ദുരന്തകാലങ്ങൾ  മാനവരാശിയുടെ ഭാഗധേയം ഒന്നാണെന്ന് ഓർമിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. രോഗത്തിന്റെ വിത്തുകൾക്ക് അതിരില്ല എന്നതുപോലെ അതിനെ വേരോടെ പിഴുതെറിയാനുള്ള ജീവന്മരണ പോരാട്ടത്തിനും വരമ്പുകളരുത്.  എല്ലാ ഭേദചിന്തകളും അലിയിച്ചുകളഞ്ഞ് പൊതുശത്രുവായ മഹാമാരിയെ പ്രതിരോധിക്കാനുള്ള സന്മനസ്സോടെയുള്ള ഐകമത്യമാണാവശ്യം.
ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മുടെ നാടിനെ നമ്മളല്ല മറ്റ് രാജ്യത്തുള്ളവരാണ് എത്രയോ കാലം മുമ്പേതന്നെ വിശേഷിപ്പിച്ചത്. ഭൂപ്രകൃതിമാത്രമല്ല, മനുഷ്യപ്രകൃതികൂടിയാണ് അങ്ങനെ വിശേഷിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന് കരുതാം. ആ പ്രതീക്ഷയിലും വിശ്വാസത്തിലും നമ്മുടെ നാടുകാണാൻ വിദേശരാജ്യങ്ങളിൽനിന്നെത്തിയ അയ്യായിരത്തിൽപ്പരംപേർ ഇപ്പോഴത്തെ മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത മനഃപ്രയാസത്തിൽ ഇവിടെ അകപ്പെട്ടുപോയിരിക്കുന്നു. സ്വദേശത്തെ അവസ്ഥയാലോചിച്ചുള്ള നീറ്റൽ, വേവലാതി, സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ശങ്ക,  പെട്ടെന്ന് അസ്വീകാര്യരായതിന്റെ വേദന-അവർ തീതിന്നുകയാണെന്ന് പറയുമ്പോൾ ഇവിടെയുള്ളവർ അങ്ങനെയല്ലെന്നല്ല അർഥം. അവരുടെ സ്വദേശങ്ങളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങളെ ആലോചിച്ചുള്ള കടുത്ത വേദന നമ്മളും അനുഭവിക്കുന്നു. ഫലത്തിൽ എല്ലാവരും ഒരേ ഭീതിയിലും ആശങ്കയിലും പെട്ടുഴലുന്ന അന്തരീക്ഷം. സ്വദേശിയും വിദേശിയുമല്ല, വലിയ വിപത്തിൽനിന്ന് കരകയറാൻ അശ്രാന്തപരിശ്രമം നടത്തുന്ന മാനവരാശി എന്ന ഏകകത്തിലെത്തിനിൽക്കുകയാണ്‌ ലോകജനത.

വിദേശികളാണ് രോഗം പരത്തുന്നതെന്നും വിനോദസഞ്ചാരത്തിനെത്തി ഇനിയും തിരിച്ചുപോകാനാകാതെ കഴിയുന്നവരെയെല്ലാം കൊറോണ രോഗികളെന്ന് സംശയിക്കണമെന്നും കരുതുന്നത് വലിയ തെറ്റാവും. വിദേശത്തുനിന്നെത്തി ഇവിടെ കഴിയുന്നവരിൽ ചിലരുടെ ഭാഗത്തുനിന്ന് കരുതലുണ്ടായില്ല എന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. പക്ഷേ, വളരെ കുറച്ചുപേരിൽനിന്നേ അത്തരം പെരുമാറ്റമുണ്ടായിട്ടുള്ളൂ. രോഗലക്ഷണമുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഒരു വിദേശി അധികൃതരുടെ കണ്ണുവെട്ടിച്ച് വിമാനയാത്രയ്ക്ക് മുതിർന്നതുപോലുള്ള സംഭവങ്ങൾ. എന്നാൽ, അത് ഒരു പൊതു പ്രവണതയാണെന്ന നിഗമനത്തിലെത്തുന്ന തരത്തിൽ അവരോട് ചില ഭാഗങ്ങളിൽനിന്ന് പെരുമാറ്റമുണ്ടായത് കേരളത്തിന്റെ ആതിഥ്യമര്യാദയ്ക്ക് ചേർന്നതല്ല. 

ലോഡ്ജിൽ മുറി കിട്ടാഞ്ഞതിനെത്തുടർന്ന് ഒരാൾക്ക് സെമിത്തേരിയിൽ രാത്രി കഴിച്ചുകൂട്ടേണ്ടിവന്നുവെന്ന റിപ്പോർട്ടുണ്ടായി. ഇറ്റലിയിൽനിന്നെത്തിയ യുവാവും ഫ്രഞ്ചുകാരിയായ സുഹൃത്തും വാഹനം കിട്ടാതെ മണിക്കൂറുകളോളം പൊരിവെയിലത്ത് റോഡിൽ നടന്നുതളരുകയും ഭക്ഷണവും കുടിവെള്ളവും പോലും  കിട്ടാതെ അവശരാവുകയും ചെയ്ത സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. വിദേശത്തുനിന്നുള്ള സഞ്ചാരികൾ ബസുകളിൽ യാത്രചെയ്യുന്നതിനിടയിൽ ആക്ഷേപിക്കപ്പെട്ടതായും വാർത്തവന്നു. ഏതായാലും പോലീസും ജില്ലാ ഭരണകൂടവും ഇടപെട്ട് അവർക്കെല്ലാം ആശ്വാസം പകർന്നുവെന്നതും യാഥാർഥ്യം. സ്വദേശിയായ ഒരു ഡോക്ടറെയും പത്നിയെയും കൊറോണ ആരോപിച്ച് ഫ്ളാറ്റിൽ പൂട്ടിയിട്ട സംഭവമുണ്ടായി. നന്മ നിറഞ്ഞ തൊണ്ണൂറ്റൊമ്പത് ശതമാനം പെരുമാറ്റത്തിന്റെയും മാറ്റു കുറയ്ക്കുന്ന ഒരു ശതമാനം ദുഷ്‌ചെയ്തികൾ. മനസ്സിൽ ആർദ്രതയില്ലാഞ്ഞിട്ടല്ല, പേടി കൊണ്ടാണ് ചിലരെയെങ്കിലും ഇത്തരം പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. പേടിയല്ല ജാഗ്രതയാണാവശ്യം എന്ന് അധികൃതർ ഓർമിപ്പിക്കുന്നതിന്റെ പിന്നിലെ വിവേകം നാം മനസ്സിലാക്കണം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കോളറയും വസൂരിയും പടർന്നുപിടിച്ച് ജനങ്ങളെ കൊന്നൊടുക്കുമ്പോൾ ജാതിമതാതീതമായി സംഘടിച്ച് ദുരിതാശ്വാസപ്രവർത്തനം നടത്തിയതിലൂടെ കൂടിയാണ് നവോത്ഥാന കേരളസമൂഹത്തിന്റെ രൂപവത്‌കരണമെന്നതും ഓർക്കണം.  വിനാശകാരിയായ കൊറോണ വൈറസ് പരക്കാതിരിക്കാൻ മുൻകരുതലായി വിദേശപൗരന്മാർ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർബന്ധിക്കുന്നത് അവരുടെയും എല്ലാവരുടെയും രക്ഷയ്ക്കാണ്. സർവനാശകാരിയെപ്പോലെ വാ പിളർന്നുനിൽക്കുന്ന ഒരു മഹാമാരിയാണ് മുന്നിലെന്നതിനാൽ  പെരുമാറ്റച്ചട്ടം പാലിച്ചേപറ്റൂ എന്നുമാത്രം. രോഗാണു ചലനത്തെ തടയുന്നതിന് അതിന്റെ ചങ്ങല തകർക്കലാണ് മുഖ്യമാർഗമെന്ന്  വ്യക്തമായ സാഹചര്യത്തിൽ അതിന് നാടനോ മറുനാടനോ എന്ന് വ്യത്യാസമില്ലാത്ത ഒരുമയോടെയുള്ള പ്രവർത്തനമാണാവശ്യം. 

ഇപ്പോൾ  കേരളത്തിൽ കഴിയുന്ന വിദേശപൗരന്മാർക്ക് ആവശ്യമായ സൗകര്യങ്ങൾ ആരോഗ്യ പെരുമാറ്റച്ചട്ടത്തിന്റെ അതിരിനകത്തുനിന്നുകൊണ്ട് ലഭ്യമാക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. ഈ ആപത്തുകാലത്ത് ആ പെരുമാറ്റച്ചട്ടത്തിനകത്തുനിന്നുകൊണ്ടുതന്നെ അവരെ സ്വസഹോദരങ്ങളായിക്കണ്ട്് സ്നേഹവും കരുണയും പകരാൻ നാട്ടുകാർക്ക് കഴിയണം. അങ്ങനെ കഴിയുന്നതിനുള്ള സാംസ്കാരികൗന്നത്യമാണ് മലയാളിജനതയെ വേറിട്ടുനിർത്തുന്നത്.  വിഖ്യാത ചരിത്രകാരനായ യുവാൽ ഹരാരി  പറഞ്ഞതുപോലെ മഹാമാരിക്കുള്ള പ്രതിവിധി ഒറ്റപ്പെടുത്തലല്ല, സഹകരണമാണ്.