ഇടനിലക്കാരുടെ ചൂഷണത്തിലകപ്പെട്ട കർഷകരുടെ ദുരിതങ്ങൾ വാർത്തകളല്ലാതായി. കർഷക ആത്മഹത്യകൾ ചലനങ്ങൾ സൃഷ്ടിക്കാതായി. അന്താരാഷ്ട്ര കരാറുകളുടെ കൈപ്പിടിയിലുള്ള വിപണിയുടെ ചതിക്കുഴികളിൽ നിലകിട്ടാതെ മുങ്ങുകയാണ് വിളകളും കർഷകരും. ഈ പശ്ചാത്തലത്തിലാണ് സ്വയം വിപണി കണ്ടെത്താനുള്ള യത്നവുമായി ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽനിന്നുള്ള നെൽക്കർഷകർ മുന്നിട്ടിറങ്ങി മാതൃക തീർത്തിരിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നും ബാങ്കുകളുടെ ജപ്തിനടപടിയിൽനിന്നും മുക്തിനേടാനാണ് ഈ പ്രതിരോധപ്രസ്ഥാനം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്വന്തം പാടത്ത് വിളയിച്ച പാലക്കാടൻ മട്ടനെല്ല് ‘ഞാറ്റുവേല’ എന്നപേരിൽ അരിയാക്കി വിപണിയിലിറക്കിയിരിക്കയാണ് കർഷകർ. കേരളത്തിനുപുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ നെല്ലുത്‌പാദകർ ചേർന്ന് രൂപവത്‌കരിച്ച മൾട്ടി സ്റ്റേറ്റ് പാഡി ഫാർമേഴ്‌സ് സഹകരണ സൊസൈറ്റിയാണ് ഇതിന് മുൻകൈയെടുക്കുന്നത്. അവിലും അരിപ്പൊടിയും ഇവർ വിപണിയിലിറക്കും. ഒരു സംസ്ഥാനത്തുനിന്ന്‌ ആയിരം കർഷകർ ചേർന്ന് 5000 കർഷകരുടെ കൂട്ടായ്മയാകാനാണ് സംഘടനയുടെ പരിപാടി. ആഗോളീകരണ നയങ്ങൾമൂലം ഉണ്ടാകുന്ന  ഉത്‌പന്നങ്ങളുടെ വിലത്തകർച്ചയ്ക്ക്‌ എന്നും ഭരണകൂടത്തെ ആശ്രയിച്ചുമാത്രം പരിഹാരം കണ്ടെത്താനാകില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് രൂപംകൊണ്ടത്.  കർഷകരുടെ അറിവും പങ്കാളിത്തവും ഉറപ്പുവരുത്തുന്ന ഈ പുതിയ പ്രതിരോധ പ്രസ്ഥാനം  നമ്മുടെ കാർഷികമേഖലയിൽ പ്രത്യാശ പരത്തുന്നതാണ്.

പാലക്കാടൻ മട്ടനെല്ലിനെ ‘ഞാറ്റുവേല’യായി സംരക്ഷിക്കുന്നതിലൂടെ കോർപ്പറേറ്റുകൾക്ക് മുന്നിൽ വഴങ്ങാനില്ലെന്ന കർഷകരുടെ ആത്മവിശ്വാസം കാണാം. ഗുജറാത്തിൽ പെപ്‌സി കമ്പനി നാല് ഉരുളക്കിഴങ്ങ് കർഷകരെ ഒരുകോടിരൂപവീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതികയറ്റിയ സംഭവവുമായി ഇത് കൂട്ടിവായിക്കേണ്ടതാണ്. കമ്പനിക്കുമാത്രം വളർത്താനും വിൽക്കാനും നിയമപ്രകാരം അവകാശമുള്ളതായി പറയുന്ന പ്ര​േത്യക​ ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് ഈ കർഷകർ കൃഷി ചെയ്തുപൊയി എന്നതാണ് ആരോപണം. നമ്മുടെ വയലുകൾ മാത്രമല്ല, നമ്മുടെ വിത്തുകളും നമ്മുടേതല്ലാതാകുന്ന കാലം പിറന്നുകഴിഞ്ഞു എന്നർഥം. ഗുജറാത്തിൽ പെപ്‌സിയുടെ ഹർജി പരിഗണിച്ച് കോടതി കൃഷി തടഞ്ഞിരിക്കുകയാണ്. പ്രദേശത്തെ സംഭരണകേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. എന്നാൽ, കർഷകരുടെ എതിർപ്പിനെത്തുടർന്ന് കർഷകർ ഒത്തുതീർപ്പിന് സമ്മതിച്ചാൽ തങ്ങൾ കേസ് പിൻവലിക്കാമെന്നാണ് പെപ്‌സി ഇപ്പോൾ എടുത്ത നിലപാട്. അതായത്, കമ്പനി അവകാശം കരസ്ഥമാക്കിയ ഉരുളക്കിഴങ്ങുകൃഷി കർഷകർ നിർത്തണം എന്നർഥം. എന്നാൽ, 2001-ലെ സസ്യവൈവിധ്യ സംരക്ഷണ കർഷകാവകാശ നിയമത്തിന്റെ ലംഘനമാണിതെന്ന് വാദിച്ച് വിവിധ കർഷകസംഘടനകൾ രംഗത്തുണ്ട്. കോർപ്പറേറ്റുകൾ വിത്തുകളുടെ അവകാശം കൈയടക്കുമ്പോൾ  തങ്ങൾക്ക് താങ്ങാവേണ്ട ഭരണകൂടം കോർപ്പറേറ്റുകൾക്ക് ഒപ്പംനിൽക്കുന്ന അവസ്ഥ കർഷകർക്ക് കൊടിയ ഭീഷണിയാണ്. ആത്മഹത്യാ മുനമ്പിൽ നിൽക്കുന്ന കർഷകരുടെ നാശത്തിനേ ഈ നയം ഉപകരിക്കൂ. അത് തിരുത്തിക്കാനുള്ള പ്രതിരോധമെന്ന നിലയ്ക്കും ദക്ഷിണേന്ത്യയിലെ ഞാറ്റുവേല കർഷകക്കൂട്ടായ്മകൾ ഇന്ന് പ്രസക്തമാണ്.  ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർ  അഭിമുഖീകരിക്കുന്ന കോർപ്പറേറ്റ് ഭീഷണി നാളെ രാജ്യത്തെ ഏതുതരം കർഷകരും അഭിമുഖീകരിക്കാനിടയുണ്ട്. വിത്തിനങ്ങളുടെ അവകാശം രാജ്യത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന എല്ലാ നിയമങ്ങളും ഇല്ലായ്മ ചെയ്‌തെങ്കിൽമാത്രമേ നമ്മുടെ കൃഷിയും കർഷകരും സുരക്ഷിതരാവൂ. അതിന് ശക്തമായ കർഷക പ്രതിരോധപ്രസ്ഥാനം കൂടിയേ തീരൂ.

ഈസ്റ്റ് ഇന്ത്യാ കമ്പനി നമ്മുടെ കാർഷികവിഭവങ്ങൾ രാജ്യത്തുനിന്ന്‌ കടത്തിക്കൊണ്ടുപോയപ്പോൾ നമ്മുടെ ഞാറ്റുവേല അവർക്ക് മോഷ്ടിക്കാനാവില്ലെന്ന പഴയ സ്വകാര്യ അഹങ്കാരത്തിന് പ്രസക്തിയില്ലാതായി. കാലാവസ്ഥാക്രമം അപ്പടി മാറി. കാലാവസ്ഥാ വ്യതിയാനം ഭീഷണമായ യാഥാർഥ്യമായി. അതിവർഷവും വരൾച്ചയും മണ്ണിനെയും കൃഷിയെയും തകർത്തു. അന്താരാഷ്ട്ര കരാറുകൾ വിത്തിലുള്ള കർഷകന്റെ അവകാശവും കവർന്നെടുത്തുകൊണ്ടിരിക്കുന്നു. പുതിയ കോർപ്പറേറ്റുകൾ പഴയ ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കാളും ആയിരം മടങ്ങ് ശക്തിയോടെ നമ്മുടെ മണ്ണും അധികാരവും പിഴിഞ്ഞെടുക്കാനൊരുങ്ങുകയാണ്. ഞാറ്റുവേല പ്രതിരോധം അതിനെതിരേ ഒരു മാതൃകയായി ഉയരട്ടേ എന്നാശംസിക്കാം.