‘‘വീണ്ടും ഉദയമുണ്ടാകും’’ -ചന്ദ്രയാൻ രണ്ടിന്റെ വിക്രം ലാൻഡർ ലക്ഷ്യം കണ്ടില്ലെന്നറിഞ്ഞപ്പോൾ  പ്രധാനമന്ത്രി നരേന്ദ്രമോദി ഇങ്ങനെയാണ് പറഞ്ഞത്. ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞരുടെ മുഖത്തെ നൈരാശ്യം കണ്ടറിഞ്ഞാണ് ഇതുപറഞ്ഞത്. ആ നൈരാശ്യം ഓരോ ഇന്ത്യക്കാരനുമുണ്ട്. അതുകൊണ്ട് അത് എല്ലാ ഇന്ത്യക്കാരെയും സാന്ത്വനിപ്പിക്കാനുള്ള വാക്കുകളാണ്.

വീണ്ടും ഉദയം എന്നതുകൊണ്ട് പ്രധാനമന്ത്രി ഉദ്ദേശിച്ചത് ഇന്ത്യയുടെ അടുത്ത ബഹിരാകാശദൗത്യത്തിന്റെ സമ്പൂർണ വിജയമായിരിക്കണം. അത് ചന്ദ്രയാൻ മൂന്നോ വേറൊരു ബഹിരാകാശദൗത്യമോ ആകാം. ഐ.എസ്.ആർ.ഒ.യുടെ കാര്യപരിപാടികളിൽ ചന്ദ്രയാൻ-മൂന്ന് 2020 ഒടുവിൽ എന്നാണുള്ളത്. ഇപ്പോഴുണ്ടായ നഷ്ടത്തെ വിസ്തരിച്ചുപഠിച്ചും ഒരുപാട് ഗൃഹപാഠം ചെയ്തിട്ടുമാകും അതുണ്ടാകുക. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കൽ, മറ്റൊരു മംഗൾയാൻ, ശുക്രയാൻ എന്നിങ്ങനെ ഐ.എസ്.ആർ.ഒ.യ്ക്ക് പരിപാടികളുണ്ട്. സൂര്യനെ പഠിക്കാനുള്ള ആദിത്യദൗത്യവും ഒരു ബഹിരാകാശനിലയം സ്ഥാപിക്കലും കാര്യപരിപാടികളിലുണ്ട്. അടുത്ത സമ്പൂർണവിജയത്തിന്റെ ഉദയം ഇവയിലൊന്നുമാകാം.

വിക്രം ലാൻഡറും അതിനുള്ളിലെ പ്രഗ്യാൻ റോവറും നഷ്ടമായി എന്നാകിലും ചന്ദ്രയാൻ-2 ദൗത്യത്തിന്റെ 95 ശതമാനം വിജയമായെന്ന് ശാസ്ത്രജ്ഞർ പറയുന്നുണ്ട്. ലാൻഡറും റോവറും ചന്ദ്രന്റെ മണ്ണിൽ രണ്ടാഴ്ചമാത്രം (ഒരു ചാന്ദ്രദിവസം) പര്യവേക്ഷണം നടത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ ഒരു കൊല്ലം വിവരങ്ങൾ ശേഖരിക്കും. ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളും അവിടത്തെ നേർത്ത അന്തരീക്ഷത്തെക്കുറിച്ചുള്ള വിവരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. നഷ്ടം എന്തെന്നാൽ, ചന്ദ്രന്റെ ഇരുളടഞ്ഞ തെക്കേ ധ്രുവത്തിൽ കടക്കുന്ന ആദ്യ രാജ്യം ഇന്ത്യയാകേണ്ടതായിരുന്നു. വിക്രം ലാൻഡർ അവിടെ പതിയെ ഇറങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. ആ ബഹുമതി അവസാനനിമിഷങ്ങളിൽ കൈവിട്ടുപോയി. ഒപ്പം ചന്ദ്രനിൽ പതിയെ പേടകമിറക്കിയ നാലാമത്തെ രാജ്യമെന്ന പേരും കിട്ടാതായി (യു.എസും റഷ്യയും ചൈനയും മാത്രമാണ് അത് നേടിയിട്ടുള്ളത്).  

ചന്ദ്രയാൻ-1  ഉദ്ദേശിച്ചിടത്ത് എത്തി എന്നുമാത്രമല്ല, ചന്ദ്രനിലെ ജലസാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മംഗൾയാന്റെ വിജയവും രാജ്യം ആഘോഷിച്ചതാണ്. ആ നിലയ്ക്ക്, ചന്ദ്രയാൻ-2 സമ്പൂർണമായി വിജയിക്കുമെന്നേ ജനം ചിന്തിച്ചിരുന്നുള്ളൂ. ജി.എസ്.എൽ.വി. മാർക്ക് -3 റോക്കറ്റ് ജൂലായ് 22-ന് കുതിച്ചുയർന്നതും ചന്ദ്രയാൻ-രണ്ടിനെ ഭൂമിക്കുചുറ്റുമുള്ള ഇടക്കാല പഥത്തിൽ കയറ്റിയതും ആ പഥം പടിപടിയായി വലുതാക്കി, ഓഗസ്റ്റ്‌ 20-ന് ചന്ദ്രനെ  ചുറ്റുമാറാക്കിയതും ആ പ്രദക്ഷിണവഴി ചെറുതാക്കി ചന്ദ്രന്റെ നൂറുകിലോമീറ്റർ അടുത്തുവരെ എത്തിച്ചതും സെപ്റ്റംബർ രണ്ടിന് ഓർബിറ്ററിൽനിന്ന് ലാൻഡറിനെ വിടുവിച്ചതുമെല്ലാം ഉദ്ദേശിച്ചതുപോലെ ഭംഗിയായി നടന്നു. ചന്ദ്രനിൽനിന്ന് 2.1 കിലോമീറ്റർമാത്രം ഉയരത്തിൽവെച്ചാണ് ലാൻഡറിൽനിന്ന് സൂചനകൾ കിട്ടാതായത്. അവസാനനേരത്തുണ്ടായ ആ നഷ്ടം നാം ഇന്ത്യക്കാരെ സങ്കടപ്പെടുത്തുന്നു.

ശാസ്ത്രജ്ഞരെ സാന്ത്വനപ്പെടുത്തവേ, ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ബഹിരാകാശപരീക്ഷണങ്ങളിൽ, പ്രത്യേകിച്ച് ചന്ദ്രനുമായി ബന്ധപ്പെട്ടവയിൽ  ഇത് എടുത്തുപറയാം. ഈ രംഗത്തെ ചാമ്പ്യന്മാരായ അമേരിക്കയ്ക്കും റഷ്യയ്ക്കും പരാജയങ്ങൾ ജാഥപോലെയാണ് വന്നിട്ടുള്ളത്. അമേരിക്ക 1958-നും 1960-നുമിടെ നടത്തിയ എട്ട്‌ പയനിയർ പരീക്ഷണങ്ങളിൽ ഏഴും പാളിപ്പോയി. ഒന്ന് ഭാഗികപരാജയവുമായിരുന്നു. പിന്നീട് അവരുടെ റേഞ്ചർ പരമ്പരയിൽ പകുതിയിലേറെ പരീക്ഷണങ്ങൾ പരാജയപ്പെട്ടു. മനുഷ്യരെ ചന്ദ്രനിലിറക്കിയ ആദ്യദൗത്യങ്ങളായ അപ്പോളോ 11-നും അപ്പോളോ 12-നും ശേഷം അപ്പോളോ 13 പരാജയമായിരുന്നു. അതിലെ യാത്രക്കാരെ സുരക്ഷിതരായി തിരികെ ഭൂമിയിൽ എത്തിച്ചതുകൊണ്ട് ദുരന്തം ഒഴിവായി. ചന്ദ്രനിലേക്ക് അമേരിക്ക ഇതുവരെ നടത്തിയ നാല്പതോളം ദൗത്യങ്ങളിൽ പതിനഞ്ചിലധികം പരാജയപ്പെട്ടിട്ടുണ്ട്. സോവിയറ്റ് യൂണിയൻ/റഷ്യ നടത്തിയതിൽ 35-ഓളം പരാജയപ്പെട്ടപ്പോഴാണ് ഇരുപതോളം വിജയിച്ചത്. എട്ടുദൗത്യമെങ്കിലും വിജയിച്ച ചൈന  കഴിഞ്ഞകൊല്ലം പരാജയം രുചിച്ചു. ഇസ്രയേലിന്റെ ദൗത്യം കഴിഞ്ഞ ഫെബ്രുവരിയിൽ പരാജയപ്പെട്ടിരുന്നു.
എത്രയൊക്കെ, മുൻകൂട്ടി പരീക്ഷിച്ചുറപ്പിച്ചാലും അവസാനനിമിഷങ്ങളിൽപ്പോലും പാളിപ്പോകാൻ സാധ്യതയുള്ളതാണ് മറ്റു ബഹിരാകാശദൗത്യങ്ങളും. അമേരിക്കയുടെ ചാലഞ്ചർ സ്പേസ് ഷട്ടിൽ പത്താമത്തെ പറക്കലിലാണ് (1986-ൽ) തകർന്ന് ഏഴ് ബഹിരാകാശയാത്രക്കാർ മരിച്ചത്. ഇരുപതുകൊല്ലം വിജയകരമായി പറന്ന് തിരിച്ചിറങ്ങിയിരുന്ന കൊളംബിയ സ്പേസ് ഷട്ടിൽ തകർന്ന് (2003) കല്പന ചൗളയടക്കം ഏഴുപേർ മരിച്ചതും ബഹിരാകാശദൗത്യ പരാജയങ്ങളിൽപ്പെടുന്നു. തുടരെത്തുടരെയുള്ള വിക്ഷേപണവിജയംകൊണ്ട് പടക്കുതിര എന്ന്‌ വിശേഷിപ്പിക്കപ്പെട്ടതാണ്  ഇന്ത്യയുടെ പി.എസ്.എൽ.വി. റോക്കറ്റ്. ആ പരമ്പരയിലെ 46 എണ്ണം വിജയിച്ചു. ആദ്യത്തേതും നാൽപ്പത്തൊന്നാമത്തേതും പരാജയപ്പെട്ടു. ആവർത്തനവിജയങ്ങൾക്കുശേഷംപോലും പരാജയമുണ്ടായത് ബഹിരാകാശഗവേഷണത്തിൽ പുതിയതല്ല.

അതിനാൽ, ചന്ദ്രയാൻ-രണ്ടിലെ അല്പമാത്ര  പരാജയം തീർച്ചയായും നമ്മുടെ ശാസ്ത്രജ്ഞർക്ക് പഴങ്കഥയാക്കിമാറ്റാനാകും. ഈ പരാജയം ബഹിരാകാശഗവേഷണംകൊണ്ട് ജനങ്ങൾക്ക് ഇപ്പോൾ കിട്ടുന്ന അനുഗ്രഹങ്ങളെ ഒന്നിനെയും ബാധിക്കില്ല. ചന്ദ്രയാനും മംഗൾയാനുമൊക്കെ പഠനദൗത്യങ്ങളാണ്.  വാർത്തകൾ അറിയാനും വിദൂരഫോൺവിളി നടത്താനും ഇന്റർനെറ്റ് നോക്കാനും ഓൺലൈൻ ഇടപാടുകൾ നടത്താനുമൊക്കെ നമ്മെ സഹായിക്കുന്നത് ഇൻസാറ്റ് പോലുള്ള ഉപഗ്രഹങ്ങളാണ്. ഗതിനിർണയത്തിന് വേറെ ഉപഗ്രഹങ്ങളുണ്ട്. നമ്മുടെ ആവശ്യത്തിനുവേണ്ടുവോളം അത്തരം ഉപഗ്രഹങ്ങളൊക്കെ ഐ.എസ്.ആർ.ഒ. ഭ്രമണപഥങ്ങളിൽ എത്തിച്ചിട്ടുണ്ടല്ലോ? മുകളിലിരുന്ന് അവ നമ്മെ കടാക്ഷിക്കുമ്പോൾ, നാമെന്തിന് നമ്മുടെ വേറിട്ടുള്ള ഒരു ദൗത്യത്തിലെ ചെറിയ പരാജയത്തിൽ നിരാശരാകണം?