ഒരു നാടിന്റെയും വീടിന്റെയും പ്രതീക്ഷയായിരുന്ന ഫാത്തിമാ ലത്തീഫ് ഇപ്പോൾ രാജ്യത്തിന്റെ വേദനയാണ്. ഈ വർഷത്തെ അഖിലേന്ത്യാ എൻ.ഐ.ടി. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയവൾ. കൊല്ലം കിളികൊല്ലൂർ സ്വദേശി. ഇക്കഴിഞ്ഞ ജൂലായിലാണ് രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഉന്നത വിദ്യാഭ്യാസസ്ഥാപനമായ മദ്രാസ് ഐ.ഐ.ടി.യിൽ അവൾ വിദ്യാർഥിയായി ചേർന്നത്. കഷ്ടിച്ച് മൂന്നര മാസത്തെ പഠനം ബാക്കിെവച്ചത് രാജ്യത്തിന് മുതൽക്കൂട്ടാകേണ്ട പെൺകുട്ടിയുടെ മരണമാണ്. ഫാത്തിമാ ലത്തീഫിനെ നവംബർ ഒമ്പതിന് ചെന്നൈയിലെ തന്റെ കോളേജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഫാത്തിമയുടെ മരണത്തിൽ പഠിച്ച സ്ഥാപനത്തിന്റെ നിസ്സംഗമായ പ്രതികരണമാണ് കണ്ടത്. തന്റെ മരണത്തിന് കാരണം ഇവരാണെന്ന് ആരോപിച്ച്, ചില അധ്യാപകരുടെ പേരെഴുതിയ സ്ക്രീൻ ഷോട്ട് മൊബൈൽ ഫോണിൽ പതിപ്പിച്ചാണ് ഫാത്തിമ വിടവാങ്ങിയത്. എന്നിട്ടും അവരുടെ കുടുംബത്തിന്റെ നിലവിളി കേൾക്കാൻ അധികാരികൾ തയ്യാറായില്ല. ഒന്നു ഫോണെടുക്കാനോ മരണത്തിൽ ഔപചാരികമായ ആശ്വാസവചനം ചൊരിയാനോ പോലും അവിടെനിന്നും ആരുമെത്തിയില്ല. രാജ്യാന്തരതലത്തിൽ മികവുറ്റ ഒരു സ്ഥാപനം അതിന്റെ മര്യാദകൾ മറന്നു? മനഃപൂർവമാണെന്ന് ആരോപണത്തെ തള്ളിക്കളയാനാവില്ല.
മകളുടെ വേർപാട് താങ്ങാനാവാതെ ഫാത്തിമയ്ക്ക് മരണാനന്തര നീതി തേടി ചെന്നൈയിലെത്തിയ പിതാവ് ലത്തീഫിന്റെ വിലാപം ഇപ്പോൾ മദ്രാസ് ഐ. ഐ.ടി.യെ മാത്രമല്ല രാജ്യത്തെ പാർലമെന്റിനെയും ചലിപ്പിച്ചിരിക്കുന്നു. മദ്രാസ് ഐ.ഐ. ടി.യിലെ വിദ്യാർഥികളും ‘ചിന്താബാർ’ എന്ന കൊടിക്കീഴിൽ നീതിക്കായി നിരാഹാരം കിടന്നു. ഒരനക്കമുണ്ടായി. ഇനി വേണ്ടത് നീതിയാണ്. മക്കൾക്ക് മരണാനന്തരനീതി തേടി നടക്കേണ്ടി വരുന്ന നിസ്സഹായാവസ്ഥ രാജ്യത്തിന് നാണക്കേടാണ്.
മദ്രാസ് ഐ.ഐ. ടി.യിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത് അഞ്ചാമത്തെ മരണമാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ രാജ്യത്തെ എട്ട് ഐ.ഐ.ടി.കളിലായി 52 വിദ്യാർഥികളും മദ്രാസിൽമാത്രം 14 പേരും മരിച്ചതായുള്ള കണക്കുകളും പുറത്തു വന്നിരിക്കുന്നു. മദ്രാസ് ഐ.ഐ.ടി.യിൽ 28 വർഷം അധ്യാപികയായിരുന്ന മുൻ പ്രൊഫസർ വസന്ത കന്ദസ്വാമി വിശേഷിപ്പിച്ചത് ഇതൊരു സ്ഥാപന നിർമിത കൊലപാതകമാണെന്നാണ്. രാജ്യത്തിന്റെ അഭിമാനമാകേണ്ട ഈ ഉന്നത വിദ്യാഭ്യാസശൃംഖല ദളിതർക്കും പിന്നാക്ക ജാതിക്കാർക്കും മുസ്ലിങ്ങൾക്കുമൊക്കെ അതിജീവിക്കാൻ ബുദ്ധിമുട്ടുള്ള സ്വയംഭരണ അധികാര കേന്ദ്രങ്ങളാണെന്ന ആരോപണത്തിന് അധികാരികൾ ഉത്തരം പറയേണ്ടതുണ്ട്.
‘ഇങ്ങനെ തീരേണ്ടതാണോ നമ്മുടെ കുട്ടികൾ’ എന്ന ചോദ്യത്തിന് ഞങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിലായി മറുപടി തേടിയപ്പോൾ ഒട്ടേറെ നിർദേശങ്ങളാണ് മുന്നോട്ടു വന്നിട്ടുള്ളത്. കുട്ടികളെ സമ്മർദത്തിൽപ്പെടുത്താത്ത അധ്യാപനരീതിയുടെ ആവശ്യകതയാണ് മനശ്ശാസ്ത്രജ്ഞനായ ഡോ. പി.എൻ. സുരേഷ് കുമാർ നിർദേശിച്ചത്. ഇന്റേണൽ അസസ്മെന്റ് മറയാക്കി മത- ജാതിപരവും ലൈംഗികവുമായ ചൂഷണങ്ങൾക്ക് വിദ്യാർഥികൾ വിധേയരാകുന്ന അവസ്ഥയിലേക്കാണ് മുൻ കേരള വി.സി.യും സംസ്ഥാന ആസൂത്രണബോർഡ് അംഗവുമായ ഡോ. ബി. ഇക്ബാൽ വിരൽച്ചൂണ്ടുന്നത്. അണുകുടുംബങ്ങളിൽ അമിതലാളനയേറ്റ് വളരുന്ന കുട്ടികൾ തീർത്തും പ്രതികൂല സാഹചര്യങ്ങളിൽ അതിജീവന ശേഷിയില്ലാതെ തളർന്നു പോകുന്നതും ജീവനൊടുക്കുന്ന അവസ്ഥയിലേക്കെത്തുന്നതും പതിവാണിപ്പോൾ. പഠനം എന്നത് അതിജീവിക്കാനുള്ള പഠനം കൂടിയാണ്. ഏതു പ്രതികൂല സാഹചര്യത്തോടും പൊരുതി നിൽക്കാനും അതിജീവനതന്ത്രം മെനയാനുള്ള പാഠങ്ങൾ നമ്മുടെ വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും അടിസ്ഥാനമായി മാറേണ്ടതുണ്ട്.