കാഞ്ഞങ്ങാട് ഒരു നല്ലപാഠമാണ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ നടത്തിപ്പിൽ വേറിട്ട വഴി വെട്ടിത്തുറന്ന് ഒരു ദേശം കേരളത്തിനൊരു മാതൃക പണിതിരിക്കുന്നു. 28 വർഷം സംസ്ഥാന സ്‌കൂൾ കലോത്സവം എത്തിനോക്കാൻ മടിച്ചുനിന്ന കാസർകോട്ടെ കാഞ്ഞങ്ങാട് ദേശവാസികളാണ് കലാകൗമാരത്തിന്റെയും കേരളത്തിന്റെയും ഹൃദയങ്ങളെ കവർന്നത്‌.  

കേരളത്തിന്റെ ഓരോ കോണിൽനിന്നും എത്തിയ ആയിരക്കണക്കിന് കലാമുകുളങ്ങൾക്ക്‌ മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾക്കും അധ്യാപകർക്കുമൊക്കെ ഈ  കാഞ്ഞങ്ങാടൻ സ്‌നേഹക്കൂട്ടായ്മ കാണിച്ചുകൊടുത്തത്  വറ്റാത്ത ഗ്രാമനന്മയുടെ ഉറവയാണ്.   വിദ്യാഭ്യാസവകുപ്പിന് കാഞ്ഞങ്ങാട് ഒരു പാഠവും സമാനതകളില്ലാത്ത  മാതൃകയും സമ്മാനിച്ചിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രശംസിക്കുമ്പോൾ അതിൽ ആർക്കും ഒരു അതിശയോക്തിയും തോന്നുന്നില്ല. തളരാത്ത ഇച്ഛാശക്തിയും സ്‌നേഹംനിറഞ്ഞ കൂട്ടായ്മകളുമുണ്ടെങ്കിൽ എന്തും സാധിക്കുമെന്ന വിശ്വാസത്തിന്റെ നിറവേറൽ തന്നെയായിരുന്നു  ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം. ആ വിജയത്തിന്, ഹൃദയങ്ങളുടെ സ്‌നേഹക്കപ്പ് കാഞ്ഞങ്ങാടിന് സ്വന്തം.   

താമസത്തിന് വലിയ ഹോട്ടൽ സൗകര്യങ്ങളോ വിപുലമായ യാത്രാസംവിധാനങ്ങളോ വിശാലമായ റോഡുകളോ ഒക്കെയുള്ള ഒരു വികസിതപ്രദേശമല്ല കാഞ്ഞങ്ങാട്. എന്തിന്, അതിവേഗ തീവണ്ടികൾക്ക് സ്റ്റോപ്പുള്ള റെയിൽവേസ്റ്റേഷൻ പോലുമില്ല.   1991-നുശേഷം കാസർകോട് ജില്ലയ്ക്ക് കിട്ടാക്കനിയായി നിന്ന സംസ്ഥാന സ്‌കൂൾ കലോത്സവം നീണ്ട ശ്രമഫലമായി അനുവദിച്ചുകിട്ടിയപ്പോൾ അത് ഏറ്റെടുത്തുനടത്താൻ നിയോഗിക്കപ്പെട്ടത് കാഞ്ഞങ്ങാടായിരുന്നു. പോയവർഷം ആലപ്പുഴയിൽ സ്‌കൂൾ കലോത്സവം നടക്കുന്നതിന് തൊട്ടുമുമ്പ് തുടങ്ങിയ ഈ ശ്രമത്തിൽ മാതൃഭൂമിക്കും ചെറുതല്ലാത്ത പങ്കുവഹിക്കാനായിട്ടുണ്ടെന്നതിൽ വലിയ കൃതാർഥതയുണ്ട്. ‘കൈയെത്താ ദൂരത്തോ കൗമാരകലോത്സവം’ എന്ന ഞങ്ങളുടെ രണ്ടാഴ്ചയോളം നീണ്ടുനിന്ന പരമ്പര കാസർകോടിന് സ്‌കൂൾ കലോത്സവം നടത്താനുള്ള അർഹതയ്ക്കായുള്ള ജനകീയ സംവാദത്തിനുതന്നെ വഴിയൊരുക്കുന്നതായിരുന്നു.

കാസർകോട്ടെ ജനപ്രതിനിധികളെല്ലാം അതിന്റെ ഭാഗമായി ശബ്ദമുയർത്തി. കാഞ്ഞങ്ങാട് എം. എൽ.എ. കൂടിയായ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷൻ വി.വി. രമേശൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.വി. പുഷ്പ എന്നിവരുടെ നേതൃപരമായ പങ്ക് പ്രത്യേകപരാമർശം അർഹിക്കുന്നതാണ്. ഒപ്പംനിന്ന മുഴുവൻ മനുഷ്യരുടെയും വിശ്രമമില്ലാത്ത കരുതലിന്റെ സാഫല്യമാണ് ഈ വർഷത്തെ കലോത്സവ വിജയം.  
എങ്ങനെ കലോത്സവത്തിനെത്തുന്നവർക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കും എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ, കാഞ്ഞങ്ങാട് പോലൊരു ചെറുപട്ടണത്തിലെ വീടുകൾ  കേരളത്തിലെ കൗമാരപ്രതിഭകൾക്കായി തുറന്നുകൊടുത്തുകൊണ്ട് പുതിയൊരു മാതൃകതീർത്തു. ജാതിക്കും മതത്തിനും അതീതമായ പുതിയ മാനംതന്നെ സൗഹൃദത്തിൽ വെട്ടിത്തുറന്നുകൊണ്ടാണ് കാഞ്ഞങ്ങാട് പട്ടണം ഇല്ലായ്മകളുടെ പ്രതിസന്ധി പരിഹരിച്ചത്. കിടപ്പിടം മാത്രമല്ല, ഭക്ഷണവും അവർ അതിഥികൾക്കായി ഒരുക്കി. പ്രാദേശികമായ ഈ നാട്ടുരുചിയുടെ പ്രകാശമാണ് മേളയുടെ വഴിവിളക്കായത്. 

വരുംവർഷങ്ങളിൽ കലോത്സവങ്ങൾ ചെറുപട്ടണങ്ങളിൽ നടത്താനും കാഞ്ഞങ്ങാട് മാതൃകയിൽ കുട്ടികളെ വീടുകളിൽ താമസിപ്പിക്കുന്ന വിപുലമായ പദ്ധതി ഒരുക്കാനും സർക്കാർ തീരുമാനിച്ചു എന്നതുതന്നെ സംഘാടകയത്നത്തിന് കിട്ടിയ തത്സമയ അംഗീകാരമാണ്. കാഞ്ഞങ്ങാട്ട് മത്സരം നടന്ന 28 വേദികളിലുംകൂടി ഏറ്റവും കുറഞ്ഞത് 25,000-ത്തിനും 40,000-ത്തിനും മധ്യേ എപ്പോഴും ജനം തിങ്ങിനിറഞ്ഞു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഒരുദേശം ഒഴുകിവന്ന് കൗമാരകേരളത്തെ വരവേറ്റു എന്നുതന്നെ പറയാം. കലയുടെ ഭാവിയിൽത്തന്നെ പ്രതീക്ഷയർപ്പിക്കാൻ പ്രേരണനൽകുന്ന ജനകീയ പിന്തുണയാണിത്. സമാപനച്ചടങ്ങിന് പെരുമഴയായിട്ടുപോലും ആരും വരാൻ മടിച്ചില്ല. വിജയികൾക്ക് സ്‌നേഹാഭിവാദ്യമർപ്പിക്കാൻ ജനത  കൂടെനിന്നു. മനുഷ്യരെ പരസ്പരം അടുപ്പിക്കുന്ന യഥാർഥ നവോത്ഥാനം ഇതല്ലാതെ മറ്റെന്താണ്?

content highlights: Kanhangad, state school youth festival