കടലിലും കരയിലും പ്രതികൂലസാഹചര്യങ്ങളോട്‌ മല്ലിട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്‌ മത്സ്യത്തൊഴിലാളികൾ. പ്രകൃതിയോടുമല്ലിട്ട് മലയാളിയുടെ തീൻമേശകളിൽ വിഭവമെത്തിക്കുന്നവർ. മാനം കറുത്താൽ, കടലിന്റെയും കാറ്റിന്റെയും ഭാവം മാറിയാൽ പട്ടിണിയിലേക്ക്‌ എടുത്തെറിയപ്പെടുന്നവർ. കോർപ്പറേറ്റുകൾ കൈയടക്കിവരുന്ന ആഗോളകച്ചവടമായി  മത്സ്യബന്ധനം മാറിയതോടെ  അതിജീവനത്തിനായി പാടുപെടുന്നവർ. എന്നാൽ കടലും കടലോരവും അവരുടേതല്ലാതായി  മാറുകയാണ്.  അവരുടെ പ്രശ്നങ്ങളെന്തെന്ന് യഥാവിധി മനസ്സിലാക്കുകപോലുംചെയ്യാതെയാണ്  കരയിലെ അധികാരികൾ  കാലാകാലങ്ങളിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മിക്ക നിയമങ്ങളും. അത് അവരുടെ ജീവിതത്തെ  ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രഹരമാണ് മീൻപിടിക്കാൻ ഇനി കേന്ദ്രസർക്കാരിന്റെയും ലൈസൻസ് വേണം എന്ന നിർദിഷ്ടനിയമം. ഇപ്പോൾത്തന്നെ മത്സ്യബന്ധനത്തിന് സംസ്ഥാന രജിസ്‌ട്രേഷനുണ്ട്.  അതിനുപുറമേയാണ്  കേന്ദ്രലൈസൻസും നിർബന്ധമാകാൻ പോകുന്നത്.  

കേന്ദ്രചട്ടപ്രകാരമുള്ള സുരക്ഷാമാനദണ്ഡമുള്ളവർക്കുമാത്രമേ ഇനി കടലിൽ മീൻപിടിക്കാൻ ലൈസൻസ് കിട്ടൂ. ലൈസൻസിന്റെ മാനദണ്ഡങ്ങൾ സാധാരണ മീൻപിടിത്തക്കാർക്ക് അപ്രാപ്യമാക്കുകയും കോർപ്പറേറുകൾക്ക് അനുകൂലമാക്കുകയും ചെയ്യുന്ന അജൻഡ ഇതിൽ പതിയിരിക്കുന്നുണ്ടെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ  ആശങ്ക കണക്കിലെടുക്കാൻ അധികാരികൾ ബാധ്യസ്ഥരാണ്.  കേന്ദ്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഷനും റദ്ദാക്കലുമുണ്ടാകും. സസ്പെൻഷൻ കാലത്ത് കടലിൽ മീൻപിടിക്കാൻ പോയാൽ മത്സ്യത്തൊഴിലാളിക്ക് വിലക്കുവരും. എപ്പോൾ വേണമെങ്കിലും വള്ളങ്ങൾ പരിശോധിക്കാനും പിടിച്ചെടുക്കാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. തടഞ്ഞാൽ പിഴശിക്ഷ മുതൽ ജയിൽശിക്ഷവരെ കിട്ടും. ഇന്ത്യൻ സമുദ്രമേഖലയിലെ ഏത് മത്സ്യബന്ധനയാനത്തിലും പരിശോധനനടത്താനും നടപടിയെടുക്കാനും കോസ്റ്റ്ഗാർഡിന് പ്രതിരോധമന്ത്രാലയം അനുമതി നൽകിക്കഴിഞ്ഞു.  മത്സ്യത്തൊഴിലാളികൾക്കുമേൽ  അടിച്ചേൽപ്പിക്കുന്ന ഈ ലൈസൻസ്‌രാജ്  കടലിൽനിന്ന്‌ അവരെ അന്യവത്‌കരിക്കുന്നതിനാണ് വഴിതുറക്കുക. ഇത് മത്സ്യത്തൊഴിലാളികളെ മാത്രമല്ല ബാധിക്കുക; സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കും.  എന്തിനും കേന്ദ്രാനുമതി വേണ്ടിവരുന്ന ഈ നയം സംസ്ഥാനത്തിന്റെ ഫെഡറൽ അധികാരങ്ങൾക്കുമേലുള്ള കടന്നുകയറ്റവുമാണ്.  

ദേശീയ സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറണമെന്ന്  ഡൽഹിയിൽനടന്ന പാർലമെന്റ് മാർച്ചിൽ  ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കടൽ കോർപ്പറേറ്റുകളുടെമാത്രം അവകാശമാകാൻ ഇടയാക്കുന്നതാണ്‌ ബില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി മാർച്ച് ഉദ്ഘാടനംചെയ്തുകൊണ്ട് പറഞ്ഞ അഭിപ്രായം രാജ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആഴക്കടൽ മീൻപിടിത്തത്തിന് കമ്പനികൾക്ക് അനുമതിനൽകാനുള്ള പുതിയ കേന്ദ്രനീക്കവുമായാണ് ഇതിനെ കൂട്ടിവായിക്കേണ്ടത്. ഇത് കടലിനെ കമ്പനികൾക്ക് തീറെഴുതലാണെന്നും കേരളത്തിന് വലിയ തിരിച്ചടിയാകുമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ ചാൾസ് ജോർജ് മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. വിദേശകപ്പലുകൾക്ക് മീൻപിടിത്തത്തിന് അനുമതി നൽകുന്നതിൽ സുരക്ഷാഭീഷണിപോലും കണക്കിലെടുക്കേണ്ടതുണ്ട്. തദ്ദേശസമൂഹത്തെ തെരുവാധാരമാക്കുന്ന ഈ  തീരുമാനത്തിൽനിന്ന്‌ കേന്ദ്രം പിന്മാറാൻ തയ്യാറാവുന്നതാണ് ന്യായം. കടലിന്റെ മക്കളുടെ അന്നം മുട്ടിക്കരുത്.