ഏതു മല കണ്ടാലും  ഇടിച്ചുനിരത്തി വിൽക്കാൻ തോന്നുന്ന ആർത്തി ഖനന മാഫിയകൾക്കു സ്വാഭാവികമാണ്. എന്നാൽ, സർക്കാരിനതു ഭൂഷണമല്ല.  ഒരു മലയും ശാസ്ത്രീയമായ പരിസ്ഥിതി ആഘാത പഠനം നടത്താതെ ഖനനത്തിനായി വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാകില്ല. അതു പരിസ്ഥിതിയെ കണക്കിലെടുക്കാത്ത വികസനദുരയാണ്. അതിന്റെ തിക്തഫലം ഏറെ നാം അനുഭവിച്ചു കഴിഞ്ഞു. കഴിഞ്ഞ മഴക്കാലം പ്രളയമായി മാറിയപ്പോൾ പരിസ്ഥിതിനാശം എത്രമാത്രം വലിയ വിപത്താണെന്നു നാം തിരിച്ചറിഞ്ഞതുമാണ്. ഏറെ  പാരിസ്ഥിതിക പ്രാധാന്യമുള്ള ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി ലഭിച്ചത് മതിയായ പഠനത്തെ തുടർന്നല്ല എന്ന വിമർശനം തുടക്കം മുതലേ ശക്തമായിരുന്നു. ഖനനത്തിനെതിരായ നാട്ടുകാരുടെ പ്രക്ഷോഭത്തെത്തുടർന്ന് രൂപവത്കരിച്ച വിദഗ്ധസമിതിയടെ റിപ്പോർട്ടു പരിഗണിച്ച്  അനുമതി  പരിസ്ഥിതി ആഘാത പഠന സമിതിക്ക് വിടാൻ  തീരുമാനിച്ചിരിക്കയാണ്. പരിസ്ഥിതിപോലുള്ള ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ കൈവന്ന പ്രളയാനന്തര നീതിയായി ഈ തീരുമാനം. മല സംരക്ഷിക്കാൻ ഒന്നരവർഷമായി നാട്ടുകാർ ഒറ്റക്കെട്ടായി നടത്തിവരുന്ന സമരത്തിന്റെ വിജയംകൂടിയാണിത്. 

പ്രളയം മാത്രമല്ല നമ്മെ പുതിയ പാഠങ്ങൾ പഠിപ്പിച്ചത്. രണ്ടു വരവിലൂടെ കേരളത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ നിപ വൈറസിന്റെ കാരണം തേടിയുള്ള അന്വേഷണങ്ങൾ ചെന്നുമുട്ടി നിൽക്കുന്നതും പരിസ്ഥിതിയിലാണ്. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിൽ മാറ്റം വരുത്താൻ നോക്കരുതെന്ന വിദഗ്ധരുടെ മുന്നറിയിപ്പ്‌ നമ്മൾ ഉൾക്കൊണ്ടേ തീരൂ. ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ലെന്ന പാഠമാണത്. വെട്ടിനിരത്തൽ എളുപ്പമാണ്. നഷ്ടപ്പെട്ടുപോയ ഓരോ മലയും എത്രയോ ജീവജാലങ്ങളുടെ വാസസ്ഥലമായിരുന്നു എന്ന് ആരും മറന്നുകൂടാ.

ചെങ്ങോടുമല എന്നത് കോഴിക്കോട്ട് കൊയിലാണ്ടി താലൂക്കിലെ കോട്ടൂർ പഞ്ചായത്തിലെ  തരിശായ കരിങ്കൽപ്പാറക്കൂട്ടമല്ല . അത് പശ്ചിമഘട്ടത്തോടു ചേർന്നുകിടക്കുന്ന  രണ്ട് ആദിവാസി ഊരുകൂട്ടങ്ങൾ ഉൾപ്പെടെ 11,979 പേരുടെ വാസസ്ഥലം കൂടിയാണ്. 3.5 കിലോമീറ്റർ നീളമുള്ളതാണ് ചെങ്ങോടുമല. നാലു മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന കോട്ടൂർ പഞ്ചായത്തിൽ  നദികളില്ല. മേൽമണ്ണിനാൽ ആവരണം ചെയ്യപ്പെട്ട സസ്യാവൃതമാണു മലയുടെ ഭൂരിഭാഗവും. അരുവികളാണ് ആകെയുള്ള ജലസ്രോതസ്സ്. 1980-കളിൽ ശക്തമായ ഉരുൾപൊട്ടലുകളിവിടെ ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തലിൽ ചെങ്ങോടുമല ഉയർന്ന ദുരന്തസാധ്യതാ പ്രദേശമാണ്. ഇത്തരമൊരു മലമ്പ്രദേശത്തു ഖനനത്തിന് അനുമതി നൽകുന്നതിനു പരിഗണിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നു പരിശോധിക്കേണ്ടതാണ്. ആരാണ് ഇതിനുപിറകിൽ  എന്നുകൂടി അറിയേണ്ടതുണ്ട്.  എങ്കിലേ എങ്ങനെയാണു പ്രളയങ്ങളുണ്ടാകുന്നത് എന്ന പഠനം  പൂർണമാകുകയുള്ളൂ. 

ലോകത്തു പത്തുലക്ഷം ജീവികൾ  ഇപ്പോൾ വംശനാശത്തിന്റെ ഭീഷണിയിലാണ്.  പ്രകൃതിയുടെ അപകടകരമായ പതനം അഭൂതപൂർവമായിരിക്കുന്നു. വംശനാശത്തിന്റെ തോതു കൂടിക്കൊണ്ടിരിക്കുകയുമാണ്.  ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുന്ന  മനുഷ്യൻ തന്നെയാണ് ഇവിടെ കുറ്റവാളി. അഥവാ മനുഷ്യരുടെ വികസനഭ്രാന്തും ആർത്തിയുമാണ്. ഇന്റർ ഗവൺമെന്റൽ സയൻസ് പോളിസി പ്ലാറ്റ്ഫോം ഓൺ ബയോഡൈവേഴ്സിറ്റി  ആൻഡ് ഇക്കോസിസ്റ്റം  സർവീസസിന്റെ  (ഐ.പി.ബി.ഇ.എസ്.) ആഗോള പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 50 രാജ്യങ്ങളിൽ നിന്നുള്ള 145 വിദഗ്ധരുടെ  മൂന്നുവർഷത്തെ പഠനഫലമാണത്. പ്രകൃതിക്ക്‌ നമ്മെയല്ല, നമുക്കു പ്രകൃതിയെയാണ് വേണ്ടത് എന്ന തിരിച്ചറിവില്ലാതെ പോകുമ്പോഴാണ് ഓരോ മല കാണുമ്പോഴും അതിലെ ഖനന സാധ്യത തിരയുന്നവരായി നാം അധഃപതിക്കുന്നത്. നിലപാടുകളിൽ  മാറ്റം വന്നില്ലെങ്കിൽ നാം കുഴിക്കുന്നതു നമ്മുടെതന്നെ ശവക്കുഴികളായിരിക്കും.