സ്ഫടികംപോലെ സുതാര്യമായിരുന്നു ആ ജീവിതം; കടലുപോലെ ആഴമുള്ളതും. ജീവിതസാഹചര്യങ്ങളാണ് ഒരാളെ പരിവർത്തനപ്പെടുത്തുന്നത്. പ്രതികൂലസാഹചര്യങ്ങളെ, ജീവിതസന്ദേഹങ്ങളെ, സാമൂഹിക വൈതരണികളെ വജ്രസമാനമായ നിശ്ചയദാർഢ്യത്തോടെയും നറുവെണ്ണപോലുള്ള അലിവോടെയും നേരിട്ട് ജയിക്കുന്നവർ വിശ്വവിജയികളാവും. ഒരേസമയം വിശ്വവിജയിയും ത്യാഗവീരനുമായ മഹാത്മാവാണ് ഗാന്ധിജി. സ്വന്തം ജീവിതത്തെ കഠിനപരീക്ഷണശാലയാക്കിയാണ് അദ്ദേഹം അനുദിനം മുന്നോട്ടുപോയത്. ജീവിതത്തെ ഇത്രമേൽ സ്ഫുടംചെയ്തെടുത്ത മറ്റൊരാളുണ്ടാവില്ല. മറ്റുള്ളവർക്കുകൂടി പാഠമാകാനായിരുന്നു അത്. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് അദ്ദേഹം ഉറക്കെപ്പറഞ്ഞു. നമ്മൾ അതിൽനിന്ന് എത്ര കൈക്കൊണ്ടുവെന്നത് വേറെ ചോദ്യം.
‘ശസ്ത്രമെന്നിയേ ധർമസംഗരം നടത്തുന്നോൻ
പുസ്തകമെന്യേ പുണ്യാധ്യാപനം പുലർത്തുന്നോൻ
ഔഷധമെന്യേ രോഗം ശമിപ്പിപ്പവൻ, ഹിംസാ-
ദോഷമെന്നിയേ യജ്ഞംചെയ്തവനെന്നാചാര്യൻ’
മാതൃഭൂമി പത്രത്തിന്റെ ആദ്യപതിപ്പിൽ ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിൽ ഗാന്ധിജിയെപ്പറ്റി മഹാകവി വള്ളത്തോൾ വർണിച്ചത് ഇങ്ങനെയായിരുന്നു. മഹാഗുരുവായിരുന്നു മഹാത്മജി; ശസ്ത്രമെടുക്കാത്ത വിപ്ലവകാരിയും. അദ്ദേഹം പകർന്നുതന്ന പാഠങ്ങൾ നാം പഠിച്ചില്ല എന്നതാണ് സത്യം. ഹിംസാത്മകമായ ലോകത്ത് മറുമരുന്നുമായിനിന്ന അദ്ദേഹത്തെ നാം അവഗണിച്ചു; പലപ്പോഴും അപമാനിച്ചു.
വംശീയതയുടെയും സ്വാർഥതകളുടെയും അട്ടഹാസങ്ങൾ ഉയരുന്ന ഈ സമയത്ത് ഗാന്ധിസ്മരണകൾ വ്യർഥമാകാതിരിക്കാനുള്ള കരുതലാണ് വേണ്ടത്. പരാശ്രയത്തിൽ കഴുത്തറ്റം മുങ്ങുമ്പോൾ സ്വാശ്രയശീലത്തിന്റെ ബലമറിയാൻ വേറെ ആർക്കാണ് നാം ചെവികൊടുക്കേണ്ടത്. കൂടുതൽ ദരിദ്രമായിപ്പോവുന്ന ഇന്ത്യയിലെ ഒാരോ ഗ്രാമത്തിനും ഊർജം പകരാൻ വേറെയേത് ഗ്രാമസ്വരാജാണ് നാം സ്വീകരിക്കേണ്ടത്. കുത്തകകൾ കടന്നുകയറുമ്പോൾ സ്വദേശിവത്കരണം മുറുകെപ്പിടിക്കാൻ ആരുടെ മുദ്രാവാക്യത്തിനാണ് നാം കാതോർക്കേണ്ടത്. പ്രകൃതിയെ പരിരക്ഷിക്കാൻ, മനസ്സിലെയും തെരുവിലെയും മാലിന്യം തൂത്തെറിയാൻ, ഹിംസയെ ചിരികൊണ്ട് പ്രതിരോധിക്കാൻ, ധൂർത്തുകളെ ലാളിത്യമാക്കാൻ ഗാന്ധിമാർഗമല്ലാതെ പിന്നെ ഏതുമാർഗമാണ് നമ്മുടെ മുന്നിലുള്ളത്. ഒന്നുമില്ല. നിത്യപ്രസക്തവും നിത്യനൂതനവുമാണ് ആ മാർഗം. കാരണം, അത് മനുഷ്യനെ സംബന്ധിക്കുന്നതാണ്, പ്രകൃതിയെ സംബന്ധിക്കുന്നതാണ്, ജൈവികമാണ്.
മഹാത്മാവിന്റെ നൂറ്റമ്പതാം ജന്മവാർഷികാഘോഷങ്ങൾ അവസാനിക്കുന്ന സന്ദർഭമാണിത്. കഴിഞ്ഞ വർഷം 2018 ഒക്ടോബർ രണ്ടിന് ഞങ്ങൾ വിപുലമായ ഒരു ഗാന്ധിപ്പതിപ്പ് അദ്ദേഹത്തോടുള്ള ആദരസൂചകമായി പുറത്തിറക്കിയിരുന്നു. ഗാന്ധിജി ഇപ്പോഴും ജനമനസ്സിൽ ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു അതിനുലഭിച്ച അഭൂതപൂർവമായ പ്രതികരണങ്ങൾ. അത് പ്രത്യാശ നൽകുന്നു. മഹാത്മാവിന്റെ ജന്മദിനാഘോഷങ്ങൾ അവസാനിക്കുന്ന ഈ സന്ദർഭത്തിലും വായനക്കാർക്കായി ഞങ്ങൾ വിശേഷാൽപ്പതിപ്പ് നൽകുകയാണ്. മഹാത്മജിയുമായി അക്കാലത്ത് സംവദിച്ച വിദേശ പത്രപ്രവർത്തകരുടെയും അനുയായികളുടെയും കണ്ണുകളിലൂടെ അദ്ദേഹത്തെ നോക്കിക്കാണാനുള്ള ശ്രമമാണ് ഇത്തവണത്തെ പതിപ്പിന്റെ കാതൽ. അദ്ദേഹത്തിെന്റ സൂക്ഷ്മമായ കാഴ്ചപ്പാടുകളും നിലപാടുകളും അതിൽ തെളിയും.
മാതൃഭൂമി പത്രം ജന്മംകൊണ്ടതുതന്നെ മഹാത്മാവിൽനിന്ന് ഊർജമുൾക്കൊണ്ടാണ്. അദ്ദേഹം സന്ദർശിച്ചനുഗ്രഹിച്ച മലയാളത്തിലെ ഏകപത്രവും മാതൃഭൂമിതന്നെ. അദ്ദേഹം കൈമാറിയ ആ ഊർജമാണ് ഇന്നും ഞങ്ങളുടെ മൂലധനം. ആ മഹാതേജസ്സിനുമുന്നിൽ വിനീതമായ കൂപ്പുകൈ...