കുറഞ്ഞ ചെലവിൽ ജനങ്ങളുടെ രോഗചികിത്സ കാര്യക്ഷമമായി നടത്തിയിരുന്ന ധർമാശുപത്രികൾ പഴയ കേരളമാതൃകയുടെ ക്ഷേമസ്മരണയാണ്. പൊതുജനാരോഗ്യം എന്നത് പൊതുസമൂഹത്തിന്റെ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉത്തരവാദിത്വമായിരുന്ന കാലം മാറി. ആരോഗ്യവും തുറന്ന കമ്പോളത്തിൽ വിൽപ്പനയ്ക്കെത്തി. ആ മാറ്റത്തിന് നാമിപ്പോൾ വലിയ വില കൊടുത്തു കൊണ്ടിരിക്കുകയാണ്. ധർമാശുപത്രികൾ മരിച്ചു തുടങ്ങുകയും ആരോഗ്യം വിലയ്ക്കുവാങ്ങുന്ന കാര്യത്തിൽ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വർധിക്കുകയും ചെയ്തു. ആരോഗ്യരംഗത്ത് നിന്നുള്ള സർക്കാരുകളുടെ ക്രമാനുഗതമായ പിന്മാറ്റമാണ് ഈ പ്രതിസന്ധിയെ ഇത്രമേൽ രൂക്ഷമാക്കിയത്. ആഗോളീകരണത്തിന്റെ പാർശ്വഫലങ്ങൾ സമൂഹം ഇപ്പോൾ അനുഭവിച്ചു തുടങ്ങുന്നു എന്നുപറയാം.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപിൽനിന്ന് സംസ്ഥാനത്തെ പ്രധാന സ്വകാര്യ ആശുപത്രികളൊക്കെ വിട്ടുനിൽക്കുന്ന സാഹചര്യം ആ പദ്ധതിയെ ഉപകാരപ്രദമല്ലാതാക്കിയിരിക്കയാണ്. ഇൻഷുറൻസ് പാക്കേജ് ലാഭകരമല്ലെന്ന കാരണം പറഞ്ഞാണ് സ്വകാര്യ ആശുപത്രികളുടെ ഈ വിട്ടുനിൽക്കൽ. ജനതയുടെ ആരോഗ്യപരിരക്ഷ എന്നത് ഇൻഷുറൻസ് കമ്പനിയുടെ അജൻഡയ്ക്ക് ഏകപക്ഷീയമായി വിധേയപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിൽ അതിന്റെ തിക്തഫലം മുഴുവനും അനുഭവിക്കേണ്ടി വരുന്നത് ആ പദ്ധതിയുടെ ഭാഗഭാക്കായിരിക്കുന്ന സർക്കാർ ജീവനക്കാരും പെൻഷൻകാരുമാണ്. അവരുടെ കുടുംബബജറ്റിനെയും ഭാവിയെയും കുറച്ചൊന്നുമല്ല ഇത് ആശങ്കയിലാഴ്ത്തുന്നത്. ശനിയാഴ്ച ഞങ്ങൾ പ്രസിദ്ധീകരിച്ച ‘മെഡിസെപിൽനിന്ന് പ്രമുഖ സ്വകാര്യ ആശുപത്രികൾ പുറത്ത്’ എന്ന വാർത്ത ഇതിന്റെ സാക്ഷ്യമാണ്.
ശ്രീചിത്ര പോലുള്ള വിദഗ്ധ സർക്കാർ ആശുപത്രികൾപോലും മെഡിസെപ്പിന്റെ ഭാഗമല്ല. ഉത്തരകേരളത്തിൽ രണ്ടു നേത്രാശുപത്രിയടക്കം അഞ്ചു സ്വകാര്യാശുപത്രികൾ മാത്രമേ പദ്ധതിയിലുള്ളൂ. തിരുവനന്തപുരത്തും കൊല്ലത്തും 12 വീതവും എറണാകുളത്ത് പത്തും കോഴിക്കോട്, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ എട്ടുവീവും ആശുപത്രികളാണ് പദ്ധതിയിലുള്ളത്. എല്ലാ നിലയ്ക്കും ഇത് പദ്ധതിയിൽ അംഗമാകുന്നവരുടെ ചികിത്സാ ആവശ്യങ്ങൾക്ക് തീർത്തും അപര്യാപ്തമാണ്. സർക്കാർ ആശുപത്രികൾ ഗുണനിലവാരം മെച്ചപ്പെടുത്തി ഉയർന്നുവരും എന്നു പ്രത്യാശിച്ച് രോഗാവസ്ഥയിലുള്ളവർക്ക് കാത്തിരിക്കാനുമാകില്ല.
വിദഗ്ധ ചികിത്സയ്ക്കായി നമ്മുടെ നാട്ടിലെ പേരുകേട്ട സ്വകാര്യാശുപത്രികളിൽ പോലും പോകാതെ വിദേശത്തേക്കു പോകുന്നവരാണ് പൊതുവെ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ. നാട്ടിൽ ലഭ്യമായ ചികിത്സാസംവിധാനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള അഭിപ്രായം കൂടി അതിൽ ഉള്ളടങ്ങിയിട്ടുണ്ട്. ഏത് പൗരനും ആശ്രയിക്കാവുന്ന തരത്തിൽ അത് ഉന്നത നിലവാരത്തിലെത്തിക്കുക എന്നതു തന്നെയാണ് പരിഹാരം. എന്നാൽ, അത്തരമൊരു സാഹചര്യം ഇനിയും ആർജിക്കാനായിട്ടില്ല. അതു കൊണ്ടുതന്നെ സ്വകാര്യ ആശുപത്രികളും മെഡിസെപ്പിന്റെ ഭാഗമായി മാറേണ്ടതുണ്ട്. ഇൻഷുറൻസ് കമ്പനിയെയും സ്വകാര്യ ആശുപത്രികളെയും ഇക്കാര്യത്തിൽ ഒരു ധാരണയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്വം സർക്കാരിനാണ്. അല്ലാതെ ഇൻഷുറൻസ് കമ്പനിയുടെ തീരുമാനങ്ങൾക്ക് വഴങ്ങൽ നയമാകാൻ പാടില്ല.
11 ലക്ഷം സർക്കാർ ജീവനക്കാരും പെൻഷൻകാരുമാണ് മെഡിസെപിന്റെ പരിധിയിൽവരുക. റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി വഴിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. 3000 രൂപയാണ് പ്രതിവർഷം സർക്കാർ ജീവനക്കാരിൽനിന്ന് ഇതിനുള്ള പ്രീമിയമായി മെഡിസെപ് ഈടാക്കുക. മാസംഅത് 250 രൂപയാണ്. പെൻഷൻകാരിൽനിന്ന് അവരുടെ ആരോഗ്യവിഹിതം പദ്ധതിയിലേക്ക് ഈടാക്കും. ഇപ്പോഴത് മാസം 300 രൂപയാണ്. ഒരു കുടുംബത്തിന് രണ്ടുലക്ഷം രൂപയുടെ പരിരക്ഷയാണ് കിട്ടുക. അവയവ മാറ്റം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് മൂന്നുവർഷത്തേക്ക് പരമാവധി ആറു ലക്ഷം രൂപയും. ഒരു വീട്ടിലെ ഓരോ സർക്കാർ ജീവനക്കാരിൽനിന്നും പ്രീമിയം ഈടാക്കും. എന്നിട്ടും സ്വകാര്യ ആശുപത്രികളിലെ ചികിത്സ അപ്രാപ്യമായി വരുന്നത് പദ്ധതിയുടെ ഭാവിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എൻ.ജി.ഒ. അസോസിയേഷനും എൻ.ജി.ഒ. സംഘും ഇപ്പോൾത്തന്നെ പദ്ധതി വ്യവസ്ഥകൾക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. ഇൻഷുറൻസ് ആനുകൂല്യം കിട്ടണമെങ്കിൽ 24 മണിക്കൂർ ആശുപത്രിയിൽ കിടക്കണമെന്ന വ്യവസ്ഥയനുസരിച്ചാൽ റേഡിയേഷൻ, കീമോതെറാപ്പി, രക്തജന്യരോഗമായ തലാസീമിയയ്ക്കുള്ള ചികിത്സ എന്നിവ തേടുന്നവർക്ക് പരിരക്ഷ അസാധ്യമാകും. മൂന്നു വർഷമാണ് പദ്ധതിയുടെ കാലാവധി. അതിനുശേഷം എന്ത് എന്നത് അനിശ്ചിതമാണ്. ആരോഗ്യം മൗലികമായ മനുഷ്യാവകാശമാണെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ, ആരോഗ്യ പരിരക്ഷ റിലയൻസ് പോലുള്ള കമ്പനിയെ ഏൽപ്പിക്കുമ്പോൾ വ്യവസ്ഥകൾ ജനങ്ങൾക്ക് അനുകൂലവും സുതാര്യവുമായില്ലെങ്കിൽ അത് ബുദ്ധിമുട്ടിലാക്കുക പദ്ധതിയിൽ വിശ്വസിച്ചു ചേരുന്ന മുഴുവൻ പേരെയുമാണ്.
ആരോഗ്യം മനുഷ്യാവകാശമാണെങ്കിൽ സൗജന്യമായ ആതുരസേവനവും രോഗാവസ്ഥയിൽ അന്തസ്സോടെയുള്ള പരിചരണവും ഉറപ്പുവരുത്തപ്പെടണം. അതിനായി അലയേണ്ട ഗതികെട്ട അവസ്ഥയിലേക്കാണ് പരിചരണം തേടുന്നവരെ തള്ളിവിടുന്നതെങ്കിൽ അത് മനുഷ്യാവകാശലംഘനമാകും. ഗുണനിലവാരമുള്ള ധർമാശുപത്രികളും അന്തസ്സോടെയുള്ള പരിചരണവും ഏതൊരു ക്ഷേമരാഷ്ട്രത്തിലെയും പൗരന്മാരുടെ അടിസ്ഥാനപരമായ അവകാശമാണ്. അതിൽ വീഴ്ച വരുത്തരുത്. മെഡിസെപിന്റെ പരാധീനതകളിന്മേൽ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. അത് സുതാര്യവും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതുമാകണം.
Content Highlights: editorial about medisep scheme