സാധാരണക്കാരന് സ്വന്തംകാലിൽ നിൽക്കാനൊരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ മൈക്രോഫിനാൻസ് സംരംഭങ്ങൾ വ്യാപകമാവുന്നത്. കുടുംബശ്രീ  ഉൾപ്പെടെയുള്ള സംവിധാനങ്ങളും സമുദായസംഘടനകളും ഇപ്പോഴും ഇതേ പാതയിൽ പ്രവർത്തിക്കുന്നുമുണ്ട്.

നാലും അഞ്ചും ശതമാനം പലിശയ്ക്കാണ് ഇവ അയൽക്കൂട്ടങ്ങൾക്കും അംഗങ്ങൾക്കും  വായ്പ നൽകുന്നതും പ്രവർത്തനം ഏകോപിപ്പിക്കുന്നതും. എന്നാൽ, മൈക്രോഫിനാൻസ് എന്ന ആശയത്തെപ്പോലും വികൃതമാക്കിക്കൊണ്ടാണ് കേരളത്തിൽ   സ്വകാര്യ മൈക്രോഫിനാൻസ് സംരംഭങ്ങൾ ഇടിച്ചുകയറി തഴച്ചുവളരുന്നത്.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കേരളത്തിലെ എസ്.സി.കോളനികളടക്കമുള്ള കേന്ദ്രങ്ങളിൽ  ഇതരസംസ്ഥാന മൈക്രോഫിനാൻസ് സംഘങ്ങളുടെ  പ്രവർത്തനം വ്യാപകമായിട്ടുണ്ടെന്ന് സംസ്ഥാനപോലീസിന്റെ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുമുണ്ട്. ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ നേർക്കാണ് പ്രധാനമായും ആരോപണമുയരുന്നത്.

പല വഴിയിലായി 36 ശതമാനത്തോളം പലിശയാണ്  ഇവ സാധാരണക്കാരിൽനിന്ന് ഈടാക്കുന്നത്. പക്ഷേ, ഇവയെ നിയന്ത്രിക്കാനോ കൊള്ളപ്പലിശ നിയന്ത്രിക്കാനോ സംവിധാനങ്ങളൊന്നുമില്ല. പരാതികളിലോ ഔദ്യോഗികരേഖകളിലോ ഇവയുടെ പേരുവരില്ല.

മൈക്രോഫിനാൻസ് കടക്കെണിയിൽ കുടുങ്ങി പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ മാത്രം കഴിഞ്ഞ നാലുമാസത്തിനിടെ അഞ്ചുമരണങ്ങൾ നടന്നുവെന്നത് ഞെട്ടിക്കുന്നതാണ്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു, പണം തിരിച്ചടവിന് കഴിയാത്ത അവസ്ഥയുണ്ടായിരുന്നു എന്നൊക്കെ ബന്ധുക്കൾ വിലപിക്കുമ്പോഴും യഥാർഥത്തിൽ ഈ മരണങ്ങൾക്ക്  കാരണക്കാരായവർ കാണാമറയത്താണ്.

കുടുംബശ്രീയുടെയും സമുദായ സംഘടനകളുടെയും മാതൃകയിൽ അയൽക്കൂട്ടങ്ങളും മറ്റും രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങുന്ന ഇത്തരം സംരംഭങ്ങൾ ഇടപാടുകാരെ സമ്മർദത്തിലാക്കാനും  ഇതേ സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നത്. ബ്ലേഡ് പലിശ സംഘങ്ങളും വട്ടിപ്പലിശക്കാരും പരസ്യമായി പ്രവർത്തിക്കാൻ മടിക്കുന്നത് ഇവയ്ക്കെതിരേ പോലീസ് നടപടി ശക്തമായതോടെയാണ്.

ഇത്തരം ആശങ്കകളൊന്നുമില്ലാതെ  സേവനം മറയാക്കിയാണ്  ഇതരസംസ്ഥാന മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം. മഹാരാഷ്ട്രയും മറ്റ് സംസ്ഥാനങ്ങളും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആറ് കമ്പനികൾ പാലക്കാട് ജില്ലയിൽ മാത്രമുണ്ട്.

സൊസൈറ്റീസ് ആക്ട് പ്രകാരമോ, കമ്പനി ചട്ടപ്രകാരമോ രജിസ്റ്റർ ചെയ്ത ഏതു സ്ഥാപനത്തിനും പ്രവർത്തിക്കാമെന്ന മറ ഉപയോഗിച്ചാണ് ഇവയുടെയും പ്രവർത്തനം. ഔദ്യോഗികമായി ഡയറക്ടർബോർഡ് ഉണ്ടാവുമെങ്കിലും ‘അദൃശ്യരായ’ ഒന്നോ രണ്ടോ വ്യക്തികൾക്കാവും ഇവയുടെ ഉടമസ്ഥാവകാശമെന്നും വ്യക്തമായിട്ടുണ്ട്.

സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനത്തിന്റെയും  കുടുംബശ്രീയുടെയുമൊക്കെ പ്രവർത്തന പരിമിതികൾ ഉപയോഗിച്ചാണ് മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ കുടുംബങ്ങളിൽ കടന്നുകയറുന്നത്. നല്ല പ്രവർത്തനം കാഴ്ചവെച്ച അയൽക്കൂട്ടം സെക്രട്ടറിമാരെയും പ്രവർത്തകരെയും ഫീൽഡ് സ്റ്റാഫാക്കിയതോടെ കാര്യങ്ങൾ എളുപ്പമായി. അതോടെ ഇത്തരം സ്ഥലങ്ങളിൽ കുടുംബശ്രീ ഉൾപ്പെടെയുള്ളവയുടെ  പ്രവർത്തനം പേരിനുമാത്രമായി.

പാത്രം വാങ്ങാനുള്ള വായ്പമുതൽ എന്താവശ്യത്തിനും തുക കിട്ടും. ഒരു തവണ അയൽക്കൂട്ടത്തിൽ അംഗമായാൽ ഗ്രൂപ്പിന് ഒരുമിച്ച് വായ്പ അനുവദിക്കപ്പെടുമ്പോൾ  പണം ആവശ്യമില്ലാത്തവരും വായ്പ സ്വീകരിക്കാൻ നിർബന്ധിതരാവും. ഒരാൾ എടുത്തില്ലെങ്കിൽ മറ്റുള്ളവർക്കും കിട്ടാതാവുമെന്ന പൊതു ഭീഷണിയാണ് ഇവിടെ പ്രവർത്തിക്കുക.

അയൽപക്കവുമായി നല്ല ബന്ധം നിലനിർത്തുന്നതിനെച്ചൊല്ലി ആവശ്യമില്ലെങ്കിലും പണം സ്വീകരിക്കും. ഒട്ടും ഉത്പാദനക്ഷമമല്ലാത്ത ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കപ്പെടുന്നതോടെ തിരിച്ചടവ് പ്രശ്നമാവുകയും ചെയ്യും. ദിവസം മുന്നൂറുരൂപ മുതൽ എണ്ണൂറ് രൂപ വരെ തിരിച്ചടവ് വരുന്നവരുണ്ട്.  

നോട്ടുനിരോധനവും തുടർന്ന് ചരക്ക്-സേവന നികുതി വന്നതുമെല്ലാം നാട്ടിൻപുറങ്ങളിലെ സാധാരണ പണിക്കാരെയും അവരുടെ തൊഴിലവസരങ്ങളെയും ബാധിച്ചിട്ടുണ്ട്. തൊഴിലവസരങ്ങൾ കുറഞ്ഞത് തിരിച്ചടവിനെയും ബാധിച്ചു. പണം തിരികെ ലഭിക്കാൻ അയൽപക്കക്കാരെ മുൻനിർത്തി കമ്പനിയുടെ പ്രതിനിധികളെത്തുമ്പോൾ  അവരെ അഭിമുഖീകരിക്കാനാവാതെയാണ് ഇതിന് ഇരകളാവുന്നവരിൽ ചിലരെങ്കിലും ജീവനൊടുക്കുന്നത്.

ഒരാൾ പണമടച്ചില്ലെങ്കിൽ ഗ്രൂപ്പിലെ മറ്റംഗങ്ങൾ അടയ്ക്കേണ്ടിവരുമെന്നാവുന്നതോടെ അവരും സമ്മർദം ചെലുത്തും. ഇതൊക്കെ പുറത്തുപറയുമെങ്കിലും പരാതി നല്കാനോ സ്ഥാപനങ്ങൾക്കെതിരേ പ്രതികരിക്കാനോ ആരും തയ്യാറാവുന്നുമില്ല. ഇതാണ് മൈക്രോഫിനാൻസുകാരുടെ  വിജയവും. ഇനി ആരോപണമുയർന്നാൽതന്നെ അത് ഫീൽഡ് ജീവനക്കാരുടെ പേരിലുമാവും.

അയൽപക്കക്കാർ തമ്മിലുള്ള പ്രശ്നം അവർ തന്നെ തീർക്കണമെന്ന അവസ്ഥയെത്തുമ്പോഴും രക്ഷപ്പെടുന്നത് കമ്പനിതന്നെ. വായ്പകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനാൽ വായ്പയെടുത്തയാൾ മരിച്ചാലും ലാഭം കമ്പനിക്കുതന്നെ.

തിരിച്ചടവുശേഷി പോലും പരിശോധിക്കാതെയാണ് വായ്പകൾ നല്കുന്നത്. സഹകരണബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാൻ സ്ഥലത്തിന്റെ ആധാരം മുതൽ രേഖകൾ ഹാജരാക്കണമെങ്കിലും മൈക്രോഫിനാൻസ് വായ്പയ്ക്ക് വെറും ഒരു ഒപ്പുമാത്രം മതിയെന്നത് സാധാരണക്കാരനെ വല്ലാതെ പ്രലോഭിപ്പിക്കുന്നുണ്ട്. പ്രലോഭനങ്ങളിൽവീണ് എഴുന്നേൽക്കാനാവാതെ വരുമ്പോഴാണ് കെണിയുടെ ആഴം ഇവർ മനസ്സിലാക്കുക.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാനുള്ള പൊതുസംവിധാനങ്ങളുടെ പ്രവർത്തനം ശക്തമാക്കുകയും നിയമസംവിധാനമുപയോഗിച്ച് ഇത്തരം അനധികൃതപ്രവർത്തനങ്ങൾക്ക് തടയിടുകയും മാത്രമാണ് പ്രതിവിധി. സമൂഹത്തിന്റെ താഴേത്തട്ടിൽ ശക്തമായ ബോധവത്കരണത്തിന്റെ ആവശ്യകതയിലേക്കും ഇത് വിരൽചൂണ്ടുന്നു.