ത്രിപുരയിൽ സി.പി.എമ്മിനെ തോല്പിച്ചു നേടിയ തിരഞ്ഞെടുപ്പുവിജയം ബി.ജെ.പി.യുടെ ‘പ്രത്യയശാസ്ത്രവിജയ’മാണെന്നാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഖ്യാനിച്ചത്‌. എന്നാൽ, ആ വിജയത്തെ അക്രമാസക്തിയുടെയും അസഹിഷ്‌ണുതയുടെയും പ്രത്യയശാസ്ത്രമായി വികസിപ്പിക്കാനാണ്‌ ബി.ജെ.പി.യുടെ നേതാക്കളും അണികളും ശ്രമിക്കുന്നതെന്ന്‌ ത്രിപുരയിലെ സംഭവങ്ങൾ തെളിയിക്കുന്നു. തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചതിനുശേഷം വ്യാപകമായ അക്രമങ്ങളാണ്‌ ത്രിപുരയിൽ നടക്കുന്നത്‌.

സി.പി.എം. ഓഫീസുകളും പ്രവർത്തകരുടെ വീടുകളും നശിപ്പിക്കുന്നതിനു പുറമേ റഷ്യൻ വിപ്ളവനായകനും മാർക്സിസ്റ്റ്‌ സൈദ്ധാന്തികനുമായ വ്ളാദിമിർ ലെനിന്റെ പ്രതിമകൾ തകർത്തും ബി.ജെ.പി. പ്രവർത്തകർ പ്രത്യയശാസ്ത്രവിജയം ആഘോഷിക്കുന്നു. ആൾക്കൂട്ടത്തിന്റെ ഈ അക്രമത്തെക്കാൾ അപലപനീയമാണ്‌ ത്രിപുര ഗവർണറും ബി.ജെ.പി.യുടെ നേതാക്കളും  നടത്തുന്ന പ്രസ്താവനകൾ. അഗർത്തലയ്ക്കടുത്തുള്ള െബലോണിയയിൽ ലെനിന്റെ പ്രതിമ ബുൾഡോസർകൊണ്ടു വലിച്ചു താഴെയിട്ടു തകർത്തതിനെപ്പറ്റി സംസ്ഥാന ഗവർണർ തഥാഗത റോയ്‌ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞത്‌ ‘ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ചെയ്ത കാര്യം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സർക്കാരിന്‌ ഇല്ലാതാക്കാ’മെന്നാണ്‌.

പ്രതിമ തകർക്കുന്നതിന്റെ ചിത്രം ബി.ജെ.പി. ജനറൽ സെക്രട്ടറി രാംമാധവും ട്വിറ്ററിൽ പ്രദർശിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ്‌ ആഹിറാകട്ടെ ‘വിദേശനേതാക്കളുടെ പ്രതിമയ്ക്ക്‌ ഇന്ത്യയിൽ സ്ഥാനമില്ല’ എന്നു തീർത്തു പറയുകയും ചെയ്തു.
ലെനിനെ എതിർക്കാനും അദ്ദേഹത്തിന്റെ ആശയങ്ങളോടു വിയോജിക്കാനും ആർക്കും അവകാശമുണ്ട്‌. ആശയതലത്തിലെ ആ വിമർശനം ജനാധിപത്യപരവുമാണ്‌. പക്ഷേ, ലെനിന്റെ പ്രതിമ തകർക്കുമ്പോൾ വിമർശനം അക്രമവും അസഹിഷ്ണുതയുമായി മാറുന്നു. അതിനെ ന്യായീകരിച്ച സംസ്ഥാന ഗവർണർ ജനാധിപത്യപരമായ മാതൃകയല്ല കാണിച്ചത്‌.

വിദേശനേതാക്കളുടെ പ്രതിമകൾക്ക്‌ ഇന്ത്യയിൽ സ്ഥാനമില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിലും അപകടം ഒളിച്ചിരിപ്പുണ്ട്‌. ലോകത്തിനു മഹത്തായ സംഭാവനകൾ നൽകിയ എത്രയോ വിദേശീയരായ മഹാവ്യക്തികളുടെ പ്രതിമകൾ ഇന്ത്യയിലെമ്പാടുമുണ്ട്‌. ലോകത്തെ പലനഗരങ്ങളിലും ഇന്ത്യക്കാരുടെ പ്രതിമകളുമുണ്ട്‌. വിദേശികളുടെ പ്രതിമകൾക്ക്‌ ഇന്ത്യയിൽ സ്ഥാനമില്ലെന്നും അവ തച്ചുതകർക്കുന്നത്‌ ന്യായമാണെന്നും പറയുന്ന അന്ധമായ ദേശീയതാവാദം നാളെ മതം ഉൾപ്പെടെയുള്ള മറ്റു രംഗങ്ങളിലേക്കും ബുൾഡോസറും ആൾക്കൂട്ട അക്രമവുമായി നീണ്ടുചെല്ലാം.

രാജ്യത്ത്‌ ശാന്തിയും സമാധാനവും ഉറപ്പുവരുത്താൻ ബാധ്യസ്ഥരായി ഭരണാധികാരസ്ഥാനങ്ങളിലിരിക്കുന്നവർ പ്രകോപനപരമായ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്‌ അത്യന്തം ആപത്‌കരമാണ്‌. ഈ അസഹിഷ്ണുതയും ദേശീയതാവാദവും ജനാധിപത്യത്തിന്റെ ബഹുസ്വരപ്രകൃതിക്കാണു കോട്ടമുണ്ടാക്കുക.

വിജയികളുടെ അക്രമത്തിന്റെ ചരിത്രമായി പരിണമിച്ചിരിക്കുകയാണിപ്പോൾ ഇന്ത്യയിൽ രാഷ്‌ട്രീയം. ആളുകളെ ആക്രമിച്ചു കൊല്ലുന്നതിൽ മാത്രമല്ല വീടും വസ്തുവകകളും നശിപ്പിക്കുന്നതിലും കൊടിമരം തൊട്ട്‌ വായനശാല വരെ തകർക്കുന്നതിലുമെത്തുന്ന രാഷ്‌ട്രീയാതിക്രമത്തിന്റെ പുതിയ രൂപമാണ്‌ പ്രതിമവിരോധം. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതിനുപിന്നാലെ തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതാവ്‌ എച്ച്‌. രാജ നടത്തിയ ‘പെരിയാർ’ ഇ.വി. രാമസ്വാമിനായ്ക്കരുടെ പ്രതിമ തകർക്കുമെന്ന പ്രസ്താവന ആ പുതിയ അസഹിഷ്ണുതാപ്രകടനം വ്യാപിക്കാൻ തുടങ്ങുകയാണെന്ന മുന്നറിയിപ്പ്‌ നൽകുന്നു.

ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെ എതിർക്കുകയും യുക്തിവാദതത്ത്വങ്ങളിലൂടെ ബ്രാഹ്മണമേധാവിത്വത്തിനെതിരേ ദ്രാവിഡപ്രസ്ഥാനത്തിനു വിത്തുപാകുകയും ചെയ്ത പെരിയാറുടെ പ്രതിമയ്ക്കു നേരേയുള്ള പ്രസ്താവനയ്ക്കു പിന്നിൽ മറ്റൊരു പ്രത്യയശാസ്ത്രമാണുള്ളത്‌. മതാത്മകവും ഏകാത്മക ദേശീയതാവാദപരവും ‘അന്യ’ങ്ങളുടെ ഉന്മൂലത്തിന്‌ ഉദ്യുക്തവുമായ അസഹിഷ്ണുതയുടെ പ്രത്യയ ശാസ്ത്രം.

ഭക്ഷണശീലത്തെയും വസ്ത്രധാരണത്തെയും ആരാധനാരീതികളെയുമൊക്കെ ആക്രമിക്കുന്ന ആ ഹിംസാത്മക പ്രത്യയശാസ്ത്രത്തിന്റെ പ്രതീകാത്മകാവിഷ്കാരമാണ്‌ പ്രതിമതകർക്കലിൽ പ്രകടമാവുന്നത്‌.  പ്രധാനമന്ത്രി പറയുന്ന പ്രത്യയശാസ്ത്രവിജയം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്‌ അപകടകരമാണ്‌. അതു നിയന്ത്രിക്കാൻ അദ്ദേഹത്തിനെങ്കിലും കഴിയണം.