സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മഹത്തായ മുദ്രാവാക്യമുയർത്തിയ ഫ്രഞ്ച് വിപ്ലവമാണ് ഇടതുപക്ഷം എന്നപദവും ലോകത്തിന്‌ സമ്മാനിച്ചത്. രാജാധിപത്യത്തെ എതിർക്കുകയും മതനിരപേക്ഷ റിപ്പബ്ലിക്കിനുവേണ്ടി വാദിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധികൾക്ക് പാർലമെന്റിൽ അധ്യക്ഷന്റെ ഇടതുഭാഗത്തായിരുന്നു ഇരിപ്പിടം. ഫ്രഞ്ച് വിപ്ലവം പരാജയപ്പെട്ടെങ്കിലും അതു മുന്നോട്ടുവെച്ച ആശയം ലോകമാകെ പടരുകയും ആ മുദ്രാവാക്യമുയർത്തിയ ഇടതുപക്ഷം പല രൂപഭാവങ്ങളോടെ ശക്തിപ്രാപിക്കുകയും ചെയ്തുവെന്നതാണ് ചരിത്രം. 
     സമ്പൂർണമായി ഇടതുപക്ഷം, വലതുപക്ഷം എന്ന് ഏതെങ്കിലും വിഭാഗത്തെ ഇക്കാലത്ത്‌ വിശേഷിപ്പിക്കുന്നത് ശരിയായിരിക്കില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ജവാഹർലാൽ നെഹ്രു ഇടതുപക്ഷ വീക്ഷണമാണുയർത്തിപ്പിടിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയും ഇടതുപക്ഷനിലപാടുകളോട് ആഭിമുഖ്യം കാണിക്കുന്നതായാണ് സൂചനകൾ. ഇടതുപക്ഷത്തിന്റെ ചില നയങ്ങളെങ്കിലും വലതുപക്ഷവും വലതുപക്ഷത്തിന്റെ ചില നയങ്ങളെങ്കിലും ഇടതുപക്ഷവും സ്വീകരിച്ചിട്ടുണ്ട്, എന്തുകാരണം കൊണ്ടായാലും. എങ്കിലും ഇടതുപക്ഷത്തിന്റെ പാരമ്പര്യമുള്ള ഇന്ത്യയിലെ രാഷ്ട്രീയശക്തികൾ സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ്. 
     പുതിയ ലോക്‌സഭയിൽ ഇടതുപക്ഷത്ത്‌ വിരലിലെണ്ണാവുന്നത്രപോലും അംഗങ്ങളില്ലെന്നത് ഇന്ത്യയുടെ രാഷ്ട്രീയഭാവിയിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. ഒന്നാമത്തെ പാർലമെന്റിൽ 27 പേരെ ജയിപ്പിക്കാൻ കഴിഞ്ഞ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാർട്ടി. 5.5 ശതമാനം വോട്ടും നേടി. സോഷ്യലിസ്റ്റുപാർട്ടിയാകട്ടെ, 10.6 ശതമാനം വോട്ടും 12 സീറ്റും നേടുകയുണ്ടായി. അന്തച്ഛിദ്രവും പിളർപ്പുകളും ഒട്ടേറെയുണ്ടായെങ്കിലും സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് കക്ഷികൾ പാർലമെന്റിൽ പല ഘട്ടത്തിലും നിർണായക സ്വാധീനം ചെലുത്തുകയുണ്ടായി. 1977-ലെ ജനതാ സർക്കാരിനെയും 1989-ലെ വി.പി.സിങ് സർക്കാരിനെയും 1996-ലെ ദേവഗൗഡ സർക്കാരിനെയും പിന്നീട് 2004-ൽ യു.പി.എ. സർക്കാരിനെയും അധികാരത്തിലെത്തിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു. 
     പിളർപ്പുകളും മറ്റും സോഷ്യലിസ്റ്റുകക്ഷികളെ പിൽക്കാലത്ത് ദുർബലപ്പെടുത്തിയപ്പോഴും കമ്യൂണിസ്റ്റ് പാർട്ടികൾ ഇടതുപക്ഷ ബ്ലോക്കായി ശക്തമായി നിലകൊണ്ടിരുന്നു. എന്നാൽ, അതെല്ലാം കേവലം സുവർണ ഭൂതകാലസ്മൃതിയായി മാറുകയാണ്. താത്‌കാലികമായ തിരിച്ചടി എന്നുപറയാൻ കഴിയാത്ത വിധത്തിൽ ദുരന്തചിത്രമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കണ്ടത്. 15 വർഷംമുമ്പ് 45 സീറ്റ് നേടി പ്രതാപത്തോടെ നിലയുറപ്പിച്ചിരുന്ന സി.പി.എം. ഇന്ന് കേവലം മൂന്നുസീറ്റിലെത്തിയിരിക്കുന്നു. പിളർപ്പിനുശേഷവും 22 സീറ്റുവരെ നേടിയിരുന്ന സി.പി.ഐ.യാകട്ടെ രണ്ട് സീറ്റിലുമൊതുങ്ങി. ഡി.എം.കെ.യുടെയും കോൺഗ്രസിന്റെയും സഹായത്തോടെയാണ് ഇരു കമ്യൂണിസ്റ്റ് പാർട്ടിക്കും രണ്ടുസീറ്റുവീതം ലഭിച്ചത്. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും കോൺഗ്രസ് ബന്ധത്തെ കേരളത്തിലെ സി.പി.എം. നീരസത്തോടെയാണ് കണ്ടതെന്നുമാത്രമല്ല മയ്യഴിയിൽ സഖ്യകക്ഷിയായ കോൺഗ്രസിന് വോട്ടുചെയ്തുമില്ല. എന്നാൽ, പാർട്ടിയുടെ മുഖം രക്ഷിക്കാൻ അവിടത്തെ ഡി.എം.കെ.- കോൺഗ്രസ് ബന്ധം സഹായകമാവുകയും ചെയ്തു. മറ്റൊരു ഇടതുപാർട്ടിയായ ആർ.എസ്.പി.ക്ക് കഴിഞ്ഞതവണയും ഇത്തവണയും ഒരു സീറ്റ് ലഭിച്ചത് കേരളത്തിലെ യു.ഡി.എഫിന്റെ ഭാഗമായി നിന്നാണ്. 
     മൂന്നുപതിറ്റാണ്ടിലേറെ തുടർച്ചയായി ഭരണം കൈയാളിയ ബംഗാളിൽ ഇടതുപക്ഷത്തിന്റെ അടിത്തറ തകരാൻ തുടങ്ങിയത് ഏകദേശം പത്തുവർഷം മുമ്പാണ്. കഴിഞ്ഞതവണ രണ്ടുസീറ്റും മൂന്നിലൊന്നോളം വോട്ടും നേടിയെങ്കിൽ ഇത്തവണ ഒരുസീറ്റും ലഭിച്ചില്ല. രണ്ടാം സ്ഥാനത്തു പോലുമെത്തിയില്ലെന്നു മാത്രമല്ല, പത്തിലൊന്നുപോലും വോട്ട് നേടാനായില്ല. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ വോട്ടുകൾ കൂട്ടത്തോടെ ബി.ജെ.പി.യിലേക്കാണൊഴുകിയത്. തൃണമൂൽ കോൺഗ്രസിൽനിന്നുണ്ടാകുന്ന അതിക്രമമാണിതിന്‌  കാരണമായതെങ്കിൽപ്പോലും ബംഗാളിലെ സമ്പൂർണ തകർച്ച താത്‌കാലികമാണെന്ന് പറയാനാവില്ല. ത്രിപുരയിലെ അനുഭവവും ബംഗാളിലേതിന്‌ സമാനമാവുകയാണ്. 
കേരളത്തിലുണ്ടായ തിരിച്ചടിയും സി.പി.എമ്മിനും ഇടതുപക്ഷത്തിനും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നതിൽ സംശയമില്ല. 2004-ൽ 18 സീറ്റുനേടിയതുപോലൊരു തരംഗം  വോട്ടെടുപ്പിനുമുമ്പും ശേഷവും നേതാക്കൾ വിഭാവനം ചെയ്തതാണ്. യാഥാർഥ്യബോധമില്ലാത്ത ഭാവനയാണതെന്ന് രാഷ്ട്രീയനിരീക്ഷകർക്ക് തിരിച്ചറിവുണ്ടായിരുന്നെങ്കിലും ഇടതുപക്ഷ പാർട്ടികൾക്ക് ബോധ്യമുണ്ടായതേയില്ല. മുന്നണി ഭരണത്തിലുള്ള സമയത്ത് 20 സീറ്റിൽ 19-ലും തോറ്റിരിക്കുകയാണ്. വോട്ടിൽ ഗണ്യമായ ചോർച്ചയും സംഭവിച്ചിരിക്കുന്നു. 
കാരണങ്ങൾ എന്തായാലും ബംഗാളിനും ത്രിപുരയ്ക്കും പിറകെ കേരളത്തിലുമുണ്ടായ കനത്ത പരാജയം രാജ്യത്തെ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാണ്. ആ വിഭാഗത്തിൽ ഉൾപ്പെടുന്ന പാർട്ടികൾക്ക് മാത്രമല്ല ഇടതുപക്ഷ ആശയങ്ങളിൽ വിശ്വസിക്കുന്നവർക്കാകെയും. ഇടതുപക്ഷത്തിന്റെ തകർച്ചയ്ക്ക്‌ പലപ്പോഴും ഇടതുപക്ഷംതന്നെ കാരണക്കാരാകുന്നതാണ് ചരിത്രം. ഇടതുപക്ഷം തകർന്നാൽ ആ സ്ഥാനം പൂരിപ്പിക്കുക തീവ്ര വലതുപക്ഷമാണെന്നത് സാർവദേശീയമായ അനുഭവം. 
അപ്രതീക്ഷിതമായ വൻ പരാജയത്തെക്കുറിച്ച് പഠിച്ച് തിരുത്തേണ്ടത് തിരുത്തുമെന്ന് ഇടതുപക്ഷ നേതാക്കൾ പറഞ്ഞിട്ടുണ്ട്. തിരുത്തൽ വൈകിയാൽ, പിഴച്ചാൽ എന്തുസംഭവിക്കുമെന്നതിന് സാർവദേശീയമായും ദേശീയമായും ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കേണ്ടത് അതത് പാർട്ടികളുടെ മാത്രം കാര്യമോ അധികാരരാഷ്ട്രീയത്തിന്റെ വിഷയമോ അല്ല. ലോകത്തെങ്ങും ഭരണകൂടത്തിന്റെ തിരുത്തൽ ശക്തിയെന്ന നിലയിൽക്കൂടിയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി. അതുൾക്കൊണ്ടുകൊണ്ടുള്ള സ്വയംവിമർശനത്തിനും പുതുക്കലിനും ആ പാർട്ടികൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.

Content Highlights:  2019 Loksabha Elections, CPM