ലോകമെങ്ങും കൊറോണയെന്ന മഹാമാരി പടർന്നുപിടിക്കുമ്പോഴും ഇന്ധനനികുതി വർധിപ്പിച്ച് കൊള്ളലാഭം കൊയ്യുകയാണ് കേന്ദ്രസർക്കാർ. ശനിയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ ലിറ്ററിന് മൂന്നുരൂപയുടെവീതം വർധനയാണ് വരുത്തിയത്. ആഗോളവിപണിയിൽ ഇന്ധനവില കുറഞ്ഞതിന്റെ പ്രയോജനം ഉപഭോക്താക്കൾക്കു നൽകാതെ ലാഭം ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢതന്ത്രമാണിതിനു പിന്നിൽ. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവിൽപ്പന കുറയുമെന്നും എന്നാൽ, ലാഭം കുറയാൻ പാടില്ലെന്നുമുള്ള കഴുകൻചിന്തയാണ് ഇപ്പോഴത്തെ നികുതിവർധനയ്ക്ക്‌ കാരണം. ഇന്ധനവില ലിറ്ററിന് പത്തു രൂപ വീതമെങ്കിലും കുറയ്ക്കാൻ അവസരമുണ്ടായിട്ടും അതുചെയ്യാതെ ലാഭം ഉയർത്താനാണ് ശ്രമം. തീരുവ വർധിപ്പിച്ചെങ്കിലും പെട്രോൾ വിലയിൽ 13 പൈസയുടെയും ഡീസൽ വിലയിൽ 16 പൈസയുടെയും കുറവ് ശനിയാഴ്ചയുണ്ടായി. തീരുവവർധന വിലയിൽ തട്ടിക്കിഴിച്ചതിലൂടെയാണ് ഇത് സാധ്യമായത്. എന്നാൽ, ഈ നീക്കം  ജനത്തിന്റെ കണ്ണിൽ പൊടിയിടുന്നതാണ്.

28.18 രൂപ മാത്രം അടിസ്ഥാനവിലയുള്ള പെട്രോളിന് കേന്ദ്രതീരുവ 22.98 രൂപയാണ്. 31.74 രൂപ അടിസ്ഥാനവിലയുള്ള ഡീസലിന് തീരുവ മാത്രം 18.83 രൂപയും. സംസ്ഥാന നികുതിയും ചരക്കുകൂലിയും പമ്പുടമകളുടെ കമ്മിഷനുമൊക്കെ ചേരുമ്പോൾ പെട്രോളിന് 71.70 രൂപയും ഡീസലിന് 66.01 രൂപയും നൽകേണ്ട അവസ്ഥ. അതും അസംസ്കൃത എണ്ണവില സമീപകാലത്തെ ഏറ്റവും താഴ്ന്നനിലയിലെത്തി നിൽക്കുമ്പോൾ. ഇന്ധനവില കൂടുമ്പോൾ നികുതി കുറയ്ക്കാൻ തയ്യാറല്ലാത്ത കേന്ദ്രം ആഗോളവിപണിയിൽ അസംസ്കൃത എണ്ണവിലയിടിഞ്ഞപ്പോൾ നികുതി കൂട്ടി വരുമാനം ഉയർത്താനാണ് ശ്രമിക്കുന്നത്. 2014-ൽ നരേന്ദ്രമോദി സർക്കാർ ആദ്യം അധികാരത്തിലേറുമ്പോൾ പെട്രോളിന്റെ തീരുവ 9.48 രൂപയും ഡീസലിന്റേത് 3.56 രൂപയും മാത്രമായിരുന്നു. 2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ ഒമ്പതുതവണയായി പെട്രോളിന്റെ തീരുവ 12 രൂപയും ഡീസലിന്റേത് 13.77 രൂപയും കൂട്ടിയിരുന്നു. അന്നും അസംസ്കൃത എണ്ണവില കുറഞ്ഞ സന്ദർഭത്തിലായിരുന്നു നികുതിവർധന. പിന്നീട് എണ്ണവില വൻതോതിൽ ഉയർന്നപ്പോഴാകട്ടെ രണ്ടു തവണ മാത്രമാണ് തീരുവ കുറച്ചത്. 2017 ഒക്ടോബറിൽ രണ്ടു രൂപയും 2018 ഒക്ടോബറിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നര രൂപയും കുറച്ചു. 

എന്നാൽ, അധികാരത്തിൽ തിരിച്ചെത്തിയ മോദി സർക്കാർ 2019 ജൂലായിൽ ഇന്ധനത്തീരുവ വീണ്ടും രണ്ടുരൂപ വർധിപ്പിച്ചു.
ഇപ്പോഴത്തെ നികുതി വർധനയിലൂടെ 39,000 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പരോക്ഷമായ കണക്കാണിത്. എണ്ണക്കമ്പനികൾ ഉണ്ടാക്കുന്ന ലാഭവും അതിൽനിന്ന് സർക്കാരിന് കിട്ടുന്ന വിഹിതവും വേറെ. ഏതാനും വർഷം മുമ്പുവരെ കേന്ദ്രസർക്കാർ സബ്‌സിഡിനഷ്ടം സഹിച്ചാണ് ഉത്പാദനച്ചെലവിനെക്കാൾ കുറഞ്ഞവിലയ്ക്ക് പെട്രോളും ഡീസലും വിറ്റിരുന്നത്. ഡീസലിന് ലിറ്ററിന് പത്തു രൂപയ്ക്കുമേൽവരെ സബ്‌സിഡിയുണ്ടായിരുന്നു. എന്നാൽ, 2010 ജൂണിൽ പെട്രോളിനും 2014 ഒക്ടോബറിൽ ഡീസലിനുമുള്ള സബ്‌സിഡി എടുത്തുകളഞ്ഞു. ഇതോടെ വിലനിയന്ത്രണം നീങ്ങുകയും ചെയ്തു. ഇപ്പോൾ സർക്കാരിന് ഏറ്റവും വലിയ വരുമാനസ്രോതസ്സായി ഇന്ധനവിൽപ്പന മാറിയിരിക്കുകയാണ്. 

കൊറോണപ്പേടിയിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടാൻ തുടങ്ങുന്ന ഈ സാഹചര്യത്തിൽ ഇന്ധനനികുതി വർധിപ്പിച്ച് വിലക്കയറ്റത്തിലേക്ക് ജനത്തെ തള്ളിവിടാതെ വില കുറച്ച് ആശ്വാസം പകരുകയാണ് സർക്കാർ ചെയ്യേണ്ടത്.  വിലക്കയറ്റത്തിൽ ഇന്ധനവിലയ്ക്കും കാര്യമായ സ്വാധീനമുണ്ട്. ചരക്കുകടത്തിന് ഇന്ധനം കൂടിയേ തീരൂ. ഇന്ധനവില കുറച്ചില്ലെങ്കിൽ രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിലേക്ക് ഇന്ത്യ കൂപ്പുകുത്തും.