ന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നതും അതിനാലുള്ള കൃഷിനാശവും കേരളത്തിൽ വലിയൊരു തലവേദനയായി മാറിയിട്ടുണ്ട്. വിയർപ്പൊഴുക്കി ഉണ്ടാക്കിയ വിളകൾ  വന്യജീവികൾ നശിപ്പിക്കുമ്പോൾ വായ്പ തിരിച്ചടയ്ക്കാൻ പറ്റാതെ കൃഷിക്കാർ നിത്യദുരിതത്തിലേക്ക് പോകുന്നു. വരുമാനമാർഗം നഷ്ടപ്പെടുക മാത്രമല്ല വലിയൊരു കടഭാരം തലയിലേക്ക് വീഴുകയും ചെയ്യുന്നു.

വന്യജീവികളുടെ നാട്ടിലേക്കുള്ള കടന്നുകയറ്റം തടയാൻ കാലാകാലങ്ങളിൽ ഒട്ടേറെ പരിപാടികൾ സർക്കാരുകൾ നടപ്പാക്കിയെങ്കിലും അതൊന്നും പൂർണവിജയമായിട്ടില്ല. കാടിനോട് ചേർന്നുള്ള ഇടത്ത് മാത്രമല്ല കാട്ടിൽനിന്ന് വളരെ അകന്ന ഇടങ്ങളിൽ വരെ വന്യജീവികൾ എത്തി നാശമുണ്ടാക്കുന്നു. പുലിയും ആനയും കൃഷിനാശം മാത്രമല്ല മനുഷ്യജീവന് അപകടവും വരുത്തുന്നു. ഒറ്റയാന്മാരായ പന്നികളും ആക്രമണസ്വഭാവം കാണിക്കുന്നു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 853 മനുഷ്യരാണ് വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചത്. പരിക്കേറ്റവർ 3246 പേരാണ്. ഇക്കാലത്ത് കൃഷിക്കാർക്കും മരണം സംഭവിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരമായി നൽകിയത് 44 കോടി രൂപയാണ്. നഷ്ടമായ മനുഷ്യജീവന് പണം ഒരു പരിഹാരമല്ലെന്ന സത്യവും നിലനിൽക്കുന്നു.

മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ഭക്ഷണവും വെള്ളവും തേടിയാണ്. മുമ്പ് വനഭൂമിയായിരുന്ന ഇടം പിന്നീട് നാടാകുന്നതോടെ മുറിഞ്ഞുപോകുന്ന സ്വാഭാവിക സഞ്ചാരതാരകൾ ജീവികളെ വലയ്ക്കുന്നുണ്ട്. കാടിന്റെ പരിധിവിട്ട് സഞ്ചരിച്ച് പിന്നീട് ഒരിക്കലും ഉൾക്കാട്ടിലേക്ക് മടങ്ങാൻപറ്റാത്ത വിധം ഭക്ഷണരീതികളും മറ്റും മാറിപ്പോകുന്ന ജീവികളുമുണ്ട്. പന്നികൾക്ക് ഇതാണ് പറ്റുന്നത്.

നാട്ടിൽ കിഴങ്ങും കപ്പയും മറ്റും കഴിച്ച് ശീലിക്കുന്ന പന്നികൾ പിന്നീട് കാട്ടിലെ ജീവിതംവിട്ട് നാടിനോടുചേർന്നുള്ള കാട്ടിലോ നാട്ടിലെ കുറ്റിക്കാടുകളിലോ തമ്പടിക്കുന്നു. ഇവിടെ പെറ്റുപെരുകുന്ന പന്നികൾ പിന്നീട് നാട്ടുപന്നികൾ തന്നെയായി കഴിയുന്നു; സർക്കാർ രേഖകളിൽ ഇവർ കാട്ടുജീവികളാണെങ്കിലും. ഈ പന്നികളുടെ ആക്രമണത്തിൽ  മലയോരജില്ലകളിൽ ദിവസവും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുന്നുണ്ട്.

ആന, മാൻ, കുരങ്ങ്, മ്ലാവ്, മുള്ളൻപന്നി  തുടങ്ങിയ ജീവികളും നാട്ടിലെത്തി കൃഷിനാശം വരുത്തുന്നുണ്ട്. പത്തനംതിട്ട വള്ളിക്കോട്ട്  കൊയ്യാറായ നെൽപ്പാടം പന്നികൾ ഉഴുതുമറിച്ചത് സമാനതകളില്ലാത്ത സംഭവമായിരുന്നു. മഞ്ഞളും ഇഞ്ചിയും മാത്രമല്ല കൊഴിഞ്ഞുവീണ നാളികേരവും പന്നികൾ തേറ്റകൊണ്ട് പൊളിച്ച് കഴിക്കുന്നുണ്ട്.

കേരളത്തിന്റെ പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷയ്ക്കും പരിക്കില്ലാത്തവിധം വേണം വന്യജീവികളുടെ നാട്ടിലേക്കുള്ള വരവ് പരിഹരിക്കാൻ. കാടിന്റെ സ്വാഭാവിക പരിസ്ഥിതിനാശം വന്യജീവികളുടെ ഭക്ഷണവും വെള്ളവും ഇല്ലാതാക്കിയിട്ടുണ്ട്. കാട്ടിലെ ജലസ്രോതസ്സുകൾ നശിപ്പിക്കപ്പെടുന്നു. കൈയേറ്റക്കാരും അനധികൃത വിനോദസഞ്ചാരവും ഇതിന് ഇടയാക്കുന്നു. കാട്ടുതീയും വന്യജീവികളുടെ ഭക്ഷണവും സ്വസ്ഥതയും ഇല്ലാതാക്കുന്നു.

കാട്ടിൽ 3000 ജലസ്രോതസ്സുകൾ നവീകരിച്ചതായി വനംവകുപ്പ് വ്യക്തമാക്കുന്നു. പോയവർഷം 67 ചതുപ്പ് പ്രദേശങ്ങളിൽ മൺബണ്ട് നിർമിച്ചുവെന്നും 141 തടയണകൾ നവീകരിച്ചുവെന്നും കണക്കുകളിൽ കാണാം. ഈ വർഷം 86 ജലസ്രോതസ്സുകൾ നവീകരിച്ചു. കഴിഞ്ഞവർഷം നിലമ്പൂർ, ചിന്നാർ വന്യജീവിസങ്കേതങ്ങളിൽ ലോറിയിൽ വനംവകുപ്പ് വെള്ളം എത്തിച്ച് കാട്ടിലെ കുളങ്ങളിൽ നിറച്ചിരുന്നു.

കാട്ടിൽ ഫലവൃക്ഷങ്ങൾ നടുകയാണ് മറ്റൊരു പോംവഴി. പോയ നൂറ്റാണ്ടിന്റെ ആദ്യം വനം തെളിച്ച് തേക്കിൻതോട്ടങ്ങൾ നിർമിച്ച മാതൃകയിൽ ഇത്തരം ഇടങ്ങളിൽ തേക്ക് ഒഴിയുന്ന മുറയ്ക്ക് മാവും പ്ലാവും പുളിയും വെട്ടിയും പനയും ഒക്കെ നടുകയാണങ്കിൽ ജീവികൾക്ക് അത് ആശ്വാസമാകും.

ഇതിനൊപ്പം കാടുംനാടും വേർതിരിക്കുന്ന പ്രവൃത്തികളും വേണം. 1500 കിലോമീറ്റർ ദൂരത്ത് മാത്രമാണ് സൗരോർജവേലിയുള്ളത്. 584 കിലോമീറ്റർ ദൂരത്തിൽ കിടങ്ങും കുഴിച്ചിട്ടുണ്ട്. ഈ പ്രവൃത്തികൾ പൂർത്തിയാക്കണം. നാട്ടിലിറങ്ങുന്ന അപകടകാരികളായ പന്നികളെ കൊല്ലുന്നതിന് സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. ഇതിന്റെ കാലാവധി 2016 മാർച്ച് 19-ന് അവസാനിച്ചു.

നിയമപ്രകാരം ഇപ്പോൾ അപകടകാരികളായ പന്നികളെ കൊല്ലാൻ അനുവാദമില്ല. ഈ ഉത്തരവ് ഭേദഗതികളോടെ വീണ്ടും ഇറക്കുന്നതിന് സർക്കാർ ആലോചിക്കുന്നു എന്നാണ് വിവരം. വന്യജീവികളെ കൊല്ലുന്നതിനും ഉപദ്രവിക്കുന്നതിനും കൃഷിക്കാരും ആഗ്രഹിക്കുന്നില്ല. വിളകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജീവികൾ വനംവിട്ട് വരുന്നത് തടയുകയും ചെയ്യുക എന്ന ദൗത്യമാണ് സർക്കാരിന് മുന്നിലുള്ളത്. വനത്തെ അതിന്റെ സമൃദ്ധിയിലേക്കു തിരികെക്കൊണ്ടുപോകാനായാൽ പ്രശ്നം പരിഹരിക്കപ്പെടും.