ശാസ്ത്ര-സാങ്കേതിക രംഗത്തെ വിപ്ലവാത്മകമായ നേട്ടങ്ങൾ സ്വന്തമാക്കാൻ മത്സരിക്കുമ്പോഴും ശാസ്ത്രാവബോധം ജീവിതത്തിൽ പകർത്താൻ മലയാളികൾക്കാവുന്നില്ല എന്നതിന് ഉദാഹരണങ്ങൾ ഏറെയാണ്. നൂറുശതമാനം സാക്ഷരത, കേരളവികസന മാതൃക, സാംസ്കാരികകേരളം തുടങ്ങിയ അവകാശവാദങ്ങളൊക്കെ പാഴായിപ്പോകുന്ന വാർത്തകളാണ് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും കേൾക്കുന്നത്. കഴിഞ്ഞദിവസം നെയ്യാറ്റിൻകരയിൽ ആത്മഹത്യചെയ്ത അമ്മയും മകളും മന്ത്രവാദത്തിന്റെ ഇരകളായിരുന്നുവെന്ന കാര്യം പുറത്തുവന്നിരിക്കുന്നു. മന്ത്രവാദി പറയുന്നതിനനുസരിച്ച്, ഭർത്താവും അമ്മയും തന്നെ കൊല്ലാൻവരെ ശ്രമിച്ചിട്ടുണ്ടെന്നാണ്  അമ്മ ലേഖ ആത്മഹത്യക്കുറിപ്പിൽ എഴുതിവെച്ചത്. ബാങ്ക്‌ലോൺ അടയ്ക്കാൻ ആവശ്യമായ കാര്യങ്ങളൊന്നും ഭർത്താവ് ചെയ്തിരുന്നില്ലെന്നും മറിച്ച് ജപ്തി നോട്ടീസ് ആൽത്തറയിൽ പൂജിക്കുകയായിരുന്നു പതിവെന്നും  ലേഖ പറയുന്നു. എത്രമാത്രം യുക്തിരഹിതമായാണ് തന്റെ പ്രശ്നങ്ങൾക്ക് ചന്ദ്രനെന്ന ഗൃഹനാഥൻ പരിഹാരംതേടിയതെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഉഴിഞ്ഞും ഊതിയും അസുഖംമാറ്റുന്ന 'സിദ്ധൻ'മാരും നഗ്നപൂജചെയ്ത്‌ സർപ്പദോഷം മാറ്റുന്ന 'ദിവ്യൻ'മാരും അദ്‌ഭുതഫലം വാഗ്ദാനംചെയ്യുന്ന 'അനുഗ്രഹിക്കപ്പെട്ട'വരും  മതവ്യത്യാസമില്ലാതെ പെരുകുകയാണ്.

വിദ്യാസമ്പന്നരും യുവാക്കളും  ഇതിനൊരപവാദമല്ലെന്നതാണ് ദുഃഖകരം. ഒന്നരവർഷം മുമ്പ്‌ തിരുവനന്തപുരത്ത് അച്ഛനെയും അമ്മയെയും സഹോദരിയെയുമടക്കം നാലുപേരെ സാത്താൻസേവയുടെ ഭാഗമായി കൂട്ടക്കൊലചെയ്ത കേഡൽ ജീൻസൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പഠനം പൂർത്തിയാക്കിയ വ്യക്തിയാണ്. ശരീരത്തിൽനിന്ന് ആത്മാവിനെ വേർതിരിക്കുന്ന ആസ്ട്രൽ പ്രൊജക്‌ഷൻ പദ്ധതി പരീക്ഷിക്കുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ശാസ്ത്രത്തിന്‍റെ പുതുപുത്തൻശാഖയിൽ അവഗാഹമുണ്ടായിരുന്ന  അയാൾക്ക് ഈ കർമംചെയ്യാൻ വഴികാട്ടിയതാവട്ടെ ശാസ്ത്രരംഗത്തെ സുപ്രധാനനേട്ടമായ ഇന്റർനെറ്റും. ശാസ്ത്രസങ്കേതങ്ങൾ ഉപയോഗിച്ച് ശാസ്ത്രവിരുദ്ധമായത് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണ് പുതിയ പ്രവണത. കൊല്ലം ഓയൂരിൽ തുഷാരയെന്ന 27-കാരിയെ ഭർത്താവും അമ്മയും മന്ത്രവാദത്തിനിരയാക്കി കൊലയ്ക്കുകൊടുത്തതും ഈയിടെയാണ്. 

ഉള്ള സന്പത്ത് വർധിക്കാനും അന്യന്റേത് വെട്ടിപ്പിടിക്കാനും ബന്ധുക്കളെയും അയൽവാസികളെയും ഇല്ലായ്മചെയ്യാനും ദുർമന്ത്രവാദങ്ങൾ നടത്തുന്ന ഒട്ടേറെ കേന്ദ്രങ്ങൾ കേരളത്തിലുണ്ടെങ്കിലും അധികൃതർ ഇവർക്കെതിരേ നടപടിയെടുക്കുന്നില്ല. രോഗശാന്തിയുടെയുംമറ്റും പേരിൽ നടത്തപ്പെടുന്ന പല സ്ഥാപനങ്ങളും ലൈംഗികപീഡനകേന്ദ്രങ്ങളാണെന്നതാണ് യാഥാർഥ്യം.  തന്റെ കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ കഴിയാത്ത, നിസ്സഹായരായ സ്ത്രീകളാണ് ഇത്തരം കേന്ദ്രങ്ങളിൽ പലപ്പോഴും കടുത്ത ശാരീരിക-ലൈംഗിക പീഡനങ്ങൾക്ക്‌ ഇരയാവുന്നത്.  

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുറന്നുകാട്ടിയ കേരളത്തിലെ നവോത്ഥാന-സാമൂഹിക പ്രസ്ഥാനങ്ങൾക്ക് തുടർച്ചയില്ലാതെപോയതിന്റെ ദുരന്തംകൂടിയാണിത്. ശാസ്ത്രീയതയിലും യുക്തിയിലും അധിഷ്ഠിതമായ ചിന്താധാരയുടെ തുടർച്ച കൈമോശംവന്നതോടെ കേരളം പിന്തിരിഞ്ഞുനടക്കാൻ തുടങ്ങി. വിശ്വാസം വാണിജ്യവത്കരിക്കുകകൂടി ചെയ്തതോടെ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ മലയാളി വിശ്വസിച്ചുതുടങ്ങി. കേരളത്തിൽ ഒരുകാലത്ത് ഗ്രാമങ്ങളിൽപ്പോലും വേരുകളുണ്ടായിരുന്ന യുക്തിവാദപ്രസ്ഥാനങ്ങൾ ഏറക്കുറെ നാമാവശേഷമായ സ്ഥിതിയിലാണ്. ശാസ്ത്രത്തെ ജനകീയവത്കരിക്കാനുള്ള ഒട്ടേറെ പ്രവർത്തനപരിപാടികൾ ഏറ്റെടുത്ത കേരള ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ള സംഘടനകളും  ക്ഷീണിച്ച അവസ്ഥയിലാണ്. വോട്ടുബാങ്കിൽ കണ്ണുവെക്കുമ്പോൾ പുരോഗമനപ്രസ്ഥാനങ്ങളും വിഷയം ഏറ്റെടുക്കുന്നില്ല. 

ഈ അവസ്ഥയിലാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മചെയ്യാനാവശ്യമായ ശക്തമായ നിയമസംവിധാനം അനിവാര്യമാകുന്നത്. മഹാരാഷ്ട്രയിലെയും കർണാടകയിലെയും സർക്കാരുകൾ നമുക്കുമുന്നിൽ മാതൃകകളായുണ്ട്. 2013-ലാണ് മഹാരാഷ്ട്രയിൽ നിയമം വന്നത്. 2017-ൽ കർണാടകത്തിലും. സാമൂഹികമായി ഏറെ പുരോഗതിനേടിയെന്ന് അവകാശപ്പെടുമ്പോഴും ഇത്തരമൊരു നിയമം വേണമെന്ന ആവശ്യമുയർത്താൻപോലും ശേഷിയില്ലാതെ കേരളീയ പൊതുസമൂഹം ദുർബലമായിരിക്കയാണ്. ഇത്തരം കുറ്റങ്ങൾക്കെതിരേ കൃത്യമായ വകുപ്പുകളില്ലെന്ന ഐ.പി.സി. നിയമത്തിലെ പോരായ്മയാണ്  കറുത്തശക്തികൾക്ക് തണലാവുന്നത്. ഇവരുടെ വേരറുക്കാനാവശ്യമായ ഫലപ്രദമായ നിയമനിർമാണത്തിന്റെ ആവശ്യത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഇതിനാവശ്യമായ നിയമനിർമാണത്തിന് സംസ്ഥാനസർക്കാർ മുൻകൈയെടുക്കണം. ശാസ്ത്രീയവും യുക്തിഭദ്രവുമായ അറിവ് വർധിപ്പിക്കുകയെന്നത് പൗരന്റെ ഉത്തരവാദിത്വവും അവകാശവുമാണെന്ന ഭരണഘടനാവാക്യം മുറുകെപ്പിടിക്കാനും ഓരോ മലയാളിക്കുമാവട്ടെ. ഒപ്പം തുഷാരയുടെയും ലേഖയുടെയും വൈഷ്ണവിയുടെയും ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള സാമൂഹിക ജാഗ്രതയും ശക്തമാവട്ടെ.