‘സ്വർണത്തിന്റെയും വെള്ളിയുടെയും കഷ്ണങ്ങളല്ല, ആരോഗ്യമാണ് യഥാർഥ സമ്പത്ത്’ എന്ന് അഭിപ്രായപ്പെട്ടത് മഹാത്മജിയാണ്. സാമ്പത്തികവിഭവങ്ങളുടെ കാര്യത്തിൽ പല പരിമിതികളുമുള്ള കേരളം അഭിമാനംകൊണ്ടിരുന്നത് അതിന്റെ മനുഷ്യസമ്പത്തിലാണ്. ഇവിടെയാണ് പൊതുജനാരോഗ്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും. നീതി ആയോഗ് കഴിഞ്ഞദിവസം പ്രസിദ്ധപ്പെടുത്തിയ ആരോഗ്യസൂചിക റിപ്പോർട്ടിൽ കേരളം ഒന്നാംസ്ഥാനം നിലനിർത്തിയിട്ടുണ്ട്. എന്നാൽ, ചില കാര്യങ്ങളിലെങ്കിലും  കേരളത്തിന് വിചാരിച്ച നിരക്കിൽ പുരോഗതി കൈവരിക്കാനാകുന്നില്ലെന്ന നിരീക്ഷണമാണ് നാം ഗൗരവമായി കാണേണ്ടത്. ഇതിലുന്നയിച്ച ചില ആശങ്കകൾക്ക് അടിസ്ഥാനമില്ലേയെന്ന സംശയം ഈ രംഗവുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്നവർ പങ്കുവെക്കുന്നുണ്ട്. നിപ വൈറസ് ബാധയുണ്ടായ ലോകത്തെത്തന്നെ അഞ്ചാമത്തെ പ്രദേശമാണ് നമ്മുടെ നാട്. ലക്ഷ്യബോധമുള്ള ഭരണനേതൃത്വത്തിന്റെയും നിശ്ചയദാർഢ്യമുള്ള സമൂഹത്തിന്റെയും ഒരുമിച്ചുള്ള പ്രവർത്തനം രോഗാണുവിനെ തോൽപ്പിച്ചത് ഒരുവർഷം മുമ്പത്തെ ചരിത്രം. എന്നാൽ, ഏവരെയും ഞെട്ടിച്ചുകൊണ്ട് നിപ തിരിച്ചുവന്നു. ജീവൻ നഷ്ടപ്പെടാതെ പ്രതിരോധിക്കാൻ സാധിച്ചത് നേട്ടംതന്നെ. എന്നാൽ, ഇതുപോലെയുള്ള മാരകരോഗങ്ങൾക്ക് നാം ഇരയാവുന്നതെന്തുകൊണ്ടാണെന്ന് ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. നാം നാടുകടത്തിയ മലമ്പനിപോലുള്ള രോഗങ്ങൾ വീണ്ടും റിപ്പോർട്ടുചെയ്യപ്പെടുന്നതും അവഗണിക്കാനാവില്ല. നമുക്ക് അപരിചിതമായിരുന്ന പല പകർച്ചവ്യാധികളും പുതിയ ഭീഷണി ഉയർത്തുന്നുമുണ്ട്.

  മറ്റൊരു വെല്ലുവിളി, കേരളത്തിന്റെ വർധിച്ചുവരുന്ന രോഗാതുരതയാണ്. പ്രതിരോധശേഷി കുറയുന്ന പ്രവണത വ്യാപകമാവുന്നു. പ്രതിരോധശോഷണത്തിന് അമിത മരുന്നുപയോഗമുൾപ്പെടെയുള്ള പല കാരണങ്ങളുമുണ്ട്.  ജീവിതശൈലീരോഗങ്ങളുടെ കൂത്തരങ്ങായ കേരളം പലപ്പോഴും ഇരട്ടരോഗങ്ങളുടെ ഭാരം പേറുകയുമാണ്. ഡെങ്കിപ്പനിപോലുള്ള പകർച്ചവ്യാധികൾ പ്രമേഹരോഗികളെ കൂടുതലായി ബാധിച്ചതുതന്നെ ഉദാഹരണം. പകർച്ചവ്യാധികളിൽ നല്ലൊരുപങ്കും ജല-കൊതുകു ജന്യമാണ്. പരിസ്ഥിതിവ്യതിയാനങ്ങളും മാലിന്യപ്പെരുപ്പവും ഇത്തരം രോഗങ്ങളുടെ വ്യാപനത്തിന് കാരണമാവുന്നു.  ജീവിതശൈലീമാറ്റങ്ങളുടെ ഫലമായ പലതരം മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനം ഇന്നും ആലോചനകളിൽമാത്രമാണ്. പൊതുജനാരോഗ്യത്തിനുണ്ടാകുന്ന വിപത്തുകളെയും വെല്ലുവിളികളെയുംപറ്റി എല്ലാവകുപ്പുകളും ഒത്തുചേർന്ന് ബോധവത്കരണം നടത്തണം. പ്രതിരോധ-ഗവേഷണ യത്നങ്ങളിലും ഈ പരസ്പരസഹകരണം അനിവാര്യമാണ്. വൺ ഹെൽത്ത് സമീപനത്തിന്റെയും മറ്റും പ്രസക്തി ഇവിടെയാണ്. വ്യത്യസ്തശാഖകളുടെ പ്രവർത്തനം ഏകലക്ഷ്യത്തിലേക്ക്‌ സമന്വയിപ്പിക്കുന്ന പുതിയ രീതി പ്രാവർത്തികമാക്കണം. അത്തരം മാർഗത്തിലൂടെമാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ പൊതുജനാരോഗ്യനേട്ടങ്ങളെ സംരക്ഷിക്കാനാകൂ. അതാകണം ഇനി നമ്മുടെ ലക്ഷ്യം. ആരോഗ്യസൂചിക റിപ്പോർട്ടിൽ മതിമറന്ന് എല്ലാം ശരിയായി എന്നുവിശ്വസിച്ചിരിക്കരുത് എന്നർഥം.

Content Highlights: Health index report