മലയാളസിനിമ പുരസ്കാരചരിത്രത്തിൽനിന്ന്‌ ഏറ്റവും കൂടുതൽ തഴയപ്പെട്ട വർഷമാണ്‌ നാം പിന്നിടുന്നത്‌. ഏറ്റവും കൂടുതൽ പണം മുടക്കി നിർമിക്കുന്ന സിനിമയും ഏറ്റവും കൂടുതൽ ജനങ്ങൾ കണ്ട സിനിമയുമാണ്‌ ഏറ്റവും മികച്ച സിനിമ എന്ന ധാരണയാണ്‌ ഈ വർഷത്തെ ദേശീയ ചലച്ചിത്രപുരസ്കാരം ഉണ്ടാക്കുന്നത്‌. പോയവർഷം ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്‌ ‘ബാഹുബലി’യാണ്‌. അത്‌ ഒരേസമയം വഴിതെറ്റിക്കുന്ന നാഴികക്കല്ലുകളെ ചരിത്രത്തിലും സമൂഹത്തിലും കുഴിച്ചിടുന്നു. മനുഷ്യരെ അമ്പരപ്പിക്കുന്നതും യുക്തിഹീനമായ കെട്ടുകാഴ്ചകളിൽ മതിമറക്കാൻ നിർബന്ധിതരാക്കുന്നതുമായ സിനിമയാണ്‌ ഏറ്റവും മികച്ച സിനിമയെങ്കിൽ ‘ബാഹുബലി’തന്നെയാണ്‌ പോയവർഷത്തെ ഏറ്റവും മികച്ചത്‌. കാരണം, അതിനൊപ്പം നിൽക്കാൻപോന്ന മറ്റൊരു ‘കാഴ്ചവസ്തു’ ഉണ്ടായിട്ടില്ല. സർക്കാർ, ജനങ്ങളുടെ നികുതിപ്പണമെടുത്ത്‌ പുരസ്കാരം നൽകുന്നതിന്‌ കൃത്യമായ മാനദണ്ഡങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്‌. സാങ്കേതികമായും സൗന്ദര്യശാസ്ത്രപരമായും മികച്ചതായിരിക്കുമ്പോൾത്തന്നെ സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉന്നതനിലവാരം പുലർത്തുന്നതായിരിക്കണം സിനിമ എന്നതാണത്‌. ഗൊദാർദിനെപ്പോലുള്ള വിശ്രുത ചലച്ചിത്രകാരന്മാർ നിർദേശിച്ചപ്രകാരം, അത്‌ ചരിത്രത്തെയും സാമാന്യബോധത്തെയും അപഹസിക്കുംവിധം ഒരു വ്യാജപ്രസ്താവമായിരിക്കാൻ പാടില്ല. ആനിലയ്ക്ക്‌ നൽകപ്പെട്ട എല്ലാ ചലച്ചിത്രപുരസ്കാരമാനദണ്ഡങ്ങളെയും അട്ടിമറിക്കുന്നതാണ്‌ ‘ബാഹുബലി’യെ മികച്ച ചിത്രമാക്കുന്ന തീരുമാനം. തെറ്റായ ഒരു മാതൃകയ്ക്ക്‌ അംഗീകാരം നൽകുകയെന്നാൽ ശരിയായ ഒന്നിന്‌ അവസരം നിഷേധിക്കുകയെന്നല്ലാതെ മറ്റൊന്നുമല്ല.

മികച്ച സിനിമകൾ ഏറെയുണ്ടായിട്ടും വലിയ അംഗീകാരങ്ങളൊന്നുമില്ലാതെ മലയാളസിനിമയ്ക്ക്‌ മടങ്ങേണ്ടിവരുന്നത്‌ നിരാശാജനകമാണ്‌. മുഖ്യധാരാസിനിമയിലെ എക്കാലത്തെയും വലിയ ജനപ്രിയചിത്രമായ ‘ഷോലെ’യുടെ സംവിധായകൻ രമേഷ്‌ സിപ്പി അധ്യക്ഷനായ ദേശീയജൂറി മുഖ്യധാരയെ ഏകപക്ഷീയമായി തുണച്ചുവെന്നതാണ്‌ വസ്തുത. എന്നാൽ, ഇതുവഴി ചരിത്രത്തിലിടംപിടിക്കാൻ സാധ്യതയുണ്ടായിരുന്ന മലയാളമടക്കമുള്ള നിരവധി പ്രാദേശികഭാഷാചിത്രങ്ങൾ തിരസ്കരിക്കപ്പെട്ടുവെന്നത്‌ നിർഭാഗ്യകരമായ ഒരു യാഥാർഥ്യമാണ്‌. ഈ വർഷം മികച്ച സിനിമയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്കാരം നേടിയ ‘ഒഴിവുദിവസത്തെ കളി’യും മികച്ച രണ്ടാമത്തെ ചിത്രമായ ‘അമീബ’യുമടക്കമുള്ള നിരവധി സിനിമകൾ പൂർണമായും മുങ്ങിപ്പോകാനിടയാക്കിയത്‌ ജൂറിയുടെ കാഴ്ചപ്പാടിന്റെമാത്രം പ്രശ്നമാണ്‌.കേന്ദ്ര-സംസ്ഥാന പുരസ്കാരങ്ങൾ സിനിമകൾക്കായി ഏർപ്പെടുത്തിയ കാലംമുതൽതന്നെ തീർത്തും വ്യത്യസ്തമായ കാഴ്ചകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ജൂറിയിൽ നടക്കാറുണ്ട്‌. അത്‌ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കാറുമുണ്ട്‌. എന്നാൽ, 63-ാം ദേശീയപുരസ്കാരം കാഴ്ചപ്പാടുകൾ തമ്മിലുള്ള അന്തരമില്ലായ്മയാണു കുറിക്കുന്നത്‌. പുരസ്കാരങ്ങൾ മിക്കവാറും മുഴുവനായുംതന്നെ മുഖ്യധാരാപക്ഷം കൈയടക്കുന്ന അവസ്ഥയാണുണ്ടായിട്ടുള്ളത്‌. അപൂർവം ചില അപവാദങ്ങൾമാത്രമേ കേന്ദ്രപുരസ്കാരത്തിൽ എടുത്തുപറയാനുള്ളൂ. ‘ബാഹുബലി’യെപ്പോലുള്ള ചിത്രത്തെ ഒരുവർഷത്തെ ഏറ്റവും മികച്ച സിനിമയാക്കുന്ന ജൂറിയിൽനിന്നുതന്നെ സിനിമയ്ക്ക്‌ ഒരു പുരസ്കാരംപോലും ലഭിക്കാതിരുന്നതിൽ ഖേദമില്ലെന്ന സംവിധായകൻ സനൽകുമാർ ശശിധരന്റെ പ്രതിഷേധപ്രസ്താവന പ്രസക്തമാകുന്നത്‌ ഇവിടെയാണ്‌.

കാഴ്ചപ്പാടുകളും മാനദണ്ഡങ്ങളും മാറ്റിവെക്കുന്ന കാലത്തിനെതിരെയുള്ള നല്ല സിനിമക്കാരുടെ പ്രതിഷേധസ്വരംതന്നെയാണിത്‌. അത്‌ കേട്ടില്ലെന്നു നടിക്കുന്നത്‌ ഭാവിയിൽ സിനിമകളിലെ എല്ലാ വ്യത്യസ്തസ്വരങ്ങളുടെയും മരണത്തിനു മാത്രമേ വഴിയൊരുക്കൂ. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ജൂറിനിയമനംതന്നെയാണ്‌ പുരസ്കാരങ്ങളുടെ ഭാവി നിർണയിക്കുന്നത്‌. ജൂറി ആരെന്നു തീരുമാനിക്കുന്നത്‌ സർക്കാറാണ്‌. സർക്കാറിന്റെ പ്രത്യയശാസ്ത്ര, രാഷ്ട്രീയ ഇംഗിതങ്ങൾക്കു വഴങ്ങിക്കൊടുക്കുന്ന തീരുമാനങ്ങളാണ്‌ ജൂറി കൈക്കൊള്ളുന്നതെങ്കിൽ അത്‌ പുരസ്കാരങ്ങളുടെ ചരിത്രത്തെ ഒന്നടങ്കം മലിനമാക്കുമെന്നുറപ്പാണ്‌. അതിന്റെ പടപുറപ്പാടാണ്‌ ഈവർഷത്തെ ജൂറിതീരുമാനത്തിൽ നിഴലിക്കുന്നത്‌. ജൂറിനിയമനങ്ങളും അതിന്റെ മാനദണ്ഡങ്ങളും നേരത്തേതന്നെ പരസ്യമാക്കിക്കൊണ്ട്‌, അതിൽ അപാകമുണ്ടെങ്കിൽ തിരുത്താൻ അവസരമുണ്ടാകുന്ന ഒരു സുതാര്യ ജനാധിപത്യസമ്പ്രദായം ഇക്കാര്യത്തിലുണ്ടാകണം. തിരഞ്ഞെടുക്കപ്പെട്ട ഏതു ജനകീയസമിതിയാണ്‌, എന്തു മാനദണ്ഡമനുസരിച്ചാണ്‌ ജൂറിയെ തിരഞ്ഞെടുത്തതെന്ന്‌ ജനം അറിയേണ്ടതുണ്ട്‌. എങ്കിലേ പുരസ്കാരങ്ങളെച്ചൊല്ലിയുള്ള കലഹങ്ങൾക്കറുതിയുണ്ടാകൂ, അത്‌ ജനങ്ങളെ വഴിതെറ്റിക്കുന്ന നാഴികക്കല്ലുകളാകാതിരിക്കൂ.