ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമാകുന്നത് കേരളീയ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വിപത്തിനെതിരേയുള്ള  ബോധവത്കരണവും ഇവയുടെ ലഭ്യത തടയുന്നതിനുള്ള  നിയമനടപടികളും പലതട്ടുകളിൽ നടക്കുന്നുമുണ്ട്. എന്നാൽ, നമ്മുടെ കുട്ടികൾ ഇവയുടെ വ്യാപാരത്തിൽ കൂടുതലായി പങ്കാളികളാവുന്ന ഗുരുതരമായ പ്രവണത ഇപ്പോൾ വ്യക്തമായിരിക്കുന്നു. കഞ്ചാവും ലഹരിഗുളികകളും വിറ്റതിന് ഒമ്പതുമാസത്തിനിടെ 63 വിദ്യാർഥികൾ പാലക്കാട്ടെ ജയിലിൽ ആയെന്നത് കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പത്തൊമ്പതുമുതൽ ഇരുപത്തിയഞ്ചുവരെ പ്രായമുള്ള, സമൂഹത്തിന്റെ  പ്രതീക്ഷയാകേണ്ടിയിരുന്ന യുവാക്കളാണ് ലഹരിവ്യാപാരത്തിന്റെ കണ്ണികളായി മാറിയത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ലഹരി കടത്തിയതിന് പിടിയിലായവരാണിവർ.

അതിർത്തിജില്ലയായതിനാൽ ഒരുപക്ഷേ, പാലക്കാട്ട് ലഹരിമരുന്ന് കടത്തിന്റെ വ്യാപ്തി മറ്റുജില്ലകളിലേതിനെക്കാൾ കൂടുതലായിരിക്കാം. എന്നാൽ,  മറ്റുജില്ലകളിലും ലഹരിമരുന്നു കടത്തിന് പിടിക്കപ്പെടുന്ന വിദ്യാർഥികളുടെ എണ്ണം ചെറുതല്ലെന്നാണ് എക്സൈസ് വകുപ്പിന്റെ വിലയിരുത്തൽ.  യുവാക്കളായ വിദ്യാർഥികൾ മാത്രമല്ല, സ്കൂൾ കുട്ടികൾപോലും ലഹരിമരുന്ന് മാഫിയയുടെ വിതരണക്കാരായുണ്ട്. കച്ചവടം കൊഴുപ്പിക്കാനും നിയമത്തിന്റെയും അധികൃതരുടെയും കണ്ണുവെട്ടിക്കാനും വിദ്യാർഥികളെയും കുട്ടികളെയും ലഹരിമരുന്ന് മാഫിയ വ്യാപകമായി ഉപയോഗിക്കുന്നത് കേരളത്തിൽ വലിയൊരു ഇടപെടൽ വേണ്ടിവരുന്ന സാമൂഹികദുരന്തമായി മാറിയിരിക്കുന്നു.

  ലഹരിമരുന്ന് കടത്തുമ്പോൾ കിട്ടുന്ന മെച്ചപ്പെട്ട ലാഭമാണ് വിദ്യാർഥികളെ ഇതിലേക്ക്‌ ആകർഷിക്കുന്നത്. ശിഥിലമായ കുടുംബങ്ങളിൽ നിന്നുള്ളവരും ബാല്യത്തിലേ അനാഥരായവരുമൊക്കെയാണ് കൂടുതലായി ഈ മാഫിയയുടെ കണ്ണികളാവുന്നതെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. പെട്ടെന്ന് പിടിക്കപ്പെടില്ല എന്നതും ദുർബലമായ നിയമങ്ങളുമാണ് വിദ്യാർഥികളെയും കുട്ടികളെയും കടത്തുകാരാക്കാൻ മാഫിയയെ പ്രോത്സാഹിപ്പിക്കുന്നത്. കുട്ടികളിൽ ഭൂരിഭാഗവും  ഇവരുടെ കെണിയിൽപ്പെട്ടുപോകുന്നതാണ്. ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ ഭീഷണിപ്പെടുത്തിയും വഞ്ചിച്ചും വിതരണശൃംഖലയിൽ കണ്ണികളാക്കുന്നുണ്ട്. സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപ്പന കൂടുതലായി നടക്കുന്നത്.  വിദ്യാലയപരിസരത്ത് ഇവ വിൽക്കാൻ വിദ്യാർഥികളെത്തന്നെ നിയോഗിക്കുകയാണ് മാഫിയയുടെ രീതി. പകൽ കടൽത്തീരങ്ങളിലും രാത്രിയിൽ നഗരങ്ങളിലെ രഹസ്യസങ്കേതങ്ങളിലും കഞ്ചാവ് പൊതികളും ലഹരിഗുളികകളും എത്തിക്കാൻ നിയോഗിക്കപ്പെട്ട കുട്ടികൾ എക്സൈസ് വകുപ്പിന്റെ പരിശോധനയിൽ പടിയിലായിട്ടുണ്ട്.  കുട്ടികളാവുമ്പോൾ സംശയിക്കപ്പെടില്ല. ഇവരെ  പിടിച്ചാൽ ക്രിമിനൽ കേസ് ചുമത്താനും സാഹചര്യമില്ല. ഒരിക്കൽ ഈ ശൃംഖലയുടെ കണ്ണികളായാൽ രക്ഷപ്പെടുന്നതും എളുപ്പമല്ല. ലഹരിമരുന്ന് വിതരണത്തിന് അറസ്റ്റിലാവുന്ന മുതിർന്ന വിദ്യാർഥികൾ ജയിലുകളിൽ കുറ്റവാളികളുമായുള്ള സഹവാസത്തിൽപ്പെട്ട് അപകടകരമായ പുതുവഴികളിലേക്ക് നീങ്ങുന്നു.

 സംസ്ഥാന എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പങ്കുവെച്ച ഒരനുഭവം ഈ സാഹചര്യത്തിൽ പ്രസക്തമാണ്. വിദ്യാലയങ്ങളിൽ മയക്കുമരുന്ന് ലഭ്യമാണെന്ന് പരാതിപ്പെടുന്ന ഒരധ്യാപകൻപോലും അവിടെ മയക്കുമരുന്ന് വിൽക്കുന്ന ഒരു കുട്ടിയെയും പിടിച്ചതായി തനിക്ക് അനുഭവമില്ലെന്ന് അദ്ദേഹം പറയുന്നു. പലകുട്ടികളുടെയും കാര്യത്തിൽ രക്ഷിതാക്കളെ അറിയിച്ചിട്ടും കാര്യമില്ലെന്ന നിസ്സഹായതയാണ് അധ്യാപകർ പ്രകടിപ്പിക്കുന്നത്. കുട്ടികളെ ഈ മാഫിയയുടെ പിടിയിൽനിന്ന് മുക്തമാക്കാനുള്ള ശ്രമത്തിൽ സജീവമായ പങ്കുവഹിക്കേണ്ട അധ്യാപകർക്ക് പലകാരണങ്ങളാൽ ഇത് ചെയ്യാനാവുന്നില്ല. തെറ്റായവഴികളിലേക്ക് എത്തിപ്പെട്ട കുട്ടികളെ തിരുത്താനുള്ള ആദ്യകടമ വിദ്യാലയ അധികൃതരുടേതാണെന്ന് മറക്കരുത്. അവരെ എങ്ങനെയും മാഫിയയുടെ കൈകളിൽ നിന്ന് മോചിപ്പിക്കാനുള്ള വഴികളെല്ലാം തേടേണ്ടതുണ്ട്. ലഹരി ഉപയോഗത്തിലേക്ക് വഴുതിപ്പോയവരെ എത്രയും പെട്ടെന്ന് കണ്ടെത്തി സാധാരണ ജീവിതത്തിലേക്ക് നയിക്കാൻ കഴിഞ്ഞാൽ അവർ വിതരണശൃംഖലയിലെ കണ്ണികളാവുന്നതും തടയാനാവും. നിയമങ്ങളും നടപടികളും കർശനമാക്കി മയക്കുമരുന്നിന്റെ ഉപയോഗം പരമാവധി തടയുന്നതിനൊപ്പം കുട്ടികൾ ഇവയുടെ വിതരണക്കാരാവുന്നത് തടയുന്നതിലും ജാഗ്രതവേണ്ടതുണ്ട്.