ഏതു സാഹചര്യത്തിലായാലും വാസസ്ഥലം നഷ്ടപ്പെടുന്നത് വേദനാജനകമാണ്. പ്രത്യേകിച്ച് കുടുംബമായി എട്ടും പത്തും വർഷം കഴിഞ്ഞ ഇടങ്ങൾ. തീരപരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടിൽ നിർമിച്ച ഫ്ളാറ്റുകളിൽ താമസിക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഒക്ടോബർ 11-ന് ഈ ഫ്ളാറ്റുകൾ പൊളിച്ചുതുടങ്ങാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2006-’07 കാലത്ത് ഫ്ളാറ്റ് വാങ്ങിയവരാണ് ഏറെയും. ആരും ചെയ്യുന്നതുപോലെ, രേഖകൾ പരിശോധിച്ചാണ് എല്ലാവരും വാങ്ങിയത്. ഈ രേഖകൾ പരിശോധിച്ച ബാങ്കുകൾ വായ്പയും നൽകി. രജിസ്ട്രേഷൻ ഇനത്തിലും കെട്ടിടനികുതിയിനത്തിലും കനത്ത തുക ഇവർ സർക്കാരിലേക്ക് നൽകുകയും ചെയ്തു. തീരപരിപാലന നിയമം ലംഘിച്ചാണ് ഫ്ളാറ്റുകൾ പണിതതെന്ന് പിന്നീടൊരു ഘട്ടത്തിൽ ചിലരെങ്കിലും അറിഞ്ഞു. പക്ഷേ, കൂടുതൽപ്പേരും ഇതേക്കുറിച്ചറിഞ്ഞത് ഏറെ വൈകിയാണ്. രേഖകൾ വിശ്വസിച്ച് ഫ്ളാറ്റ് വാങ്ങിയവർക്കാണ് ഇപ്പോൾ ഇറങ്ങിപ്പോകേണ്ടിവരുന്നത്.
നാല് ഫ്ളാറ്റുകളുടെ അഞ്ച് ടവറുകളാണ് പൊളിക്കുന്നത്. 343 കുടുംബമാണ് ഇവയിലുള്ളത്. 198 പേർ സ്ഥിരതാമസക്കാർ. ഇതിൽ വാടകക്കാരുമുണ്ട്. ബാക്കിയുള്ളവർ വല്ലപ്പോഴും വരുന്നവരാണ്. ഒരു നിക്ഷേപം എന്ന നിലയിൽ വാങ്ങിയവരുണ്ട്. വിദേശരാജ്യങ്ങളിൽ ഒരു ആയുസ്സുമുഴുവൻ അധ്വാനിച്ച് കിട്ടിയ പണം ഉപയോഗിച്ച് ഫ്ളാറ്റ് വാങ്ങിയവരുമുണ്ട്. വാങ്ങാൻ മുടക്കിയ തുകയ്ക്കു തുല്യം പണം മുടക്കി ഇന്റീരിയർ ജോലികൾ ചെയ്തവരുണ്ട്. ഗ്രാമങ്ങളിലെ സ്വന്തം വീടുവിറ്റും ബാങ്ക് വായ്പകളെടുത്തും ഇവ വാങ്ങിയവരുമേറെ. ജോലി, ചികിത്സ, നാട്ടിൻപുറങ്ങളിലെ വീടുകളിൽ ഉണ്ടാകുന്ന ഒറ്റപ്പെടൽ എന്നിങ്ങനെ പലകാരണങ്ങളാൽ നഗരത്തിലേക്ക് ചേക്കേറിയവർ. ഒന്നിലധികം വീടുള്ളവർക്ക് മാറ്റം പെട്ടെന്ന് വലിയ പ്രശ്നമുണ്ടാക്കില്ലായിരിക്കും. നിക്ഷേപം എന്ന നിലയിൽ വാങ്ങിയവർക്കും തത്കാലം പ്രതിസന്ധിയുണ്ടാകില്ല. പക്ഷേ, താമസിക്കാൻ ഈ ഫ്ളാറ്റ് മാത്രമുള്ളവർ കൂട്ടത്തിലുണ്ട്. അത്തരക്കാരാണ് വിഷമിക്കുന്നത്.
ഫ്ളാറ്റുടമകൾക്ക് ആദ്യഘട്ട നഷ്ടപരിഹാരമായി 25 ലക്ഷം നൽകാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ബാക്കി നഷ്ടപരിഹാരം വിലയിരുത്താൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായി കമ്മിറ്റിയെയും നിയോഗിച്ചു. പൊളിക്കുന്നതിനുമുമ്പ് മൂല്യനിർണയം നടത്തണമെന്നാണ് ഉടമകളുടെ ആവശ്യം. ഇത് പരിഗണിക്കാമെന്ന് ജില്ലാഭരണകൂടം പറഞ്ഞിട്ടുണ്ട്. ഇനി ദൂരേക്ക് താമസം മാറുന്നതും അവരെ ബാധിക്കും. ജോലിസ്ഥലം, അടുത്തുള്ള സ്കൂൾ എന്നിങ്ങനെ പല കാര്യങ്ങൾ നോക്കിയാണ് ഒട്ടുമിക്കവരും ഇവിടെ ഫ്ളാറ്റ് വാങ്ങിയത്. അധ്യയനവർഷം പകുതിയായിരിക്കേ, സ്കൂൾമാറ്റം എളുപ്പമല്ല. ബാങ്ക് വായ്പയെടുത്ത് വാങ്ങിയവർക്ക് തിരിച്ചടവുപോലുള്ള പ്രശ്നങ്ങളും വരും. അവർക്ക് തിരിച്ചടവിൽ എന്തെങ്കിലും ഇളവോ സാവകാശമോ നൽകുമോയെന്ന് വ്യക്തമല്ല.
ഫ്ളാറ്റുകളിലുള്ളവരുടെ ഒഴിഞ്ഞുപോക്ക് സുഗമമാക്കുകയാണ് ഇനി സർക്കാരിന്റെ മുന്നിലുള്ള മാർഗം. നഷ്ടപരിഹാരം ലഭിച്ചാൽ സ്വയം ഒഴിയാമെന്ന് ഉടമകൾ വ്യക്തമാക്കിയത് സർക്കാരിന് ആശ്വാസമാണ്. കോടതിവിധി നടപ്പാക്കാൻ ബലപ്രയോഗം വേണ്ടിവരുന്നില്ല. ഉടമകൾ സ്ഥലം കൈയേറിയവരോ നിയമം ലംഘിച്ചവരോ അല്ല. കുറ്റകൃത്യത്തിന് ഇരയായവരെ വീണ്ടും ശിക്ഷിക്കരുതെന്നാണ് അവരുടെ ആവശ്യം. ഫ്ളാറ്റുകൾ പൊളിക്കുമ്പോഴുള്ള അന്തരീക്ഷ മലിനീകരണം, പരിസരവാസികളുടെ സുരക്ഷ, ജീവജാലങ്ങൾ, കായലിന്റെ സാമീപ്യം, സമീപത്തെ കെട്ടിടങ്ങളുടെ സുരക്ഷിതത്വം എന്നിവയും കണക്കിലെടുക്കണം.