പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയെക്കുറിച്ച്‌ അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിലെ ഡിവൈ.എസ്.പി. ആർ. അശോക് കുമാറിനെയും സർക്കിൾ ഇൻസ്പെക്ടർ എ.കെ. ഷെറിയെയും അന്വേഷണവിധേയമായി സസ്പെൻഡ്‌ചെയ്തിരിക്കയാണ്. അന്വേഷണത്തിൽ വീഴ്ചവരുത്തിയതിനാണ്‌ നടപടി. പൊതുമരാമത്തുവകുപ്പ് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് കഴിഞ്ഞദിവസങ്ങളിലാണ് രണ്ടുതവണയായി ചോദ്യംചെയ്തത്. അതിന്‍റെ തുടർച്ചയായി ശക്തമായ നടപടിയുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്ന ഘട്ടത്തിലാണ് അന്വേഷണസംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ്ചെയ്തിരിക്കുന്നത്; അതും പാലം അഴിമതിയുമായി ബന്ധപ്പെട്ടവരോട്‌ പണമിടപാടുവരെ നടത്തിയെന്ന ഗുരുതരമായ ആരോപണത്തോടെ. അഴിമതിക്കാർക്ക്‌ കൂട്ടുനിൽക്കുന്ന, സർക്കാരിന്റെ ഉപ്പുംചോറും തിന്നുന്ന ഉദ്യോഗസ്ഥർ ഇപ്പോഴുമുണ്ടെന്ന സന്ദേശം വലിയ ആശങ്കയാണ് പൊതുസമൂഹത്തിൽ സൃഷ്ടിക്കുന്നത്. സംസ്ഥാനത്തിനുതന്നെ നാണക്കേടായ ഒരു നിർമാണവീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർതന്നെ ആരോപണവിധേയരായി നിൽക്കുകയാണിപ്പോൾ. എന്തൊരു പരിഹാസ്യമായ അവസ്ഥയാണത്! കേരളംപോലെ കണ്ണുതുറന്നിരിക്കുന്ന സമൂഹത്തിലാണ് ഇതൊക്കെ നടക്കുന്നതെന്നോർക്കണം. പരിഷ്കൃതസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകില്ലിത്. 
കേസിൽ ആദ്യം അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു സസ്പെൻഡ് ചെയ്യപ്പെട്ട ഡിവൈ.എസ്.പി. ആർ. അശോക് കുമാർ. പൊതുമരാമത്ത് മുൻസെക്രട്ടറി ടി.ഒ. സൂരജ് അടക്കം നാലുപ്രതികളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തതും അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമായിരുന്നു. അന്വേഷണം തുടങ്ങി ഏതാനും മാസത്തിനുള്ളിലാണ് അറസ്റ്റുണ്ടായത്. ടി.ഒ. സൂരജ് അടക്കമുള്ളവരെ വിജിലൻസ് അന്ന്‌ കസ്റ്റഡിയിൽവാങ്ങി വിശദമായി ചോദ്യംചെയ്തിരുന്നു. അതിന്റെ തുടർച്ചയായി പൊതുമരാമത്തുവകുപ്പ് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെയും ചോദ്യംചെയ്തിരുന്നു.

ഉന്നതർക്കെതിരേ ശക്തമായ തെളിവുകിട്ടിയെന്നും അന്ന്‌ പ്രചാരണമുണ്ടായിരുന്നു. എന്നാൽ, പിന്നീട് വിജിലൻസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയൊന്നുമുണ്ടായില്ല. പിന്നാലെ ഡിവൈ.എസ്.പി. അശോക് കുമാറിനെ അന്വേഷണച്ചുമതലയിൽനിന്ന്‌ മാറ്റിക്കൊണ്ട് വിജിലൻസ്‌സംഘത്തെ പുനഃസംഘടിപ്പിച്ചു. അന്വേഷണസംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ. ഇസ്മായിലിനെയും അന്നുമാറ്റി. അന്വേഷണവിവരം ചോർത്തിക്കൊടുക്കുന്നു എന്നതായിരുന്നു അതിനുകാരണമായി പറഞ്ഞത്.

അന്വേഷണച്ചുമതലയിൽനിന്ന്‌ മാറ്റിയെങ്കിലും അശോക് കുമാറിനെ വിജിലൻസ്‌സംഘത്തിൽ നിലനിർത്തിക്കൊണ്ടായിരുന്നു പുനഃസംഘടന നടത്തിയത്. വിജിലൻസിന്റെ പ്രത്യേക അന്വേഷണവിഭാഗം ഡിവൈ.എസ്.പി. ശ്യാംകുമാറിനാണ് പുതുതായി ചുമതല നൽകിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഈ മാറ്റം. അതിനുശേഷം വിജിലൻസ് പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിയെക്കുറിച്ച് വീണ്ടും ആദ്യംമുതൽ വിശദമായി അന്വേഷിച്ചു. അതിന്റെ തുടർച്ചയായിട്ടാണ് മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ രണ്ടുതവണ ചോദ്യംചെയ്തത്. ആലുവയിൽ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് പരിശോധനയും നടത്തിയിരുന്നു. ശക്തമായ നടപടികൾ ഇതിന്റെ തുടർച്ചയായി ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥനെയും വിജിലൻസ്‌സംഘത്തിലെ സി.ഐ.യെയും സസ്പെൻഡ്ചെയ്തത്. പാലത്തിന്റെ നിർമാണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർതന്നെ ഇപ്പോൾ സംശയനിഴലിലാണ്. അവർക്കെതിരേ ഉയരുന്നതോ, മേൽപ്പാലം നിർമാണത്തിൽ ആരോപണവിധേയരായവരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചെന്ന ഗുരുതരമായ ആരോപണവും. അതിലെ ശരിതെറ്റുകൾ വിശദമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. ഇല്ലെങ്കിൽ, കേരളസമൂഹത്തിനാകെ അപമാനമായ പാലാരിവട്ടം അഴിമതിയുടെ ദുഷ്‌കീർത്തി മായ്ച്ചുകളയാനാകില്ല.