വോട്ടെടുപ്പുകഴിഞ്ഞ് ഫലം കാക്കുന്നതിനിടയിൽ, മന്ത്രിസഭയിലെ ഒരംഗത്തെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ആധികാരികമായ ഒരു ജുഡീഷ്യൽസമിതി നിർദേശിക്കുകയെന്നത് അപൂർവങ്ങളിൽ അപൂർവമാണ്. മന്ത്രിക്ക് രാജിവെക്കാനും മുഖ്യമന്ത്രിക്ക് നടപടി സ്വീകരിക്കാനും ഏതാനും ദിവസംമാത്രമാണ് ബാക്കിയുള്ളത്. പൊതുപ്രവർത്തകരുടെപേരിലെ അഴിമതിയാരോപണങ്ങൾ അന്വേഷിക്കുന്നതിനും കേസ് പരിഗണിക്കുന്നതിനുമായി പ്രവർത്തിക്കുന്ന നീതിന്യായസംവിധാനമാണ് ലോകായുക്ത. വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെങ്കിലും കോടതിവിധിയോളംതന്നെ അലംഘനീയമാണ് ലോകായുക്തവിധി.

ഭരണരംഗത്തെ അഴിമതിയും സ്വജനപക്ഷപാതവും തടയുന്നതിന് ലോകായുക്തയുടെ പ്രവർത്തനം വലിയൊരളവോളം സഹായകമാകുന്നുണ്ട്. മന്ത്രിമാരടക്കമുള്ള പൊതുപ്രവർത്തകർ ഔദ്യോഗികമായി എന്തുതീരുമാനമെടുക്കുമ്പോഴും ഓർക്കേണ്ടത് തങ്ങളുടെപേരിലെ പരാതികേൾക്കാൻ ജുഡീഷ്യൽ അധികാരത്തോടെ ലോകായുക്ത പ്രവർത്തിക്കുന്നുണ്ട്, അതിനുമുമ്പാകെ ഏതുപൗരനും കഴമ്പുള്ള പരാതികളുണ്ടെങ്കിൽ നൽകാനാവും എന്നാണ്. 

സംസ്ഥാന ഉന്നതവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് ആ പദവിയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് മുഖ്യമന്ത്രി പുറത്താക്കണമെന്നുമാണ് ലോകായുക്ത വിധിച്ചിരിക്കുന്നത്. വിധിക്കാധാരമായ പ്രശ്നം സംസ്ഥാനത്താകെ പലതവണ ചർച്ചചെയ്യപ്പെട്ടതാണ്. തന്റെ വകുപ്പിനുകീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ജനറൽ മാനേജരായി അടുത്ത ബന്ധുവിനെ നിയമിച്ചു എന്നതല്ല കേസിനാസ്പദമായ വിഷയം. ആസൂത്രിതമായ ക്രമവിരുദ്ധനടപടികളിലൂടെ നിയമിച്ചുവെന്നതാണ്.

അധിക യോഗ്യതയുള്ളയാളെയാണ് നിയമിച്ചതെന്നും നേരത്തേ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളെക്കാൾ കുറഞ്ഞ സാമ്പത്തികാനുകൂല്യമുള്ള തസ്തികയിലാണ് െഡപ്യൂട്ടേഷനിൽ നിയമിച്ചതെന്നും വിഷയം പൊതുചർച്ചയായ ഘട്ടത്തിൽ മന്ത്രി വിശദീകരിക്കുകയുണ്ടായി. അതെല്ലാം ശരിയായിരിക്കാമെങ്കിലും തന്റെ വകുപ്പിനുകീഴിലെ സ്ഥാപനത്തിൽ ബന്ധുവിനെ നിയമിക്കാൻ ചട്ടലംഘനം നടത്തിയതിന് ന്യായീകരണമാവില്ല. ആ നടപടികളിലൂടെ നിയമിതനായ വ്യക്തിക്കോ നിയമിക്കാൻ ചരടുവലിച്ചയാൾക്കോ എന്തെങ്കിലും സാമ്പത്തികനേട്ടമുണ്ടായോ അതല്ലെങ്കിൽ സ്ഥാപനത്തിന് എന്തെങ്കിലും പ്രയാസമുണ്ടായോ എന്നതുമാത്രമല്ല പ്രശ്നം. പ്രീതിയോ വിവേചനമോ കൂടാതെ ചുമതലകൾ നിർവഹിക്കുമെന്ന് ഗവർണറുടെമുമ്പാകെ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുന്നയാളാണ് മന്ത്രി. ഇവിടെ വിവേചനവും പ്രീതിയുമുണ്ടായി എന്നാണ് ലോകായുക്ത കണ്ടെത്തുകയും ഇരുവരെയും കേട്ട് വാദപ്രതിവാദങ്ങൾക്കൊടുവിൽ ക്രമക്കേടുണ്ടെന്ന് സ്ഥിരീകരിച്ച് വിധി പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നത്‌. 

 ന്യൂനപക്ഷ വികസന ധനകാര്യകമ്മിഷന്റെ ജനറൽ മാനേജരായി നിയമിക്കുന്നതിനുള്ള നിശ്ചിതയോഗ്യതയിൽ മാറ്റംവരുത്താൻ  മന്ത്രി ജലീൽ നിർദേശിച്ച് നടപ്പാക്കിയശേഷമാണ് 2016-ൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചതെന്നും ബന്ധുവിനെ നിയമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികയോഗ്യത കൂട്ടിച്ചേർത്തതെന്നും ലോകായുക്ത വിധിയിൽ വ്യക്തമാക്കുന്നു. അപേക്ഷകരിൽ പുതുക്കിയ യോഗ്യതാമാനദണ്ഡമനുസരിച്ച് മന്ത്രിബന്ധുവിന് നിയമനം ഉറപ്പായിരുന്നിട്ടും അഭിമുഖത്തിന് പോകാൻ അദ്ദേഹം തയ്യാറായില്ല. നിലവിൽ പ്രവർത്തിക്കുന്ന ജോലിയിൽനിന്ന് വിട്ടുവരുന്നതിനുള്ള പ്രയാസമോ മറ്റെന്തോ കാരണമായാലും ആളില്ലാത്തതിനാൽ തസ്തികയിൽ നിയമനം നടന്നില്ല. എന്നാൽ, രണ്ടുവർഷത്തിനുശേഷം െഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ അതേ തസ്തികയിലേക്ക് മുൻ അപേക്ഷകനായ ബന്ധുവിനെ നിയമിക്കാൻ മന്ത്രി നിർദേശിക്കുകയും നടപ്പാക്കിക്കുകയും ചെയ്തു. സ്വകാര്യസ്ഥാപനത്തിൽനിന്ന് സർക്കാർ നിയന്ത്രിത സ്ഥാപനത്തിലേക്ക് െഡപ്യൂട്ടേഷന് വ്യവസ്ഥയുണ്ടോ തുടങ്ങിയ തർക്കവിഷയങ്ങൾ വേറെയുമുണ്ട്. ഏതായാലും തന്റെ വകുപ്പിൽ തനിക്ക് താത്‌പര്യമുള്ള തസ്തികയിൽ അടുത്ത ബന്ധുവിനെ നിയമിക്കാൻ മന്ത്രി ജലീൽ അനധികൃതമായി ഇടപെട്ടുവെന്നതാണ് പ്രശ്നം. ബന്ധുവിനെ നിയമിച്ചുവെന്നതല്ല, ചട്ടലംഘനം നടത്തി നിയമിച്ചുവെന്നതാണ് പ്രശ്നം. മന്ത്രിയുടെ ഭാഗത്തുനിന്ന് നേരത്തേ ഒന്നിലേറെത്തവണ ഇത്തരത്തിലുള്ള ചട്ടവിരുദ്ധ  പ്രവർത്തനമുണ്ടായത് ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. സർവകലാശാലയിൽ അദാലത്ത് നടത്തി മൂല്യനിർണയകാര്യത്തിൽ തീരുമാനമെടുത്തതടക്കമുള്ള പ്രശ്നങ്ങളും അന്വേഷണത്തിലുള്ള കാര്യങ്ങളുമാണത്‌. ലോകായുക്തയുടെ തീരുമാനത്തിനെതിരേ അപ്പീൽ നൽകാൻ മന്ത്രിക്ക് അവകാശമുണ്ട്. പക്ഷേ, മുമ്പ് മന്ത്രിയായിരുന്ന കെ.പി. വിശ്വനാഥൻ, കെ.കെ.രാമചന്ദ്രൻ തുടങ്ങിയവർ കോടതിയിൽനിന്ന് പരാമർശമുണ്ടായപ്പോൾത്തന്നെ ആദ്യം ചെയ്തത് രാജിവെക്കലാണ്. തുടർന്നാണ് നിരപരാധിത്വം തെളിയിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയത്.