മുപ്പത്തിരണ്ടാമത്തെ സാലഭഞ്ജികയും കഥ പറഞ്ഞുകഴിഞ്ഞപ്പോഴാണ് വിക്രമാദിത്യ സിംഹാസനത്തിന്റെ മഹത്ത്വവും ഔന്നത്യവും പൂർണമായും ഭോജരാജാവിന് മനസ്സിലായത്. ഒറ്റവാക്കിലുള്ള ഉത്തരങ്ങളുടെ കാലമല്ല ഇത്. വസ്തുതകളും എല്ലാ വശങ്ങളും സൂക്ഷ്മതയോടെ പരിശോധിച്ചാണ് പരമോന്നത നീതിപീഠം ഈ രാജ്യത്തെ എല്ലാവർക്കും ബാധകമായ വിധി പുറപ്പെടുവിക്കുന്നത്. ദീർഘകാലമായി നമ്മുടെ രാജ്യത്തെ മുൾമുനയിൽ നിർത്തിയ അയോധ്യ കേസിന് തീർപ്പുണ്ടാക്കി ഏതാനും ദിവസത്തിനകമാണ് ശബരിമല കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിപറഞ്ഞിരിക്കുന്നത്.

 ശബരിമലയിൽ പുരുഷന്മാരെപ്പോലെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ആരാധനയ്ക്കായി പോകാമെന്നതാണ് 2018 സെപ്റ്റംബർ 28-ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘാടനാ ബെഞ്ച് വിധിച്ചത്. അയ്യപ്പഭക്തരിൽ മഹാഭൂരിപക്ഷത്തിനും അത് സ്വീകാര്യമായില്ലെന്നുമാത്രമല്ല അതിശക്തമായ പ്രതിഷേധമുയരുകയും ചെയ്തു. പരമോന്നത നീതിപീഠം കല്പിച്ചുനൽകിയ അവകാശത്തിന്റെ ബലത്തിൽ പലഘട്ടങ്ങളിലായി ഏതാനും യുവതികൾ മലചവിട്ടാനെത്തിയത് വലിയ സംഘർഷത്തിനിടയാക്കി. വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ സംസ്ഥാനത്തെ പോലീസ് സേനയുടെ വലിയൊരു ഭാഗത്തെ അപ്പാടെ നിയോഗിക്കേണ്ടിവന്ന സ്ഥിതിയുണ്ടായി. സമാധാനാന്തരീക്ഷം തകർന്നേക്കുമോ എന്ന ആശങ്കയുയരുകയും രാഷ്ട്രീയമായി ദൂരവ്യാപകമായ സംഭവവികാസങ്ങൾക്ക് കാരണമാവുകയും ചെയ്തു.

      അതിനെല്ലാം ശേഷമാണ് പുനഃപരിശോധനാ ഹർജികളിൽ വിധിയുണ്ടായത്. വിവിധ സംഘടനകളും വ്യക്തികളും നൽകിയ ഹർജികൾ ഏഴംഗ ബെഞ്ച് പരിഗണിക്കണമെന്ന വിധി ഒറ്റവാക്കിലുള്ള ഉത്തരമല്ല എന്ന വ്യാഖ്യാനമാണ് വന്നുകൊണ്ടിരിക്കുന്നത്. നിയമങ്ങൾ ജനജീവിതം സുഗമമാക്കുന്നതിനായി സൃഷ്ടിക്കുന്നതാണ്. സംഘർഷത്തിലേക്ക് വളരാതിരിക്കുകയും സമാധാനത്തിന് ഭംഗമുണ്ടാകാതിരിക്കുകയും അതേസമയം, നീതി നടപ്പാക്കുകയും ചെയ്യുക എന്ന തത്ത്വത്തിലൂന്നിയേ വിശ്വാസത്തർക്കങ്ങളിൽ നീതിപീഠത്തിന് തീർപ്പുകല്പിക്കാനാവൂ. അയോധ്യ കേസിന്റെ വിധിയിൽ ഭരണഘടനാ ബെഞ്ച് ഒന്നടങ്കവും ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച ഇപ്പോഴത്തെ ഇടക്കാല ഭൂരിപക്ഷവിധിയിലും ഭൗതികവസ്തുതകൾക്കൊപ്പം വിശ്വാസത്തിനും സാഹചര്യപരമായി പരിഗണന നൽകിയേ പറ്റൂ എന്ന് ആമുഖമായിത്തന്നെ സൂചിപ്പിക്കുന്നത് പ്രസക്തമാണ്.

ശബരിമലയിൽ പത്തു വയസ്സിനും അൻപതു വയസ്സിനും ഇടയിൽ പ്രായമുള്ള യുവതികൾക്കും  തീർഥാടനത്തിനെത്താം എന്ന 2018 സെപ്റ്റംബർ 28-ന്റെ വിധി പുനഃപരിശോധിക്കാനല്ല ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്  തീരുമാനിച്ചത്, പുനഃപരിശോധിക്കണോ എന്നകാര്യം പരിശോധിക്കാനാണ്. മുസ്‌ലിം പള്ളികളിലും പാഴ്‌സി ആരാധനാലയങ്ങളിലും അതത് മതത്തിൽപ്പെട്ട സ്ത്രീകൾക്ക് പ്രവേശിക്കാൻ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടുള്ള കേസുകളും ശബരിമല പുനഃപരിശോധനാ ഹർജികളും വിശാലബെഞ്ച് പരിശോധിക്കണമെന്നാണ് വിധി. പുനഃപരിശോധനാ ഹർജികൾ തള്ളണമെന്നാണ് ജസ്റ്റിസുമാരായ നരിമാന്റെയും ചന്ദ്രചൂഡിന്റെയും ന്യൂനപക്ഷ വിധി. ഹർജി തള്ളുകയോ കൊള്ളുകയോ അല്ല സമാനമെന്ന് പറയാവുന്ന മറ്റു കേസുകൾക്കൊപ്പം ഒരു വിശദപരിശോധനയ്ക്ക് വിടുകയാണുചിതം എന്നാണ് ഭൂരിപക്ഷ വിധി. വളരെ സങ്കീർണവും ഒരുപക്ഷേ, ദീർഘവുമായ നടപടികളിലൂടെ കേസ് മുന്നോട്ടുപോകുന്നതിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.

2018 സെപ്റ്റംബർ 28-ന്റെ ഭരണഘടനാ ബെഞ്ച് വിധി അസ്ഥിരപ്പെടുത്താത്ത സാഹചര്യത്തിൽ കഴിഞ്ഞ മണ്ഡലകാലത്തെന്നപോലെ അവകാശം ഉപയോഗപ്പെടുത്താൻ ചിലരെങ്കിലും മുന്നോട്ടുവന്നേക്കാം. അവർക്ക് സംരക്ഷണം നൽകാൻ ഭരണകൂടത്തിന് ഭരണഘടനാപരമായ ഉത്തരവാദിത്വവുമുണ്ട്. അങ്ങനെവന്നാൽ വലിയ എതിർപ്പുണ്ടാകുമെന്ന് മുമ്പ് പ്രതിഷേധം പ്രകടിപ്പിച്ചവരെല്ലാം മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. കോടതിവിധികൾ, പ്രത്യേകിച്ച് സുപ്രീംകോടതി വിധി ഏതാണോ തത്‌കാലം പ്രാബല്യത്തിലുള്ളത് അത് എതിരഭിപ്രായമുള്ളവരും അംഗീകരിക്കാൻ ബാധ്യസ്ഥരാണ്. അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് പ്രശ്നത്തിൽ വിധി വരുന്നതിന് തൊട്ടുമുമ്പ് കേന്ദ്രഭരണകക്ഷിയുമായി ബന്ധപ്പെട്ട പ്രധാനസംഘടനകൾ എല്ലാ വിഭാഗത്തിൽപ്പെട്ടവരുമായി ചർച്ചനടത്തുകയുണ്ടായി. വിധി എന്തായാലും സമാധാനപരമായി സഹവർത്തിക്കാം എന്നാണ് ആ ചർച്ചയിലുണ്ടായ വികാരം. വിധി വന്നപ്പോൾ ആർക്ക് അനുകൂലം ആർക്ക് പ്രതികൂലം എന്ന് നോക്കാതെ എല്ലാ വിഭാഗവും പ്രാഥമികമായി അതിനെ അംഗീകരിക്കുന്ന ശുഭോദർക്കമായ അനുഭവമാണുണ്ടായത്.  സുപ്രീംകോടതിയുടെ ഏതു വിധിയും അത് നിലനിൽക്കുന്നിടത്തോളം അലംഘനീയവും പാവനവുമാണെന്ന് കരതുമ്പോഴേ നമ്മുടെ ജനാധിപത്യത്തിന്റെ അന്തസ്സത്ത പാലിക്കപ്പെടുകയുള്ളൂ. കോടതിവിധികളെ മറ്റു താത്‌പര്യങ്ങളുമായി കൂട്ടിക്കെട്ടാതിരിക്കാനുള്ള ജാഗ്രത എല്ലാ ഭാഗത്തുനിന്നുമുണ്ടാകണം.

ഇക്കാര്യത്തിൽ ബാധ്യത എല്ലാ പക്ഷത്തിനുമുണ്ട്.  വിശ്വാസമുള്ളവർക്ക് തീർഥാടനം നടത്തുന്നതിനുള്ള അവകാശത്തെ വെല്ലുവിളിയുടെ രൂപത്തിലുള്ള പ്രകടനപരതയായി ദുരുപയോഗിക്കുന്നത് പ്രകോപനമുണ്ടാക്കാനാണിടയാക്കുക. നേരത്തേ വിധിയുടെ പേരിൽ ആഴ്ചകളോളം മുൾമുനയിൽ നിൽക്കേണ്ടിവന്ന ജനതയാണ് നമ്മുടേത്. തുടർച്ചയായി രണ്ടു പ്രളയവും കടുത്ത സാമ്പത്തികമാന്ദ്യവും നേരിടുന്ന കേരളജനതയ്ക്ക് പഴയ മുൾമുനയിൽ വീണ്ടും കയറിനിൽക്കാനാവില്ല. അതിനുള്ള ജാഗ്രത സർക്കാരിന്റെയും ജനങ്ങളോട് ഉത്തരവാദിത്വമുള്ള രാഷ്ട്രീയപ്പാർട്ടികളുടെയും മറ്റു പ്രസ്ഥാനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുമെന്നു കരുതാം.