മേഖലാ സമഗ്രസാമ്പത്തികപങ്കാളിത്ത (ആർ.സി.ഇ.പി.) കരാറിൽനിന്നുള്ള ഇന്ത്യയുടെ പിൻമാറ്റം രാജ്യത്തെ കാർഷിക, ഉത്പാദനമേഖലയ്ക്ക് ആശ്വാസമേകുന്നതാണ്. കരാറിന്റെ ഭാഗമാകാൻ അവസാനനിമിഷംവരെ ചർച്ച നടത്തിയശേഷമാണ് രാജ്യത്തെ കാർഷിക, ക്ഷീരോത്പന്ന മേഖലയ്ക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും ദോഷംചെയ്യുമെന്ന കാരണത്താൽ കേന്ദ്രസർക്കാർ പിൻമാറിയത്. ഇന്ത്യ പങ്കാളിയായ സ്വതന്ത്രവ്യാപാരക്കരാറുകൾ നൽകിയ ദുരനുഭവങ്ങളാൽ ആർ.സി.ഇ.പി. കരാറിനെ നഖശിഖാന്തം എതിർത്ത കർഷകസംഘടനകൾക്കും തൊഴിലാളിപ്രസ്ഥാനങ്ങൾക്കും രാഷ്ട്രീയപ്പാർട്ടികൾക്കും സന്തോഷിക്കാം. അവയുടെ പോരാട്ടം വിജയം നേടിയിരിക്കുന്നു. എന്നാൽ, നയതന്ത്രപരമായി നോക്കുമ്പോൾ ഇന്ത്യക്ക് ആഹ്ലാദിക്കാവുന്ന കാര്യമല്ല, തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ തിങ്കളാഴ്ച നടന്നത്. ആർ.സി.ഇ.പി.യിലെ മറ്റു 15 രാജ്യങ്ങൾ ഇന്ത്യയെക്കൂടാതെ അന്തിമതീരുമാനമെടുത്ത്, അടുത്തവർഷം കരാറൊപ്പിടാമെന്ന ധാരണയുമായി മുന്നോട്ടുപോവുകയാണ്. ഇന്ത്യയുടെ വിലപേശൽതന്ത്രം അവയ്ക്കുമുമ്പിൽ വിജയിക്കാതെപോയി. അമേരിക്കയും വിവിധ യൂറോപ്യൻരാജ്യങ്ങളും സാമ്പത്തികസംരക്ഷണവാദത്തിന്റെ മുൻനിരക്കാരാകുമ്പോൾ ആഗോളീകരണത്തിന്റെ വക്താവായി മാറുന്ന ചൈനയുടെ തന്ത്രപരമായ ജയം കൂടിയാണ് ആർ.സി.ഇ.പി. കരാർ.

2012-ൽ യു.പി.എ. സർക്കാരിന്റെ കാലത്താണ് കരാറിനുള്ള ചർച്ചകൾ തുടങ്ങിയത്. രാജ്യത്തെ കാർഷികമേഖലയ്ക്കും ഉത്പാദനമേഖലയ്ക്കും ദോഷകരമാണ് ഇതെന്ന് തിരിച്ചറിയാൻ ഏഴുകൊല്ലവും 28 വട്ട ചർച്ചകളും വേണ്ടിവന്നു ഇന്ത്യക്ക്. അതുകൊണ്ടുതന്നെ സാമ്പത്തികമല്ല, രാഷ്ട്രീയമാണ് പിൻമാറ്റകാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഞ്ചുവർഷത്തിനിടെ രാജ്യത്തുണ്ടായ കർഷകപ്രക്ഷോഭങ്ങളും ആർ.എസ്.എസ്. അനുഭാവി സംഘടനകളിൽനിന്നുൾപ്പെടെയുണ്ടായ പ്രതിഷേധവും ഹരിയാണയിലും മഹാരാഷ്ട്രയിലും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്കേറ്റ തിരിച്ചടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നുവേണം കരുതാൻ. സാമ്പത്തികമാന്ദ്യം തൊഴിൽമേഖലയെ ബാധിച്ചിരിക്കുന്നകാലത്ത് ആർ.സി.ഇ.പി. കരാറിൽ ഏർപ്പെടുന്നത് ഇന്ത്യക്ക് വിപരീതഫലം ചെയ്യുമെന്ന വിദഗ്‌ധാഭിപ്രായങ്ങളും സർക്കാരിനെ സ്വാധീനിച്ചിരിക്കാം. 1998 മുതൽ ഇതുവരെ ഇന്ത്യ ഏർപ്പെട്ട സ്വതന്ത്രവ്യാപാരക്കരാറുകളെല്ലാം ഇന്ത്യയുടെ വ്യാപാരക്കമ്മി കൂട്ടിയിട്ടേയുള്ളൂ. വലിയ വിപണിയായ ഇന്ത്യയിലേക്ക് നികുതിയിളവോടെ മറ്റുരാജ്യങ്ങളിൽനിന്നു സാധനങ്ങളെത്തുമ്പോൾ അവയുടെ വിപണി ആനുപാതികമായി ഇന്ത്യക്കു തുറന്നുകിട്ടിയില്ല. ആർ.സി.ഇ.പി.കരാറും അങ്ങനെയാവുമെന്നുറപ്പായിരുന്നു. ചൈനയെന്ന വമ്പൻ ഉത്പാദകരാജ്യം കരാറിന്റെ നെടുംതൂണായി നിൽക്കുമ്പോൾ പ്രത്യേകിച്ചും. ചൈനയിൽനിന്നുണ്ടാകാനിടയുള്ള ഉത്പന്നക്കുത്തൊഴുക്കിൽനിന്ന് പ്രത്യേകസംരക്ഷണം വേണമെന്നതായിരുന്നു ആർ.സി.ഇ.പി. കരാർ ചർച്ചകളിലെ ഇന്ത്യയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ, അത് അവഗണിച്ച മറ്റുരാജ്യങ്ങൾ തിങ്കളാഴ്ചതന്നെ കരാറിൽ അന്തിമതീരുമാനം വേണമെന്ന ചൈനയുടെ നിലപാടിനൊപ്പം നിന്നു. ഇന്ത്യയുടെ ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ മഹാബലിപുരത്തുവെച്ച് കഴിഞ്ഞമാസം നൽകിയ ഉറപ്പ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പാലിച്ചില്ല.

2018-ൽ സ്വിറ്റ്‌സർലൻഡിലെ ദാവോസിൽനടന്ന ലോക സാമ്പത്തിക ഫോറത്തിൽ ആഗോളീകരണത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചത്. വിവിധയിടങ്ങളിൽ തലപൊക്കുന്ന സാമ്പത്തികസംരക്ഷണവാദത്തെ അദ്ദേഹം എതിർത്തു. ആർ.സി.ഇ.പി. കരാറിനെ ഇന്ത്യക്ക് അനുകൂലമായി മാറ്റിയെടുക്കാതെ അതിൽനിന്ന് പിൻമാറുമ്പോൾ ഈ സംരക്ഷണവാദത്തിന്റെ വഴിയിലാണ് കേന്ദ്രസർക്കാരെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ വിപണി തുറന്നുകൊടുക്കുന്നതിന് ആനുപാതികമായി മറ്റുരാജ്യങ്ങളുടെ വിപണി നേടിയെടുക്കാനുള്ള വിലപേശൽ വിജയിപ്പിച്ചെടുക്കാൻ സർക്കാരിനായില്ല. കരാറിന്റെ ഭാഗമാകേണ്ടത് ഇന്ത്യയുടെ ആവശ്യമെന്നാണ് മറ്റുരാജ്യങ്ങൾ സംയുക്തപ്രമേയത്തിൽ സൂചിപ്പിച്ചത്. ഒരർഥത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്തുന്ന പ്രമേയമായി അത്. ഏഴുവർഷത്തിനിടെ ആഗോളസമ്പദ്‌വ്യവസ്ഥയും വാണിജ്യരംഗവുമുൾപ്പെടെ ഒട്ടേറെക്കാര്യങ്ങൾ മാറിയെന്നാണ് പ്രധാനമന്ത്രി ബാങ്കോക്കിൽ പ്രസംഗിച്ചത്. ശരിയാണ്, ഇക്കാലത്തിനിടെയാണ് നോർത്ത് അമേരിക്കൻ സ്വതന്ത്രവ്യാപാരക്കരാറിൽ (നാഫ്റ്റ) നിന്ന് ട്രംപ് പിൻമാറിയത്; യൂറോപ്യൻ യൂണിയൻ വിടാനായി ബ്രിട്ടൻ വോട്ട് ചെയ്തത്. പക്ഷേ, നാഫ്റ്റയ്ക്കു പകരം അമേരിക്കയ്ക്ക് കൂടുതൽ ഗുണംകിട്ടുന്ന യു.എസ്.എം.സി.എ.യുമായി അവർ മുന്നോട്ടുപോവുകയാണ്. എന്തുചെയ്യുമ്പോഴും രാജ്യത്തെ ഏറ്റവും ദരിദ്രന് എന്തുപ്രയോജനം കിട്ടുമെന്ന ഗാന്ധിജിയുടെ വികസനമന്ത്രവുംകൂടി ഓർത്താണ് ആർ.സി.ഇ.പി.യിൽനിന്നുള്ള പിൻമാറ്റമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എങ്കിൽ, ദരിദ്രനായ ആ കർഷകനും ഉത്പാദകനും പുറംവിപണികൂടി നേടിയെടുക്കുന്ന തരത്തിൽ കരാറുകളെ ഇന്ത്യക്കനുകൂലമായി മാറ്റാനുള്ള വിലപേശൽക്കഴിവാണ് രാഷ്ട്രീയനേതൃത്വം കാട്ടേണ്ടത്. ആ വിലപേശലിന് രാജ്യത്തെ പ്രാപ്തമാക്കുംവിധം കാർഷിക, ഉത്പാദനമേഖലകളെ മത്സരക്ഷമമാക്കുകയാണുവേണ്ടത്.