സർക്കാർ നൽകുന്ന കനത്ത സാമ്പത്തികസഹായം കൊണ്ടുമാത്രം പിടിച്ചുനിൽക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്‌ കെ.എസ്‌.ആർ.ടി.സി. മാറിമാറിവന്ന സർക്കാരുകളും ഭരണമേധാവികളും സ്വീകരിച്ച മോശപ്പെട്ട നയങ്ങളും കെടുകാര്യസ്ഥതയും ജീവനക്കാരിൽ ഒരു വിഭാഗത്തിന്റെയെങ്കിലും ഭാഗത്തുനിന്നുണ്ടായിട്ടുള്ള ആത്മാർഥതയില്ലായ്മയുമൊക്കെയാണ്‌ ഈ പൊതുജനസേവന സ്ഥാപനത്തെ ഇന്നത്തെ ദുഃസ്ഥിതിയിൽ കൊണ്ടെത്തിച്ചത്‌. പെൻഷൻ കൊടുക്കാൻപോലും വഴിയില്ലാതെ വിഷമിക്കുമ്പോഴും  നല്ല വാർത്തകളല്ല കെ.എസ്‌.ആർ.ടി.സി.യിൽ നിന്നു കേൾക്കുന്നത്‌. അശ്രദ്ധമായ വണ്ടിയോടിക്കലും ഉദാസീനമായ വാഹനപരിചരണവും യാത്രക്കാരെ കയറ്റുന്നതിലുള്ള താത്‌പര്യക്കുറവുമൊക്കെ ഇപ്പോഴും മാറാവ്യാധികളായി തുടരുന്നു. അതിന്റെ ഉദാഹരണമാണ്‌ വൻവിലകൊടുത്തുവാങ്ങിയതും  ഉന്നതമായ സാങ്കേതിക നിലവാരമുള്ളതുമായ സ്കാനിയ ബസുകളെ ഡ്രൈവർമാർ കൈകാര്യംചെയ്ത്‌ ഒരു വഴിക്കാക്കിയത്‌.

പദ്ധതിവിഹിതമായി കിട്ടിയ 19.55 കോടി രൂപ ഉപയോഗിച്ചാണ് 2016 ഏപ്രിലിൽ 19 സ്കാനിയ ബസുകൾ കെ.എസ്.ആർ.ടി.സി. വാങ്ങിയത്. സംസ്ഥാനാന്തര പാതകളിലെ സ്വകാര്യബസുകളുടെ കൊള്ളനിരക്കിൽ നിന്നു യാത്രക്കാരെ രക്ഷിക്കലായിരുന്നു ലക്ഷ്യം.  അവയുടെ ഇന്നത്തെ അവസ്ഥ പരമദയനീയമാണ്. എല്ലാ ബസുകളും അപകടത്തിൽപ്പെട്ടു. ഒരെണ്ണം നന്നാക്കാൻ കഴിയാത്തവിധത്തിൽ ഉപേക്ഷിച്ചു. 84.34 ലക്ഷം രൂപ അറ്റകുറ്റപ്പണിക്കുവേണ്ടി ചെലവിട്ടു. 314 ദിവസം ബസുകൾ ഓടിക്കാൻ കഴിഞ്ഞില്ല. ഒരുവർഷത്തിനിടെ 86 അപകടങ്ങൾ. നഷ്ടം നാലുകോടി കവിഞ്ഞു. വരുമാനത്തിന്റെ സിംഹഭാഗവും അപകടങ്ങളുടെ പേരിൽ ചോരുന്നു. ശുഭപ്രതീക്ഷയോടെ തുടങ്ങിയ കാര്യങ്ങൾ അമ്പേ പരാജയപ്പെടുകയാണ്. അപകടപരമ്പരകളാണ് ഈ ബസുകളുണ്ടാക്കിയത്‌.

ഇതിന്റെ കാരണം കണ്ടെത്താൻ പ്രത്യേകിച്ച് അന്വേഷണത്തിന്റെയോ പഠനത്തിന്റെയോ ആവശ്യമില്ല. അപകടനിരക്ക് കൂടുതലാണെന്ന യാഥാർത്ഥ്യം കെ.എസ്.ആർ.ടി.സി. നിഷേധിക്കുന്നില്ല. ഒന്നരവർഷം മുമ്പ് ഇക്കാര്യം നിയമസഭയിൽ സമ്മതിക്കുകയും ചെയ്തു. രോഗത്തെക്കുറിച്ച് പഴിക്കുന്നതിനെക്കാളേറെ അതിന് ചികിത്സ കണ്ടെത്തുകയാണു വേണ്ടത്. അപകടനിരക്ക് കൂടുതലാണെന്നു ബോധ്യമായിട്ടും അതിനു പരിഹാരം കാണാൻ സ്ഥാപനനേതൃത്വത്തിന് കഴിഞ്ഞില്ലെന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. അന്തസ്സംസ്ഥാന പാതകളിലെ  അപകടങ്ങളിൽ ഭൂരിഭാഗവും ഡ്രൈവർമാരുടെ പിഴവാണെന്നതും നിഷേധിക്കാനാകില്ല. സ്കാനിയക്ക് മുമ്പ് ഉപയോഗിച്ചിരുന്ന വോൾവോ ബസുകളും അപകടങ്ങളെത്തുടർന്നാണ് നഷ്ടത്തിലായത്. അതേ ഗതി സ്കാനിയയ്ക്കും ഉണ്ടാകുന്നു. സംസ്ഥാനാന്തരപാതകളിൽ നൂറിലധികം സ്വകാര്യബസുകൾ പ്രതിദിനം സുരക്ഷിതമായി ഓടുന്നുണ്ട്. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്ക് മാത്രം എന്തേ പിഴയ്ക്കുന്നുവെന്ന്‌ ആലോചിക്കേണ്ടത്‌ അതുകൊണ്ടാണ്‌.   

അപകടനിരക്ക് നാൾക്കുനാൾ ഉയരുമ്പോൾ അതുപരിഹരിക്കാൻ കെ.എസ്‌.ആർ.ടി.സി.ക്കു കഴിയുന്നില്ല. ആഡംബരബസുകളിലേക്ക് ഡ്രൈവർമാരെ തിരഞ്ഞെടുക്കുമ്പോഴും പിഴവ് സംഭവിക്കുന്നുണ്ട്.  അപകടമുണ്ടാക്കാത്ത മികച്ച ഡ്രൈവർമാരെയാണ് തിരഞ്ഞെടുത്ത് പരിശീലനത്തിന് അയയ്ക്കേണ്ടത്. എന്നാൽ ഡ്രൈവർമാരെ തിരഞ്ഞെടുക്കാനുള്ള അവകാശം മാനേജ്മെന്റിൽ നിന്ന്‌ തൊഴിലാളിസംഘടനകൾ കൈയടക്കിയിരിക്കുന്നു എന്നതാണു വാസ്തവം. പരിശീലനത്തിന് അയയ്ക്കേണ്ട ഡ്രൈവർമാരുടെ പാനൽ തയ്യാറാക്കുന്നത് തൊഴിലാളി യൂണിയൻ നേതാക്കളാണ്. യൂണിയനുകളുടെ അംഗബലം അനുസരിച്ച്‌ ഡിപ്പോ ഭരണം വീതംവയ്ക്കുന്നു. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പാനലിൽ യൂണിയൻ പ്രതിനിധികൾ മാത്രമാകും ഉണ്ടാകുക. അപകടം പിണഞ്ഞാലും കുറ്റക്കാരനായ ഡ്രൈവറെ രക്ഷിക്കാൻ യൂണിയൻനേതൃത്വം എത്തും. സ്ഥാപനത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയാലും ഡ്രൈവർ കുറ്റക്കാരനല്ലാതെ പുറത്തുവരും. സ്ഥിരമായി അപകടമുണ്ടാക്കുന്ന ഡ്രൈവർമാരെ പരിശീലനത്തിന് അയയ്ക്കാറുണ്ട്. ഇതും പ്രഹസനമായി മാറുകയാണ്. കുറച്ചുദിവസം ശമ്പളംവാങ്ങി വെറുതെയിരിക്കാം എന്ന അവസ്ഥയിലേക്ക് പരിശീലന പരിപാടി മാറുന്നു.

വിശ്രമമില്ലാത്ത ഡ്രൈവിങ്ങാണ് അപകടത്തിനിടയാക്കുന്നതെങ്കിൽ അതു മാറ്റണം. ബസിലെ ഓരോ യാത്രക്കാരന്റെയും റോഡിലുള്ളവരുടെയും ജീവൻ ഡ്രൈവറുടെ കൈയിലാണ്. ദീർഘദൂരബസുകളിൽ ഡ്രൈവർക്ക് മതിയായ വിശ്രമം നൽകിയുള്ള ഡ്യൂട്ടിക്രമമാണ് വേണ്ടതെന്നു സംശയമില്ല. അത് കെ.എസ്.ആർ.ടി.സി.യിൽ മാത്രം എന്തുകൊണ്ട് നടപ്പാക്കാൻ കഴിയുന്നില്ല. ആരാണ് അതിനെ എതിർക്കുന്നത്. ഇത്‌ കണ്ടെത്തേണ്ടതും പരിഹരിക്കപ്പെടേണ്ടതുമുണ്ട്. സുരക്ഷിതമായി വാഹനമോടിക്കുന്ന ഒരുവിഭാഗം ഡ്രൈവർമാരുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. സ്ഥാപനത്തോട്‌ ആത്മാർഥതയും അർപ്പണ ബോധവുമുള്ളവരുണ്ട്. എന്നാൽ, ഇവർ ന്യൂനപക്ഷമായി മാറുന്നുവെന്നതിന്റെ ഉദാഹരണമാണ് വർധിക്കുന്ന അപകടനിരക്ക്. വാഹനവ്യവസായത്തെ സംബന്ധിച്ചിടത്തോളം ഡ്രൈവർ, മെക്കാനിക്ക്, കണ്ടക്ടർ എന്നിവർക്ക് നിർണായകമായ പങ്കുണ്ട്. ഇവരുടെ ഭാഗത്ത് പാളിച്ചയുണ്ടെങ്കിൽ അത്‌ സ്ഥാപനത്തിന്റെ തകർച്ചയ്ക്കു വഴിതെളിക്കും. നിത്യച്ചെലവിനുപോലും വഴി കണ്ടെത്താൻ കെ.എസ്‌.ആർ.ടി.സിക്കാവുന്നില്ല. ഈ സ്ഥിതി ജീവനക്കാരും തിരിച്ചറിയണം. അവരുടെ അന്നമാണ് ബസ്. അത് നിലനിന്നാൽ മാത്രമേ ഉപജീവനമുണ്ടാകുകയുള്ളൂ. അതിന് ജീവനക്കാരുടെ മനോഭാവം മാറേണ്ടതുണ്ട്.