ലോകം വലിയൊരു യുദ്ധമുഖത്താണ്. വികസിത രാഷ്ട്രങ്ങൾപ്പോലും ആശങ്കയിലും ഭീതിയിലും. കോവിഡ്-19 വൈറസ് നമ്മെ അത്രമാത്രം പിടിച്ചുലച്ചിരിക്കുന്നു. ചൈനയിൽ രോഗവ്യാപനം ഉറപ്പായി ആഴ്ചകൾക്കകം വൈറസ് ബാധിതരായി മലയാളികൾ ഇവിടെയെത്തി. ആരോഗ്യപരിപാലനരംഗത്ത് സുശക്തമായ ബഹുതലസംവിധാനമാണ് നമ്മുടെ വലിയസമ്പത്ത്. മലയാളികളായ ആരോഗ്യപ്രവർത്തകരുടെ വൈദഗ്‌ധ്യം എല്ലാക്കാലത്തും ലോകം അംഗീകരിച്ചിട്ടുള്ളതും. ഈ സവിശേഷതകൾക്ക് മകുടംചാർത്തി ദിശാബോധവും വിഷയ ബോധ്യവുമുള്ള ഭരണനേതൃത്വവും കൂടിച്ചേർന്നതോടെ നമ്മുടെ രോഗപ്രതിരോധപ്രവർത്തനം വിശ്വമാതൃകയായി വളർന്നു. ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ വിജയമല്ലെന്നും കൂട്ടായ്മയുടെ മേന്മയാണെന്നും പറയുന്നത് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചവർ തന്നെയാണ്. 

വീഴ്ചകളും പരിമിതികളുമില്ലെന്നല്ല.  കക്ഷിരാഷ്ട്രീയത്തിന്റെ അമിത പ്രസരണത്തിലുയർന്ന വിമർശനങ്ങളോട് പൊതുസമൂഹം നടത്തിയ പ്രതികരണങ്ങൾ സൂക്ഷ്മമായി ഏവരും വിലയിരുത്തേണ്ടതാണ്. അരിഷ്ടകാലത്ത് തോളോടുതോൾചേർന്നും ആഴത്തിൽ കൈകൾ കോർത്തുമാണ് മുന്നേറേണ്ടത്. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ മുന്നറിയിപ്പുകൾ നൽകുകയെന്നത് ജനാധിപത്യക്രമത്തിൽ പ്രതിപക്ഷത്തിന്റെ ധർമമാണ്. ആരോഗ്യകരമായി ഉന്നയിക്കുന്ന വിമർശനങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുത ഭരണനേതൃത്വത്തിന്റെയും കടമയാണ്. ഇരുപക്ഷവും നിർദിഷ്ട ഉത്തരവാദിത്വങ്ങൾ പാലിച്ചാൽമാത്രമേ ആർക്കും അനുകരണീയമാകുന്ന മാതൃകാചരിത്രങ്ങൾ നമുക്ക് സൃഷ്ടിക്കാൻ കഴിയൂ.

കൊറോണയുടെ ആദ്യഘട്ടത്തിൽത്തന്നെ വൈറസ് വ്യാപനം പൂർണമായി നിയന്ത്രിക്കാൻ നമുക്കായി. എന്നാൽ,  അമിതാത്മവിശ്വാസമെന്ന് തോന്നുംവിധത്തിൽ ചെറുതല്ലാത്ത തിരിച്ചടികൾ വരുന്നു. വിമാനത്താവളത്തിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും അനുസരിക്കാത്ത ചിലരുടെ പെരുമാറ്റമാണ് ആദ്യ തിരിച്ചടിയുടെ കാരണം. എന്നാൽ, നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ ഔന്നത്യം അരക്കിട്ടുറപ്പിക്കുന്ന വിധത്തിൽ അതിനെ നാം തരണംചെയ്തു. പിന്നീടുവന്ന തിരിച്ചടിയിൽ  കാര്യങ്ങൾ കുറേക്കൂടി സങ്കീർണമാണ്. ഇറ്റലിയിൽനിന്നു വന്നവരെ രോഗ സ്ഥിരീകരണത്തിനു മുമ്പുതന്നെ മാറ്റിപ്പാർപ്പിക്കണമെന്ന നിബന്ധന ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരത്തും കോട്ടയത്തുമെല്ലാം ഇത്തരം സ്ഥിതി ആവർത്തിക്കപ്പെട്ടത് നിസ്സാരമല്ല. ഇതിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സംഭവിച്ചതെന്തെന്ന് പ്രത്യേകം വിലയിരുത്തേണ്ടതുമാണ്. അത്രയേറെ ഗൗരവം അതിനുണ്ട്. നാടൊന്നാകെ സർവശക്തിയും സമാഹരിച്ചുനടത്തുന്ന പ്രയത്നത്തിന്റെ ആത്മാവറിയാതെ ചിലരെങ്കിലും പ്രവർത്തിക്കുന്നെന്ന് ന്യായമായും സംശയിക്കണം.  തിരിച്ചടികളുണ്ടാകാതിരിക്കാൻ വീഴ്ചകൾ ആവർത്തിക്കില്ലെന്ന് ഓരോരുത്തരും നിശ്ചയിക്കണം. ഇവിടെയാണ് ആരോഗ്യകരമായ വിമർശനത്തിന്റെയും സഹിഷ്ണുതാപൂർവമുള്ള തിരുത്തൽ പ്രക്രിയയുടെയും പ്രസക്തി.  

കൊറോണ ബാധ 146 രാജ്യങ്ങൾ പിന്നിട്ടതായാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്ക്. രോഗികളുടെ എണ്ണം 1,53,648 ആയി. മരണസംഖ്യ 6000 കടന്നു. രോഗവ്യാപനത്തിന്റെയും ചികിത്സയുടെയും സൂക്ഷ്മമായ വിലയിരുത്തലിലൂടെ ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും പാലിക്കേണ്ട കാര്യങ്ങൾ അധികൃതർ വിശദമായി പ്രസിദ്ധീകരിക്കുന്നുമുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പും പ്രാദേശിക സ്ഥിതിയിൽ മാർഗനിർദേശങ്ങൾ പുതുക്കുന്നുണ്ട്. കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോൾ വായ പൊത്തിപ്പിടിക്കുക, കൈകൊണ്ട് മുഖത്ത് അധികം തൊടാതിരിക്കുക തുടങ്ങിയ പ്രാഥമികകാര്യങ്ങളാണ് ആവശ്യപ്പെടുന്നത്. എല്ലാ പൗരന്മാർക്കും ഉത്തരവാദിത്വമുണ്ടെന്ന് സാരം. ഇതിനിടെയാണ് ലോകത്തെമ്പാടും മതാനുഷ്ഠാനങ്ങളിലും മറ്റും ആവശ്യമായ ഭേദഗതികൾ വരുത്താൻ ബന്ധപ്പെട്ടവരെല്ലാം തയ്യാറായിരിക്കുന്നത്. ഉത്സവങ്ങളും പെരുന്നാളുകളും നാമമാത്രച്ചടങ്ങുകളാക്കിയാണ് ഇത് സാധ്യമാക്കുന്നത്. വിവാഹങ്ങളുടെ പങ്കാളിത്തവും പകിട്ടും ഏറെ ചുരുക്കിയിട്ടുമുണ്ട്. ഈയവസരത്തിൽ കൊച്ചി വിമാനത്താവളത്തിനുമുന്നിൽ ഒരു ആൾക്കൂട്ടം റിയാലിറ്റിഷോയിലെ പങ്കാളിയെ സ്വീകരിക്കാൻ നടത്തിയ കോപ്രായങ്ങൾ മലയാളിയുടെ സാമൂഹികബോധത്തെയും അന്തസ്സിനെയും പരിഹസിക്കുന്നതായി. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി എല്ലാഭാഗം ജനങ്ങളും മുൻവിധികളില്ലാതെ ഒത്തുചേർന്ന് ഒറ്റലക്ഷ്യത്തിനായി പ്രവർത്തിക്കേണ്ടതാണീ അവസരം. അതിനു നമുക്ക് കഴിയുകതന്നെ വേണം.