സമൂഹവിരുദ്ധരെയും കുറ്റവാളികളെയും തളച്ചിടുന്ന പീഡനകേന്ദ്രങ്ങളാണ് ജയിൽ എന്ന സങ്കല്പം മാറിക്കഴിഞ്ഞു. കുറ്റവും ശിക്ഷയും സംബന്ധിച്ച് സമൂഹത്തിന്റെ നിലപാടുകൾക്കനുസരിച്ച് ജയിലുകളുടെ രീതികളിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാൽ, നമ്മുടെ നാട്ടിൽ ജയിൽ പരിഷ്‌കരണം കാലോചിതമായി നടന്നുകഴിഞ്ഞുവെന്ന് പറയാനാവില്ല. ജയിൽക്കെട്ടിനകത്ത് നടക്കുന്ന സുരക്ഷാവീഴ്‌ച്ചകളും ക്രമസമാധാന പാളിച്ചകളും വാർത്തകളിൽ പ്രത്യക്ഷുപ്പെടുന്നത് പതിവായിരിക്കുകയാണ്. ജയിൽ ഡി.ജി.പി.യായി അധികാരമേറ്റ ഉടൻ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ നടന്ന കൂട്ടറെയ്‌ഡുകളിൽ ജയിലിനകത്ത് ഒരിക്കലും പ്രവേശിപ്പിക്കാൻ പാടില്ലാത്ത അസംഖ്യം വസ്തുക്കൾ പിടികൂടപ്പെട്ടത് ഇൗ പശ്ചാത്തലത്തിൽ ഓർക്കേണ്ടതാണ്. മൊബൈൽ ഫോണുകളും കഞ്ചാവും ലഹരിഗുളികകളും കത്തിപോലുള്ള മാരകായുധങ്ങളും ഇതിൽപ്പെടും. ഇതൊക്കെ എങ്ങനെ അകത്തെത്തി എന്ന് വിസ്മയിക്കുമ്പോഴാണ് നമ്മുടെ ജയിലുകളിലെ സുരക്ഷാവീഴ്‌ച്ചകളെപ്പറ്റി ബോധ്യമാവുക.
ചൊവ്വാഴ്ച ഞങ്ങൾ പ്രസിദ്ധീകരിച്ച ‘ജീവനക്കാരില്ല, ജയിലിൽ സുരക്ഷാ ഭീഷണി’ എന്ന വാർത്ത ഈ ദുരവസ്ഥയുടെ നേർച്ചിത്രമാണ്. 600 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ ഒഴിവാണ് ഇപ്പോൾ സംസ്ഥാനത്തെ ജയിലുകളിലുള്ളത് എന്ന റിപ്പോർട്ട് എത്രമാത്രം അരക്ഷിതമായ അവസ്ഥയിലാണ് ജയിൽസുരക്ഷാ ഉദ്യോഗസ്ഥർ പണിയെടുക്കുന്നത് എന്നോർമിപ്പിക്കുന്നുണ്ട്. ജയിൽച്ചാട്ടവും അന്തേവാസികളുടെ ആക്രമണവുമുണ്ടാകുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിസ്സഹായരായി നോക്കിനിൽക്കേണ്ടി വരുന്നുണ്ടെങ്കിൽ അതിനർഥം നമ്മുടെ ശിക്ഷാസംവിധാനം അതീവ ദുർബല മേഖലയിലാണെന്നാണ്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽക്കഴിയുന്ന കൊടി സുനിയെ സ്വർണക്കേസ്സിൽ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ വാർത്തതന്നെ നമ്മുടെ ജയിലുകളെ ബാധിച്ച രോഗചിഹ്നമാണ്. അനധികൃതമായി സ്വർണം കടത്താൻ, ജയിലിലുള്ള പ്രതി ഖത്തറിലുള്ള സ്വർണവ്യാപാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ജയിലുകൾ ക്രിമിനലുകൾക്ക് എന്തുംചെയ്യാനുള്ള വിഹാരരംഗമായി മാറുന്ന കാഴ്ച എത്രയോ ഹോളിവുഡ്, ബോളിവുഡ് സിനിമകളിൽ നമ്മൾ പലയാവർത്തി കണ്ടിട്ടുള്ളതാണ്. ജയിലിൽ കിടക്കുമ്പോഴും പുറത്തെ ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തുന്നതും മൊബൈൽ ബന്ധം വെച്ചുപുലർത്തുന്നതും തടയാൻ കഴിയാത്തത് ഗുരുതരമായ പ്രശ്‌നമാണ്. ജീവനക്കാരുടെ എണ്ണക്കുറവ് മാത്രമായി ഇതിനെ ചുരുക്കിക്കാണാനാകില്ലെങ്കിലും അതും ഒരു കാരണമാണ്. നമ്മുടെ ഏതു വി.വി.ഐ.പി. പരിപാടികളിലും തത്‌സമയം പോലീസ് ഏർപ്പെടുത്തുന്ന മെറ്റൽ ഡിറ്റക്ടർ, സ്കാനർ, സി.സി.ടി.വി. പരിശോധനകൾ വൻകുറ്റവാളികളെ സൂക്ഷിക്കുന്ന ജയിലുകളിൽ ഇനിയും വിജയകരമായി ഏർപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്തെ ജയിലുകൾ ഹൈടെക് ആക്കാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ, ഉണ്ടാക്കിക്കഴിഞ്ഞ തൃശ്ശൂരിലെ അതിസുരക്ഷാ ജയിൽതന്നെ ഇപ്പോഴും പൂർണതോതിൽ ഉപയോഗിച്ചുതുടങ്ങിയിട്ടില്ല. അവിടെ 523 പേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഇപ്പോഴുള്ളത് 36 അന്തേവാസികൾമാത്രം. സംസ്ഥാനത്തെ ജയിലുകളിൽ 7500 മുതൽ 8000 വരെ തടവുകാരാണുള്ളത്. ഇതിൽ പകുതിയാണ് ശിക്ഷിക്കപ്പെട്ടവർ. കുറ്റവാളികളെ കോടതികളിലേക്ക് വിചാരണയ്ക്ക് കൊണ്ടുപോകാൻ ദിവസം രണ്ടായിരം മുതൽ മൂവായിരംവരെ പോലീസുകാരുടെ സേവനം ആവശ്യമുണ്ട്. വിവിധ ജയിലുകളിലായി 8000 ജീവനക്കാരാണുള്ളത്. 2014-ൽ ആണ് അവസാനം നിയമനം നടന്നത്. ജയിൽചട്ടപ്രകാരം ഉദ്യോഗസ്ഥരും അന്തേവാസികളും തമ്മിലുള്ള അനുപാതം 1:6 എന്നതാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ആവശ്യത്തിന് ജീവനക്കാരില്ല. ജയിൽ ഡി.ജി.പി.യുടെ നിർദേശാനുസരണം വിമുക്തഭടന്മാരാണിപ്പോൾ ആ ഒഴിവ് നികത്തുന്നത്. 256 പേർക്ക് സ്ഥാനക്കയറ്റം കിട്ടിയതാണ് ഈ ആൾക്ഷാമത്തിന് വഴിയൊരുക്കിയത്.
പീഡനകേന്ദ്രങ്ങൾ എന്ന പ്രതിച്ഛായ മാറി ജയിലുകളിൽ ജനോപകാരപ്രദമായ ഒട്ടേറെ പരിഷ്‌കാരങ്ങൾ നടന്നുവരുന്ന കാലമാണിത്. വൻ വിജയമായി മാറിയ ഫ്രീഡം ചപ്പാത്തി ഒരു ഉദാഹരണം. ഷൂഫാക്ടറിമുതൽ പെട്രോൾ പമ്പുകൾവരെയുള്ള പദ്ധതികൾ അണിയറയിലുണ്ട്. എന്നാൽ, കുറ്റവാളികൾ ജയിലിലിരുന്ന് കുറ്റകൃത്യങ്ങൾ ചെയ്യുന്നത് തടയുക എന്നത് സർക്കാരിന്റെ പ്രാഥമിക ദൗത്യം തന്നെയാകേണ്ടതുണ്ട്. അതിന് പരിശീലനം കിട്ടിയ സുരക്ഷാ ഉദ്യോഗസ്ഥർ മതിയായ സ്ഥാനത്ത് വേണം. അതുമാത്രംപോരാ, മുഴുവൻ ജയിലുകളും കാലോചിതമായി ‘ഹൈടെക്’ ആക്കുകയും വേണം. എങ്കിലേ ജയിലിനുപുറത്തെ സാമൂഹികജീവിതത്തിന് മതിയായ സുരക്ഷിതത്വബോധമുണ്ടാകൂ.
Content Highlights: There should be no ill-treatment in prisons