‘‘ആത്മശുദ്ധീകരണത്തിന്റെ പാത ക്ലേശകരവും ദുർഗമവുമാകുന്നു. പൂർണ ശുദ്ധി നേടണമെങ്കിൽ വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ നിർവികാരത കൈവരിക്കണം; രാഗദ്വേഷങ്ങളുടെ, ആകർഷണവികർഷണങ്ങളുടെ വിരുദ്ധപ്രവാഹങ്ങൾക്കു പരിവർത്തിക്കണം’’ എന്ന ധർമോപദേശത്തിലാണ്‌ ഇന്നേക്ക്‌ തൊണ്ണൂറു വർഷം മുമ്പു പ്രസിദ്ധപ്പെടുത്തിയ ആത്മകഥ, ‘എന്റെ സത്യാന്വേഷണപരീക്ഷണ കഥ’ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി അവസാനിപ്പിച്ചത്‌.

കക്ഷിരാഷ്ട്രീയത്തിലെയും രാഷ്ട്രവ്യവഹാരത്തിലെയും ധാർമികശുദ്ധിയെയും മൂല്യബോധത്തെയും കുറിച്ചുള്ള ആ സങ്കല്പം തകർന്നുവീണു കഴിഞ്ഞ അവസ്ഥയിലാണിപ്പോൾ നമ്മുടെ സമൂഹം. കേരള നിയമസഭയിൽ അവതരിപ്പിച്ച സോളാർ വിവാദത്തെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ അത്‌ വേദനാകരമാംവിധം വ്യക്തമാക്കുന്നു. ലൈംഗികചൂഷണവും സാമ്പത്തികാഴിമതിയും അധികാര ദുർവിനിയോഗവുമുൾപ്പെടെയുള്ള ഒട്ടേറെ ആരോപണങ്ങളുടെ ഭൂതങ്ങളെയാണ്‌ കഴിഞ്ഞ യു.ഡി.എഫ്‌. സർക്കാരിന്റെ കാലത്തുണ്ടായ സോളാർ തട്ടിപ്പ്‌ പുറത്തുവിട്ടത്‌.

ആ സർക്കാർതന്നെ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടാണ്‌ ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാർ നിയമസഭയിൽ മേശപ്പുറത്തുവച്ച്‌ പൊതുജനങ്ങൾക്കു പ്രാപ്യമാക്കിയിരിക്കുന്നത്‌. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും അഴിമതിനിരോധന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്‌. സോളാർ കേസിലെ പ്രതിയും വിവാദകേന്ദ്രവുമായ സരിത എസ്‌.നായർ എന്ന വനിത ലൈംഗികചൂഷണത്തിനിരയായിട്ടുണ്ടെന്നതും അവരിൽനിന്നു പല മുതിർന്ന നേതാക്കളും പണം വാങ്ങിയിട്ടുണ്ടെന്നതും ഗൗരവകരമായി അന്വേഷിക്കേണ്ടതാണെന്നു ശുപാർശചെയ്യുന്ന റിപ്പോർട്ടും വരാനിരിക്കുന്ന അന്വേഷണ നടപടികളും കേരള രാഷ്ട്രീയത്തിൽ നീണ്ടുനിൽക്കുന്ന ചലനങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സത്യവും അസത്യവുമേതെന്നു തിരിച്ചറിയാൻ കഴിയാത്ത സന്ദിഗ്ധാവസ്ഥയിലാണ്‌ ഇപ്പോൾ കേരളത്തിലെ ജനങ്ങൾ.

സോളാർ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്‌ ആരെയും കുറ്റക്കാരായി പ്രഖ്യാപിക്കുന്നതല്ല. കേരളത്തെ ഞെട്ടിച്ച സോളാർ തട്ടിപ്പുകേസിൽ കമ്മിഷൻ അന്വേഷിച്ച വിഷയങ്ങളിൽ ആരോപണവിധേയർക്കെതിേര പലവിധ തെളിവുകളുണ്ടെന്നാണ്‌ കമ്മിഷൻ കണ്ടെത്തുന്നത്‌. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർന്ന്‌ അന്വേഷണം നടത്തണമെന്നാണ്‌ കമ്മിഷന്റെ ശുപാർശ. ആ അന്വേഷണം കഴിഞ്ഞേ ഇവർ കുറ്റക്കാരാണോ അല്ലയോ എന്നു വിലയിരുത്താനാവൂ. ഈ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതു നീതിയുക്തമായും സുതാര്യമായും നടക്കട്ടെ. എന്നാൽ, പോലീസ്‌, ജയിൽ സംവിധാനങ്ങളിലെ ചില പുഴുക്കുത്തുകളും സെക്രട്ടേറിയറ്റിലെ സുരക്ഷാവീഴ്ചകളും ഈ കമ്മിഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്‌.

ഭരണക്കാർക്കു പങ്കുള്ള കേസുകളുടെ അന്വേഷണങ്ങൾ അട്ടിമറിക്കുന്നതിൽ പോലീസ്‌ എക്കാലവും കാട്ടുന്ന കുത്സിതപ്രവർത്തനങ്ങളാണ്‌ ഇതിലൊന്ന്‌. വിചാരണത്തടവുകാരെയും കുറ്റവാളികളെയും കൊണ്ടുപോകുന്നതിലെ സുരക്ഷാവീഴ്ചയാണ്‌ മറ്റൊന്ന്‌. തട്ടിപ്പുകേസുകളിൽപ്പെടുന്നവർക്കു നഷ്ടപ്പെടുന്ന പണവും സ്വത്തും തിരിച്ചുകിട്ടാൻ നിയമത്തിൽ മാറ്റം വേണമെന്നും കമ്മിഷൻ ശുപാർശ ചെയ്യുന്നുണ്ട്‌. ഈ നിർദേശങ്ങളാകട്ടെ ഭരണസംവിധാനത്തിലും പോലീസിന്റെ പ്രവർത്തനത്തിലും കാലികമായ പരിഷ്കാരത്തിന്റെ ആവശ്യകതയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.

ആരോപണങ്ങളും അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളും ശരിയായാലും തെറ്റായാലും നമ്മുടെ രാഷ്ട്രീയരംഗം അവിശുദ്ധമായ ഇടപാടുകളുടെ കേളീരംഗമായിരിക്കുന്നുവെന്ന്‌ ജനങ്ങൾക്കറിയാം. ജനപിന്തുണയും വിശ്വാസ്യതയുമുണ്ടായിരുന്ന ഒട്ടേറെ രാഷ്ട്രീയനേതാക്കളാണ്‌ തലമുറഭേദമില്ലാതെ ആരോപണവിധേയരായത്‌. അന്വേഷണ കമ്മിഷനാകട്ടെ, ഇവയിൽ കഴമ്പുണ്ടെന്നു കണ്ട്‌ അന്വേഷണത്തിനു ശുപാർശ നൽകുകയും ചെയ്തിരിക്കുന്നു. പദവികൾ വഹിച്ച നേതാക്കൾ മാത്രമല്ല, അവരുടെ ജീവനക്കാരായിരുന്നവരും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്‌. ജനാധിപത്യ സംവിധാനത്തിന്റെതന്നെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന തരത്തിലാണ്‌ കാര്യങ്ങൾ എത്തിനിൽക്കുന്നത്‌. ദേശീയതലത്തിലാണ്‌ ഇത്തരമൊരു ആരോപണവും അന്വേഷണ റിപ്പോർട്ടും ഉണ്ടായതെങ്കിൽ അതുണ്ടാക്കുമായിരുന്ന പ്രകമ്പനം എത്ര വലുതായിരിക്കുമെന്നുകൂടി ആലോചിക്കേണ്ടതുണ്ട്‌.