കവിതയിലും രാഷ്ട്രീയത്തിലും കേരള ചരിത്രപഠനത്തിലും ഭാഷാസംരക്ഷണ ശ്രമങ്ങളിലും ആവുന്നത്ര ഉച്ചത്തിൽ നിലകൊണ്ട പുതുശ്ശേരി രാമചന്ദ്രൻ ഇനി ഓർമകളിൽ ജീവിക്കും. കേരളത്തിന്റെ രാഷ്ട്രീയ-സാഹിത്യ ചരിത്രത്തിൽ അല്ലെങ്കിൽ, രാഷ്ട്രീയവും കവിതയും ഒന്നായിരുന്ന കാലത്തിന്റെ  ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ശബ്ദമായിരുന്നു പുതുശ്ശേരിയുടേത്. ക്വിറ്റിന്ത്യാസമരത്തിൽ പങ്കെടുത്തതിന് സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ട ഗാന്ധിഭക്തനായ വിദ്യാർഥി, കോളേജ് വിദ്യാഭ്യാസകാലത്ത് ലോക്കപ്പിൽ മർദനമേറ്റുവാങ്ങിയ സമരനായകൻ, തെക്കൻകേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സാഹസികമായ തുടക്കങ്ങളിൽ ആ പാർട്ടിയോടൊപ്പം സധൈര്യം നിലകൊണ്ട പോരാളി, കവിതയെ ജനങ്ങളോടടുപ്പിച്ച കവി, മലയാളഭാഷയുടെ അന്തസ്സിനായി പ്രവർത്തിച്ച ഭാഷാസ്നേഹി, ഭാഷാപണ്ഡിതൻ, അധ്യാപകൻ, ഗവേഷകൻ, ഭാഷാ ശാസ്ത്രജ്ഞൻ... പ്രവർത്തിച്ച മേഖലകളിലൊക്കെ മായാത്ത പാദമുദ്രകൾ പതിപ്പിച്ച് അദ്ദേഹം വിടവാങ്ങുമ്പോൾ ആ ശ്രേഷ്ഠജീവിതത്തിന് ആദരാഞ്ജലികൾ നേരുന്നു.

അരുണദശകമെന്ന് വിശേഷിപ്പിക്കപ്പെട്ട  1940-കളിൽ കവിതയെ മർദിതന്റെ പടപ്പാട്ടാക്കിയ കമ്യൂണിസ്റ്റ് കവികളിൽ ഏറ്റവും ശ്രദ്ധേയനായിരുന്നു പുതുശ്ശേരി. മനുഷ്യാവകാശത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത കാവൽഭടനാണ് സാഹിത്യകാരൻ എന്നുവിശ്വസിച്ചിരുന്ന അദ്ദേഹം സാർവദേശീയമായ സംഭവങ്ങളോടെല്ലാം അടിച്ചമർത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് കവിതയിലൂടെ പ്രതികരിച്ചു. ശൂരനാട് കലാപത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ ആ പ്രദേശത്തെ നേതൃപദവി ഏറ്റെടുത്ത പുതുശ്ശേരി പിന്നീട് മനുഷ്യാവകാശത്തിന്റെ പക്ഷത്തുനിന്ന് പാർട്ടിയുടെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെയും വിമർശിച്ചു. ഇ.എം.എസ്. സർക്കാരിന്റെ പോലീസ്  കൊല്ലം ചന്ദനത്തോപ്പിൽ തൊഴിലാളിസമരത്തിനുനേർക്ക് വെടിയുതിർത്തപ്പോഴും   മനുഷ്യാവകാശങ്ങൾക്കായി പൊരുതിയ വിദ്യാർഥികളെ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ ടിയാനൻമെൻ സ്ക്വയറിൽ കൊന്നൊടുക്കിയപ്പോഴും അദ്ദേഹത്തിന്റെ കവിത നിശ്ശബ്ദമായില്ല. ആ കാവ്യധാരയിൽനിന്ന് പിന്നീടദ്ദേഹം അകന്നു. കവിതയിൽ വല്ലപ്പോഴുമായി പുതുശ്ശേരിയുടെ സന്ദർശനം. സമരതീക്ഷ്ണമായ രാഷ്ട്രീയജീവിതം അവസാനിപ്പിച്ച്  അധ്യാപനത്തിലേക്കുകടന്ന അദ്ദേഹം ഭാഷാഗവേഷണത്തിൽ മുഴുകി.  കണ്ണശ്ശകൃതികളെയും പ്രാചീനമലയാളത്തെയുംകുറിച്ചുള്ള ഗഹനമായ പഠനങ്ങൾ,  പ്രാചീനശിലാലിഖിതങ്ങളെയും ചെപ്പേടുകളെയും വിശകലനംചെയ്ത് തയ്യാറാക്കിയ ‘കേരളചരിത്രപഠനത്തിന്റെ അടിസ്ഥാനരേഖകൾ’ എന്നിവ അങ്ങനെ പിറന്നു. ഒരിക്കൽ കവിത പിറന്ന ആ മനസ്സ് ഭാഷാപാണ്ഡിത്യത്തിന്റെ ആഴങ്ങളിൽ വിഹരിച്ചു.

ഇളകിമറിഞ്ഞ ഒരു കാലത്തിന്റെ കടൽത്തീരത്തെ തിളച്ചമണ്ണിലൂടെ വീണും എഴുന്നേറ്റും വിറങ്ങലിച്ചും പിടിച്ചുനിന്നും നടത്തിയ സാഹസികയാത്രയെന്നാണ് പുതുശ്ശേരി സ്വന്തം ജീവിതത്തെ തന്റെ ആത്മകഥയിൽ വിശേഷിപ്പിച്ചത്. മലയാളഭാഷാസംരക്ഷണത്തിന് അദ്ദേഹം മുന്നിട്ടിറങ്ങിയതും സാഹസികതയോടെത്തന്നെ. 1977-ൽ പുതുശ്ശേരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനടന്ന ലോകമലയാള സമ്മേളനത്തിലാണ് മലയാളഭാഷയുടെ സംരക്ഷണത്തെക്കുറിച്ച് ആദ്യ ആലോചനകൾ തുടങ്ങിയത്. പ്രവാസിമലയാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ആദ്യം സംസാരിച്ചതും ഈ സമ്മേളനമാണ്. മലയാളം ശ്രേഷ്ഠഭാഷയാക്കുന്നതിനുള്ള വാദമുഖങ്ങൾക്ക് ഗവേഷണത്തിന്റെ അടിത്തറ നൽകിയത് പുതുശ്ശേരിയാണ്.  മലയാളഭാഷയുടെ ഭാവിക്കായുള്ള ജനകീയപ്രക്ഷോഭങ്ങളിലേക്ക്‌ കേരളം ഉണർന്നത്  അദ്ദേഹത്തിന്റെ യത്നങ്ങൾ പകർന്ന ഊർജംകൂടി സ്വീകരിച്ചാണ്.  ‘ആവുന്നിടത്തോളമുച്ചത്തിലുച്ചത്തി/ലാ വെളിച്ചത്തിൽ കവിത പാടട്ടെ ഞാൻ’ വിദ്യാർഥിയായിരുന്നപ്പോൾ ലോക്കപ്പിൽ മർദനമേറ്റതിെന്റ ഒന്നാം വാർഷികത്തിനെഴുതിയ(1950)  ‘ആവുന്നത്ര ഉച്ചത്തിൽ’  എന്ന കവിതയിലെ ഈ വരികളാണ് തന്റെ ഓർമയിൽ എപ്പോഴുമെത്താറുള്ളതെന്ന് പുതുശ്ശേരി പറയുമായിരുന്നു. തന്റെ കർമമണ്ഡലങ്ങളിലെല്ലാം പുതുശ്ശേരിയുടെ ശബ്ദം ആവുന്നത്ര ഉച്ചത്തിലായിരുന്നു.