വായുമലിനീകരണവും ജലമലിനീകരണവും ശബ്ദമലിനീകരണവുമെല്ലാം ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണ്. കാലാവസ്ഥാ വ്യതിയാനത്തിനുവരെ ഇടയാക്കുന്ന ഇത്തരം മലിനീകരണങ്ങൾ കുറയ്ക്കാൻ ലോകവ്യാപകമായി നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. എന്നാൽ, ഇന്ത്യയിൽ അധികമാരും ചർച്ചചെയ്യാത്ത വിഷയമാണ് പ്രകാശമലിനീകരണം. രാത്രിയിൽ കൃത്രിമവെളിച്ചത്തിന്റെ അതിപ്രസരം കാരണം ഇരുട്ട് ഇല്ലാതാവുന്ന സ്ഥിതിവിശേഷത്തെയാണ് പ്രകാശ മലിനീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വൻകിട കെട്ടിടങ്ങൾ, പാതകൾ, വാഹനങ്ങൾ, പരസ്യബോർഡുകൾ തുടങ്ങിയവയിലെ വിളക്കുകൾ രാത്രിയെയും പകലാക്കി മാറ്റുന്നു. ഭൂമിയിൽ ഇന്ന് 80 ശതമാനം ആളുകൾക്കും ഇരുട്ടുള്ള ആകാശം ലഭിക്കുന്നില്ലെന്ന് വേൾഡ് അത്‌ലറ്റ്‌സ് ഓഫ് ആർട്ടിഫിഷ്യൽ സ്‌കൈ ബ്രൈറ്റ്‌നസ് രേഖപ്പെടുത്തുന്നു. നഗരങ്ങളിലാണ് പ്രകാശമലിനീകരണത്തിന്റെ രൂക്ഷത കൂടുതലായുള്ളത്.
ഭൂമിയിലെ ആവാസവ്യവസ്ഥ തകരാറിലാവാൻ ഇടയാക്കുന്നതാണ് പ്രകാശമലിനീകരണം. മനുഷ്യരിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാനും ആകാശക്കാഴ്ചകൾ ഇല്ലാതാക്കാനും രാത്രിയിലെ അതിവെളിച്ചം വഴിവെക്കും. പരിണാമപരമായി നോക്കുമ്പോൾ പകലും രാത്രിയുമായി ജീവിതം നയിക്കുന്ന രീതിയിലാണ് ജീവജാലങ്ങൾ ഉരുത്തിരിഞ്ഞുവന്നതെന്ന് കാണാം. മനുഷ്യരെ സംബന്ധിച്ചാണെങ്കിൽ രാത്രി ഉറക്കത്തിന്റെയും വിശ്രമത്തിന്റെയും സമയമാണ്. മനസ്സിനും ശരീരത്തിനും പൂർണവിശ്രമം ലഭിക്കുന്ന ഉറക്കത്തിന് ആരോഗ്യം നിലനിർത്തുന്നതിൽ നിർണായകമായ പങ്കാണുള്ളത്. ഉറക്കം നഷ്ടപ്പെടുന്നത് ജീവികളുടെ ജൈവഘടികാരത്തിന്റെ താളംതെറ്റലിന് ഇടയാക്കുന്നു. ഗുരുതരമായ ശാരീരിക, മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് ഇത് നയിക്കുക. രാത്രിയിലെ ചെറിയ വെളിച്ചംപോലും മനുഷ്യരിൽ ഉറക്കക്കുറവുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. തുടർച്ചയായ ഉറക്കക്കുറവ് ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കും.

 മനുഷ്യൻ ഉൾപ്പെടെ നാനാവിധ ജീവികളടങ്ങുന്ന ജൈവവ്യവസ്ഥയ്ക്കും ഭീഷണിയാണ് രാത്രിയിലെ ഇരുട്ടില്ലായ്മ. രാത്രിപ്രകാശം ജീവികളുടെ ഭക്ഷ്യശൃംഖല തകരാറിലാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. പക്ഷികളുടെ ചേക്കേറൽ താറുമാറാവാനും ദേശാടനക്കിളികൾ വഴിതെറ്റി സഞ്ചരിക്കാനും അസമയത്തെ വെളിച്ചം ഇടയാക്കുന്നു. കേരളതീരത്ത് വിരിയുന്ന കടലാമക്കുഞ്ഞുങ്ങൾ കടലിലേക്ക് പോവുന്നതിനുപകരം രാത്രിവെളിച്ചത്തിൽ ദിശതെറ്റി കരയിലേക്ക്  പോയി നശിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 ജ്യോതിശ്ശാസ്ത്ര ഗവേഷണമാണ് പ്രകാശമലിനീകരണം ഭീഷണിയുയർത്തുന്ന മറ്റൊരുരംഗം. ആകാശത്തിൽ പ്രതിഫലിക്കുന്ന കൃത്രിമവെളിച്ചം വാനനിരീക്ഷണം അസാധ്യമാക്കുന്നു. തമിഴ്‌നാട് കവലൂരിലെ വെയ്‌നു ബാപ്പു വാനനിരീക്ഷണ കേന്ദ്രത്തിൽ മുമ്പ് വർഷത്തിൽ മുന്നൂറുദിവസമെങ്കിലും തെളിഞ്ഞ ആകാശം ലഭിച്ചിരുന്നു. എന്നാലിന്ന് 120-130 ദിവസംമാത്രമേ ഇവിടെ വാനനിരീക്ഷണം സാധ്യമാവുന്നുള്ളൂ. ഗവേഷണ പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കുന്നു. തെളിഞ്ഞ ആകാശത്തിൽ നഗ്നനേത്രങ്ങൾകൊണ്ട് ആറായിരത്തോളം നക്ഷത്രങ്ങളെ കാണാനാവുമെന്നാണ് കണക്ക്. ഇന്ന് നമ്മുടെ നഗരങ്ങളിൽ ഇതിന്റെ നാലിലൊന്ന് നക്ഷത്രങ്ങൾപോലും ദൃശ്യമല്ല. അനേകം കവികളുടെ ഭാവനയെ ഉണർത്തിയ മനോഹരമായ നക്ഷത്രരാവുകൾ നമുക്ക് നഷ്ടമാവുകയാണെന്നതാണ് ദുഃഖകരമായ വസ്തുത. 2016-ലെ കണക്കനുസരിച്ച് ഭൂമിയിലെ മൂന്നിലൊന്നുപേർക്ക് ആകാശഗംഗ കാണാനാവില്ലെന്ന് വ്യക്തമായിരുന്നു.

 നാഗരിക ജീവിതത്തിൽ കൃത്രിമവെളിച്ചം രാത്രിയിൽ തീരെ ഉപയോഗിക്കാതിരിക്കാനാവില്ല. എന്നാൽ, പരമാവധി നിയന്ത്രണം ഇക്കാര്യത്തിൽ ആവശ്യമാണ്. വിളക്കുകളിൽ വെളിച്ചം ആകാശത്തേക്ക് ചിതറാത്ത രീതിയിലുള്ള ക്രമീകരണം ഉറപ്പുവരുത്തണം. നഗരാസൂത്രകർ പ്രകാശമലിനീകരണം കുറയ്ക്കാനുള്ള വഴികൾ തേടേണ്ടതുണ്ട്. അനാവശ്യമായ വിളക്കുകൾ രാത്രികാലങ്ങളിൽ അണയ്ക്കണം. ദീപാലങ്കാരങ്ങളുടെ ധാരാളിത്തത്തിന് അറുതിവരുത്തിയേ തീരൂ. പകൽ വെളിച്ചംപോലെ രാത്രിയിൽ തമസ്സും ജീവജാലങ്ങളുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

 വികസിത രാജ്യങ്ങളിൽ പ്രകാശമലിനീകരണത്തിനെതിരേ വലിയതോതിൽ ബോധവത്കരണം നടക്കുന്നുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷൻ പോലുള്ള സംഘടനകൾ ഇത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. ഇന്ത്യയിൽ കാര്യമായ പ്രവർത്തനങ്ങൾ ഈ മേഖലയിൽ നടക്കുന്നില്ല. പ്രകാശമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അത് കുറയ്ക്കാനുള്ള വഴികളെക്കുറിച്ചും കാര്യമായ പഠനങ്ങൾ ഇന്ത്യയിലും ഉണ്ടാവേണ്ടതുണ്ട്.

Content Highlights: Light Pollution Social Issue Editorial