്ടു മുഖങ്ങളാണ് അടുത്തടുത്ത സമയങ്ങളിൽ നഷ്ടമായിരിക്കുന്നത്. ഇരുവരുടെയും സംഭാവനകൾ പൊതുസമൂഹത്തിന് അനിവാര്യമായിരിക്കെത്തന്നെ.

content highlights:senior bjp leader arun jaitley passed away