യെമെനിൽ നാലുവർഷത്തോളമായി നടക്കുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ സ്വീഡനിൽ ചർച്ച ആരംഭിച്ചിരിക്കുന്നു എന്നത് പ്രതീക്ഷാനിർഭരമായ കാര്യമാണ്. ആഹാരവും ശുദ്ധജലവും കിട്ടാനില്ലാത്തതിനാൽ ലക്ഷങ്ങൾ മരണം കാത്തുകഴിയുന്ന യെമെനിലെ യുദ്ധം ഏതുവിധേനയും അവസാനിപ്പിക്കുക എന്നത് മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന സകലരുടെയും ആഗ്രഹമാണ്. മുമ്പു രണ്ടുതവണ ഇതിനു ശ്രമമുണ്ടായെങ്കിലും യുദ്ധത്തിലെ മുഖ്യകക്ഷികളായ സർക്കാരിന്റെയും ഹൂതി വിമതരുടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകാരണം അവ അലസിപ്പോയി. യുദ്ധം പൂർവാധികം ശക്തമായി. 2016-നുശേഷം ഇതാദ്യമായാണ് ശത്രുക്കൾ ഒരുമേശയ്ക്കിരുപുറവുമിരിക്കാൻ സന്നദ്ധരായിരിക്കുന്നത്. അതുതന്നെ വലിയ കാര്യമാണ്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സ് ഇരുപക്ഷത്തിനുമിടയിൽ നടത്തിയ ഓട്ടത്തിന്റെ അനന്തരഫലമാണ് ലോകത്തിനുലഭിച്ച ഈ ‘നിർണായക അവസരം.’

ഹൂതികൾ യെമെന്റെ പടിഞ്ഞാറൻ മേഖല പിടിച്ചെടുക്കുകയും പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിക്ക് രാജ്യംവിട്ട് ഓടിപ്പോകേണ്ടി വരികയും ചെയ്ത 2015 മാർച്ചിലാണ് യുദ്ധം തുടങ്ങിയത്. ഹാദിയെ പുനരവരോധിക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം മുന്നിട്ടിറങ്ങിയതോടെ അതു മൂർച്ഛിച്ചു. സൗദിയുടെ ബദ്ധശത്രുവായ ഇറാൻ ഹൂതികൾക്കൊപ്പം നിന്നു. ആതുരാലയങ്ങളും സ്കൂളുകളുമുൾപ്പെടെയുള്ളവ ബോംബിട്ടു തകർത്തു. പതിനായിരത്തോളം പേർ കൊല്ലപ്പെട്ടു. മരിച്ചവർ എത്ര ഭാഗ്യവാന്മാർ എന്നു തോന്നിപ്പിക്കുംവിധമാണ് ഇന്ന് യെമെന്റെ അവസ്ഥ. പലായനം ചെയ്യാൻപോലും ആകാത്തവിധം വിമതരുടെയോ സർക്കാർ സേനയുടെയോ ‘കെണി’യിലാണിവർ. 2.83 കോടിവരുന്ന ജനങ്ങളിൽ 2.2. കോടിക്കും ജീവിതം തള്ളിനീക്കാൻ അന്താരാഷ്ട്രസമൂഹത്തിന്റെ സഹായം വേണം. അതിൽത്തന്നെ ഒന്നരക്കോടിപ്പേർ കൊടുംപട്ടിണിയുടെ വക്കിലാണ്. അത്രതന്നെയാളുകൾക്ക് ശുദ്ധജലം കിട്ടുന്നില്ല. ഛർദ്യതിസാരവും മറ്റു പകർച്ചവ്യാധികളും പോഷകാഹാരമില്ലായ്മയും കാരണം ആയിരങ്ങൾ മരിച്ചു. ഛർദ്യതിസാരം ഇപ്പോഴും പടരുന്നു. തങ്ങൾ നിയന്ത്രിക്കുന്ന പ്രദേശങ്ങളിലേക്ക് ജീവകാരുണ്യസംഘടനകളെയും ഐക്യരാഷ്ടസഭയെയും പോലും കടത്തിവിടാത്ത സർക്കാരും വിമതരുംതന്നെയാണ് ഇതിനും ഉത്തരവാദികൾ.

വിമതർ െെകയടക്കിവെച്ചിരിക്കുന്ന ഹൊദെയ്ദ തുറമുഖത്തിനായുള്ള സർക്കാർ സേനയുടെ പോരാട്ടം ഒന്നരലക്ഷം പേരുടെ ജീവൻ അപകടത്തിലാക്കും എന്ന സാഹചര്യത്തിലാണ് സ്വീഡനിൽ ഒരാഴ്ചത്തെ ചർച്ച നടക്കുന്നത്. പത്രപ്രവർത്തകനായ ജമാൽ ഖഷോഗിയുടെ കൊലയുടെ പേരിൽ, യുദ്ധത്തിലെ മുഖ്യപങ്കാളികളിൽ ഒന്നായ സൗദിക്കുനേരെ ഉയർന്ന അന്താരാഷ്ട്ര രോഷവും ഈ ചർച്ച യാഥാർഥ്യമാക്കുന്നതിൽ നിർണായകമായി. ഖഷോഗിവധത്തിലുള്ള പ്രതിഷേധം അറിയിക്കാൻ, യെമെനിൽ പോരാടുന്ന സൗദിസഖ്യസേനയ്ക്കുള്ള പിന്തുണ വിവിധ പാശ്ചാത്യരാജ്യങ്ങൾ പിൻവലിച്ചിരുന്നു. യു.

എസ്. കോൺഗ്രസ് പോലും മുഖം കറുപ്പിച്ചു. അനിവാര്യമായ ചർച്ചയാണ് സ്വീഡനിൽ നടക്കുന്നത്. പരസ്പരം തടവുകാരെ വിട്ടയയ്ക്കാമെന്ന് ചർച്ചയ്ക്കു മുമ്പുതന്നെ സർക്കാരും വിമതരും സമ്മതിച്ചു എന്നതുതന്നെ ശുഭകരമാണ്. സർക്കാർ നിയന്ത്രണത്തിലുള്ള സനായിൽ പരിക്കേറ്റുകിടന്ന 50 വിമതരെ ചികിത്സയ്ക്കായി ഒമാനിൽ കൊണ്ടുപോകാൻ അനുവദിച്ചു എന്നതും സാഹചര്യങ്ങളിൽ മാറ്റംവരുന്നു എന്നതിന്റെ സൂചനയാണ്. എങ്കിലും അദ്‌ഭുതങ്ങളൊന്നും സ്വീഡനിൽനിന്ന് പ്രതീക്ഷിക്കാനാവില്ല. ഹൊെദയ്ദയിലെ വിമതരെ ആക്രമിച്ചുകീഴടക്കിയാലേ യുദ്ധം അവസാനിക്കൂ എന്ന വാശി സർക്കാർസേന ഉപേക്ഷിച്ചിട്ടില്ല. ചെറുത്തുനിൽക്കും എന്ന നിലപാട് വിമതരും. യെമെനിലെ യുദ്ധത്തിലെ കക്ഷികൾ ഇവർ മാത്രമല്ല എന്നതും ശാശ്വതശാന്തിയിലേക്കുള്ള യാത്ര ദുഷ്കരമാക്കുന്നു. തെക്കൻ യെമെനെ സ്വതന്ത്രരാജ്യമാക്കാനായി രംഗത്തുള്ള സതേൺ ട്രാൻസിഷൻ കൗൺസിൽ ചർച്ചയിൽ പങ്കാളികളല്ല. എന്നിരുന്നാലും സമാധാനത്തിലേക്കുള്ള യാത്ര ഏതുവിധമായിരിക്കണം എന്നതിന്റെ രൂപരേഖയെങ്കിലും സ്വീഡനിൽ ഉരുത്തിരിയുമെന്ന് ആശിക്കാം.