ആമസോൺ കാടുകളെച്ചൊല്ലി ലോകം ഒരിക്കൽകൂടി കണ്ണീർവാർക്കുകയാണ്. വനസംരക്ഷണപ്പോരാളിയും ഗോത്രത്തലവനുമായ പൗലോ പൗളിനോ  ഗുവാജരാരയുടെ നിഷ്ഠുരകൊലപാതകമാണ്  ലോകത്തെങ്ങുമുള്ള പ്രകൃതിസംരക്ഷകരെ വേദനിപ്പിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആമസോൺ മഴക്കാടിന് തീയിട്ട് വൻനാശം വരുത്തിയ വനംകൊള്ളക്കാരുടെ നടപടി ലോകത്തെ നടുക്കിയിരുന്നു. വെറും രണ്ടാഴ്ചകൊണ്ട് 20 കോടി ടണ്ണിലേറെ കാർബൺ ഡയോക്സൈഡാണ് ആ കാട്ടുതീയിലൂടെ അന്തരീക്ഷത്തിലെത്തിയത്. ശക്തമായ അന്താരാഷ്ട്ര സമ്മർദമുണ്ടായപ്പോൾ മാത്രമാണ് അന്ന് ബ്രസീൽ സർക്കാർ തീകെടുത്താൻ സൈന്യത്തെ അയയ്ക്കാൻ തയ്യാറായത്. ജനുവരിക്കും ഓഗസ്റ്റിനുമിടയിൽ 18,000 ചതുരശ്ര കിലോമീറ്റർ വനമാണ് അവിടെ കത്തിനശിച്ചത്. കേരളത്തിന്റെ പകുതി വലുപ്പംവരുമിത്. ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെ വനനയമാണ് ആമസോൺ മഴക്കാടുകളുടെ വൻതോതിലുള്ള നാശത്തിന് വഴിയൊരുക്കുന്നത്. അതേ നയമാണ് അനധികൃത മരംവെട്ടലിനെതിരേ പോരാടുന്ന ഗുവാജരാര ഗോത്രവർഗക്കാരുടെ സംഘടനയായ ‘ഗാർഡിയൻസ് ഓഫ് ഫോറസ്റ്റി’ന്റെ തലവനായ പൗലോ പൗളിനോയുടെ ജീവനെടുത്തത്. കഴിഞ്ഞദിവസം മരംവെട്ടുകാരുടെ വെടിയേറ്റായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഭൂമിയെ ചുട്ടുപഴുക്കാതെ നിലനിർത്തുന്ന പച്ചപ്പാണ് ആമസോൺ മഴക്കാട്. 30 ലക്ഷം ജീവിവർഗത്തിന്റെ ഈ ആവാസകേന്ദ്രം അതുകൊണ്ടുതന്നെ  ബ്രസീലിന്റെ മാത്രമല്ല ലോകത്തിന്റെ  ശ്വാസകോശമായാണ് കണക്കാക്കപ്പെടുന്നത്. ആമസോണിന് എപ്പോൾ മുറിവേൽക്കുമ്പോഴും ലോകത്തിന് മുഴുവനും പൊള്ളുന്നതും അതുകൊണ്ടാണ്. ഗ്രീൻപീസ് അടക്കം ലോകത്തെങ്ങുമുള്ള പരിസ്ഥിതിസംഘടനകൾ പൗലോ പൗളിനോയുടെ വധത്തിൽ പ്രതിഷേധിച്ച് ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, അത് ബ്രസീൽ പ്രസിഡന്റിന്റെ മാത്രം നയമായി ചുരുക്കിക്കാണാനാകില്ല. പരിസ്ഥിതിയെ കണക്കിലെടുക്കാത്ത എല്ലാ വികസന സങ്കല്പങ്ങളും ഇതേദുരന്തത്തിലാണ് എത്തിച്ചേരുന്നത്; ലോകത്തെവിടെയും. 

വനപരിപാലനം ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ആവശ്യമല്ല. അത് മനുഷ്യവംശത്തിന്റെ മാത്രമല്ല, ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളുടെയും അതിജീവനത്തിന്റെ വിഷയമാണ്. ആമസോൺ മഴക്കാടുകൾ കത്തിത്തീരുമ്പോൾ ലോകത്തിലെ ഓരോ പ്രദേശത്തെയും നേരിട്ട് ബാധിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തചിത്രങ്ങൾ. കേരളം മാത്രമല്ല ഇന്ത്യയൊട്ടുക്കുമുള്ള സംസ്ഥാനങ്ങളും ഇപ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ തിക്തഫലങ്ങൾ അനുഭവിച്ചുവരുകയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പ്രകൃതിസ്നേഹികളുടെ ശ്രമങ്ങൾ എന്നും ക്വാറിമാഫിയകളുമായും അവരെ പിന്തുണയ്ക്കുന്ന നയങ്ങളുമായും നിരന്തര ഏറ്റുമുട്ടലിലാണ്. നേരിയ ജാഗ്രതക്കുറവുമതി  വികസന സങ്കല്പങ്ങളുടെ മഴുവീണ് നമ്മുടെ മഴക്കാടുകളും മുറിഞ്ഞുവീഴാൻ. ആമസോണിൽനിന്ന് നമ്മുടെ സൈലന്റ് വാലിയിലേക്ക് അധികദൂരമില്ല.