തെരുവുനായ്ക്കൾ മാത്രമല്ല പോറ്റുനായ്‌ക്കളും അപകടകാരികളാണെന്ന്  തെളിയിക്കുന്ന സംഭവമാണ് വയനാട്ടിലുണ്ടായത്. വൈത്തിരിയിൽ വീട്ടമ്മയായ രാജമ്മ കാലത്ത്‌ ജോലിക്കുപോകുമ്പോൾ മറ്റൊരാൾ വളർത്തുന്ന  റോട്ട്‌വീലർ ഇനത്തിൽപ്പെട്ട നായ്‌ക്കൾ അവരെ ആക്രമിക്കുകയായിരുന്നു. നായ്‌ക്കൾ വീട്ടമ്മയെ കടിച്ചുകീറി, മാംസം കാർന്നെടുത്ത് കൊന്നു.  ശാസ്ത്രീയ പരിപാലനമില്ലെങ്കിൽ ആക്രമണസ്വഭാവം കാണിക്കുന്ന ഇനമാണ് റോട്ട്‌വീലർ നായ്‌ക്കൾ. പട്ടികളെ സുരക്ഷയ്ക്കെന്ന പേരിൽ പോറ്റുകയും  വേണ്ടത്ര പരിശീലനവും ഉത്തരവാദിത്വവുമില്ലാതെ അവയെ പരിപാലിക്കുകയും ചെയ്യുന്നവരാണ് ഇത്തരത്തിലുള്ള ദാരുണ സംഭവത്തിന്റെ ഉത്തരവാദികൾ.  

വൈത്തിരിയിലുണ്ടായ സംഭവം ഭരണകൂടത്തിന്റെയും നീതിപീഠത്തിന്റെയും സന്നദ്ധസംഘടനകളുടെയും ജനങ്ങളുടെയാകെയും കണ്ണുതുറപ്പിക്കേണ്ടതുണ്ട്. വൈത്തിരിയിലെ സംഭവത്തെത്തുടർന്ന് സർക്കാർ അടിയന്തരമായി ചില നടപടികൾ സ്വീകരിച്ചുവെന്നത്  സ്വാഗതാർഹമാണ്. നായകളെ പോറ്റുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തുമെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയത്. മതിയായ അനുമതികളില്ലാതെയും സുരക്ഷാക്രമീകരണമില്ലാതെയും ആക്രമണസ്വഭാവം കാണിക്കുന്ന നായ്‌ക്കളെ പോറ്റുന്നവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തടയാൻ നിയമനിർമാണം അത്യാവശ്യമാണ്. 

കഴിഞ്ഞ ഏതാനും വർഷമായി കേരളം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന്  തെരുവുനായ്‌ക്കളുടെ പെരുപ്പവും  ആക്രമണവുമാണ്. 2001-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന മൃഗങ്ങളുടെ പ്രത്യുത്‌പാദന നിയന്ത്രണച്ചട്ടത്തിൽ ഒരുഭാഗംമാത്രം നടപ്പാക്കുകയും മറുഭാഗം പൂർണമായി അവഗണിക്കുകയും ചെയ്തതിന്റെ ഫലമായിരുന്നു മേൽപ്പറഞ്ഞ വിന. നായ്‌ക്കളെ കൊല്ലരുതെന്നും വന്ധ്യംകരിച്ച് അതിന്റെ പെരുപ്പം തടയുകയാണ് വേണ്ടതെന്നുമാണ് ആ ചട്ടം അനുശാസിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നായപിടുത്തക്കാരെ നിയോഗിച്ച് തെരുവുനായ്‌ക്കളെ പിടികൂടുകയും സയനൈഡ് കുത്തിവെച്ച് കൊല്ലുകയുമായിരുന്നു അതുവരെ. 2001-ൽ അത് ഏറക്കുറേ നിലച്ചു. എന്നാൽ, വന്ധ്യംകരണ പരിപാടിയാകട്ടെ നടപ്പായതുമില്ല. 2015-ൽ മാത്രമാണ് പദ്ധതി ആരംഭിച്ചത്.  

ഈ കാലയളവിലാണ് കേരളത്തിൽ തെരുവുനായപ്രശ്നം രൂക്ഷമായത്. മാലിന്യം കൂടിയത് പ്രശ്നത്തെ വഷളാക്കി. പകൽപോലും  കാൽനടയാത്രയും ഇരുചക്രവാഹനയാത്രയും അസാധ്യമാകുന്ന സ്ഥിതിയാണിന്നുള്ളത്. പത്രവിതരണവും പാൽവിതരണവുംപോലും സുരക്ഷിതമല്ലാതായി. ഓരോ ഗ്രാമകേന്ദ്രത്തിലും കവലകളിലും മാലിന്യകേന്ദ്രങ്ങളിൽ പത്തും ഇരുപതും നായ്‌ക്കൾ കുരച്ചാർക്കുന്നു.

തെരുവുനായ്‌ക്കൾ മാത്രമല്ല, പോറ്റുനായകളും ചേർന്നാണ് കേരളത്തിലെ പൊതുവഴികളും ഇടവഴികളും ഭീതിയുടെ ഇടങ്ങളാക്കിയത്. കൊച്ചുകുട്ടികൾ മുതൽ വൃദ്ധർവരെ നിരവധിപേരാണ് ഓരോ ദിവസവും നായ്‌ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സതേടുന്നത്.   നായക്ക് പേവിഷമുണ്ടെങ്കിലും ഇല്ലെങ്കിലും കടിയേൽക്കുന്നവരെല്ലാം  പേവിഷപ്രതിരോധ കുത്തിവെപ്പെടുക്കേണ്ടിവരുന്നു.

അതിനുള്ള മരുന്നിന്റെ ക്ഷാമം കാരണവും വർധിച്ച ചെലവുകാരണവുമുള്ള പ്രയാസം വേറെ. 
കേരളത്തിലെ  നായ്‌ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ കേസ് വന്നതും ദീർഘനാളത്തെ വാദപ്രതിവാദത്തിനും പുറത്തെ വിവാദത്തിനും ശേഷം റിട്ട. ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ മൂന്നംഗസമിതിയെ നിയോഗിച്ചതും.

2016 ഏപ്രിലിൽ നിയോഗിക്കപ്പെട്ട ആ സമിതി സുപ്രീംകോടതിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത് തെരുവുനായ്‌ക്കളുടെ ശല്യമില്ലാതാക്കാൻ ഫലപ്രദമായ അടിയന്തരനടപടികളുണ്ടാകുന്നില്ലെങ്കിൽ ഇരകളായ ജനങ്ങൾ സഹികെട്ട് നിയമം കൈയിലെടുത്താൽ, അതായത് നായ്‌ക്കളെ സ്വന്തംനിലയ്ക്ക് കൊല്ലാൻ തുടങ്ങിയാൽ കുറ്റപ്പെടുത്താനാവില്ലെന്നാണ്. വന്ധ്യംകരണവും പേവിഷ പ്രതിരോധ കുത്തിവെപ്പും അക്കാര്യം രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡ് ധരിപ്പിക്കലും സിരിജഗൻ സമിതിയുടെ റിപ്പോർടിൽ പറയുന്നു.

വീട്ടുനായ്‌ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതിനൊപ്പം വന്ധ്യംകരണവും വാക്സിനേഷനും നടത്തിയതുസംബന്ധിച്ച വിവരങ്ങളടങ്ങിയ തിരിച്ചറിയൽ കാർഡ് ധരിപ്പിക്കണമെന്ന് നിർദേശിക്കുന്നു. എല്ലാ പൊതുജനാരോഗ്യ കേന്ദ്രത്തിലും പേവിഷപ്രതിരോധ മരുന്ന് ലഭ്യമാക്കണമെന്നും  മാലിന്യസംസ്കരണം കൃത്യമായി നടത്തി തെരുവുനായ്‌ക്കൾ പെരുകുന്നത് തടയണമെന്നുംകൂടി ആ റിപ്പോർട്ടിൽ നിർദേശിച്ചു. 

സിരിജഗൻ സമിതി വിവിധ ജില്ലകളിൽ നായ്‌ക്കളുടെ കടിയേറ്റവരിൽനിന്ന്‌ തെളിവുശേഖരിക്കുകയും അതുപ്രകാരം ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ശുപാർശചെയ്യുകയുമുണ്ടായി. ഇതൊന്നും കൃത്യമായി പാലിക്കപ്പെട്ടിട്ടില്ല. വൈത്തിരിയിൽ മാംസവും ചോരയും ചിന്തി മരിച്ച രാജമ്മയുടെ ഓർമ സർക്കാരിൽ ഉത്തരവാദിത്വബോധമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ച നിർദിഷ്ടനിയമം സമഗ്രവും കുറ്റമറ്റതുമാക്കുമെന്നും പ്രതീക്ഷിക്കാം. 


എലിയും പൂച്ചയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രത്യുത്‌പാദനം നടത്തുന്ന ജീവിയാണ് നായ. എട്ടുമാസംകൊണ്ട് പൂർണ വളർച്ചയെത്തുകയും 64 ദിവസംകൊണ്ട് പ്രസവിക്കുകയും വർഷത്തിൽ രണ്ടോ മൂന്നോ തവണ പ്രസവിക്കുകയും ഓരോ പ്രസവത്തിലും എട്ടോ പത്തോ കുട്ടികളുണ്ടാവുകയും ചെയ്യുന്ന ജീവി. ഇറച്ചി അവശിഷ്ടങ്ങൾ കലർന്ന ഖരമാലിന്യം സംസ്കരിക്കപ്പെടാതെ കുന്നുകൂടിക്കിടക്കുന്നത് ഭൂഷണമായി കരുതുന്ന  കേരളത്തിൽ നായ്‌ക്കളുടെ പെരുപ്പം സ്വാഭാവികമാണ്.

സുപ്രീംകോടതി നിർദേശിച്ച എ.ബി.സി. പദ്ധതി ഇതിന് പൂർണമായ പരിഹാരമല്ല. എന്നാൽ, വലിയൊരളവോളം പെരുപ്പം കുറയ്ക്കാനും സാധിക്കും. കേരളത്തിലെ തെരുവുനായ്‌ക്കളുടെ എണ്ണം മൂന്നുലക്ഷത്തിൽപ്പരമാണെന്നാണ് കണക്ക്. രണ്ടുവർഷംകൊണ്ട് മുപ്പതിനായിരത്തോളം നായ്‌ക്കളെ വന്ധ്യംകരിച്ചതായും കണക്കുണ്ട്‌. കുടുംബശ്രീ മുഖേന ഒരു ലക്ഷം നായ്‌ക്കളെ വന്ധ്യംകരിക്കാൻ 22 കോടി രൂപയുടെ പദ്ധതി കഴിഞ്ഞ വർഷം ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ലെന്നാണ് റിപ്പോർട്ട്‌. എ.ബി.സി. പദ്ധതി ശരിയായി നടപ്പാക്കിയാൽ കുറേ വർഷംകൊണ്ട് നായ്‌ക്കളുടെ പെരുപ്പം ഗണ്യമായി കുറയ്ക്കാനാകും. മാലിന്യനിർമാർജനം കൃത്യമായി നടത്തുകകൂടി ചെയ്യണമെന്നുമാത്രം. 

തെരുവുനായ്‌ക്കളുടെ പെരുപ്പവും ആക്രമണവും തടയാൻ നടപടിയെടുക്കുന്നതിനൊപ്പം പോറ്റുനായ്‌ക്കളുടെ കാര്യത്തിലും ശ്രദ്ധ ആവശ്യമാണ്. പ്രൗഢിയുടെ ചിഹ്നമായിവരെ നായപോറ്റ് ഇന്ന് വ്യാപകമാണ്. കൊച്ചി നഗരത്തിൽ രണ്ടുവർഷംമുമ്പ് ഒരു കണക്കെടുത്തപ്പോൾ പന്തീരായിരം വളർത്തുനായ്‌ക്കളിൽ 48 എണ്ണത്തിനുമാത്രമായിരുന്നു ലൈസൻസ്. വൈത്തിരിയിൽ രാജമ്മയെ കടിച്ചുകീറിക്കൊന്ന മുന്തിയ ഇനം വേട്ടപ്പട്ടികൾക്ക് ലൈസൻസില്ല എന്നതും ശ്രദ്ധേയമാണ്. വളർത്തുനായ്‌ക്കളുടെ കാര്യത്തിൽ നിയമം കൊണ്ടുവരുന്നതിന്റെ അടിയന്തര പ്രാധാന്യമാണിത് സൂചിപ്പിക്കുന്നത്.