മിന്നൽഹർത്താലിനും ഒടുവിൽ  വിലക്കായി. 1997-ൽ ഹൈക്കോടതി നിരോധിച്ചതാണ് ബന്ദ്. 2004-ലും. 2011-ലും 2015-ലും നിർബന്ധിത ഹർത്താലിനെതിരേ വിധികളുണ്ടായിട്ടുമുണ്ട്. എന്നാൽ,  ഹർത്താലായി പുനരവതരിച്ച ബന്ദിന് ഇനിയും അറുതി വരുത്താനായിട്ടില്ല. എന്ത് പേരിട്ടുവിളിച്ചാലും  ജനതയെ ബന്ദിയാക്കുന്ന സമരരൂപങ്ങൾ അവസാനിപ്പിക്കണമെന്ന ജനാഭിലാഷം തന്നെയാണ് ഹൈക്കോടതി പുതിയ വിധിയിലൂടെയും ആവർത്തിച്ചത്.

ഒരു  ദേശീയപണിമുടക്ക് നടക്കുന്ന സന്ദർഭത്തിലാണ്‌  കോടതിയുടെ ഭാഗത്തു നിന്നുള്ള ഈ ഇടപെടൽ എന്നത്  പ്രസക്തമാണ്‌. അത്രമേൽ ഹർത്താലിനാൽ വലഞ്ഞ നമ്മുടേത്  പോലൊരു സംസ്ഥാനം രാജ്യത്ത് വേറെയില്ല. ബന്ദും ഹർത്താലും പണിമുടക്കുമൊക്കെ പ്രഖ്യാപിക്കുമ്പോൾ സംഘാടകർ  പറയുന്നതാണോ നാട്ടിൽ  നടക്കുന്നത് എന്ന് കണ്ണുതുറന്ന് കാണാനുള്ള ഒരവസരം കൂടിയായിരുന്നു ഈ പണിമുടക്ക്.    വിയോജിക്കാനും വിട്ടുനിൽക്കാനുള്ള അവകാശം ഉറപ്പുവരുത്തി വേണം പണിമുടക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടത് എന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്. അത് മറ്റു പൗരന്മാരുടെ ജീവിക്കാനും  ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഹനിക്കരുത് എന്നുറപ്പു വരുത്തേണ്ടതുമുണ്ടായിരുന്നു. എന്നാൽ, നിർഭാഗ്യകരമെന്നുപറയട്ടെ ഹൈക്കോടതി  വിധി വന്നതിന്റെ തൊട്ടടുത്തദിവസം തന്നെ അത് ഏതു രീതിയിലാണ് നടന്നതെന്ന് വാർത്തകളിൽ നാം കണ്ടു.

ഭാഗികമായ ഒരു ഹർത്താൽ തന്നെയാണ് ചൊവ്വാഴ്ച ഇവിടെ അരങ്ങേറിയതെന്നത് ദുഃഖകരമാണ്‌.പണിമുടക്കാനുള്ള അവകാശം നിയമവിധേയമാണ്. നടന്നുവരുന്ന ദേശീയ പണിമുടക്ക്‌ മുൻകൂട്ടി നോട്ടീസ് കൊടുത്തു നടത്തുന്നത് തന്നെയാണ്. രാജ്യത്തെ കോടിക്കണക്കിന്‌ വരുന്ന തൊഴിലാളികളുടെ ആശങ്കകളും അതിജീവനത്തിന്റെ വിഷയങ്ങളുമാണ് പണിമുടക്കിൽ ഉന്നയിക്കപ്പെട്ടത്.  ഉദാരീകരണനയങ്ങൾ തൊഴിലാളി വർഗത്തിന്റെ സാമൂഹികസുരക്ഷയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട് എന്നത് ആർക്കും തിരിച്ചറിയാവുന്ന വാസ്തവമാണ്. സ്ഥിരം തൊഴിലുകളും തൊഴിൽ സുരക്ഷയും ഇല്ലാതായിവരുകയാണ്. തൊഴിൽനഷ്ടപ്പെടുന്നവർ പെരുകുന്നു. കേന്ദ്രസർക്കാർ ഈ വിഷയങ്ങൾ ഗൗരവപൂർവം പരിഗണിക്കുകയും ചർച്ച ചെയ്യാൻ തയ്യാറാവുകയും വേണം.

അതേസമയം, ഈ പണിമുടക്കിന്റെ സംഘാടകർ അതൊരു ഹർത്താലാകില്ല എന്ന് പൊതുസമൂഹത്തിന് ഉറപ്പുനൽകിയിരുന്നു. ആ   വാക്കിന് എത്രത്തോളം വിലകൽപ്പിക്കപ്പെട്ടു എന്നു പരിശോധിക്കേണ്ടതാണ്. തീവണ്ടിതടയലും കടകളടച്ചു പൂട്ടിക്കലും വഴിതടയലും ഏത് ഹർത്താലിലുമെന്നോണം പലയിടങ്ങളിലുമുണ്ടായി. നഷ്ടത്തിലായി അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കെ.എസ്.ആർ.ടി.സി. ഭൂരിഭാഗം സർവീസുകളും നിർത്തിവെച്ചു. തീവണ്ടികൾ വൈകിയോടുന്നു. മറ്റു മനുഷ്യരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത പ്രതിഷേധത്തിന്റെ പാതയേതെന്ന്  നമ്മുടെ സംഘടിതപ്രസ്ഥാനങ്ങൾ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന്‌  ഇത് വ്യക്തമാക്കുന്നു.

മിന്നൽഹർത്താലിന്  ആഹ്വാനം ചെയ്യുന്നവർ അത് മൂലമുണ്ടാകുന്ന പൊതു നഷ്ടത്തിന് ഉത്തരവാദികളാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ഹർത്താലിന്റെ പേരിൽ  സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ  തടവും പിഴയും വ്യവസ്ഥ ചെയ്യാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം ചൊവ്വാഴ്ച നിലവിൽവന്നിരിക്കയാണ്‌. ഇതേ സംസ്ഥാനസർക്കാരിന് അനുഭാവമുള്ള ഈ പൊതുപണിമുടക്കിൽ ഹൈക്കോടതി നിർദേശം ഇവിടെ പാലിക്കപ്പെടാതെ പോയത്‌ തീർത്തും ഖേദകരമാണ്. പണിമുടക്കുന്ന 48 മണിക്കൂറിന്റെ വില നാം അറിയാനിരിക്കുന്നതേയുള്ളൂ.