കേരളം വീണ്ടും പ്രളയസമാനമായ സാഹചര്യത്തെ നേരിടുകയാണ്. കൃത്യമായി ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം കാലവർഷം ജനജീവിതത്തെയാകെ ഉലച്ചിരിക്കുന്നു. വയനാട്ടിൽനിന്ന്‌ ഉരുൾപൊട്ടലിന്റെ പേടിപ്പെടുത്തുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുവെന്ന് രക്ഷാപ്രവർത്തകർക്കുപോലും വ്യക്തമല്ല. ഇടുക്കിയിൽനിന്നും കോട്ടയത്തുനിന്നും മലപ്പുറത്തുനിന്നും നല്ലവാർത്തകളല്ല വരുന്നത്. ഈ ജില്ലകൾക്കുപുറമേ കോഴിക്കോട്ടും ഇപ്പോൾ അതിജാഗ്രതാ നിർദേശമുണ്ട്.

സർക്കാർനിർദേശങ്ങൾ എല്ലാവരും പാലിച്ചേതീരൂ. ഒരിക്കൽകൂടി കേരളം  ഒറ്റമനസ്സോടെ കൈമെയ്‌ മറന്ന് രംഗത്തിറങ്ങേണ്ട സമയമാണിത്. പോയ പ്രളയത്തെ നമുക്ക് അതിജീവിക്കാനായത് അതുകൊണ്ടുമാത്രമാണ്. ഇത്തവണയും അതുണ്ടാകണം. എവിടെ ദുരിതമുണ്ടോ അവിടെ മനസ്സും സഹായഹസ്തങ്ങളും ഒരുമിച്ചെത്തട്ടെ. വെള്ളം കയറിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽനിന്ന്‌ വ്യാഴാഴ്ച രാവിലെ രക്ഷാപ്രവർത്തനത്തിനിറങ്ങിയവർ നേരിട്ട ഏറ്റവുംവലിയ തടസ്സം ദുരിതബാധിതരായ ജനങ്ങൾ വീടുവിട്ടുപോകാൻ തയ്യാറാകാത്തതാണ്.

കഴിഞ്ഞ വർഷത്തെ പ്രളയത്തിലും ഒട്ടേറെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടാനിടയാക്കിയത് ഈ വിസമ്മതമാണ്. രക്ഷാപ്രവർത്തകരോടും സർക്കാരിന്റെ ദൗത്യസന്നാഹങ്ങളോടും സഹകരിക്കാൻ എല്ലാവരും തയ്യാറാകണം. ജീവൻ രക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനവും പ്രാഥമികവുമായ ദൗത്യം. അതിന് സന്നദ്ധത എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. പുനരധിവാസ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് പരമാവധി സഹായമെത്തിക്കാൻ മുഴുവൻ ജനതയും തയ്യാറാകണം. സർക്കാർസഹായം എത്തുന്നതുവരെ ദുരിതബാധിതരെ കാത്തുനിർത്തിക്കരുത്‌. പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാനുള്ള ഉത്തരവാദിത്വം അതിൽ കുടുങ്ങാത്ത എല്ലാവർക്കുമുണ്ട്. 
ശക്തമായ കാറ്റുള്ളതുകൊണ്ട് കടലിൽ പോകാതിരിക്കാനുള്ള മുൻകരുതൽ എല്ലാ മത്സ്യത്തൊഴിലാളികളും എടുക്കണം. കഴിഞ്ഞ പ്രളയത്തിൽ കേരളത്തിന്റെ അനൗദ്യോഗിക സൈന്യമായിരുന്ന മത്സ്യത്തൊഴിലാളികൾ ഇത്തവണയും ഈ നാടിന്റെ ജീവൻരക്ഷാകവചമായി മാറുമെന്നുതന്നെ നമുക്ക് ഉറപ്പുണ്ട്. 

കേരളം എത്രമേൽ പരിസ്ഥിതിലോല പ്രദേശമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കം. തുടർച്ചയായ മഴ താങ്ങാൻ കരുത്തില്ലാതായിരിക്കുന്നു കേരളത്തിന്. പ്രളയാനന്തര പുനർനിർമാണത്തിന് പരിസ്ഥിതി മാനദണ്ഡമാകണമെന്ന മുന്നറിയിപ്പുകൾ പതിവുപോലെ നാം അവഗണിച്ചിട്ടുണ്ടെന്നത്‌ മറക്കാനാവില്ല. നമ്മുടെ നിർമാണ രീതികളും നിലംനികത്തൽ പരിപാടികളും പുനഃപരിശോധനയ്ക്കു വിധേയമാക്കേണ്ടിയിരിക്കുന്നു. കേരളത്തെ നിലനിർത്തുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ചിന്തകളൊക്കെ പ്രളയാനന്തര കാലത്ത് മറന്ന മട്ടിലാണ് നാം പെരുമാറിയത്. മലകളെ തുരക്കുന്നത് നിർത്തിയേ പറ്റൂ. ഈ ഭൂമിയെന്നത് നമ്മുടെ മാത്രമല്ല എന്ന തിരിച്ചറിവിലേക്ക് ഇനിയെങ്കിലും നാം ഉണർന്നേ പറ്റൂ. 13,543 വീടുകൾ കഴിഞ്ഞ പ്രളയത്തിൽ പൂർണമായും തകർന്നിരുന്നു. 2.53 ലക്ഷം വീടുകൾ ഭാഗികമായും തകർന്നു. 493 പേരുടെ ജീവൻ നഷ്ടമായി. 54,000 ഹെക്ടർ കൃഷി നശിച്ചു. 221 പാലങ്ങൾ തകർന്നു. 82,000 കിലോമീറ്റർ പഞ്ചായത്ത് റോഡും 14,000 കിലോമീറ്റർ പൊതുമരാമത്ത് റോഡും തകർന്നു. ഉയിർത്തെണീക്കും മുമ്പുവന്ന ഈ വെള്ളപ്പൊക്കം നേരിടാൻ കഴിഞ്ഞ പ്രളയത്തിലെ അനുഭവങ്ങൾ പാഠമായി മുന്നിൽനിൽക്കട്ടെ. ഒരു പ്രതിസന്ധിയും നമ്മുടെ ഇച്ഛാശക്തിയെ തകർക്കാനിടവരാതിരിക്കട്ടെ. ജനതയുടെ ദുരിതത്തിൽ കൈത്താങ്ങായി മാതൃഭൂമിയും ഒപ്പമുണ്ടാകും. ഒറ്റമനസ്സോടെ.