പ്രളയത്തിൽ സർവവും നഷ്ടപ്പെട്ടവർ ആശ്വാസധനത്തിനായി ഓഫീസുകളുടെയും കോടതികളുടെയും വരാന്തയിലൂടെ അലഞ്ഞുനടക്കുന്നു. സമയത്ത് പണം നൽകാത്തതിനാൽ സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ അധ്യാപകർ നെട്ടോട്ടമോടുന്നു. നോട്ടുനിരോധനവും ജി.എസ്.ടി.യും രണ്ടു പ്രളയങ്ങളും കേരളത്തെ സാമ്പത്തികമായി ദുർബലമാക്കി. കഴിഞ്ഞ വർഷത്തെ കേരളത്തിന്റെ പൊതുകടം ഒന്നരലക്ഷം കോടിയിലേറെയാണ്.
പണമില്ലാത്തതിന്റെപേരിൽ അത്യാവശ്യകാര്യങ്ങൾപോലും മാറ്റിെവക്കേണ്ടിവരുന്ന സംസ്ഥാനത്ത്, സർക്കാരിന്റെ പാട്ടഭൂമിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ അടയ്ക്കാനുള്ള പാട്ടക്കുടിശ്ശിക 34.71 കോടി രൂപ! വിരോധാഭാസമാണിത്. 22 ക്ലബ്ബുകളാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. പലർക്കും പണമില്ലാത്തതുകൊണ്ട് പാട്ടത്തുക അടയ്ക്കാൻ കഴിയാതിരുന്നതാവില്ല. വൻകിട ക്ലബ്ബുകളിൽ ലക്ഷക്കണക്കിന് രൂപയാണ് അംഗത്വഫീസായും മറ്റും ഈടാക്കുന്നത്. ധനാഢ്യർക്കുമാത്രമേ ഇത്തരം ക്ലബ്ബുകളിൽ അംഗമായി തുടരാനാവൂ. ക്ലബ്ബുകളിൽ ഓരോ ചടങ്ങും യോഗവും ആഘോഷവുമൊക്കെ വരുമ്പോൾ പൊടിപൊടിക്കാൻ കോടിക്കണക്കിന് രൂപയുണ്ടാവും. എന്നാൽ, പാട്ടത്തുക നൽകാൻ മാത്രം പണമുണ്ടാവില്ല. സർക്കാരിനു നൽകാനുള്ളതല്ലേ കൊടുത്തില്ലെങ്കിലെന്താ എന്ന മനോഭാവമാണ് ഇതിനുപിന്നിലെന്ന് വ്യക്തം. കുടിശ്ശിക കൂടിയാൽ സർക്കാർ എഴുതിത്തള്ളുകയോ തുക കുറയ്ക്കുകയോ ചെയ്യുമെന്നു ധാരണയുള്ളവരും ഉണ്ടാകാം. പലരുടെയും സ്വാധീനത്തിനു വഴങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നതുകൊണ്ടുകൂടിയാണ് പാട്ടക്കുടിശ്ശിക ഇത്ര ഭീമമായത്.
വരവും ചെലവും തമ്മിൽ വലിയ അന്തരമുള്ള സംസ്ഥാനമാണ് കേരളം. ചെലവിനനുസരിച്ചുള്ള വരവില്ലെന്നു മാത്രമല്ല, ചെലവിന്റെ തോത് കൂടിക്കൊണ്ടുമിരിക്കുന്നു. അതിനനുസരിച്ച് കടമെടുക്കുകയും കടക്കെണിയുടെ കുരുക്ക് മുറുകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കിട്ടാനുള്ള പണം പിരിച്ചെടുക്കാൻ സർക്കാർ അമാന്തം കാട്ടുന്നതെന്നോർക്കണം. പണമില്ലാത്തവർക്ക് തിരിച്ചടവിന് സാവകാശവും ആനുകൂല്യങ്ങളുമൊക്കെ നൽകുന്നതിൽ തെറ്റില്ല. പക്ഷേ, അത്യാഡംബര ജീവിതം നയിക്കുന്നവരിൽനിന്ന് യഥാസമയം പാട്ടത്തുക ഈടാക്കാൻ സാധിക്കാത്തത് സർക്കാരിന്റെ കഴിവുകേടുതന്നെയാണ്. പാട്ടത്തുകയുൾപ്പെടെ സർക്കാരിനു ലഭിക്കുന്ന വരുമാനം ഇന്നാട്ടിലെ ജനങ്ങളുടെ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാനുള്ളതാണെന്ന ബോധം ക്ലബ്ബ് നടത്തുന്നവർക്കും അംഗങ്ങൾക്കും ഉണ്ടാവേണ്ടതാണ്. സമൂഹത്തിൽ ഉന്നതസ്ഥാനത്തിരിക്കുന്നവരാണ് ഇത്തരം ക്ളബ്ബിലെ അംഗങ്ങൾ. അവർ മാതൃക കാട്ടുകതന്നെ വേണം.
പ്രളയത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാരമെത്തുന്നതും നോക്കിയിരിപ്പാണ്. അപ്പീലിനു മുകളിൽ അപ്പീൽ നൽകി പ്രതിക്ഷയോടെ കാത്തിരിക്കുകയാണ്. അവരുൾപ്പെടെ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ നമുക്കെല്ലാവർക്കും ബാധ്യതയുണ്ട്. അതു നിറവേറ്റുന്നില്ലെന്നു മാത്രമല്ല, സർക്കാരിന് കൊടുക്കേണ്ട പണം യഥാസമയം കൊടുക്കുന്നില്ലയെന്നതും ഗൗരവമായി കാണേണ്ടതുണ്ട്.
ആധുനികസമൂഹത്തിന് ക്ലബ്ബുകളും കൂട്ടായ്മകളുമൊക്കെ ആവശ്യം തന്നെ. പക്ഷേ, അതിന്റെ നടത്തിപ്പുകാർക്ക് നിയമത്തിനതീതമായ സൗജന്യങ്ങൾ ചെയ്തുകൊടുക്കേണ്ട കാര്യമില്ല. എത്രയും വേഗം ക്ലബ്ബുകളുടെ പാട്ടക്കുടിശ്ശിക സർക്കാർ ഈടാക്കണം. പാട്ടത്തുകയുൾപ്പെടെ എന്തുവരുമാനവും പിരിച്ചെടുക്കുന്നതിൽ സർക്കാർ ഇനിയെങ്കിലും കൃത്യനിഷ്ഠ പാലിക്കണം. കുടിശ്ശിക പെരുകാൻ അനുവദിക്കരുത്.