ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി പശ്ചിമേഷ്യൻസമാധാനം എന്ന ലക്ഷ്യത്തിന്‌ വെല്ലുവിളി ഉയർത്തുന്നു. ഇസ്രയേലിലെ അമേരിക്കൻ നയതന്ത്രകാര്യാലയം ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.  സ്വന്തം സഖ്യരാഷ്ട്രങ്ങളുടെയും ലോകത്തെ സമാധാനകാംക്ഷികളുടെയും വാക്കുകൾക്ക് ചെവികൊടുക്കാതെയാണ് ട്രംപിന്റെ ധാർഷ്ട്യപ്രകടനം. പലസ്തീൻ ജനതയെയും അറബ് ലോകത്തെയും അപഹസിക്കുംമട്ടിലുള്ള ഈ പ്രഖ്യാപനം വിവേകിയായ രാഷ്ട്രത്തലവന് ചേർന്നതല്ല. ഏഴു പതിറ്റാണ്ടായി അസമാധാനം പുലരുന്ന ഒരു നാട്ടിൽ സമാധാനം കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കാൻ ഉത്തരവാദിത്വമുള്ള ലോകനേതാവിൽ നിന്നാണ് ഈ പ്രവൃത്തി. വരുംവരായ്കകളെക്കുറിച്ച് വീണ്ടുവിചാരമില്ലാത്ത ഈ പ്രഖ്യാപനം ട്രംപിന് മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനപാലനം മാത്രമാകാം. പക്ഷേ, ലോകത്തിന് അതുനൽകുന്നത് അശാന്തിയുടെ സന്ദേശവും അസ്വസ്ഥതയുടെ ദിനരാത്രങ്ങളുമാണ്.

1948-ൽ ഇസ്രയേലിന്റെ രൂപവത്കരണം മുതൽ ആ രാജ്യത്തെ അംഗീകരിക്കുന്നുണ്ട് അമേരിക്ക. ഇസ്രയേലും അറബ് ലോകവും തമ്മിലുള്ള ഭിന്നതകളിൽ ആർക്കൊപ്പമാണ് അമേരിക്കയെന്നകാര്യത്തിലും തർക്കമില്ല. ഇസ്രയേലിനോട് മമത കാട്ടുമ്പോഴും ഇസ്രയേൽ-പലസ്തീൻ തർക്കത്തിൽ തത്ത്വത്തിലെങ്കിലും അന്താരാഷ്ട്രനിയമങ്ങളോട് ചേർന്നുനിൽക്കുകയായിരുന്നു അമേരിക്ക. 1967ലെആറുദിനയുദ്ധത്തിൽ ഇസ്രയേൽ കിഴക്കൻ ജറുസലേമിനെ പിടിച്ചെടുത്തത് അംഗീകരിക്കാൻ മറ്റു ലോകരാഷ്ട്രങ്ങളെന്നതുപോലെ അമേരിക്കയും വൈമുഖ്യം കാട്ടി. ഗാസയും നബ്ലൂസും റമള്ളയും പോലെ ഇസ്രയേൽ ബലമായി കൈയേറിയ ഭൂമിയാണിതെന്ന നിലപാട് സ്വീകരിച്ചു. ജൂതരും ക്രൈസ്തവരും മുസ്‌ലിങ്ങളും ഒരുപോലെ പവിത്രത കല്പിക്കുന്നതും അവകാശവാദമുന്നയിക്കുന്നതുമായ  ജറുസലേം ഇസ്രയേൽ-പലസ്തീൻ തർക്കത്തിന്റെ കേന്ദ്രബിന്ദുവാണ്‌.  

ട്രംപിന്റെ പ്രഖ്യാപനം ഇസ്രയേലിനെയും ലോകമെമ്പാടുമുള്ള ജൂതരെയും ആഹ്ലാദിപ്പിച്ചേക്കാം.  ഇസ്രയേലികളെ സംബന്ധിച്ച് ജറുസലേം ഇപ്പോഴേ അവരുടെ സ്വയം പ്രഖ്യാപിത തലസ്ഥാനമാണ്. പ്രധാനമന്ത്രിയുടെ ഓഫീസും പാർലമെന്റ് മന്ദിരവും അവിടെയാണ്. എന്നാൽ, അറബ് വംശജർക്ക് ഭൂരിപക്ഷമുള്ള കിഴക്കൻ ജറുസലേമിൽ ഭാവി പലസ്തീന്റെ തലസ്ഥാനം സ്വപ്‌നം കാണുന്നവരാണ് പലസ്തീൻകാർ. ഇക്കാരണത്താൽത്തന്നെ ജറുസലേമിനെ തലസ്ഥാനമാക്കിയ ഇസ്രയേലിന്റെ ചെയ്തിയെ അന്താരാഷ്ട്രസമൂഹം അംഗീകരിച്ചിട്ടില്ല. എല്ലാരാജ്യങ്ങളുടെയും നയതന്ത്ര-സ്ഥാനപതി കാര്യാലയങ്ങൾ ഇപ്പോഴും ഇസ്രയേലിലെ പ്രമുഖനഗരമായ ടെൽ അവീവിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് അമേരിക്കയുടെ കാര്യാലയം മാറ്റാനുള്ള ട്രംപിന്റെ നടപടിയും ജറുസലേമിനെ ഇസ്രയേലിന്റെ അവിഭാജ്യഘടകമായി അംഗീകരിക്കുന്ന നടപടിയുടെ ഭാഗമാണ്. ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് അമേരിക്കയുടെ നയതന്ത്രകാര്യാലയം മാറ്റണമെന്നത് ഇസ്രയേൽ അനുകൂലികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഇതിനായി 'ജറുസലേം നയതന്ത്രകാര്യാലയ നിയമം'തന്നെ 1995-ൽ യു.എസ്. കോൺഗ്രസ് പാസാക്കി. പിന്നീടുവന്ന പ്രസിഡന്റുമാരെല്ലാം പ്രത്യാഘാതം കണക്കിലെടുത്ത് നിയമംനടപ്പാക്കൽ മാറ്റിവെച്ചു. ട്രംപ് പക്ഷേ, ഇതൊന്നും കണക്കിലെടുത്തില്ല.

മക്കയും മദീനയും കഴിഞ്ഞാൽ മുസ്‌ലിങ്ങൾ പുണ്യസ്ഥലമായി കരുതുന്ന അൽ അഖ്‌സ പള്ളി കിഴക്കൻ ജറുസലേമിലാണ്. ഇവിടെ പാർക്കുന്ന പലസ്തീൻകാരെ വിദേശകുടിയേറ്റക്കാരായാണ് ഇസ്രയേൽ കണക്കാക്കുന്നത്. കിഴക്കൻ ജറുസലേമിനുമേലുള്ള ആധിപത്യം ഉറപ്പാക്കാനായി അന്താരാഷ്ട്രനിയമങ്ങൾ വിലക്കിയിട്ടും ഇസ്രയേൽ ഇവിടെ കാലാകാലങ്ങളായി കുടിയേറ്റം തുടരുന്നു. ഈ കുടിയേറ്റങ്ങൾക്ക് അംഗീകാരം നൽകുകകൂടിയാണ് ട്രംപ്‌ ചെയ്തിരിക്കുന്നത്.

പലസ്തീന്റെ സ്വാതന്ത്ര്യത്തിനായി ഇസ്രയേലുമായി സായുധപ്പോരാട്ടത്തിന്റെ വഴിയിലായിരുന്ന ഹമാസ്, മഹ‌്‌മൂദ് അബ്ബാസിന്റെ പലസ്തീനിയൻ അതോറിറ്റിയുമായി രഞ്ജിപ്പിലെത്തിയിട്ട് അധികനാളായില്ല. ഹമാസിന്റെ നടപടി ഈ മേഖലയെ സമാധാനത്തിലേക്ക് ഒരുപടികൂടി അടുപ്പിച്ചു എന്ന പ്രതീക്ഷ ഉയർത്തിയിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനമെത്തിയത്. രണ്ടാം 'ഇത്തിഫദ'യാണ് ഈ പ്രഖ്യാപനത്തിനുള്ള പ്രതികരണമെന്നാണ് ഹമാസ് പറഞ്ഞിരിക്കുന്നത്. മേഖലയിൽ ഇനിയും ചോരയേറെ ചിന്തപ്പെടുമെന്ന മുന്നറിയിപ്പാണിത്. അറബ് ലീഗും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും യോഗം ചേരുന്നുണ്ട്. ഐക്യരാഷ്ട്രരക്ഷാസമിതിയും സമ്മേളനം വിളിച്ചിരിക്കുന്നു. സ്വതന്ത്ര പലസ്തീനും ഇസ്രയേലുമെന്ന ദ്വിരാഷ്ട്രപരിഹാരത്തിന് ട്രംപ് അന്ത്യചുംബനം നൽകിയെന്ന്‌ പലസ്തീൻ നിരാശപ്പെടുന്നു. ഇങ്ങനെയൊരുവികാരം ആ ജനതയിൽ ശക്തിപ്പെട്ടാൽ, സ്വതവേ സംഘർഷത്തിലാണ്ട പശ്ചിമേഷ്യ വീണ്ടും കലുഷമാകും. അത്‌ സംഭവിച്ചുകൂടാ. പതിറ്റാണ്ടുകളായി ഒരുജനത സൂക്ഷിക്കുന്ന പ്രതീക്ഷയുടെ കനലുകൾ, രോഷത്തിന്റെ കനലുകളായി ജ്വലിച്ചുകൂടാ. 'യുദ്ധമാണ് സമാധാന'മെന്ന വീക്ഷണം പുലർത്തുന്ന പ്രവൃത്തികളാണ്‌ അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ ഒരുവർഷം തികയ്ക്കും മുമ്പ് ഡൊണാൾഡ് ട്രംപ് ചെയ്തിരിക്കുന്നത്‌.  ആ നിരയിൽ ഒടുവിലത്തേതാണ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന പ്രഖ്യാപനം.