കുൽഭൂഷൺ ജാധവ് കേസിൽ ഇന്ത്യയുടെ ന്യായവാദങ്ങൾ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ.) അംഗീകരിച്ചിരിക്കുന്നു. രണ്ടുകൊല്ലത്തിലേറെയായി ലോക കോടതിയിൽ ഇന്ത്യ നടത്തിവന്ന നിയമപോരാട്ടത്തിന്റെ ജയമാണിത്. ചാരവൃത്തി, ഭീകരപ്രവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി പാകിസ്താൻ പട്ടാളക്കോടതി ജാധവിനു വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് ഐ.സി.ജെ.യുടെ വിധി. ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിന്റെ സഹായം അദ്ദേഹത്തിനു ലഭ്യമാക്കാതിരുന്നത് തെറ്റുതന്നെയാണെന്നും കോടതി വിധിച്ചു. പാകിസ്താന്റെ പ്രവൃത്തി വിയന്ന ഉടമ്പടിയിലെ വിവിധ വകുപ്പുകളുടെ നഗ്നമായ ലംഘനമാണെന്നും പ്രഖ്യാപിച്ചു. പാകിസ്താന്റെ പ്രതിനിധിയൊഴികെ 14 ജഡ്ജിമാരും ഒറ്റക്കെട്ടായി വിധിയെ അനുകൂലിച്ചുവെന്നത് ഇന്ത്യയ്ക്ക് ആശ്വാസവും പ്രതീക്ഷയുമേകുന്നു. എന്നാൽ, കുൽഭൂഷണെ കുറ്റക്കാരനായി വിധിച്ച പാക് പട്ടാളക്കോടതിയുടെ തീരുമാനം റദ്ദാക്കാനോ അദ്ദേഹത്തെ വിട്ടയക്കണമെന്നോ സുരക്ഷിതനായി ഇന്ത്യയ്ക്കു കൈമാറണമെന്നോ പ്രസ്താവിക്കാൻ കോടതി തയ്യാറായില്ല. വിധി പുനഃപരിശോധിക്കുന്നുവെങ്കിൽ ആ സമയത്ത് ഇക്കാര്യങ്ങൾ പാകിസ്താനു തീരുമാനിക്കാം. പാകിസ്താന്റെ ആ തീരുമാനത്തിനായാണ് ഇന്ത്യ കാതോർക്കുന്നത്. അത് അനുകൂലമായില്ലെങ്കിൽ ഇന്ത്യയ്ക്ക് നയതന്ത്രവഴികൾ തേടേണ്ടിവരും. ജാധവിന്റെ മോചനം നീണ്ടുപോകും. 

ഇന്ത്യൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാധവിനെ ബലൂചിസ്താൻ പ്രവിശ്യയിൽനിന്ന് 2016 മാർച്ച് മൂന്നിനു പിടികൂടിയെന്നാണ് പാകിസ്താന്റെ അവകാശവാദം. വിദേശപൗരൻമാരെ അറസ്റ്റുചെയ്താൽ, അക്കാര്യം താമസംവിനാ ആ രാജ്യത്തിന്റെ നയതന്ത്രകാര്യാലയത്തെ അറിയിക്കണമെന്നാണ് നയതന്ത്രബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന ഉടമ്പടിയിലെ 36-ാം അനുച്ഛേദം അനുശാസിക്കുന്നത്. കുൽഭൂഷന്റെ കാര്യത്തിൽ അതുണ്ടായില്ല. മാർച്ച് 25-നാണ് അദ്ദേഹം തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാകിസ്താൻ ഇന്ത്യൻ സ്ഥാനപതികാര്യാലയത്തെ അറിയിച്ചത്. വൈകാതെ അദ്ദേഹത്തെ പട്ടാളക്കോടതിയിൽ വിചാരണചെയ്ത് ചാരവൃത്തി, ഭീകരപ്രവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി വധശിക്ഷ വിധിച്ച് തുറുങ്കിലടച്ചു. ഇന്ത്യൻ നയതന്ത്രപ്രതിനിധിയുടെയോ, അഭിഭാഷകന്റെയോ സേവനം ലഭ്യമാക്കിയില്ല. ഭീകരരെ പെട്ടെന്നു വിചാരണചെയ്ത് വധശിക്ഷയ്ക്കു വിധിക്കുകയെന്ന കൃത്യം നടപ്പാക്കാനായി മാത്രമുണ്ടാക്കിയതാണ് നിയമബിരുദമില്ലാത്ത പട്ടാള ഉദ്യോഗസ്ഥർ ന്യായാധിപന്മാരായുള്ള ഈ കോടതി. 2017 ഏപ്രിലിൽ എഴുതിയ ഈ വിധിക്കെതിരേയാണ് തൊട്ടടുത്ത മാസം ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ കോടതിയായ ഐ.സി.ജെ.യിലെത്തിയത്. കോടതി അന്തിമവിധി പറയുംവരെ ജാധവിന്റെ ശിക്ഷ നടപ്പാക്കരുതെന്ന് മേയ് 18-ന് ഐ.സി.ജെ. വിധിച്ചു. ഈ കേസിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ആദ്യ ജയമായിരുന്നു അത്. 
ഇപ്പോഴിതാ തുടർവാദങ്ങൾക്കുശേഷം അന്തിമവിധിയെത്തിയിരിക്കുന്നു. അതു നടപ്പാക്കേണ്ട ഉത്തരവാദിത്വമാകട്ടെ പൂർണമായും പാകിസ്താന്റെ ചുമലിലാണ്. ജാധവിനെ കുറ്റവാളിയായി പ്രഖ്യാപിച്ച നടപടി ‘ഫലപ്രദമായി പുനഃപരിശോധിക്കേണ്ടതും പുനരാലോചിക്കേണ്ടതും’ പാകിസ്താനാണെന്നാണ് ഐ.സി.ജെ. അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സ്റ്റേ അതുവരെ നിലനിൽക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 

ലോക കോടതിയാണെങ്കിലും വിധികൾ അന്തിമമാണെങ്കിലും അവ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള അധികാരം ഐ.സി.ജെ.ക്കില്ല. അതിന് അവകാശമുള്ള ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെത്തിയാലാകട്ടെ സ്ഥിരാംഗങ്ങളായ അമേരിക്കയും ചൈനയും പോലും ഐ.സി.ജെ. യുടെ വിധി പാലിച്ചിട്ടുള്ളവയല്ല. ചൈനയുടെ ചങ്ങാതിരാഷ്ട്രമായ പാകിസ്താനും വിധി അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കുമെന്നു കരുതാനാവില്ല. പാകിസ്താൻ ഉത്തരവാദിത്വം നിറവേറ്റിയില്ലെങ്കിൽ ശക്തമായ അന്താരാഷ്ട്രസമ്മർദത്തിലൂടെ അതിന് ആ രാജ്യത്തെ പ്രേരിപ്പിക്കുക എന്നതാണ് ഇന്ത്യയ്ക്കു മുന്നിലുള്ള വഴി. പുൽവാമ ഭീകരാക്രമണവേളയിൽ പാകിസ്താന്റെ വികൃതമുഖം ലോകത്തിനുമുന്നിൽ വെളിപ്പെടുത്താൻ ഇന്ത്യയ്ക്കു കഴിഞ്ഞതാണ്. ഇപ്പോഴിതാ കുൽഭൂഷൺ കേസിലെ ആ രാജ്യത്തിന്റെ കപടവാദങ്ങളും പൊളിഞ്ഞിരിക്കുന്നു. ഈ അവസരം പരമാവധി ഇന്ത്യയ്ക്ക് അനുകൂലമാക്കാൻ കഴിയുന്ന മന്ത്രിയാണ് വിദേശകാര്യവകുപ്പ് ഭരിക്കുന്നത്. ചൈനയിലും അമേരിക്കയിലും ഇന്ത്യയുടെ പ്രതിനിധിയായിരുന്ന, ഡോക്‌ലാം പ്രശ്‌നം പരിഹരിക്കുന്നതിൽ വിരുതുകാട്ടിയ എസ്. ജയ്ശങ്കറാണ് വിദേശകാര്യമന്ത്രി. അദ്ദേഹത്തിന്റെ അനുഭവപരിചയത്തിന്റെകൂടി മികവിൽ ഐ.സി.ജെ. വിധിയുടെ ആനുകൂല്യം നേടിയെടുക്കാൻ ഇന്ത്യയ്ക്കാവട്ടെ എന്നാശിക്കാം.

Content Highlights: kulbhushan jadhav case verdict