കർഷകരുടെയും കൃഷിയുടെയും ക്ഷേമം മുൻനിർത്തി സംസ്ഥാനസർക്കാർ കൊണ്ടുവന്ന കർഷകക്ഷേമനിധി ബിൽ 21-ന് സംസ്ഥാന നിയമസഭയിൽ ചർച്ചചെയ്യുന്നതോടെ ബിൽ നിയമമാകുകയാണ്. പിന്നെ ചട്ടങ്ങൾ ഉണ്ടാക്കണം. അതിനുശേഷം കർഷകക്ഷേമ ബോർഡിന്റെ രൂപവത്കരണം. സംസ്ഥാന സർക്കാരും കൃഷിവകുപ്പും ആത്മാർഥമായി ശ്രമിച്ചാൽ ആറുമാസംകൊണ്ട് കർഷകക്ഷേമ ബോർഡ് യാഥാർഥ്യമാവും. അത് കേരളത്തിന്റെ കാർഷികമേഖലയിൽ കൊണ്ടുവരുന്ന മാറ്റം വലുതായിരിക്കും.

2015-ൽ പാസാക്കിയ കർഷികവികസനനയത്തിലെ സുപ്രധാന നിർദേശമാണ് കർഷകക്ഷേമ ബോർഡ്. സർക്കാർ ജീവനക്കാരെപ്പോലെ കർഷകനും മാന്യമായി ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കുക എന്നതായിരുന്നു ബോർഡിലൂടെ ലക്ഷ്യമിട്ടത്. ഇതിനുള്ള നിയമം കൊണ്ടുവരാൻ അന്നുമുതൽ ശ്രമം തുടങ്ങി. 2018 ജൂൺ ഒന്നിന് കർഷകക്ഷേമനിധി ബിൽ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ അവതരിപ്പിച്ചു. ബിൽ കൂടുതൽ മെച്ചപ്പെടുത്തണം എന്ന ആശയം ഉയർന്നതോടെ വിഷയം നിയമസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിട്ടു. വിവിധ ജില്ലകളിൽ തെളിവെടുപ്പിനുശേഷം കാർഷികവിദഗ്ധരുമായി പലവട്ടം കമ്മിറ്റി അംഗങ്ങൾ ചർച്ചനടത്തി. ആദ്യ ബില്ലിൽ ചിലയിടത്ത് മാറ്റങ്ങൾ വരുത്തി കൂടുതൽ മികവുറ്റതാക്കി. പുതിയ ബിൽ നവംബർ ആറിന് നിയമസഭയിൽ മന്ത്രി അവതരിപ്പിക്കുകയും ചെയ്തു. കർഷകർക്ക് പെൻഷൻ, ഉത്‌പന്നങ്ങൾക്ക് മാന്യമായ വില, ആരോഗ്യ ഇൻഷുറൻസ്, കുടുംബാംഗങ്ങൾക്കുള്ള സഹായധനം എന്നിങ്ങനെ ഒട്ടേറെ ആനുകൂല്യങ്ങളാണ് പുതിയ ബില്ലിൽ പറഞ്ഞിരിക്കുന്നത്. ഇതെല്ലാം നടപ്പാക്കാനാണ് കർഷകക്ഷേമ ബോർഡ് വരുന്നത്. 

കർഷകർക്കുള്ള ക്ഷേമപദ്ധതികളെല്ലാം ഭാവിയിൽ കർഷകക്ഷേമ ബോർഡ് വഴി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. ബോർഡിനുള്ള വരുമാനമാർഗങ്ങൾ കണ്ടെത്താനും ഒട്ടേറെ നിർദേശങ്ങളുണ്ട്. അവകാശലാഭം, സ്റ്റാമ്പ്, വൻകിട സ്ഥാപനങ്ങളുടെ സി.എസ്.ആർ. ഫണ്ട്, കർഷകരും സർക്കാരും നൽകുന്ന അംശാദായം എന്നിവയെല്ലാം ബോർഡിന്റെ സാമ്പത്തികസ്രോതസ്സുകളായിരിക്കും. കാർഷികോത്‌പന്നങ്ങൾ മൂല്യവർധിത ഉത്‌പന്നങ്ങളാക്കി വിൽക്കുന്നവർ ഒരു വർഷത്തെ ലാഭത്തിൽനിന്ന്‌ ഒരു ശതമാനം ഇൻസെന്റീവ് അവകാശലാഭമായി കർഷകക്ഷേമനിധി ബോർഡിന് നൽകണമെന്നാണ് പുതിയ ബില്ലിൽ പറയുന്നത്. ഇത് ആത്മാർഥമായി നടന്നാൽത്തന്നെ ബോർഡിന് വലിയൊരു തുക ലഭിക്കും.

കർഷകരക്ഷയ്ക്ക് കർഷകക്ഷേമനിധി ബോർഡ് കൊണ്ടുവരാനുള്ള തീരുമാനംതന്നെ ചരിത്രപരമാണ്. രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്ന പദ്ധതി. കടക്കെണിയും ആത്മഹത്യയുംമൂലം കൃഷിതന്നെ ഉപേക്ഷിക്കപ്പെടുന്ന കാലത്ത് കർഷകരെ കൃഷിയിലേക്ക് തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഇത് തുടക്കമിടും. കൃഷികൊണ്ടും ജീവിക്കാം എന്ന്‌ ജനങ്ങൾക്ക് ബോധ്യമായാൽ പുതുതലമുറ ഈ രംഗത്തേക്കു കടന്നുവരുമെന്നതിൽ സംശയമില്ല. കാർഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടണം. നമ്മുടെ നിലനിൽപ്പിന്റെ ആധാരംതന്നെ കൃഷിയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർഷനും കൃഷിയും വേണം. കർഷകന്റെ അഭിവൃദ്ധി ഒരർഥത്തിൽ രാജ്യത്തിന്റെ അഭിവൃദ്ധികൂടിയാണ്. രാഷ്ട്രീയത്തിന്റെയോ അഭിപ്രായവ്യത്യാസത്തിന്റെയോ പേരിൽ കർഷകർക്ക് ഗുണകരമാവുന്ന പദ്ധതികൾ വൈകരുത്.

നമ്മുടെ കൃഷിഭവനുകളുടെ രീതിയും മാറണം. സബ്‌സിഡി വിതരണം മാത്രമല്ല കൃഷിഭവനുകളിൽ നടക്കേണ്ടത്. കർഷകരുടെ സംശയങ്ങൾക്കുള്ള പരിഹാരം നിർദേശിക്കുന്ന കേന്ദ്രങ്ങളായി കൃഷിഭവനുകൾ മാറണം. കൃഷി ഓഫീസർമാരുടെ സാങ്കേതികശേഷി ഇപ്പോൾ കാര്യമായി ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. അവരെ മറ്റുപല ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. ഇതിനു മാറ്റംവരണം. കർഷകരുടെ കൃഷിയിടങ്ങളിലേക്ക് കൃഷി ഓഫീസർ ചെല്ലണം. അവരുടെ പ്രശ്നങ്ങൾ കണ്ടറിയണം. പരിഹാരം നിർദേശിക്കണം. ഈ കൃഷിയിടസന്ദർശനത്തിന് മുൻഗണന നൽകുന്ന രീതിയിൽ കൃഷിഭവനുകളുടെ പ്രവർത്തനത്തിൽ മാറ്റംവരുത്തണം.