പിന്നിട്ട നൂറ്റാണ്ടുകളില്‍ ജനലക്ഷങ്ങളെ കൊന്നൊടുക്കിയ എത്രയോ മാരകരോഗങ്ങളെ ലോകം കീഴടക്കിയത് പ്രതിരോധകുത്തിവെപ്പുകളിലൂടെയായിരുന്നു. ഡിഫ്ത്തീരിയയും(തൊണ്ടമുള്ള്) പോളിയോയുമൊക്കെ നാം അതിജീവിച്ചുവെന്നു കരുതപ്പെട്ടിരുന്നത് പ്രതിരോധകുത്തിവെപ്പിന്റെ ബലത്തിലായിരുന്നു. എന്നാല്‍, വ്യാഴാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, കൊണ്ടോട്ടിയിലെ 12വയസ്സുള്ള അമറുദ്ദീന്‍ എന്ന കുട്ടി മരിച്ചത് ഡിഫ്ത്തീരിയകൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അഭിമാനിച്ചിരുന്ന കേരളത്തിനത് തൊണ്ടയിലെ വേദനിക്കുന്ന മുള്ളായിമാറിയിരിക്കയാണ്. നമ്മുടെ പ്രതിരോധത്തിലെ വിള്ളല്‍ ഭാവിയിലേക്കു തുറിച്ചുനോക്കുകയാണിപ്പോള്‍.


കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലപ്പുറത്തുനിന്ന് ഡിഫ്ത്തീരിയ തിരിച്ചുവരുന്നതിനെക്കുറിച്ച് ആശങ്കകള്‍നിറഞ്ഞ വാര്‍ത്തകളാണു പുറത്തുവരുന്നത്. മലപ്പുറത്തെ വെട്ടത്തൂരും കോട്ടുമലയിലുമുള്ള കുട്ടികളിലാണ് ഡിഫ്ത്തീരിയ കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുള്ളത്. 19 കുട്ടികളെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍മാത്രം പ്രവേശിപ്പിച്ചിട്ടുള്ളത്. 9904 കുട്ടികള്‍ ഇനിയും കുത്തിവെപ്പെടുക്കാതെയുണ്ടെന്നാണു കണക്ക്. ഇതില്‍ രണ്ടുവയസ്സിനിടെ നല്‍കേണ്ട അഞ്ചു വാക്‌സിനുകളില്‍ ഒന്നുപോലുമെടുക്കാത്ത 2171 കുട്ടികളും ഭാഗികമായി എടുത്ത 7733 കുട്ടികളുമാണുള്ളത്. അഞ്ചുവയസ്സിനുതാഴെ കുത്തിവെപ്പെടുക്കാത്ത കുട്ടികള്‍ 23,912 ആണ്. ഇതില്‍ 4503 കുട്ടികള്‍ ഒരു കുത്തിവെപ്പും എടുത്തിട്ടില്ല. ആരോഗ്യവകുപ്പ് വീടുകളിലെത്തിയിട്ടും രക്ഷിതാക്കള്‍ സഹകരിക്കാത്തതാണ് മലപ്പുറം ജില്ലയിലെ പ്രശ്‌നം. ഇപ്പോഴത്തെ തിരിച്ചുവരവ് കുറച്ചുകൂടി ശക്തമായിട്ടാണ്. ഡിഫ്ത്തീരിയക്കുള്ള മരുന്ന് രാജ്യത്തു കിട്ടാനില്ലെന്നത് ചികിത്സയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇനിയാര്‍ക്കെങ്കിലും രോഗം വന്നാല്‍ മരുന്നില്ല എന്ന ഭീകരാവസ്ഥയാണ് നേരിടാനുള്ളത്. ഈ ദുരന്തം ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. ഡിഫ്ത്തീരിയ തിരിച്ചുവരുന്നുവെന്ന യാഥാര്‍ഥ്യത്തിലേക്ക് 2008ല്‍ത്തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിനിലെ ഡോ. ജയകൃഷ്ണന്‍ ടി. മാതൃഭൂമി ആരോഗ്യമാസികയിലെഴുതിയ ഒരു ലേഖനത്തിലൂടെ കേരളത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നതാണ്. നമ്മുടെ രാജ്യത്തിനാവശ്യമായ ഡി.പി.ടി. വാക്‌സിന്‍ വര്‍ഷങ്ങളായി ഉത്പാദിപ്പിച്ച് വിതരണംനടത്തിയിരുന്ന കൂനൂരിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹിമാചല്‍ പ്രദേശ് കസൗളിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഡിഫ്ത്തീരിയമരുന്നുനിര്‍മാണയൂണിറ്റുകള്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം പൂട്ടിയതിനാല്‍ സംസ്ഥാനത്ത് വാക്‌സിന്‍ക്ഷാമമുള്ളതായി അന്നുതന്നെ മുന്നറിയിപ്പു നല്‍കിയതായിരുന്നു. എന്നാല്‍, കേരളമോ രാജ്യമോ അത് കേള്‍ക്കാതിരുന്നതിന്റെ ഭവിഷ്യത്താണ് ഇപ്പോള്‍ നാമനുഭവിക്കുന്നത്.


മലപ്പുറം ജില്ലയിലെ പ്രതിരോധകുത്തിവെപ്പ് നേരിടുന്ന പ്രശ്‌നം വിശ്വാസപ്രതിസന്ധിയുമായിക്കൂടി ബന്ധപ്പെട്ടതാണ്. പ്രതിരോധകുത്തിവെപ്പിനെതിരെയുള്ള ഒരുവിഭാഗം ഡോക്ടര്‍മാരുടെയും മാധ്യമങ്ങളുടെയും സഹായത്തോടെയുള്ള അശാസ്ത്രീയമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിജയംകണ്ടതിന്റെ സൂചനകൂടിയായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇപ്പോഴത്തെ ഡിഫ്ത്തീരിയയുടെ തിരിച്ചുവരവിനെ കാണുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങളോടുള്ള മലപ്പുറത്തെ ഒരുവിഭാഗം മനുഷ്യരുടെ പ്രതിരോധം അപകടകരമായ തലത്തിലേക്കു വളരുന്നതിന്റെ ഉറവിടം നിരക്ഷരതയെക്കാള്‍ സാക്ഷരതയുടെ ദുരുപയോഗംതന്നെയാണെന്നാണ് ഈരംഗത്തെ തലമുതിര്‍ന്ന ഭിഷഗ്വരന്മാരിലൊരാളും കമ്യൂണിറ്റി മെഡിസിനിലും പീഡിയാട്രിക്‌സിലും സീനിയര്‍  കണ്‍സള്‍ട്ടന്റുമായ ഡോക്ടര്‍ എ.പി. വിജയന്‍ അഭിപ്രായപ്പെടുന്നത്. ശാസ്ത്രവിരുദ്ധമായ അന്ധവിശ്വാസങ്ങള്‍ മറ്റുള്ളവരില്‍ കുത്തിവെയ്ക്കാന്‍ സാക്ഷരതയെ പ്രയോജനപ്പെടുത്തുന്നവരാണ് ഇതിന്റെ ഉത്തരവാദികള്‍. ഹജ്ജിനു പോകണമെങ്കില്‍ക്കൂടി പോളിയോ അടക്കമുള്ള മുഴുവന്‍ പ്രതിരോധകുത്തിവെപ്പുകളുമെടുത്തതായി തെളിയിക്കുന്നതിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുള്ളപ്പോഴാണ് മലപ്പുറം ഇക്കാര്യത്തില്‍ തിരിഞ്ഞുനടക്കുന്നത്. തുടച്ചുനീക്കിയെന്നു കരുതപ്പെടുന്ന മാരകരോഗങ്ങളുടെ തിരിച്ചുവരവിനു കാരണം നമ്മുടെ പാതിവെന്ത ശാസ്ത്രബോധമാണെങ്കില്‍ അവിടെയൊരു തിരുത്ത് അനിവാര്യമാണ്. കാരണം, ഈ തിരിഞ്ഞുനടത്തം ആത്മഹത്യാപരമാണ്. കേരളത്തിന്റെ തൊണ്ടയിലെ വേദനിക്കുന്ന ഈ മുള്ള് നമുക്ക് എടുത്തുമാറ്റിയേ മതിയാവൂ. പ്രതിരോധചികിത്സയെന്നത് ജീവിക്കാനുള്ള കുട്ടികളുടെ അവകാശംതന്നെയാണ്. അതു തടയുന്നവര്‍ മരണത്തിന്റെ വാഹകരാണ്.