എഡിറ്റോറിയല്‍

ത്രവട്ടം നിറയൊഴിച്ചിട്ടും ‘ശത്രു’ മരിക്കുന്നില്ലെന്നുമാത്രമല്ല, പൂർവാധികം ശക്തിയോടെ നെഞ്ചുയർത്തി നിൽക്കുകയും ചെയ്യുമ്പോൾ ഘാതകർക്കുണ്ടാകുന്ന ഉൾഭയം ഭ്രാന്തായി മാറിയേക്കാം. ലോകാരാധ്യനായ മഹാത്മാഗാന്ധിയെ പ്രതീകാത്മകമായി വീണ്ടും കൊലചെയ്ത നീച, നികൃഷ്ട സംഭവത്തെ സാധാരണ ഭ്രാന്തായി ചുരുക്കിക്കാട്ടാനാവില്ല. ഈ ഭ്രാന്ത്‌ ചികിത്സിക്കേണ്ടതല്ലേ?
71 വർഷം മുമ്പ് പ്രാർഥനായോഗത്തിൽ പങ്കെടുക്കുമ്പോഴാണ് മഹാത്മാവിനെ നാഥുറാം വിനായക് ഗോഡ്‌സെ വെടിവെച്ചുവീഴ്ത്തിയത്. വാസ്തവത്തിൽ ഒരാളല്ല, ഒരു ആശയസംഹിതയുടെ പ്രതീകമായിത്തീർന്ന വ്യക്തിയാണ് നന്മയുടെ പ്രതീകമായ മഹാത്മജിയെ കൊന്നത്. ഗാന്ധിജിയെ വധിക്കുന്നതിലൂടെ ഗാന്ധിയൻ ആദർശങ്ങളെയൊന്നാകെ കൊലചെയ്ത് രാജ്യത്തെ വീണ്ടും പ്രാകൃതത്വത്തിലേക്ക് കൊണ്ടുപോകാമെന്നാവണം അവർ ആശിച്ചത്. എന്നാൽ, എത്രതവണ കൊല്ലാൻ ശ്രമിച്ചിട്ടും ആ ഓർമകളെയും അതുയർത്തുന്ന നന്മയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും വിനയത്തിന്റെയും അഹിംസയുടെയും ആശയങ്ങളെ ഇല്ലാതാക്കാനാവുന്നില്ലെന്ന് ആ ശക്തികൾ പരിതപിക്കുന്നു.

അതുകൊണ്ടാണ് ലോകം ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിക്കുമ്പോൾ ഗോഡ്‌സെയുടെ അനുയായികൾ ഉത്തർപ്രദേശിലെ അലിഗഢ്-നൗറംഗാബാദിൽ ഗാന്ധിവധം പുനരാവിഷ്കരിച്ചത്. മാത്രമല്ല, ആ കൊലപാതകം ഒരു വീര-പുണ്യ കൃത്യമാണെന്ന്‌ പ്രചരിപ്പിക്കാൻ ‘ശൗര്യദിവസ’മായി ആചരിക്കുകയും ഗോഡ്‌സെയുടെ പ്രതിമയിൽ ഹാരമണിയിക്കുകയും ചെയ്തു അവർ. പ്രവർത്തകർക്കൊപ്പം ഹിന്ദു മഹാസഭ എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയാണത്‌ ചെയ്തത്. മതകോടതിയുടെ ജഡ്ജിയായി സ്വയം അവരോധിക്കുകയും ഗാന്ധിയെ ശരിക്കും കൊല്ലാൻ തനിക്ക് അവസരം കിട്ടിയില്ലല്ലോ എന്ന്‌ ഖേദിക്കുകയും ചെയ്തതും ഇതേ അഭിനവ ഗോഡ്‌സെയാണ്. 

ഒറ്റപ്പെട്ട സംഭവമല്ല ഇത്. കുറച്ചുകാലമായി ഗാന്ധിയൻ തത്ത്വങ്ങൾക്കെതിരേ പലയിടത്തും പൊന്തിവരാൻ തുടങ്ങിയ ഹീനമായ അസഹിഷ്ണുത ഭീകരരൂപമാർജിക്കാൻ തുടങ്ങിയതിന്റെ പ്രത്യക്ഷ ലക്ഷണമാണ്. ഗോഡ്‌സെയ്ക്ക് അമ്പലം പണിയാനും പ്രതിമയുണ്ടാക്കാനും ശ്രമം നടന്നതും അത്രയൊന്നും മുമ്പല്ല. രാമനാണ് തന്റെ ആദർശരൂപമെന്ന് നിരന്തരം ഉദ്‌ഘോഷിക്കുകയും  വെടിയേറ്റുവീഴുമ്പോഴും രാമമന്ത്രം ഉരുവിടുകയും ചെയ്ത ആ മഹാത്മാവിനെ പ്രതീകാത്മകമായി കൊല്ലുന്നത് ദസറയിൽ രാവണവധം നടത്തുന്നതിന് തുല്യമാണെന്നാണ് അതിന്റെ വക്താക്കൾ പറഞ്ഞത്. രാമരാജ്യമാക്കണമെന്ന് ഗാന്ധിജി മോഹിച്ച നാട്ടിലാണിത് നടന്നത് !

ഇന്ത്യയുടെ രാഷ്ട്രപിതാവ് മാത്രമല്ല ഗാന്ധിജി. ലോകത്തിന്‌ പുതിയൊരു സമരമാർഗവും മോചനമാർഗവും കാണിച്ചുകൊടുത്ത വിശ്വമഹാപ്രതിഭയാണ് അദ്ദേഹം. വർണഭേദത്തിന്റെപേരിൽ വിവേചനമില്ലാതെ, എല്ലാ മനുഷ്യർക്കും അന്തസ്സോടെ ജീവിക്കുന്നതിനായുള്ള ധർമസമരത്തിലൂടെയും ക്രൂരമായ അടിമത്തത്തിനെതിരായ പോരാട്ടത്തിലൂടെയുമാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി ഗാന്ധിജിയായത്. ദക്ഷിണാഫ്രിക്കയിലെ നിസ്വജനതയുടെ മോചനമാർഗം തുറന്നിട്ടശേഷം മാതൃരാജ്യത്തെത്തി അടിമത്തത്തിനെതിരേ സമരം നയിച്ചുകൊണ്ടാണ് ഗാന്ധിജി തുടങ്ങിയത്. അടിമത്തത്തിനും അസ്‌പൃശ്യതയ്ക്കും ചൂഷണത്തിനുമെതിരേ പൊരുതിക്കൊണ്ടാണ് രാഷ്ട്രീയസ്വാതന്ത്ര്യസമരത്തിലേക്ക് അദ്ദേഹം പ്രവേശിച്ചത്. ഉടുക്കാനും പുതയ്ക്കാനുമില്ലാത്ത നിരാലംബ ജനതയ്ക്കുമുന്നിൽ പൂർണവസ്ത്രം ധരിക്കുന്നതുപോലും ആഡംബരമാണെന്ന്‌ തിരിച്ചറിഞ്ഞ്, മുട്ടിനുമേലെത്തുന്ന മുണ്ടും ഒരു മേൽ തോർത്തും മാത്രം ധരിച്ച്, തീവണ്ടിയിലെ മൂന്നാംക്ലാസ് കമ്പാർട്ട്മെൻറിൽ രാജ്യമാകെ സഞ്ചരിച്ച് ഇന്ത്യയെ കണ്ടെത്തുകയും കൊളോണിയൽ ഭരണത്തിൽനിന്ന് മോചിപ്പിക്കുന്നതിന് നേതൃത്വം നൽകുകയുമായിരുന്നു. അഹിംസ എന്ന ഗാന്ധിയൻ മന്ത്രം ആദ്യകാലത്ത് പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ലോകരാജ്യങ്ങൾ കൂടുതൽ അക്രമങ്ങളിലേക്ക്‌ വഴുതിവീഴുമ്പോൾ ആ തത്ത്വത്തിന് ലോകത്താകെ പുനർജനിയുണ്ടാകുന്നു. ഗാന്ധിജി ആവിഷ്കരിച്ച സത്യാഗ്രഹവും സഹനസമരവും ഇന്ന് സമരങ്ങളുടെയെല്ലാം മാതാവായി മാറിയിരിക്കുന്നു. 

അടിയുറച്ച ഹിന്ദുമത വിശ്വാസിയായിരുന്ന ഗാന്ധിജി ശ്രീരാമന്റെ ആദർശമാണ് തന്റെ ആദർശമെന്ന് വിളംബരം ചെയ്യാൻ മടിച്ചില്ല. ഭഗവദ്ഗീതയെ ആദർശഗ്രന്ഥമായി ഉയർത്തിപ്പിടിച്ചു. മറ്റെല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നതും തുല്യതയോടെ കാണുന്നതുമാണ് തന്റെ വിശ്വാസപ്രമാണമെന്ന്‌ വ്യക്തമാക്കി. ഗാന്ധിജി വീണ്ടും വീണ്ടും വധിക്കപ്പെടുമ്പോൾ നഷ്ടമുണ്ടാകുന്നത് ഈ മഹാരാജ്യത്തിനാകെയാണ്, വർത്തമാനത്തിന് മാത്രമല്ല അത് ഭാവിയിലും ഉണങ്ങാത്ത മുറിവുണ്ടാക്കുന്നു. 

ഗോഡ്‌സെയുടെ അനുയായികൾ രാഷ്ട്രപിതാവിനെ പരസ്യമായി ചിത്രവധം നടത്തിയിട്ടും അതിനെ അപലപിക്കാനും ശക്തമായ നടപടിയെടുക്കാനും ഭരണാധികാരികൾ തയ്യാറാകാത്തതിന് ന്യായീകരണമില്ല. ഇതെല്ലാം രാജ്യംമുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ്. നിത്യഭാസുരമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന ആ സൂര്യതേജസ്സിനെ മറയ്ക്കാൻ മതാന്ധതയുടെയും വംശവെറിയുടെയും പഴകിത്തേഞ്ഞ പാഴ്‌മുറംകൊണ്ട് സാധിക്കില്ലെന്ന് ഞങ്ങൾ ഓർമിപ്പിക്കുകയാണ്. അർബുദബാധയേറ്റ മനസ്സിൽ രൂപംകൊണ്ട ഗാന്ധിജിയുടെ പ്രതീകാത്മകവധമെന്ന നീചകൃത്യത്തെ ഓരോ ഭാരതീയനും അപലപിക്കണം. മഹാത്മാവിന്റെ ഓർമകളോടുചെയ്യുന്ന ഈ ക്രൂരത നിസ്സംഗരായി കണ്ടുനിൽക്കുന്നവരല്ല നാമെന്ന് അത്തരക്കാരെ ഓർമിപ്പിക്കണം. എങ്കിൽമാത്രമേ ഈ കൃതഘ്നത ഇനിയെങ്കിലും ആവർത്തിക്കാതിരിക്കൂ.