പ്രണയദിനമാണിന്ന്. പ്രണയത്തിന്റെ പേരിൽ പരസ്പരം കടിച്ചുകീറാനും കൊല്ലാനും മടിയില്ലാത്തിടത്തോളം രോഗാതുരമായിട്ടുണ്ട് നമ്മുടെ നാട്. അഹന്തയാൽ രോഗബാധിതരായവരാണ് മനുഷ്യർ എന്ന് നിരീക്ഷിക്കുന്നുണ്ട് വിഖ്യാത ചലച്ചിത്രകാരനായ ആന്ദ്രേ തർക്കോവ്സ്കി. മറ്റുള്ളവരിൽനിന്ന് നേടിയെടുക്കാനുള്ള ആർത്തിയായി അത് മാറുന്നു. അത് സ്വാതന്ത്ര്യമല്ല. മറിച്ച്, നമുക്കുള്ളത് നൽകാൻ പഠിക്കലാണ് സ്വാതന്ത്ര്യം. സ്നേഹംകൊണ്ടുള്ള ഈ ആത്മബലിയെക്കാൾ വലിയ മറ്റൊരു മൂല്യവുമില്ലെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ വിശ്രുതസിനിമയായ ‘സാക്രിഫൈസ്’. അതെ, മഹത്തായ പ്രണയം പ്രതിഫലമിച്ഛിക്കാത്ത സ്വയംസമർപ്പണംതന്നെയാണ്. പുരുഷന്മാരെക്കാൾ സ്ത്രീകളാണതിൽ മുന്നിലെന്ന് കേരളത്തിലെ ചില സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. സംസ്ഥാനത്ത് അവയവദാനം ചെയ്യുന്നവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. മരണാനന്തരമല്ലാതെയുള്ള അവയവദാനത്തിന് തയ്യാറാകുന്നത് (ലൈവ് ഡൊണേഷൻ) 70 ശതമാനത്തിലേറെയും സ്ത്രീകളാണ്. പ്രിയപ്പെട്ടവരുടെ വേദനയിൽ ഹൃദയം തുറക്കുന്ന ഈ കാരുണ്യത്തിനുമുന്നിൽ നമുക്ക് നമസ്കരിക്കാം.
ജീവിതശൈലിയുടെ അപായകരമായ വഴികളിലൂടെയുള്ള യാത്രകൾകൊണ്ടുകൂടിയാവാം നമ്മുടെ വൃക്കയും കരളുമൊക്കെ തകരാറാകുന്നത്. അവയവമാറ്റത്തിലൂടെയല്ലാതെ അതിജീവനം സാധ്യമല്ലെന്ന നിലവരുമ്പോൾ നിയമ-നൈതിക കുരുക്കുകൾ കടമ്പയായിവരുന്നു. എന്നാൽ, ഏറ്റവും വലിയ തടസ്സം അവയവദാതാവിനെ കണ്ടെത്തുകയെന്നതാണ്. ഇവിടെയാണ് അവയവദാതാക്കളായി എത്തുന്നവർ പ്രകാശംപരത്തുന്ന മനുഷ്യരായി മാറുന്നത്. 2017-ൽ സംസ്ഥാനത്ത് 21 ആശുപത്രികളിലായി 689 വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നു. അതിൽ 90 ശതമാനത്തിലും ദാതാക്കൾ സ്ത്രീകളാണ്. കരൾമാറ്റ ശസ്ത്രക്രിയയിലും ഇതാണ് സ്ഥിതി. 138 കരൾമാറ്റശസ്ത്രക്രിയയിൽ 11 ശതമാനംമാത്രമാണ് മരണാനന്തര അവയവദാനമായുള്ളത്. സ്ത്രീകൾ മടിച്ചുനിൽക്കാതെ മുന്നോട്ടുവരുന്നുവെന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണെന്ന് ഈ രംഗത്തെ വിദഗ്ധർ നിരീക്ഷിക്കുന്നു. എന്നാൽ, അത്തരം അവസരങ്ങളിൽ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പേരിലുള്ള ചൂഷണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അവയവമാറ്റത്തിനായുള്ള നൈതികസമിതികളും ഡോക്ടർമാരുമാണ്. സ്നേഹവും കാരുണ്യവും കെണിയായി മാറാൻ പാടില്ല. അത് അന്യായമാണ്. ലിംഗവിവേചനവും ഉണ്ടാകരുത്.
ജീവിച്ചിരിക്കുമ്പോഴോ മരണശേഷമോ ഒരു വ്യക്തിയുടെ ആരോഗ്യമുള്ള അവയവങ്ങളോ അവയവഭാഗങ്ങളോ മറ്റൊരാൾക്ക് ദാനംചെയ്യുന്ന പ്രക്രിയയാണ് അവയവദാനം. ‘അവയവദാനം മഹാദാനം’ എന്ന സന്ദേശം നമ്മൾ ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും യഥാസമയം അവയവം കിട്ടാത്തതിന്റെ പേരിൽമാത്രം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമൊഴിവാക്കാൻ ഇനിയും നമുക്കായിട്ടില്ല. സ്വന്തം ശരീരം, മരണാന്തരം ഒട്ടേറെ ജീവൻ രക്ഷപ്പെടുത്താൻ സാധ്യതയുള്ള ഒരു ഖനികൂടിയാണെന്ന തിരിച്ചറിവ്, മനുഷ്യസമൂഹത്തോടുള്ള അഗാധമായ സ്നേഹത്തിൽനിന്നേ ഉണ്ടാകൂ. അതിനുള്ള സന്നദ്ധത വളർത്തിയെടുക്കേണ്ടതുണ്ട്.
മരണശേഷം അവയവം ദാനംചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ് വെബ്‌സൈറ്റിൽ (http://knos.org.in) രജിസ്റ്റർചെയ്യാം. സമ്മതപത്രം നൽകിയാൽ അക്കാര്യം ബന്ധുക്കളെ അറിയിക്കുകയും വേണം. മരണശേഷം കാലതാമസംവരാതെ എടുത്താലേ അവയവങ്ങൾ ഉപയോഗപ്പെടുത്താനാകൂ. നമ്മിലൂടെ ജീവിക്കുന്ന മറ്റുജീവന്റെ തുടിപ്പ് ഓരോ ജീവനെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വലിയ അടയാളമാക്കിമാറ്റും. മനുഷ്യവംശത്തിനായുള്ള സ്വയം സമർപ്പണമാകട്ടെ ഓരോ ജീവിതവും. ആത്മാവ് നഷ്ടപ്പെടുത്താത്ത അത്തരം ജീവിതങ്ങൾതന്നെയാകും നാളെയുടെ പ്രത്യാശ. ജീവിതത്തോടുള്ള പ്രണയം തുടിക്കലാകട്ടെ അത്.